ADVERTISEMENT

കുടുംബത്തിനു നേരെ സമൂഹമാധ്യമങ്ങളിലൂടെ ഉയരുന്ന വിമർശനങ്ങൾക്കു മറുപടിയുമായി നടൻ കൃഷ്ണകുമാറും ഭാര്യ സിന്ധു കൃഷ്ണയും. വിമർശിക്കുന്ന ആളുകളുടെ കാഴ്ചപ്പാടിന്റെ പ്രശ്നമാണിതെന്നും അങ്ങനെ ചെയ്താൽ തന്നെ മാനസികമായി തളർത്താം എന്നു വിചാരിക്കുന്ന ചിലരാണ് മോശം കമന്റുകൾക്കു പിന്നിലെന്നും കൃഷ്ണകുമാർ പറയുന്നു. ഇളയമകൾ ഹൻസികയുടെ പതിനെട്ടാം പിറന്നാൾ ആഘോഷവുമായി ബന്ധപ്പെട്ട് സിന്ധു കൃഷ്ണ പങ്കുവച്ച വിഡിയോയ്ക്കു നേരെയാണ് വിമർശനമുണ്ടായത്. വിമർശനം അതിരുകടന്നപ്പോൾ സിന്ധു കൃഷ്ണയും രൂക്ഷ പ്രതികരണവുമായി എത്തി. ഇത്തരക്കാർ അറപ്പും വെറുപ്പുമുളവാക്കുന്ന മനോരോഗികൾ മാത്രമാണെന്നായിരുന്നു വിഡിയോയിൽ വന്ന വിമർശന കമന്റുകളില്‍ ഒന്നിനു മറുപടിയുമായി സിന്ധു കുറിച്ചത്.

‘‘നിങ്ങളിൽ ഭൂരിഭാഗം പേർക്കും ജീവിതം ഒരു ദുരന്തമായിരിക്കണം അല്ലേ. നിങ്ങളുടെ ചിന്തകൾ തെളിച്ചമുള്ളതാകട്ടെ. ഈ മെസ്സേജോ ബാക്കിയുള്ള മറുപടികളോ ഞാൻ ഡിലീറ്റ് ചെയ്യുന്നില്ല. ഇത് ഒട്ടുമിക്ക മലയാളികളുടെയും മനോഭാവത്തിന്റെ തെളിവു മാത്രമാണ്. നിങ്ങൾക്കെല്ലാം ഒരു കൂപ്പുകൈ മാത്രം തരാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ മകളെ അച്ഛൻ കെട്ടിപ്പിടിച്ചപ്പോൾ അവളുടെ മാനസികാവസ്ഥ എന്തായിരിക്കുമെന്ന് വിശകലനം ചെയ്യാൻ എക്‌സ്‌ട്രാ ഓർഡിനറി തലച്ചോറുമായി വന്ന എല്ലാവർക്കും. നമസ്കാരം. അത്തരക്കാർ അറപ്പും വെറുപ്പുമുളവാക്കുന്ന മനോരോഗികൾ മാത്രമാണ്.’’–സിന്ധു കൃഷ്ണ പറഞ്ഞു.

വിഷയത്തിൽ കൃഷ്ണകുമാറിന്റെ പ്രതികരണം. (ഇന്ത്യാഗ്ലിറ്റ്സ് എന്ന ചാനലിനു നൽകിയ അഭിമുഖത്തിലാണ് കൃഷ്ണകുമാർ പ്രതികരിച്ചത്)

‘‘വിഡിയോയും ഫോട്ടോകളും മോശമായി കാണുന്നവരുടെ കാഴ്ചപ്പാടിന്റെ പ്രശ്നമാണ്. ഇംഗ്ലിഷിൽ ഒരു ചൊല്ലുണ്ട്, ഒരാളുടെ ഭക്ഷണം മറ്റൊരാളുടെ വിഷം ആണെന്ന്. നമ്മൾ ഇഷ്ടപ്പെടുന്ന പലതും മറ്റൊരാൾ തല്ലിപ്പൊളി എന്ന പറഞ്ഞേക്കും. അത് ഒരു വശമാണ്. പിന്നെ എന്റെ രാഷ്ട്രീയത്തോടൊക്കെ വിയോജിപ്പ് ഉള്ള ആളുകളുണ്ടാകും. ഇങ്ങനെ എഴുതിക്കഴിഞ്ഞാൽ നമ്മളെ മാനസികമായി തകർക്കാം എന്നൊക്കെ വിചാരിക്കുന്ന ചിലരുണ്ടാകാം. അതുപോലെ ഇങ്ങനെയൊക്കെ എഴുതി കുറെ വ്യൂസ് ഉണ്ടാക്കി പണമുണ്ടാക്കാം എന്ന് കരുതുന്നവരും ഉണ്ടാകാം. അത് എപ്പോഴും അങ്ങനെയാണ്. ഞാൻ എപ്പോഴും മക്കളോടു പറയുന്ന ഒരു കാര്യമുണ്ട്, നിങ്ങൾ സോഷ്യൽ മീഡിയയിൽ എന്തു വേണമെങ്കിലും ചെയ്തുകൊള്ളൂ. പക്ഷേ അത് ക്രിയേറ്റീവും പോസിറ്റീവും ആയിരിക്കണം. 

