‘പ്രശ്നക്കാരായ’ ഭാസിയെയും ഷൈനിനെയും എങ്ങനെ കൈകാര്യം െചയ്തു: മറുപടിയുമായി സോഹൻ സീനുലാൽ

Mail This Article
‘പ്രശ്നക്കാരായ’ ശ്രീനാഥ് ഭാസിയെയും ഷൈൻ ടോം ചാക്കോയെയും നായകരാക്കി സിനിമ ചെയ്തപ്പോൾ എന്തെകിലും കുഴപ്പമുണ്ടായോ എന്ന ഷൈൻ ടോം ചാക്കോയുടെ ചോദ്യത്തിന് മറുപടിയുമായി സംവിധായകൻ സോഹൻ സീനുലാൽ. ശ്രീനാഥ് ഭാസിയെയും ഷൈൻ ടോം ചാക്കോയെയും പ്രധാന താരങ്ങളാക്കി സോഹൻ സംവിധാനം ചെയ്യുന്ന ‘ഡാൻസ് പാർട്ടി’ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിലാണ് രസകരമായ സംഭവം അരങ്ങേറിയത്. ‘‘ശ്രീനാഥിനെയും ഷൈനിനെയും കുറിച്ച് നല്ലതേ പറയാനുള്ളൂ എന്നും നമ്മൾ വളർത്തുന്ന മൃഗങ്ങളുടെ സ്വഭാവം നമ്മൾ തന്നെ നന്നായി അറിഞ്ഞിരുന്നാൽ പ്രശ്‌നമില്ലെന്നും’’ സോഹൻ സീനുലാൽ പറഞ്ഞു. ശ്രീനാഥ് ഭാസിയുടെയും ഷൈൻ ടോമിന്റെയും പൂർണമായ സഹകരണവും കഠിന പ്രയത്നവും കൊണ്ടാണ് ഈ സിനിമ നിശ്ചയിച്ച സമയത്തിനുള്ളിൽ തന്നെ തീർക്കാൻ കഴിഞ്ഞതെന്നും സോഹൻ പറഞ്ഞു.
സോഹൻ സീനുലാൽ സംവിധാനം ചെയ്യുന്ന ഡാൻസ് പാർട്ടി എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിൽ കൂട്ടുകാരി തനൂജയ്ക്കൊപ്പമാണ് ഷൈൻ ടോം ചാക്കോ എത്തിയത്. സിനിമയ്ക്കൊപ്പം സഹകരിച്ചവർക്ക് സംവിധായകൻ നന്ദി പറഞ്ഞുകൊണ്ടിരുന്നപ്പോഴാണ് ‘‘ഞങ്ങളെക്കൊണ്ട് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായോ’’ എന്ന് ഷൈൻ ടോം ചാക്കോ ചോദിക്കുന്നത്. ഈ ചോദ്യത്തിന് സോഹൻ പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു.
‘‘ഇത് ചോദിച്ചത് ഞാൻ നല്ലത് പറയാൻ വേണ്ടിയിട്ടാണെന്ന് എനിക്കറിയാം. ഷൈൻ തന്നെയാണ് അതിനു നല്ലൊരു മറുപടി എനിക്ക് തന്നത്. നമ്മൾ ഒരു പൂച്ചക്കുട്ടിയേയോ പുലിയേയോ മുയലിനേയോ വളർത്താൻ തീരുമാനിക്കുമ്പോൾ വളർത്തുന്ന ആൾ അറിയണം വളർത്തുന്ന മൃഗത്തിന്റെ സ്വഭാവം. ഞാൻ തമാശ പറയുന്നതല്ല ഇവർ എല്ലാ രീതിയിലും എന്റെ കൂടെ സഹകരിച്ചത് കൊണ്ട് മാത്രമാണ് നിർമാമാതാവിനോട് പറഞ്ഞ ഷെഡ്യൂളിന് ഒരു ദിവസം മുൻപ് ഈ സിനിമ പൂർത്തിയാക്കാൻ സാധിച്ചത്. ഈ സിനിമയിൽ അഭിനയിച്ച എല്ലാവരും തിരക്കുള്ള ആൾക്കാരാണ് എങ്കിലും അവരുടെ പരിപൂർണമായ സഹകരണവും കഠിന പ്രയത്നവും ഈ സിനിമയ്ക്ക് പിന്നിൽ ഉണ്ടായിരുന്നു. ഈ അവസരത്തിൽ ഷൈൻ ടോം ചാക്കോയോടും വിഷ്ണു ഉണ്ണികൃഷ്ണനോടും ശ്രീനാഥ് ഭാസിയോടും ബാക്കി എല്ലാവരോടും നന്ദി പറയുന്നു.’’
‘‘ഞങ്ങളെക്കുറിച്ച് നല്ലതല്ലേ പറയാനുള്ളൂ, അങ്ങനെ ഒരു നിർണായകമായ അവസരത്തിൽ ആണല്ലോ നിങ്ങൾ ഈ പടം ചെയ്യുന്നത്. കാരണം വിലക്ക് നേരിടുന്ന ശ്രീനാഥ് ഭാസി, വളരെയധികം ചീത്തപ്പേര് നേരിട്ടുകൊണ്ടിരിക്കുന്ന ഞാൻ. പ്രാവിനെ വളർത്തുന്നതുപോലെ പുലിയെ വളർത്തിയാൽ ശരിയാകുമോ? എല്ലാവരും പ്രാവ് ആയതുകൊണ്ട് കാര്യമുണ്ടോ.?’’– എന്നാണു സോഹന് മറുപടിയായി ഷൈൻ ടോം ചാക്കോ പറയുന്നത്. ഷൈനിന്റെ മറുപടി വേദിയിൽ ചിരി പടർത്തി.
ശ്രീനാഥ് ഭാസി, വിഷ്ണു ഉണ്ണികൃഷ്ണന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സോഹന്‍സീനുലാല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡാന്‍സ് പാര്‍ട്ടി. സോഹൻ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിക്കുന്നത്. കൊച്ചി പശ്ചാത്തലമാക്കി, സൗഹൃദത്തിന്റേയും പ്രണയത്തിന്റേയും കഥ പറയുന്ന ഡാൻസ് പാർട്ടി എല്ലാത്തരം പ്രേക്ഷകർക്കും രസിക്കുന്ന രീതിയിലാണ് ഒരുക്കിയിട്ടുള്ളത്. ബിനു കുര്യന്‍ ഛായാഗ്രഹണവും ബിജിപാല്‍ സംഗീതസംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തിൽ പ്രയാഗ മാർട്ടിൻ, ജൂഡ് ആന്തണി, ലെന, ഫുക്രു, സാജു നവോദയ, ജോളി ചിറയത്ത്, ശ്രദ്ധ ഗോകുൽ തുടങ്ങിയവരും അഭിനയിക്കുന്നു.