ADVERTISEMENT

മലയാള സിനിമകളെ ജൂറി ആവേശത്തോടെയാണ് സ്വീകരിച്ചതെന്ന് ഇന്ത്യൻ പനോരമ ജൂറി അംഗവും മലയാള സിനിമാ നിർമാതാവും സംവിധായകനും തിരക്കഥാകൃത്തുമായ കെ.പി. വ്യാസൻ.  ഇത്തവണ 25 സിനിമകൾ ഇന്ത്യൻ പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിൽ ഏഴു സിനിമകൾ മലയാളത്തിൽ നിന്നാണെന്നതിൽ അഭിമാനമുണ്ടെന്ന് വ്യാസൻ പറയുന്നു.  പുതുമുഖമായ ആനന്ദ് ഏകർഷി സംവിധാനം ചെയ്ത ‘ആട്ടം’ ഇന്ത്യൻ പനോരമയുടെ ഉദ്ഘാടന ചിത്രമായതും മലയാള സിനിമയ്ക്ക് കിട്ടിയ അംഗീകാരം തന്നെയാണ്.  മലയാള സിനിമകൾക്ക് കിട്ടുന്ന അംഗീകാരങ്ങൾ ആരും വെറുതെ തരുന്നതല്ല സിനിമാപ്രവർത്തകരുടെ ആത്മാർഥമായ ശ്രമത്തിന്റെ ഫലമാണെന്ന് വ്യാസൻ പറഞ്ഞു. കാതൽ എന്ന ചിത്രത്തിലൂടെ മമ്മൂട്ടി ഒരിക്കൽക്കൂടി മലയാളികളെ വിസ്മയിപ്പിക്കാൻ എത്തുകയാണെന്നും വ്യാസൻ പറയുന്നു.   

മലയാള സിനിമയ്ക്ക് അഭിമാനിക്കാം 

മലയാളത്തിൽ നിന്ന് ഏഴു സിനിമകൾ ആണ് ഇന്ത്യൻ പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.  ആട്ടം, കാതൽ, മാളികപ്പുറം, ഇരട്ട, ന്നാ താൻ കേസ് കൊട്, 2018 പൂക്കാലം തുടങ്ങിയ ചിത്രങ്ങളാണ് മലയാളത്തിൽ നിന്ന് പനോരമയിലേക്ക്എത്തുന്നത്.  ഇന്ത്യയിൽ നിന്നും ഏകദേശം 408 സിനിമകൾ വന്നു.  ഈ സിനിമകളിൽ നിന്ന് 25 സിനിമകൾ ആണ് തെിഞ്ഞെടുത്തത്. 12 പേരാണ് ജൂറി മെംബേർസ്. മൂന്നു പേരുള്ള നാല് ജൂറി ആയി പിരിഞ്ഞ് എല്ലാവരും രാവിലെ 8 മണി മുതൽ രാത്രി 10 മണി വരെ തുടർച്ചയായി സിനിമ കാണുകയായിരുന്നു.  അങ്ങനെ കണ്ടിട്ട് ആ സിനിമകളിൽ നിന്നാണ് 62 സിനിമകൾ തിരഞ്ഞെടുക്കുന്നത്. ആ സിനിമകൾ വീണ്ടും ചെയർമാൻ ഉൾപ്പടെ ഞങ്ങൾ എല്ലവരും വീണ്ടും കാണും. അങ്ങനെ കണ്ടതിൽ നിന്നാണ് 25 സിനിമകൾ തിരഞ്ഞെടുത്തത്.  അതിൽ ആണ് ഏഴു മലയാളം പടങ്ങൾ ഉള്ളത്. തിരഞ്ഞെടുക്കപെട്ട മലയാളം സിനിമകൾ എല്ലാം തന്നെ വിവിധ ജോണറിൽ ഉള്ളതാണ്. ഇന്ത്യയിൽ എല്ലാ ഭാഷകളിൽ നിന്നും സിനിമകൾ ഉണ്ടായിരുന്നു, എന്നിട്ടും ഏഴ് സിനിമകൾ മലയാളം ആയി എന്നുള്ളതാണ് നേട്ടം. ഈ പന്ത്രണ്ട് ജൂറികൾ വോട്ട് ചെയ്യുന്നതിൽ ഏറ്റവും കൂടുതൽ വോട്ട് കിട്ടിയ സിനിമകൾ ആണ് തിരഞ്ഞെടുത്തത്. മാനദണ്ഡം ഒന്നേയുള്ളൂ നല്ല സിനിമകളായിരിക്കണം എന്നതാണ് അത്.

