ADVERTISEMENT

ഉലകനായകൻ കമല്‍ഹാസന്റെ അറുപത്തിയൊൻപതാം പിറന്നാൾ ആഘോഷിക്കുകയാണ് ഇന്ത്യൻ സിനിമാ ലോകം. ഇന്ന് ഇന്ത്യയിലെ ഏറ്റവും വില പിടിപ്പുള്ള സൂപ്പർതാരങ്ങളിലൊരാളായ കമലിന്റേതായി ബ്രഹ്മാണ്ഡ സിനിമകളാണ് അണിയറയിൽ ഒരുങ്ങുന്നത്. ‘വിക്രം’ സിനിമ ബ്ലോക് ബസ്റ്റര്‍ ഹിറ്റായതോടെയാണ് തെന്നിന്ത്യയിലാകെ കമൽഹാസൻ തരംഗം വീണ്ടും ആഞ്ഞടിച്ചു തുടങ്ങിയത്.

രജനികാന്ത്, അജിത്, വിജയ് എന്നിങ്ങനെ ടയർ വണ്ണിലുള്ള സൂപ്പർതാരങ്ങളിൽ ഉൾപ്പെടാതെ മൂന്നാം നിരയിലായിരുന്നു കമല്‍ഹാസന്‍. തിയറ്റർ ഉടമകൾ പോലും കമൽഹാസനെ തഴഞ്ഞ കാലം. നിർമാതാക്കളെയോ മുന്‍നിര സംവിധായകരെയോ കിട്ടാതെ ബോക്സ്ഓഫിസില്‍ തുടര്‍ച്ചയായി സിനിമകള്‍ തകര്‍ന്നടിയുന്നിടത്തു നിന്ന് കമല്‍ഹാസന്‍ എന്ന നടന്റെയും താരത്തിന്റെയും ഉയിർത്തെഴുന്നേൽപായിരുന്നു ‘വിക്രം’. കമല്‍ഹാസൻ തന്നെയായിരുന്നു നിർമാണവും. 

2018 ൽ പുറത്തിറങ്ങിയ വിശ്വരൂപം 2 നു ശേഷം കമൽഹാസന്റേതായി വന്ന റിലീസ് ആണ് ‘വിക്രം’. തന്റെ കടുത്ത ആരാധകനായ ലോകേഷ് കനകരാജിനു തിരക്കഥയിലും സംവിധാനത്തിലും കമൽ പൂർണ സ്വാതന്ത്ര്യം നൽകിയപ്പോൾ പിറന്നത് ബ്ലോക് ബസ്റ്റർ. തമിഴ്നാട്ടില്‍നിന്ന് പത്തു ദിവസം കൊണ്ട് വിക്രം നേടിയത് 130 കോടി രൂപയാണ്. ആഗോള കലക്‌ഷനില്‍ വിക്രം പത്തു ദിവസം കൊണ്ട് 320 കോടി പിന്നിട്ടു. കേരളത്തില്‍നിന്നു മാത്രം വിക്രം 40 കോടിക്കു മുകളില്‍ ഗ്രോസ് കലക്‌ഷന്‍ നേടി. ഹിന്ദിയിലും ചിത്രം വലിയ വിജയമായിരുന്നു. ഇതോടെ കമലിന്റെ താരമൂല്യം കുതിച്ചുയർന്നു. പ്രമുഖ നിർമാതാക്കളടക്കം അദ്ദേഹത്തിന്റെ ഡേറ്റ് ചോദിച്ചു നടക്കുന്ന അവസ്ഥയാണ് ഇപ്പോൾ.

ഒരു മിനിറ്റിനു പോലും കോടികൾ മൂല്യമുള്ള അദ്ദേഹത്തിന്റെ പുതിയ പ്രോജ്കടുകൾ ഇവയാണ്.

1. ഇന്ത്യന്‍ 2

ഇന്ത്യൻ സിനിമാലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് കമലിന്റെ എക്കാലത്തെയും സൂപ്പർ ഹിറ്റായ ഇന്ത്യന്റെ രണ്ടാം ഭാഗം. ഉലകനായകൻ കമൽഹാസനും ഹിറ്റ് മേക്കർ ശങ്കറും ഒന്നിക്കുന്ന ഈ ബ്രഹ്മാണ്ഡ പ്രോജക്ടിൽ കാജല്‍ അഗര്‍വാളാണ് നായിക. സിദ്ധാര്‍ഥ്, പ്രിയ ഭവാനി ശങ്കര്‍, ബോബി സിംഹ, ഗുരു സോമസുന്ദരം, ഡല്‍ഹി ഗണേഷ് എന്നിവരും അണിനിരക്കുന്നു.

രവി വര്‍മന്‍ ഛായാഗ്രഹണവും ശ്രീകര്‍ പ്രസാദ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. പ്രൊഡക്‌ഷൻ ഡിസൈനർ മുത്തുരാജ്. 2020 ഫെബ്രുവരിയിൽ ചിത്രീകരണം ആരംഭിച്ച ശേഷം പല കാരണങ്ങളാല്‍ നിര്‍ത്തിവയ്ക്കേണ്ടി വന്നിരുന്നു. ഷൂട്ടിങ്ങിനിടെ ലൊക്കേഷനില്‍ ഉണ്ടായ അപകടത്തില്‍ 3 പേര്‍ മരിച്ചതും കോവിഡ് നിയന്ത്രണങ്ങളും സാമ്പത്തിക പ്രതിസന്ധിയും സിനിമയെ കാര്യമായി ബാധിച്ചിരുന്നു. 

