ADVERTISEMENT

പുതിയ തലമുറയിലെ സിനിമകളിൽ മുഴുവൻ വയലൻസിനാണ് പ്രാധാന്യം നൽകുന്നതെന്ന് സംവിധായകൻ കമൽ. തല വെട്ടുക, ചോര തെറിപ്പിക്കുക എന്ന നിലയിലേക്ക് നായകസങ്കൽപ്പം മാറിയെന്നും, പുതിയ തലമുറ ഇത്തരം മനോഭാവത്തിലേക്ക് മാറുന്നത് ഗുണം ചെയ്യില്ലെന്നും കമല്‍ പറഞ്ഞു. നിയമസഭാ രാജ്യാന്തര പുസ്തകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘സ്‍മ‍ൃതി സന്ധ്യ’യിൽ 'എൺപതുകളിലെ മലയാള സിനിമ' എന്ന വിഷയത്തിൽ നിർമാതാവ് സുരേഷ് കുമാർ, നടൻ മണിയൻപിള്ള രാജു എന്നിവർക്കൊപ്പം സംസാരിക്കുകയായിരുന്നു കമൽ.

‘‘എല്ലാത്തിനെയും നിഗ്രഹിക്കുക. തല വെട്ടുക, ചോര തെറിപ്പിക്കുക എന്ന നിലയിലേക്ക് നായക സങ്കല്‍പം മാറിയിട്ടുണ്ട്. അതുകൊണ്ടാണ് രജനികാന്തും വിജയ്‌യും മമ്മൂട്ടിയുമടക്കം അങ്ങനെയുള്ള കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നത്. വയലന്‍സിനെ ഇഷ്ടപ്പെടുന്ന ഒരു പുതിയ തലമുറ വളര്‍ന്നു വരുന്നുണ്ട്.

എത്രമാത്രം അത് സമൂഹത്തില്‍ നിന്നും ഉള്‍ക്കൊണ്ടിട്ടാണ് ഈ തലമുറ സിനിമയിലേക്ക് ആകര്‍ഷിക്കപ്പെടുന്നത് എന്ന് നമുക്ക് അറിയില്ല. ഇത്തരം മനോഭാവം സമൂഹത്തിന് ഗുണകരമല്ല. എഴുപതുകള്‍ തൊട്ട് എല്ലാ കാലത്തും ന്യൂ ജനറേഷന്‍ സിനിമകള്‍ ഉണ്ടായിട്ടുണ്ട്. ഓരോ 25 വര്‍ഷങ്ങള്‍ കഴിയുമ്പോഴും സിനിമയില്‍ കാതലായ മാറ്റങ്ങള്‍ ഉണ്ടാവാറുണ്ട്.’’–കമല്‍ കൂട്ടിച്ചേർത്തു.

പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി ഒട്ടേറെ സിനിമകളാണ് എൺപതുകളിൽ മലയാളത്തിൽ ഇറങ്ങിയതെന്നു കമൽ പറഞ്ഞു. ഓരോ കാൽനൂറ്റാണ്ടു കൂടുമ്പോഴും മലയാള സിനിമയിൽ വലിയ മാറ്റങ്ങളാണുണ്ടാകുന്നത്. മമ്മൂട്ടി, മോഹൻലാൽ, നെടുമുടി വേണു തുടങ്ങിയ അഭിനേതാക്കളെ സംഭാവന ചെയ്ത കാലമായിരുന്നു എൺപതുകളെന്നും കമൽ ചൂണ്ടിക്കാട്ടി. പത്മരാജൻ, ഭരതൻ, കെ.ജി ജോർജ് എന്നിവരുടെ സിനിമകളിലൂടെയാണ് മലയാള ചലച്ചിത്ര രംഗത്തെ മാറ്റങ്ങൾക്ക് തുടക്കമായത്. പ്രിയദർശൻ സംവിധാനം ചെയ്ത പൂച്ചക്കൊരു മൂക്കുത്തി എന്ന ചിത്രം തമാശ ചിത്രങ്ങൾക്ക് ഒരു പുതിയ പാത തന്നെ തുറന്നു നൽകിയതായി സുരേഷ് കുമാർ വ്യക്തമാക്കി.

English Summary:

Kamal about new trend in movies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com