ADVERTISEMENT

സൈജു കുറുപ്പിനെ നായകനാക്കി നൗഷാദ് സഫ്രോൺ സംവിധാനം ചെയ്യുന്ന ‘പൊറാട്ട് നാടകം’ സിനിമയുടെ റിലീസിനു വിലക്ക്. പകർപ്പവകാശ നിയമ ലംഘനത്തിന്റെ അടിസ്ഥാനത്തിലാണ് സിനിമയുടെ സെൻസറിങ്ങിനും തുടർന്നുള്ള റിലീസിനും എറണാകുളം ഫസ്റ്റ് ക്ലാസ് അഡീഷനൽ ഡിസ്‌ട്രിക്‌റ്റ് ആൻഡ്‌ സെഷൻസ് ജഡ്ജ് വിലക്കേർപ്പെടുത്തിയത്. എഴുത്തുകാരനും സംവിധായകനുമായ വിവിയൻ രാധാകൃഷ്ണന്റെയും നിർമാതാവ് അഖിൽ ദേവിന്റെയും പരാതിയിലാണ് നടപടി.

എഴുത്തുകാരനും സംവിധായകനുമായ വിവിയൻ രാധാകൃഷ്ണന്റേതാണ് ഈ സിനിമയുടെ യഥാർഥ തിരക്കഥയെന്നാണ് വാദം. ‘ശുഭം’ എന്നു പേരിട്ടിരുന്ന ഈ തിരക്കഥ സിനിമയാക്കാൻ എൽഎസ്ഡി  പ്രൊഡക്‌ഷൻസ് മാനേജിങ് ഡയറക്ടർ ആയ അഖിൽ ദേവിന് വർഷങ്ങൾക്കു മുൻേപ വിവിയൻ കൈമാറിയിരുന്നു. തുടർന്ന് നായക വേഷം ചെയ്യുന്നതിനായി അഖിൽ ദേവ് മുഖേനെ വിവിയൻ രാധകൃഷ്ണൻ നടൻ സൈജു കുറുപ്പിനെ സമീപിച്ചു. അദ്ദേഹത്തിന് വായിക്കാൻ സ്ക്രിപ്റ്റ് അയച്ചുകൊടുക്കുകയും ചെയ്തു. എന്നാൽ ഇതേ തിരക്കഥ സുനീഷ് വാരനാടിന്റെ തിരക്കഥയെന്ന രീതിയിൽ ‘പൊറാട്ട് നാടകം’ എന്ന പേരിൽ ഇവർ സിനിമയാക്കിയെന്നാണ് അഖിൽ ദേവും വിവിയൻ രാധാകൃഷ്ണനും ആരോപിക്കുന്നത്. 

നൗഷാദ് സഫ്രോൺ സംവിധാനം ചെയ്ത ഈ സിനിമ ചിത്രീകരണം പൂർത്തിയാക്കി പോസ്റ്റ്‌ പ്രൊഡക്‌ഷൻ വർക്കുകളിലേക്ക് കടന്നിരുന്നു. എമിറേറ്റ്സ് പ്രോഡക്ഷൻസിന്റെ ബാനറിൽ വിജയൻ പള്ളിക്കരയും ഗായത്രി വിജയനും ചേർന്നാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്.

court-order
കോടതി വിധിയുടെ പകർപ്പ്

ചതിക്കപ്പെട്ടെന്ന് വിവിയനും അഖിലും അറിഞ്ഞത് ചിത്രീകരണം പൂർത്തിയായ സമയത്താണെന്നും അതുകൊണ്ടു മാത്രമാണ് ഇപ്പോഴെങ്കിലും കോടതിയിൽ തെളിവുകൾ ഹാജരാക്കി അനുകൂല വിധി നേടാനായതെന്നും ഇവർക്കു വേണ്ടി ഹാജരായ അഡ്വ. സുകേഷ് റോയിയും അഡ്വ.മീര മേനോനും പറഞ്ഞു. 

‘‘ഒട്ടും മനുഷ്യത്വമില്ലാത്ത രീതിയിൽ സിനിമ മേഖലയിൽ ഈയിടെയായി ഇത്തരം കേസുകൾ നിരവധിയുണ്ട്. ഭീഷണികളും മറ്റും കാരണം ആരും ഇതു പുറത്തു പറയാറില്ല. ഇത്തരത്തിൽ സ്വാർഥ ചിന്താഗതിയോടെ മറ്റുള്ളവരുടെ കഴിവുകളും അംഗീകാരങ്ങളും തട്ടിയെടുത്ത് ജനമധ്യത്തിൽ പേരെടുത്തു നിൽക്കുന്നവരെ ഒറ്റപ്പെടുത്തുക തന്നെ ചെയ്യണം’’– വിവിയൻ രാധാകൃഷ്ണനും അഖിൽ ദേവും പറഞ്ഞു.

