ADVERTISEMENT

ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻട്രിയായ ‘2018– എവരിവൺ ഈസ് എ ഹീറോ’ അമേരിക്കയിൽ പുതുചരിത്രം കുറിക്കാനൊരുങ്ങുന്നു. ഇന്ത്യൻ സിനിമാ വ്യവസായത്തിനു തന്നെ നാഴികക്കല്ലാകുന്ന ചരിത്രനിമിഷത്തിന് സാക്ഷ്യം വഹിച്ചുകൊണ്ട് തെക്കേ അമേരിക്കയിലെ 400ൽ പരം സ്‌ക്രീനുകളിലാണ് 2018 റിലീസാകുന്നത്. കാവ്യ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപ്പിള്ളിയും എംബി ഫിലിംസിന്റെ മാർസെലോ ബോൻസിയുമാണ് ഈ ചരിത്ര സിനിമായാത്ര സാധ്യമാക്കിയ നിർമാതാക്കൾ. 

തെക്കേ അമേരിക്കയിലെ ആദ്യ ഇന്ത്യൻ തിയറ്റർ റിലീസിൽ ഏറെ ആവേശഭരിതനാണെന്ന് ചിത്രത്തിന്റെ നിർമാതാക്കളിലൊരാളായ വേണു കുന്നപ്പിള്ളി പറഞ്ഞു. ദുബായ് ആസ്ഥാനമായുള്ള ഏരീസ് ഗ്രൂപ്പിന്റെ സിനിമാ വിൽപന വിഭാഗമായ ഇൻഡിവുഡ് ഡിസ്ട്രിബ്യൂഷൻ നെറ്റ്‌വർക്കാണ് ‘2018’ സിനിമയ്ക്കു തെക്കേ അമേരിക്കയിലേക്കുള്ള വഴി തുറന്നത്. തന്റെ അമ്മ ഇന്ത്യൻ സിനിമകളുടെ ആരാധികയാണെന്നും അമ്മയാണ് ഈ സംരംഭത്തിനു പ്രചോദനം നൽകിയതെന്നും എംബി ഫിലിംസിന്റെ സിഇഒ മൗറിസിയോ ബോൺസി പറയുന്നു. 

ഓസ്‌കർ നോമിനേഷനുകൾ അടുത്തിരിക്കെ സിനിമയുടെ മറ്റു പ്രചാരണങ്ങൾക്കു വേണ്ടി സംവിധായകൻ ജൂഡ് ആന്തണിയും ഇപ്പോൾ അമേരിക്കയിലാണ്. തെക്കേ അമേരിക്കയിലെ ആദ്യ പ്രധാന ഇന്ത്യൻ തിയറ്റർ റിലീസിൽ ഏറെ ആവേശഭരിതനാണെന്ന് വേണു കുന്നപ്പിള്ളി പറയുന്നു. ‘‘ആഗോള പ്രേക്ഷകരിൽനിന്ന് ഞങ്ങൾക്കു ലഭിക്കുന്ന സ്നേഹത്തിലും പിന്തുണയിലും ഞങ്ങൾ വളരെ സന്തുഷ്ടരാണ്. 2018 ഒരു നാഴികക്കല്ലായിരിക്കുമെന്ന് അറിയുന്നത് ഞങ്ങളെ ആവേശഭരിതരാക്കുന്നു. 2018–ന്റെ ലാറ്റിനമേരിക്കയിലെ റിലീസ് ഇന്ത്യൻ സിനിമകൾക്കു തന്നെ നാഴികക്കല്ലായിരിക്കുമെന്ന് അറിയുന്നത് അവിശ്വസനീയമാണ്. സംസ്‌കാരത്തിനപ്പുറം പ്രേക്ഷകർക്കു പ്രചോദനം നൽകുന്ന സാമൂഹിക സന്ദേശമാണ് സിനിമ നൽകുന്നത്. 2018 തെക്കേ അമേരിക്കൻ പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് പ്രവേശിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.’’

jude-venu
ജൂഡ് ആന്തണി ജോസഫും വേണു കുന്നപ്പിള്ളിയും

2018 ന്റെ ആഗോള പ്രസക്തി മനസ്സിലാക്കുന്നുവെന്ന് പ്രതിഭാധനനായ സംവിധായകൻ മാർസെലോ ബോൺസി പറഞ്ഞു. ‘‘അണക്കെട്ട് ദുരന്തങ്ങളും വെള്ളപ്പൊക്കവും പോലുള്ള സാഹചര്യങ്ങൾ നമ്മെയെല്ലാം ആശങ്കപ്പെടുത്തുന്നതാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച സിനിമയിലൂടെ ഇന്ത്യൻ സിനിമയെ തെക്കേ അമേരിക്കയിൽ അവതരിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. അവാർഡുകൾക്കപ്പുറം കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള സന്ദേശമാണ് ഞങ്ങളെ ആകർഷിച്ചത്. സമാനമായ വെല്ലുവിളികൾ ഞങ്ങളും അഭിമുഖീകരിച്ചിട്ടുണ്ട്. ഈ ചിത്രത്തിന് ജനങ്ങളുടെ കണ്ണ് തുറപ്പിക്കാൻ കഴിയുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ആദ്യഘട്ടത്തിൽ 400 തിയറ്ററുകളിലെങ്കിലും 2018 റിലീസ് ചെയ്യാൻ ഞങ്ങൾ പദ്ധതിയിടുകയാണ്. 

jude-america
ജൂഡ് ആന്തണി ജോസഫും വേണു കുന്നപ്പിള്ളിയും

എന്റെ അമ്മ ഇന്ത്യൻ സിനിമയുടെ കടുത്ത ആരാധികയാണ്, ആർആർആർ അമ്മ ഒന്നിലധികം തവണ കണ്ടിട്ടുണ്ട്. ഇന്ത്യൻ– ലാറ്റിനമേരിക്കൻ ചലച്ചിത്ര വ്യവസായങ്ങൾ തമ്മിലുള്ള വിടവ് നികത്താനുള്ള സമയമാണിതെന്ന് ഞങ്ങൾക്കു തോന്നി. ’– മൗറിസിയോ ബോൺസി പറയുന്നു. 

English Summary:

2018- India's Official Oscar Entry to Release in South America marking a Historic Milestone. To open in 400+ screens

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com