ADVERTISEMENT

കങ്കണ റണൗട്ടിന് അൽപം ആശ്വസിക്കാം. 2023 ൽ ബോളിവുഡിലെ ഏറ്റവും വലിയ പരാജയമായി മാറുകയാണ് ‘ദ് ലേഡി കില്ലർ’ എന്ന ഹിന്ദി ചിത്രം. അര്‍ജുന്‍ കപൂര്‍, ഭൂമി പഡ്‌നേക്കര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം ആദ്യദിനം നേടിയത് വെറും 38000 രൂപയാണ്. 293 ടിക്കറ്റുകളാണ് എല്ലാ കേന്ദ്രങ്ങളില്‍നിന്നും കൂടി വിറ്റുപോയത്. 45 കോടി മുതല്‍ മുടക്കിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഒടിടി പ്ലാറ്റ്ഫോമുമായി നേരത്തേ ധാരണ വച്ചതിനാല്‍ വെറും അന്‍പത് കേന്ദ്രങ്ങളില്‍ മാത്രമാണ് ചിത്രം റിലീസ് ചെയ്തിരുന്നത്. ഒടിടി റിലീസ് പദ്ധതിയിട്ടിരുന്നതിനാൽ വേണ്ടത്ര പ്രമോഷനും സിനിമയ്ക്ക് ഉണ്ടായിരുന്നില്ല.

സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും റിലീസ് തീയതിയുമൊക്കെ റിലീസിന് ഒരാഴ്ച മുന്‍പ് മാത്രമാണ് പുറത്തിറക്കിയത്. അതിനു ശേഷമായിരുന്നു ട്രെയ്‌ലര്‍ റിലീസ്. ചിത്രീകരണം പൂര്‍ത്തിയാക്കാതെ എഡിറ്റിങ് ടേബിളില്‍ തട്ടിക്കൂട്ടി സിനിമ റിലീസിന് എത്തിക്കുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ ഉണ്ട്.

ബിഎ പാസ്, സെക്‌ഷന്‍ 375 തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ അജയ് ബാല്‍ ആണ് ഈ സിനിമയുടെ സംവിധായകൻ. കഴിഞ്ഞ വർഷം ഏപ്രിലിലാണ് സിനിമയുടെ പ്രാരംഭ ജോലികള്‍ ആരംഭിച്ചത്. 2022 ഒക്ടോബറില്‍ ചിത്രീകരണം ആരംഭിച്ചു. 80 ശതമാനം ചിത്രീകരിച്ചതിനു ശേഷം സാമ്പത്തിക പ്രതിസന്ധിയും അഭിനേതാക്കളുടെ ഡേറ്റ് പ്രശ്നവും കാരണം ചിത്രം നിന്നുപോയി. വീണ്ടും തുടങ്ങാൻ 5 കോടി രൂപയെങ്കിലും ആവശ്യമായിരുന്നു. ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ പത്തു ദിവസം കൂടി സമയം വേണ്ടിയിരുന്നു. എന്നാല്‍ നിര്‍മാതാക്കള്‍ അതിന് വിസമ്മതിച്ചതിനെ തുടര്‍ന്ന് ഉള്ള ഭാഗങ്ങൾ വച്ച് റിലീസ് ചെയ്യുകയായിരുന്നു.

ഒടിടി പ്ലാറ്റ്ഫോമുമായി ഉണ്ടായിരുന്ന കരാർ മൂലമാണ് തിരക്കു പിടിച്ച് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്തതെന്നും പറയുന്നു. ഡിസംബർ ആദ്യവാരമാണ് സിനിമയുടെ ഒടിടി റിലീസ്.  ഉത്തരാഖണ്ഡിലായിരുന്നു സിനിമയുടെ ബാക്കി ഭാഗങ്ങള്‍ ചിത്രീകരിക്കേണ്ടിയിരുന്നത്. എന്നാല്‍ കടുത്ത മഴ കാരണം അതിന് സാധിച്ചില്ലെന്നും പറയപ്പെടുന്നു.

കങ്കണ റണൗട്ട് നായികയായെത്തിയ തേജസിനു ശേഷം ബോളിവുഡിലെ മറ്റൊരു വലിയ പരാജയമാകുകയാണ് ഈ സിനിമയും. 60 കോടി മുതല്‍ മുടക്കിലൊരുക്കിയ ‘തേജസി’ന് ഇതുവരെ കിട്ടിയത് 5.45 കോടി മാത്രമാണ്. ടൈഗര്‍ ഷ്‌റോഫിന്റെ 'ഗണപത്' എന്ന ചിത്രമാണ് ഈയടുത്ത് ബോളിവുഡില്‍ വലിയ പരാജയം സംഭവിച്ച മറ്റൊരു ചിത്രം. 150 കോടി മുതല്‍മുടക്കില്‍ ജാക്കി ബഗ്നനാനി, വശു ബഗ്നാനി, വികാസ് ബല്‍ എന്നിവര്‍ ചേര്‍ന്ന് നിർമിച്ച സിനിമ ആകെ നേടിയത് 12 കോടിയാണ്. ബാംഗ്ലൂര്‍ ഡെയ്സിന്റെ ഹിന്ദി റീമേക്കായ യാരിയാന്‍ 2 ഉം ബോക്സ്ഓഫിസില്‍ പരാജയമായി.

English Summary:

Arjun Kapoor and Bhumi Pednekar’s The Ladykiller collects just Rs 38000 on day 1: Boxoffice Bomb

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com