ADVERTISEMENT

ജയസൂര്യ നായകനായെത്തുന്ന ബ്രഹ്മാണ്ഡ ചിത്രം ‘കത്തനാർ’ സിനിമയുടെ സെറ്റിൽ മലയാളത്തിന്റെ സൂപ്പര്‍താരം മോഹൻലാൽ എത്തി. വളരെ അപൂർവമായാണ് മോഹൻലാൽ മറ്റ് സിനിമകളുടെ സെറ്റുകൾ സന്ദർശിക്കുന്നത്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ഈ വരവ് ജയസൂര്യയ്ക്കും സംവിധായകൻ റോജിൻ തോമസിനും ഉൾപ്പടെയുള്ളവർക്ക് വലിയ ആവേശവും സന്തോഷവുമാണ് നൽകിയത്. മലയാളത്തിലെ രണ്ട് ബിഗ് ബജറ്റ് സിനിമകളായ കത്തനാരിന്റെയും എംപുരാന്റെയും ചിത്രീകരണം ഒരേസമയം പുരോഗമിക്കുമ്പോൾ അതിലെ രണ്ട് നായകന്മാരുടെ കൂടിക്കാഴ്ചയായും ഈ നിമിഷങ്ങൾ മാറി.

കത്തനാർ സെറ്റിലെത്തിയ മോഹൻലാൽ സിനിമയിലെ ഓരോരുത്തരെയും നേരിൽ കണ്ട് വിശേഷങ്ങൾ ചോദിച്ചു. സിനിമയ്ക്ക് നൽകിയിരിക്കുന്ന ഡിറ്റെയ്‌ലിങ് അദ്ദേഹത്തെ അദ്ഭുതപ്പെടുത്തി. ചോദ്യങ്ങൾ ഒരുപാട് ചോദിച്ചു. അതിനു വ്യക്തമായ മറുപടിയും അണിയറ പ്രവർത്തകർ നൽകുകയുണ്ടായി. ഗംഭീരമായിട്ടുണ്ട് സെറ്റ്, സിനിമയും ഗംഭീരമാകുമെന്ന് നിർമാതാവായ ഗോകുലം ഗോപാലനോട് ആശംസകൾ അറിയിക്കുകയും ചെയ്തു.

kathanar-3

നിരവധി പ്രത്യേകതകളുമായി കത്തനാർ മൂന്നാം ഷെഡ്യൂളിനു കഴിഞ്ഞ ദിവസം തുടക്കമായത്. ‘ഹോം’ സിനിമയിലൂടെ ദേശീയ പുരസ്‌കാര ജേതാവായ റോജിൻ തോമസിന്റെ സംവിധാനത്തിലാണ് മലയാളത്തിലെ ഏറ്റവും മുതൽമുടക്കുള്ള ചിത്രമായി മാറിയേക്കാവുന്ന ‘കത്തനാർ’ ഒരുങ്ങുന്നത്. ഏപ്രിൽ അഞ്ചിനു ഷൂട്ടിങ് തുടങ്ങിയ സിനിമയുടെ മൂന്നാമത്തെ ഷെഡ്യൂൾ നവംബർ ഏഴിനാണ് ആരംഭിച്ചത്.

ഐതിഹ്യങ്ങളിലൂടെ പ്രശസ്തനായ അദ്ഭുത സിദ്ധികളുള്ള മഹാമാന്ത്രികൻ കടമറ്റത്തു കത്തനാരുടെ ജീവിതം പറയുന്ന 'കത്തനാർ: ദ് വൈൽഡ് സോഴ്സറർ' ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് നിർമിക്കുന്നത്. ഇനിയും 150 ദിവസത്തോളം ഷൂട്ട് ബാക്കിയുണ്ട്. ഇനി ഒരൊറ്റ ഷെഡ്യൂളിൽ തീർക്കാനാണ്‌ ഉദ്ദേശിക്കുന്നത്. 