ഒരാളെ പറ്റി മോശം പറഞ്ഞ് പണം ഉണ്ടാക്കിയാൽ നല്ല അടി കിട്ടും. സമയം മോശമാകുമ്പോൾ വരുന്ന അടിയെന്ന് പറഞ്ഞാൽ അങ്ങനത്തെ അടിയാകും. താങ്ങാനാവില്ല. ഞാൻ എന്റെ മകളെ കെട്ടിപ്പിടിക്കുന്നതിലും ഉമ്മ കൊടുക്കുന്നതിലും അവർ വലുപ്പവും ചെറുപ്പവും ആണ്‌ പറയുന്നത്.  ബന്ധങ്ങളെ ശരിക്കും മനസ്സിലാക്കാത്ത ആളുകളുണ്ട്. അവരുടെ വീട്ടിൽ ചിലപ്പോൾ വളരെ ദുഷിച്ച രീതിയിലാകും കുടുംബം. താറുമാറായ കുടുംബമായിരിക്കും. അത് അവർക്കുണ്ടാകുന്ന കോംപ്ലക്സ് ആണ്. അതിനെ കുറ്റം പറയാൻ പറ്റില്ല. അയാൾ അനുഭവിക്കുന്നതിൽ നിന്ന് തോന്നുന്നതാകും.

sindhu-krishnakumar-comment
സിന്ധു കൃഷ്ണ തന്റെ വിഡിയോയില്‍ പങ്കുവച്ച കമന്റ്

അച്ഛനു മകളെ മാത്രമല്ല മകന് അമ്മയെയും കെട്ടിപ്പിടിക്കാം. എന്റെ അമ്മയും ഞാൻ നല്ല പ്രായവ്യത്യാസമുള്ളവരാണ്. അമ്മ വലിയ സ്നേഹ പ്രകടനങ്ങൾ ഒന്നും കാണിച്ചിട്ടില്ല. അമ്മ എന്നെ കെട്ടിപ്പിടിച്ചതായുള്ള ഓർമപോലും എനിക്കില്ല. പക്ഷേ പിന്നീട് ഒരു ഘട്ടത്തിൽ അമ്മ കിടപ്പിലായി പോയി. അപ്പോൾ ഞാൻ അമ്മയെ എടുക്കുകയും വീടിനു മുന്നിൽ കൊണ്ടുപോയി ഇരുത്തുകയുമൊക്കെ ചെയ്യുമായിരുന്നു. അമ്മ വയ്യ എന്നൊക്കെ പറയും. പക്ഷേ ഞാൻ ചെയ്യും. അത് അമ്മയെ തൊടാനും എടുക്കാനുമുള്ള ആഗ്രഹം കൊണ്ടായിരുന്നു. ഇന്ന് എനിക്ക് അമ്മയില്ല. ഇതുപോലെ ഒരുപാട് പേർ കാണും. ഇത് കാണുന്നവരോട് എനിക്ക് പറയാനുള്ളത്, നിങ്ങൾ അച്ഛനെയും അമ്മയെയുമൊക്കെ കെട്ടിപ്പിടിക്കണം ഉമ്മ കൊടുക്കണം, അവരോട് സ്നേഹത്തിൽ പെരുമാറണം. കാരണം അവരില്ലാതെ വരുന്ന ഒരു ദിവസം ഉണ്ടാകും. അപ്പോഴേ അതിന്റെ വേദന അറിയൂ.’’– കൃഷ്ണ കുമാർ പറഞ്ഞു.

മലയാളികൾക്ക് ഏറെ പരിചിതമായ താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്.  ഭാര്യ സിന്ധുവും മക്കളായ അഹാനയും ദിയയും ഇഷാനിയും ഹൻസികയുമൊക്കെ സമൂഹമാധ്യമങ്ങളിലെ താരങ്ങളാണ്. വീട്ടിലെ എല്ലാ വിശേഷങ്ങളും ഇവർ യൂട്യൂബ് വിഡിയോയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.  

English Summary:

Krishna Kumar and Sindhu Krishna reacts to vluger comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com