ADVERTISEMENT

‘ലിയോ’ സിനിമ കണ്ടതിനു ശേഷമുളള ഉദയനിധി സ്റ്റാലിന്റെ പ്രതികരണം ആരാധകർ വലിയ ആവേശത്തോടെയാണ് ഏറ്റെടുത്തത്. എൽസിയു എന്ന ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിൽ ഉൾപ്പെടുന്നതാണ് ‘ലിയോ’ എന്ന സൂചന തരുന്നതായിരുന്നു ഉദയനിധിയുടെ ട്വീറ്റ്. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരണവുമായി എത്തുകയാണ് സംവിധായകൻ ലോകേഷ് കനകരാജ്. എൽസിയു എന്നെഴുതിയതിനു ശേഷം കണ്ണടച്ചുള്ള ഒരു ഇമോജിയും ട്വീറ്റിനൊപ്പം ഉദയനിധി ചേർത്തിരുന്നുവെന്നും അതുകൊണ്ടു തന്നെ അതിന്റെ ഉത്തരം നാളെ സിനിമ കാണുമ്പോൾ ലഭിക്കുമെന്നും ലോകേഷ് പറഞ്ഞു.

‘ലിയോ’ എൽസിയുവിൽ ഉൾപ്പെടുന്ന സിനിമയാണെന്ന ഉദയനിധിയുടെ വെളിപ്പെടുത്തൽ എങ്ങനെ നോക്കി കാണുന്നു എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു ലോകേഷ്. ‘‘ദളപതി അണ്ണാ ലിയോ, ലോകേഷ് അത്യുഗ്രൻ ഫിലിം മേക്കിങ്, അനിരുദ്ധിന്റെ സംഗീതം, അൻപറിവ് മാസ്റ്ററിന്റെ ആക്‌ഷൻ. എല്ലാ ആശംസകളും.’’–ഇങ്ങനെയായിരുന്നു ഉദയനിധിയുടെ ട്വീറ്റ്. ട്വീറ്റിന്റെ അവസാനം എൽസിയുവിന്റെ ഹാഷ് ടാഗ് കൂടി കണ്ടതോടെ ആരാധകർക്ക് ഇരട്ടി ആവേശമായി. 

ലോകേഷ് ഇതുവരെ സൂക്ഷിച്ചു വച്ച രഹസ്യം ഉദയനിധി പൊട്ടിച്ചുവെന്നും ആ സർപ്രൈസ് ഫാക്ടർ അതുപോലെ തന്നെ കാത്തുസൂക്ഷിക്കേണ്ടിയിരുന്നുവെന്നും പിന്നീട് സമൂഹമാധ്യമങ്ങളിൽ ചർച്ചയായി. കഴിഞ്ഞ ദിവസം നടന്ന പ്രത്യേക പ്രദർശനത്തിലാണ് ഉദയനിധി സിനിമ കണ്ടത്. നേരത്തെ ലോകേഷ് സംവിധാനം ചെയ്ത വിക്രം സിനിമ വിതരണത്തിനെടുത്തത് ഉദയനിധിയുടെ റെഡ് ജയന്റ് സിനിമാസ് ആയിരുന്നു,

ഒക്ടോബർ 19ന് പുറത്തിറങ്ങുന്ന ‘ലിയോ’ തമിഴ് ബോക്സ്ഓഫിസില്‍ ചരിത്രമെഴുതും എന്നു തന്നെയാണ് വിജയ് ആരാധകരുടെ വിശ്വാസം. മാസ്റ്ററിനു ശേഷം വിജയ്‌യും ലോകേഷും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

സെവൻസ്ക്രീൻ സ്റ്റുഡിയോസ് നിർമിക്കുന്ന ചിത്രത്തിൽ തൃഷയാണ് നായിക. സഞ്ജയ് ദത്ത്, അർജുൻ, ഗൗതം മേനോൻ, മിഷ്കിൻ, സാൻഡി മാസ്റ്റർ, മാത്യു തോമസ്, ബാബു ആന്റണി എന്നിങ്ങനെ വലിയ താരനിര അണിനിരക്കുന്നു.

English Summary:

Lokesh Kanagaraj's response on Udhayanidhi's Leo tweet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com