അവളെ തിരികെ കിട്ടി: ആശ്വാസ വാര്‍ത്തയുമായി സണ്ണി ലിയോണി

Mail This Article
വീട്ടുജോലിക്കാരിയുടെ മകളെ കണ്ടെത്തിയതായുള്ള ആശ്വാസ വാര്‍ത്ത പങ്കുവച്ച് നടി സണ്ണി ലിയോണി. സണ്ണി തന്നെയാണ് പെൺകുട്ടിയെ തിരികെ കിട്ടിയ സന്തോഷം ഫോട്ടോ സഹിതം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ‘‘അവളെ കണ്ടെത്തി… ഞങ്ങളുടെ പ്രാർഥത്ഥനകൾക്ക് ഉത്തരം കിട്ടി. ദൈവം വളരെ വലിയവനാണ്. ദൈവം ഈ കുടുംബത്തെ അനുഗ്രഹിക്കട്ടെ. കുടുംബത്തിന് വേണ്ടി മുബൈ പൊലീസിന് വളരെയധികം നന്ദി അറിയിക്കുന്നു. 24 മണിക്കൂറുകൾക്ക് ശേഷം അനുഷ്കയെ ഞങ്ങൾക്ക് തിരികെ ലഭിച്ചു. പോസ്റ്റ് ഷെയർ ചെയ്ത് കുഞ്ഞിനെ കാണാനില്ലെന്ന വാർത്ത വൈറലാക്കിയ എല്ലാവർക്കും എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് നന്ദി പറയുന്നു.’’–സണ്ണി ലിയോണി കുറിച്ചു.
കഴിഞ്ഞ ദിവസമാണ് തന്റെ വീട്ടുജോലിക്കാരിയുടെ മകളെ കാണാതായതായും കണ്ടെത്തുന്നവര്‍ക്ക് 50000 രൂപ നല്‍കുമെന്നും കുറിച്ച് സണ്ണി ലിയോണി സമൂഹമാധ്യമങ്ങളിലെത്തിയത്. ബുധനാഴ്ചയോടെ മുംബൈയിലെ ജോഗേശ്വരില്‍ നിന്നാണ് കുട്ടിയെ കാണാതായത്. കുട്ടിയെ കണ്ടെത്തുന്നവര്‍ക്ക് 11,000 രൂപയാണ് കുടുംബം പ്രഖ്യാപിച്ചത്. ഇതിന് പുറമെയാണ് താരം 50,000 രൂപ കൂടി പ്രതിഫലം പ്രഖ്യാപിച്ചത്.
കുട്ടിയുടെ പേരും വിവരങ്ങളും ചിത്രവും ഉൾപ്പടെ പങ്കുവച്ചു കൊണ്ടായിരുന്നു സണ്ണിയുടെ കുറിപ്പ്. ‘‘ഇത് അനുഷ്ക, എന്റെ വീട്ടു ജോലിക്കാരിയുടെ മകളാണ്. എട്ടാം തിയതി വൈകിട്ട് ഏഴ് മണി മുതൽ ജോഗേശ്വരി വെസ്റ്റിൽ നിന്ന് കുട്ടിയെ കാണാതായി. 9 വയസ്സാണ്. അവൾക്കായി തിരച്ചിലിലാണ് മാതാപിതാക്കൾ. അവളെ കണ്ടെത്തുകയോ വിവരം നൽകുകയോ ചെയ്യുന്നവർക്ക് 11,000 രൂപ പ്രതിഫലം നൽകും . ഇതു കൂടാതെ 50,000 രൂപ ഞാൻ നൽകും. നിങ്ങളുടെ കണ്ണുകൾ തുറന്ന് ഈ കുഞ്ഞിനെ തിരയൂ’’.- സണ്ണി ലിയോണി കുറിച്ചു.