ജൂറി ആകുന്നത് അത്ര എളുപ്പമല്ല

ജൂറിയിൽ ഒരാളാകുമ്പോൾ നമ്മൾ ഒരു ജയിലിൽ കിടക്കുന്നതിനു തുല്യമാണ്. ഫൈവ് സ്റ്റാർ ഹോട്ടലിൽ ആണ് താമസം എല്ലാ സൗകര്യവും സർക്കാർ ഒരുക്കി തരുന്നുണ്ട്. രാവിലെ എട്ടുമണിക്ക് തിയറ്ററിലേക്ക് പോയാൽ രാത്രി പത്തുമണി ആകും തിരിച്ചു വരാൻ.  കഴിഞ്ഞ ഒരു മാസം ഈ ഒരു ദിനചര്യ ആയിരുന്നു. സിനിമ കണ്ടുകൊണ്ട് ഇരിക്കുക. ഒരു ദിവസം ആറു സിനിമ വരെ കാണും. ഓരോ സിനിമയും കണ്ടു കഴിഞ്ഞാൽ അതിനെക്കുറിച്ചുള്ള അഭിപ്രായം രേഖപ്പെടുത്തും. പത്തു മിനിറ്റ് കഴിഞ്ഞ് ഫ്രഷ് ആയ മനസ്സോടെ ആണ് അടുത്ത സിനിമ കാണുന്നത്. ഫൈനൽ റൗണ്ടിൽ വരുമ്പോൾ ഈ സിനിമകൾ വീണ്ടും കാണണം. ഇതായിരുന്നു ദിനചര്യ. എല്ലാ ഭാഷയിൽ നിന്നുള്ള ജൂറികൾ ഉണ്ട്.  ഓരോ ജൂറിയും നമുക്ക് ഇഷ്ടപ്പെടുന്ന സിനിമയെ തിരഞ്ഞെടുക്കും. ഏറ്റവും കൂടുതൽ വോട്ട് കിട്ടിയ സിനിമകൾ ആണ് തിരഞ്ഞെടുക്കപ്പെടുന്നത്.

മലയാള സിനിമകളെ ജൂറി കയ്യടിയോടെ സ്വീകരിച്ചു 

എല്ലാ ജൂറിയും ഭയങ്കര ആവേശത്തോടെയാണ് മലയാള സിനിമകൾ കണ്ടത്. മലയാള സിനിമ ആണ് ഇന്ത്യൻ സിനിമ എന്നാണു പല ജൂറിയും പറഞ്ഞത്. മലയാളത്തെ ദേശീയ ഭാഷയായി കാണണം എന്ന് പോലും പറഞ്ഞവരുണ്ട്. കാരണം സിനിമയെ സംബന്ധിച്ച് ഏറ്റവും കൂടുതൽ മികച്ചു നിന്നത് മലയാളം സിനിമകളാണ്. വളരെ ബഹുമാനത്തോടെയാണ് മറ്റു ഭാഷകളിൽ ഉള്ള ജൂറി നമ്മളെ കാണുന്നത്. നമ്മുടെ ഓരോ സിനിമകളും ജൂറി കയ്യടിയോടെയാണ് സ്വീകരിച്ചത്. മലയാളത്തിന് കിട്ടുന്ന അംഗീകാരം ആരും വെറുതെ കൊടുത്തതല്ല, അത് മലയാള സിനിമ പ്രവർത്തകരുടെ ആത്മാർത്ഥഥമായ പ്രവർത്തനം കൊണ്ട് നേടിയെടുത്തതാണ്.   

ആട്ടം സിനിമയുടെ അണിയറ പ്രവർത്തകർ
ആട്ടം സിനിമയുടെ അണിയറ പ്രവർത്തകർ

എന്തൊരു വൈവിധ്യമാണ് ഇന്ത്യൻ സിനിമകളുടേത്‌ 

2004 മുതൽ ഗോവ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കുന്ന ആളാണ് ഞാൻ.  അന്ന് സിനിമ കാണുന്ന അതെ അനുഭവം വച്ചാണ് ഇവിടെയും സിനിമ കണ്ടത്. നമ്മൾ ഇതുവരെയും കാണാത്ത സിനിമകൾ വരെ ഇവിടെ കാണാൻ കഴിഞ്ഞു.  408 സിനിമകൾ എന്ന് പറയുമ്പോൾ ഇന്ത്യയിൽ ഉള്ള എല്ലാ പ്രാദേശിക ഭാഷകളിലെ സിനിമകളും ഉണ്ട്.  25 സിനിമകൾ മാത്രമാണ് തിരഞ്ഞെടുത്തതെങ്കിലും ആ തിരഞ്ഞെടുപ്പ് തന്നെ വളരെ ബുദ്ധിമുട്ടായിരുന്നു.  എന്തൊരു വൈവിധ്യമാണ് ഇന്ത്യൻ സിനിമകളുടേത്‌ എന്ന് അതിശയിച്ചു പോയിട്ടുണ്ട്.  നമുക്കും കൂടി ഒരു പഠന പ്രക്രിയ ആയിരുന്നു ഈ അനുഭവം.