നടനും എംഎല്‍എയുമായ ഉദയനിധി സ്റ്റാലിന്‍റെ റെഡ് ജയിന്‍റ് മൂവിസ് സിനിമയുടെ നിർമാണ പങ്കാളിത്തം ലൈക്ക പ്രൊഡക്‌ഷന്‍സിനൊപ്പം ഏറ്റെടുത്തതോടെ കമലിന്‍റെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിലൊന്നായ സേനാപതിയുടെ തിരിച്ചുവരവ് സാധ്യമാവുകയായിരുന്നു. 

shankar-kamal
ഇന്ത്യൻ 2 വിൽ ശങ്കറിനൊപ്പം

അഴിമതിക്കെതിരെ പോരാടുന്ന ഇന്ത്യന്‍ എന്ന കഥാപാത്രമായി കമല്‍ഹാസന്‍ തകര്‍ത്തഭിനയിച്ച 'ഇന്ത്യന്‍' 1996 ലാണ് പ്രദര്‍ശനത്തിനെത്തിയത്. ചിത്രത്തില്‍ ഇരട്ടവേഷത്തില്‍ അഭിനയിച്ച കമല്‍ഹാസന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും ലഭിച്ചിരുന്നു. ഇന്ത്യൻ സിനിയുടെ ക്ലൈമാക്സ് രംഗം ആ സിനിമയ്ക്ക് ഒരു തുടര്‍ച്ചയുണ്ടാകുമെന്ന സൂചന നല്‍കിയിരുന്നു.

2. തഗ് ലൈഫ്

മൂന്നര പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ കമൽഹാസൻ– മണിരത്‌നം കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രം. രംഗരായ ശക്തിവേല്‍ നായ്ക്കര്‍ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ കമല്‍ഹാസന്‍ എത്തുന്നത്. ജാപ്പനീസ് ആയോധനകലകളിൽ അഗ്രഗണ്യനായ ഗ്യാങ്സ്റ്ററാണ് നായ്ക്കർ. ചിത്രം ‘നായക’ന്റെ സീക്വല്‍ ആണോ എന്ന ചോദ്യവും പ്രേക്ഷകരിൽ ഉയരുന്നുണ്ട്. 1987 ൽ പുറത്തിറങ്ങിയ ക്ലാസിക് ചിത്രമായ നായകനിൽ വേലു നായ്ക്കര്‍ എന്ന കഥാപാത്രമായാണ് കമൽ എത്തിയത്. സിനിമയുടെ ക്ലൈമാക്സില്‍ വരുന്ന വേലു നായ്ക്കരുടെ കൊച്ചു മകന്റെ പേരും ശക്തിവേൽ എന്നാണ്.

രാജ്കമൽ ഫിലിംസ് ഇന്റർനാഷനൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ.മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. ദുൽഖർ സൽമാൻ, ജയം രവി, തൃഷ എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്.

ഒരിടവേളയ്ക്കു ശേഷം കമൽഹാസനും മണിരത്നവും എ.ആർ.റഹ്മാനൊപ്പം വീണ്ടും കൈകോർക്കുന്നു. മണിരത്‌നത്തിനോടൊപ്പം പ്രഗത്ഭരായ ടീമാണ് ചിത്രത്തിൽ പ്രവർത്തിക്കുന്നത്. ഛായാഗ്രാഹകൻ രവി കെ. ചന്ദ്രൻ, എഡിറ്റർ ശ്രീകർ പ്രസാദ്, സ്റ്റണ്ട് കൊറിയോഗ്രഫി അൻപറിവ്. പ്രൊഡക്‌ഷൻ ഡിസൈനറായി ശർമ്മിഷ്ഠ റോയിയും കോസ്റ്റ്യൂം ഡിസൈനറായി ഏകാ ലഖാനിയുമാണ് ചിത്രത്തിൽ പ്രവർത്തിക്കുന്നത്. പിആർഒ പ്രതീഷ് ശേഖർ. 

kh233

3. കെഎച്ച് 233

എച്ച്. വിനോദും കമൽഹാസനും ഒന്നിക്കുന്ന ചിത്രം. ‘റൈസ് ടു റൂൾ’ എന്നാണ് ടാഗ്‌ലൈൻ നൽകിയിരിക്കുന്നത്. അജിത് നായകനായ ‘വലിമൈ’, ‘തുനിവ്’ എന്നീ ചിത്രങ്ങൾക്കു ശേഷം എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം കമൽഹാസൻ തന്നെയാണ് നിർമിക്കുന്നത്. ആർ. മഹേന്ദ്രനും നിർമാണ പങ്കാളിയാണ്.

projectk
സംവിധായകൻ നാഗ് അശ്വിനൊപ്പം

4. പ്രോജക്ട് കെ.

പ്രഭാസ്, അമിതാഭ് ബച്ചൻ, കമൽഹാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രം. സിനിമയിൽ കമൽ നെഗറ്റിവ് വേഷത്തിലാണ് എത്തുന്നതെന്നാണ് സൂചന. പ്രൊജക്ട് കെ രണ്ടു ഭാഗങ്ങളുള്ള ചിത്രമായിരിക്കും. ആദ്യഭാഗം കഥാലോകം സജ്ജീകരിക്കുന്നതിലും കേന്ദ്ര കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കും.

kamal-lokesh
ലോകേഷ് കനകരാജിനൊപ്പം

5. വിക്രം 2

2022ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗം. ലോകേഷ് കനകരാജ് യൂണിവേഴ്സിലെ അവസാന ചിത്രമാകും വിക്രം 2 എന്നും റിപ്പോർട്ടുകൾ ഉണ്ട്. റോളക്സ് എന്ന, സൂര്യ അവതരിപ്പിക്കുന്ന കഥാപാത്രമാകും ചിത്രത്തിൽ വില്ലനായി എത്തുക.

English Summary:

New and Upcoming Movies Of Kamal Haasan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com