ADVERTISEMENT

മണിച്ചിത്രത്താഴിന്റെ റീമേക്ക് ആയ തമിഴ് ചിത്രം ‘ചന്ദ്രമുഖി’യുടെ രണ്ടാം ഭാഗത്തിനു നേരെ ട്രോൾ ആക്രമണവുമായി മലയാളി–തമിഴ് പ്രേക്ഷകർ. സിനിമയുടെ ചില രംഗങ്ങൾ കോർത്തിണക്കിയുള്ള ട്രോള്‍ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ തരംഗമാണ്. സെപ്റ്റംബർ 28ന് തിയറ്ററുകളിലെത്തിയ ചിത്രം ബോക്സ്ഓഫിസിലും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. 65 കോടിയായിരുന്നു സിനിമയുടെ മുതൽ മുടക്ക്.

രജനികാന്തിന്റെയും ജ്യോതികയുടെയും അഭിനയത്തിനു പകരം വയ്ക്കാൻ ആരുമില്ലെന്നും ഇങ്ങനെയൊരു രണ്ടാം ഭാഗത്തിന്റെ ആവശ്യമില്ലായിരുന്നുവെന്നുമാണ് ചിലരുടെ അഭിപ്രായം. സംവിധായകൻ പി. വാസുവിനു നേരെയാണ് കൂടുതൽ വിമർശം.

ചന്ദ്രമുഖി 2 എന്നു പേരിട്ട ചിത്രത്തിൽ രാഘവ ലോറൻസ് ആണ് നായകനായി എത്തിയത്. ചന്ദ്രമുഖി ആകുന്നത് കങ്കണ റണൗട്ടും. തമിഴിലെത്തിയപ്പോൾ നാഗവല്ലിയെന്ന കഥാപാത്രത്തിന്റെ പേര് ചന്ദ്രമുഖി എന്നായിരുന്നു. ആദ്യ ഭാഗത്തിൽ ജ്യോതികയാണ് ചന്ദ്രമുഖിയുടെ ബാധ കയറുന്ന നായികാ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഈ സിനിമ കണ്ടപ്പോഴാണ് ആദ്യ ഭാഗമായ ചന്ദ്രമുഖിയുടെ മഹത്വം മനസ്സിലായതെന്നും കഥാപാത്രങ്ങളെയെല്ലാം മോശമായാണ് രണ്ടാം ഭാഗത്തിൽ ചിത്രീകരിച്ചിരിക്കുന്നതെന്നും വിമര്‍ശകർ അഭിപ്രായപ്പെടുന്നു.

മണിച്ചിത്രത്താഴിൽ പറയുന്ന പഴം കഥയായ ശങ്കരൻ തമ്പിയുടെയും നാഗവല്ലിയുടെയും ജീവിതമാണ് ചന്ദ്രമുഖി 2 പറയുന്നത്. തമിഴിൽ വേട്ടയ്യൻ എന്നാണ് ശങ്കരന്‍ തമ്പിയുടെ കഥാപാത്രത്തിന് നൽകിയ പേര്. ചന്ദ്രമുഖിയില്‍ വേട്ടയ്യനായി വേഷം കെട്ടിയ രജനിയുടെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു. ചന്ദ്രമുഖി 2വിൽ രാഘവ ലോറൻസ് വേട്ടയ്യനാകുന്നു.

ആദ്യഭാഗമൊരുക്കിയ പി. വാസു തന്നെയാണ് രണ്ടാം ഭാഗവും സംവിധാനം ചെയ്തത്. വടിവേലു, ലക്ഷ്മി മേനോന്‍, സൃഷ്ടി ഡാന്‍ഗെ, രാധിക ശരത്കുമാർ, മഹിമ നമ്പ്യാർ, രവി മരിയ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ആർ.ഡി. രാജശേഖറാണ് ഛായാഗ്രഹണം. സംഗീതം എം.എം. കീരവാണി. 

മണിച്ചിത്രത്താഴ് ഭൂൽ ഭുലയ്യ എന്ന പേരിൽ ഹിന്ദിയിൽ റീമേക്ക് ചെയ്തപ്പോള്‍ വിദ്യ ബാലനാണ് നായികയായത്. അക്ഷയ് കുമാർ നായകനായി എത്തിയ ചിത്രം സംവിധാനം ചെയ്തത് പ്രിയദർശനായിരുന്നു. പിന്നീട് ഭൂൽ ഭുലയ്യ 2 വും ഹിന്ദിയിൽ ഒരുങ്ങി. നീസ് ബസ്മി സംവിധാനം ചെയ്ത ചിത്രത്തിൽ കാർത്തിക് ആര്യനാണ് പ്രധാനവേഷത്തിലെത്തിയത്.

English Summary:

Troll against Chandramukhi 2 movie

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com