‘‘ഞാൻ ഒരു ഡിജിറ്റൽ മാർക്കറ്റിങ് കമ്പനി നടത്തുന്ന ആളാണ്. സിനിമ നിർമാണവും കണ്ടന്റ് വിഡിയോ ക്രിയേഷൻ പരിപാടികളുമൊക്കെ ചെയ്യുന്നുണ്ട്. പല വർഷങ്ങളായി സിനിമകളുടെ തിരക്കഥ വാങ്ങുകയും പ്രോജക്റ്റ് ഉണ്ടാക്കുകയും ചെയ്യാറുണ്ട്. ഇപ്പോൾ ‘പൊറാട്ട് നാടകം’ എന്ന പേരിൽ സിനിമയായ തിരക്കഥയുടെ റൈറ്റ്സ് ഞാൻ 2018 ൽ വാങ്ങിയതാണ്. ഈ തിരക്കഥ എഴുതിയ വിവിയൻ രാധാകൃഷ്ണൻ അന്ന് ദിലീഷ് പോത്തനോടും സൈജു കുറുപ്പിനോടും സിനിമയുടെ കഥ പറഞ്ഞിട്ടുണ്ടയിരുന്നു. സൈജുവിന്‌ ഈ കഥ ഇഷ്ടപ്പെട്ടപ്പോൾ തിരക്കഥ മുഴുവൻ വായിക്കണം എന്ന് ആവശ്യപ്പെടുകയും വിവിയൻ തിരക്കഥ അയച്ചു കൊടുക്കുകയും ചെയ്തിരുന്നു.  

വിവിയൻ രാധാകൃഷ്ണന് ഈ സിനിമ സംവിധാനം ചെയ്യണം എന്ന ആഗ്രഹമുണ്ടായിരുന്നു.  അത് വേണോ വേണ്ടയോ എന്നുള്ള ചർച്ചകളുമുണ്ടായിരുന്നു. എന്റെ കയ്യിലണ് റൈറ്റ്സ് എന്ന് സൈജുവിനോ മറ്റുള്ളവർക്കോ അറിയില്ലായിരുന്നു. സിനിമയുടെ ഇപ്പോഴത്തെ തിരക്കഥാകൃത്ത് സുനീഷ് വാരനാട് ആണ്. സുനീഷ് വാരനാടിനെതിരെ ‘ഈശോ’ എന്ന സിനിമയുമായി ബന്ധപ്പെട്ട ഒരു പരാതി മുൻപേ തന്നെ ഉളളതാണ്.  

‘ഈശോ’യുടെ നിർമാതാവ് എന്നെ ബന്ധപ്പെട്ടിട്ട് ‘പൊറാട്ട് നാടകം’ എന്ന സിനിമയുടെ തിരക്കഥാകൃത്തിന് എന്നെ ഒന്ന കാണണമെന്നും അതിന്റെ പ്രമോഷൻ വർക്കുമായി ബന്ധപ്പെട്ട് കുറച്ച് കാര്യങ്ങൾ സംസാരിക്കാനാണന്നും പറഞ്ഞു. അങ്ങനെ അദ്ദേഹം സംസാരിക്കാൻ വന്നപ്പോൾ ഈ തിരക്കഥ എന്നോട് അദ്ദേഹം ഇങ്ങോട്ടു പറയുകയാണ്. അപ്പോഴാണ് ഇത് എന്റെ കയ്യിൽ ഇരിക്കുന്ന തിരക്കഥ ഇതുതന്നെ ആണല്ലോ എന്ന് ഞാനും തിരിച്ചറിയുന്നത്. ഉടൻ അവർക്ക് വക്കീൽ നോട്ടിസ് അയച്ചു. കോടതി ഇപ്പോൾ ഞങ്ങൾക്ക് അനുകൂലമായ ഒരു വിധി ആണ് പുറപ്പെടുവിച്ചിരിക്കുന്നത്.  ഞങ്ങളുടെ കയ്യിൽ അന്ന് തിരക്കഥ അയച്ചുകൊടുത്തതിന്റെ എല്ലാ തെളിവുമുണ്ട്’’.– അഖിൽ ദേവ് മനോരമ ഓൺലൈനിനോടു പറഞ്ഞു.  

English Summary:

Court issues ban on Saiju Kurup's Porottu Nadakam Movie

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com