വ്ലോഗർ അശ്വന്ത് കോക്കിനെതിരെ വിദ്യാഭ്യാസ മന്ത്രിക്കു പരാതി നൽകി നിർമാതാക്കളുടെ സംഘടന
Mail This Article
യൂട്യൂബ് വ്ലോഗർ അശ്വന്ത് കോക്കിനെതിരെ സിനിമ നിർമാതാക്കളുടെ സംഘടന വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നൽകി. ആലക്കോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഇംഗ്ലിഷ് അധ്യാപകനായ അശ്വന്ത് കോക്ക് തൊഴിൽപരമായ ചട്ടലംഘനം നടത്തിയെന്നാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ ആരോപണം.
വികലമായ സിനിമ റിവ്യു നടത്തി നവമാധ്യമങ്ങളിലൂടെ അശ്വന്ത് കോക്ക് പണമുണ്ടാക്കിയതിന് എതിരെ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക സർക്കാരിന് പരാതി നൽകിയിട്ടും പരിഹാരമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് വീണ്ടും പരാതി നൽകുന്നതെന്നും മന്ത്രി ഉടൻ ഇടപെടണമെന്നും നിർമാതാക്കൾ ആവശ്യപ്പെട്ടു.
അതേസമയം, സിനിമയെ മോശമാക്കാൻ സമൂഹമാധ്യമങ്ങളിൽ റിവ്യൂ നടത്തിയെന്ന പരാതിയിൽ സംസ്ഥാനത്ത് ആദ്യമായി പൊലീസ് കേസെടുത്തിരുന്നു. ഹൈക്കോടതിയിൽ ഇതു സംബന്ധിച്ച കേസ് സജീവചർച്ചയായിരിക്കെയാണ് എറണാകുളം സെൻട്രൽ പൊലീസിന്റെ നടപടി. ‘റാഹേൽ മകൻ കോര’ എന്ന സിനിമയുടെ സംവിധായകൻ ഉബൈനി ഇബ്രാഹിമിന്റെ പരാതിയിലാണു കേസെടുത്തത്.
സ്നേക്ക് പ്ലാന്റ് സിനിമാ പ്രമോഷൻ കമ്പനി ഉടമ ഹെയ്ൻസ്, അനൂപ് അനു ഫെയ്സ്ബുക് അക്കൗണ്ട്, അരുൺ തരംഗ, എൻവി ഫോക്കസ്, ട്രെൻഡ് സെക്ടർ 24x7, അശ്വന്ത് കോക്, ട്രാവലിങ് സോൾമേറ്റ്സ് എന്നീ യൂട്യൂബർമാർ 7 വരെ പ്രതികളും യുട്യൂബ്, ഫെയ്സ്ബുക് എന്നിവ എട്ടും ഒൻപതും പ്രതികളുമാണ്. റിലീസിനു പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ മോശം റിവ്യൂവും കമന്റുമിട്ടതിനാണു നടപടി.