'ജംഗിൾ ബുക്ക്', 'ലയൺ കിങ്' തുടങ്ങിയ വിദേശ സിനിമകളിൽ ഉപയോഗിച്ച വെർച്വൽ പ്രൊഡക്ഷൻ ടെക്നോളജിയിൽ ഒരുങ്ങുന്ന കത്തനാർ, ആ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്ന ആദ്യ ഇന്ത്യൻ സിനിമയാണ്. തെന്നിന്ത്യൻ താരം അനുഷ്ക ഷെട്ടിയാണ് നായിക. ആദ്യമായാണ് അനുഷ്ക മലയാളത്തിൽ അഭിനയിക്കാനെത്തുന്നത്. ചെന്നൈയിലും റോമിലും കൊച്ചിയിലുമായാണ് സിനിമയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്നത്. 

kathanar-teaser
‘കത്തനാർ’ ആദ്യ ഗ്ലിംപ്സിൽ നിന്നും

കത്തനാറിനു വേണ്ടി കൊച്ചിയിൽ അത്യാധുനിക സൗകര്യങ്ങളുള്ള ഒരു ഫിലിം സിറ്റി തന്നെ ഗോകുലം മൂവീസ് ഒരുക്കിയിട്ടുണ്ട്.  36 ഏക്കറിൽ നാൽപ്പത്തിഅയ്യായിരം അടി ചതുരശ്ര വിസ്തീർണ്ണമുള്ള പടുകൂറ്റൻ സെറ്റാണ് ഈ ചിത്രത്തിനു വേണ്ടി പൂക്കാട്ടുപടിയിൽ ഒരുക്കിയിരിക്കുന്നത്. തമിഴ് -തെലുങ്കു സിനിമകളിലൂടെ ഏറെ ശ്രദ്ധേയനായതും മലയാളിയുമായ രാജീവൻ ആണ് സെറ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. പ്രത്യേകമായി തയാറാക്കിയ ഈ ഫിലിം സ്റ്റുഡിയോ കത്തനാർക്കു ശേഷം മറ്റു സിനിമകൾക്കും ഉപയോഗിക്കാൻ കഴിയും എന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. 

ആർ. രാമാനന്ദ് ആണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ക്യാമറ കൈകാര്യം ചെയ്യുന്നത് നീൽ ഡിക്കൂഞ്ഞയാണ്. സംഗീതം: രാഹുൽ സുബ്രഹ്മണ്യം. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ഇംഗ്ലിഷ്, ബംഗാളി, ചൈനീസ്, ഫ്രഞ്ച്, കൊറിയൻ, ഇറ്റാലിയൻ, റഷ്യൻ, ഇന്തൊനീഷ്യൻ, ജാപ്പനീസ്, ജര്‍മൻ തുടങ്ങി ഒട്ടേറെ ഭാഷകളിലാണ് കത്തനാർ ഒരുങ്ങുന്നത്. കൊറിയൻ വംശജനും കാനഡയിൽ താമസ്സക്കാരനുമായ ജെ.ജെ. പാർക്ക് ആണ് ഈ ചിത്രത്തിന്റെ ആക്‌ഷൻ രംഗങ്ങൾ കമ്പോസ് ചെയ്യുന്നത്. ഛായാഗ്രഹണം നീൽ - ഡി കുഞ്ഞ. എഡിറ്റിങ് റോജിൻ തോമസ്. മേക്കപ്പ് റോണക്സ്‌ സേവ്യർ. കോസ്റ്റ്യൂം ഡിസൈൻ ഉത്തരാ മേനോൻ. വിഎഫ്എക്സ് സൂപ്പർവൈസർ വിഷ്ണു രാജ്. വിഎഫ്എക്സ് പ്രൊഡ്യൂസർ സെന്തിൽ നാഥൻ. ഡിഐ കളറിസ്റ്റ് എസ്.ആർ.കെ. വാര്യർ. ചീഫ് അസ്സോഷ്യേറ്റ് ഡയറക്ടേർസ് ഷാലം, ഗോപേഷ്. കോ പ്രൊഡ്യൂസേർസ് വി.സി. പ്രവീൺ, ബൈജു ഗോപാലൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി. പ്രൊഡക്‌ഷൻ കൺട്രോളർ സിദ്ദു പനയ്ക്കൽ. പ്രൊഡക്‌ഷൻ എക്സിക്യൂട്ടീവ്‌സ് സജി.സി.ജോസഫ്. രാധാകൃഷ്ണൻ ചേലാരി,  വാഴൂർ ജോസ്. ശ്രീഗോകുലം മൂവീസ് ചിത്രം പ്രദർശനത്തിനെത്തിക്കും.

English Summary:

Mohanlal visit Kathanar movie set

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com