vyasan

‘ആട്ടം’ ഇന്ത്യൻ പനോരമയുടെ ഉദ്ഘാടന സിനിമ

ഇന്ത്യയിൽ ഇക്കഴിഞ്ഞ വർഷം 160 നു മുകളിൽ നവാഗത സംവിധായകർ ഉണ്ടായിട്ടുണ്ട്.  ജൂറി സിനിമകൾ കണ്ടു കഴിഞ്ഞ് തീരുമാനിച്ചത് ഇന്ത്യൻ പനോരമയുടെ ഉൽഘാടന ചിത്രം നൂറു ശതമാനം ഒരു പുതുമുഖ സംവിധായകന്റെ ആയിരിക്കണം എന്നാണ്.  എല്ലാവരും അങ്ങനെ ഒരു തീരുമാനം എടുത്തു. മലയാള സിനിമയായ 'ആട്ടം' എന്ന പടത്തിനാണ് ആ ഭാഗ്യം ലഭിച്ചത്. ആനന്ദ് ഏകർഷി എന്ന നവാഗതൻ ആണ് ആ സിനിമ സംവിധാനം ചെയ്തത്. അത് വെറുതെ തിരഞ്ഞെടുത്തതല്ല, ഒരു അസാമാന്യ സിനിമയാണ് അത് എന്നായിരുന്നു എല്ലാവരുടെയും കൂട്ടായുള്ള അഭിപ്രായം.   

മമ്മൂട്ടിയുടെ ധൈര്യം അപാരം 

മമ്മൂട്ടി–ജിയോ ബേബി ചിത്രമായ കാതലിന്റെ ആദ്യ പ്രദർശനം ഇന്ത്യൻ പനോരമയിൽ ആയിരിക്കും. ഒരു കാര്യം ഉറപ്പിച്ചു പറയാം കാതൽ എന്ന ചിത്രവും മമ്മൂട്ടി എന്ന നടനും പ്രേക്ഷകരെ ശരിക്കും അമ്പരപ്പിക്കും. അതുതന്നെയാണ് ഈ ഫെസ്റ്റിവലിന്റെ സർപ്രൈസ്.

എൻഎഫ്ഡിസിയുടെ പ്രഫഷനലിസം  

നമ്മൾ സർക്കാർ സ്ഥാപനങ്ങളിൽ ഒരുപാട് കയറി ഇറങ്ങിയിട്ടുള്ളവരാണ്.  എൻഎഫ്ഡിസി എന്നത് ഒരു സർക്കാർ സ്ഥാപനമാണ്.  പക്ഷേ അവരുടെ ആത്മാർഥതയും പ്രഫഷനലിസവും കണ്ടു പഠിക്കേണ്ടതാണ്.  ഇന്ത്യയുടെ ഏറ്റവും പ്രമുഖ സ്ഥാപനത്തിന്റെ തലപ്പത്തിരിക്കുന്നവർ സിനിമക്ക് വേണ്ടി കിടന്നു പെടാപാട് പെടുന്നത് കാണുമ്പോൾ, അതും ഒരു സർക്കാർ സ്ഥാപനം, അതിശയിച്ചു പോകും. ജൂറി ചെയർമാൻ ഉൾപ്പടെ ഒരാളും തമ്മിൽ തമ്മിൽ ഒരു സ്വാധീനവും നടത്താതെ സ്വന്തമായ അഭിപ്രായവും തെരഞ്ഞെടുപ്പുമാണ് നടത്തിയത്.  ഇന്ത്യൻ പനോരമയുടെ ജൂറി ആകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. വളരെ സംതൃപ്തിയോടെയാണ് ജൂറിയിൽ ഒരാളായി മടങ്ങിയത്.  വളരെ നല്ല അനുഭവം ആയിരുന്നു ഇത് ഭാവിയിൽ ഞാൻ ചെയ്യാൻ പോകുന്ന സിനിമകൾക്ക് ഒരു മുതൽക്കൂട്ടായിരിക്കും.

English Summary:

Indian Panorama Jury Member KP Vyasan About Malayalam Movies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com