ADVERTISEMENT

വിനായകൻ ഇതുവരെ ചെയ്തതിൽ വച്ച് ഏറ്റവും മികച്ച കഥാപാത്രമാകും ‘ധ്രുവ നച്ചത്തിര’ത്തിലേതെന്ന് സംവിധായകൻ ഗൗതം മേനോൻ. ‘‘വിനായകൻ സാറിനെ ഇത്രയും സ്റ്റൈലിഷ് ആയി മറ്റൊരു സിനിമയിലും കണ്ടിട്ടുണ്ടാകില്ല. അദ്ദേഹത്തിന്റെ ഡയലോഗുകളും സ്വാഗും ഒക്കെ സിനിമയുടെ പ്രധാന ഹൈലൈറ്റ് ആകും.’’–ഗൗതം മേനോൻ പറയുന്നു. ദിവ്യദർശിനിയുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

‘‘വിനായകൻ സാറിനെപ്പോലെ വലിയ നടനെ ഡീൽ ചെയ്യുക അത്ര എളുപ്പമല്ല. കാരണം അദ്ദേഹത്തിനു ചില കാര്യങ്ങളിൽ കൃത്യമായ ധാരണ ആവശ്യമാണ്. കഥാപാത്രത്തിന്റെ സ്റ്റൈൽ, വേഷം, എന്തു മൂഡ് ആണ് ഞാൻ അദ്ദേഹത്തിനുവേണ്ടി ഉണ്ടാക്കുന്നത് ഇതൊക്കെ അറിഞ്ഞിരിക്കണം. വിനായകന്റെ പെർഫോമന്‍സ് തന്നെ ഓവർ ഷാഡോ ചെയ്യുമോ എന്ന സംശയം വിക്രം സാറിനും ഇല്ലായിരുന്നു. അവർ വളരെ കൂൾ ആയിരുന്നു. പല സീനുകളിലും സ്പോട്ടിൽ ഇരുന്ന് വിനായകനു മേക്കപ്പ് ചെയ്തു കൊടുത്തത് വിക്രം സർ ആണ്.

ഒരു ആക്‌ഷൻ സീനിൽ, അത് ഇങ്ങനെ ചെയ്യാം, അങ്ങനെ ചെയ്യാം എന്ന് അവർ രണ്ടു പേരും ചർച്ച ചെയ്താണ് അഭിനയിച്ചത്. അതൊക്കെ വളരെ സന്തോഷം തരുന്ന കാര്യങ്ങളായിരുന്നു. സിനിമയ്ക്കു വേണ്ടി കൃത്യമായ അഭിനേതാക്കളെയാണ് ഞാൻ തിരഞ്ഞെടുത്തതെന്നതിൽ ഭാഗ്യവാനാണ്. ഒരു പ്രശ്നവും സൃഷ്ടിക്കാതെ, എനിക്കു വേണ്ടതെന്തോ അതെല്ലാം അവർ നൽകി. 

വിനായകൻ സാറിനെ ഇത്രയും സ്റ്റൈലിഷ് ആയി മറ്റൊരു സിനിമയിലും കണ്ടിട്ടുണ്ടാകില്ല. അദ്ദേഹത്തിന്റെ ഡയലോഗുകളും സ്വാഗും ഒക്കെ സിനിമയുടെ പ്രധാന ഹൈലൈറ്റ് ആകും. ദിവ്യദർശിനിയാണ് വിനായകന്റെ കാര്യം എന്നോടു പറയുന്നത്. ഒരു വില്ലനെ ഞാൻ തേടിക്കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് അദ്ദേഹത്തിന്റെ സിനിമകൾ കണ്ടുനോക്കാൻ എന്നോടു പറയുന്നത്. ഇത് അദ്ദേഹത്തിന്റെ ബെസ്റ്റ് ആണ്. ഇക്കാര്യം അദ്ദേഹത്തിന് അറിയാമോ എന്നത് സംശയമാണ്. 

ഈ അടുത്തും അദ്ദേഹം ഡബ്ബിങ്ങിനു വന്നു പോയിരുന്നു. പക്ഷേ എനിക്ക് അദ്ദേഹത്തിന്റെ ഒരു ദിവസം കൂടി വേണമായിരുന്നു. പക്ഷേ അദ്ദേഹത്തെ കിട്ടിയില്ല. ഫോണിൽ ഒരു മെസേജ് അയച്ചു, ‘‘സർ, നിങ്ങൾ ഈ സിനിമയിൽ എന്താണ് ചെയ്തിരിക്കുന്നതെന്ന് അറിയുന്നുണ്ടാകില്ല, പക്ഷേ ഈ സിനിമ റിലീസ് ചെയ്തു കഴിയുമ്പോൾ അത് മനസ്സിലാകും.’’

വിക്രം സാറിനെ നായകനായി കിട്ടിയത് എന്റെ ഭാഗ്യമാണ്. ഈ തിരക്കഥ എപ്പോഴെങ്കിലും ചെയ്യാൻ കഴിയുമോ എന്ന സ്റ്റേജിൽ നിൽക്കുമ്പോഴാണ് വിക്രം സാറിനെ വെറുതെ ഫോൺ ചെയ്യുന്നത്. അങ്ങനെയൊരു സംഭാഷണത്തിലാണ് ‘ധ്രുവനച്ചത്തിരം എന്തുകൊണ്ട് ഉപേക്ഷിച്ചു, സൂര്യ എന്തുകാരണം കൊണ്ടാണ് അതിന് നോ’ പറഞ്ഞത്’ എന്നു സർ ചോദിച്ചു. ‘അതെനിക്ക് അറിയില്ല സർ, ഇതാണ് ഈ പടത്തിന്റെ ഐഡിയ’ എന്നുപറഞ്ഞു. ‘അങ്ങനെയെങ്കിൽ വീട്ടിലേക്കു വരൂ കൂടുതൽ സംസാരിക്കാം’ എന്ന് അദ്ദേഹവും പറഞ്ഞു.

അങ്ങനെ അദ്ദേഹത്തിന്റെ വീട്ടിലെത്തി, എന്റെ സിനിമകളെക്കുറിച്ച് ഒരുപാട് സംസാരിച്ചു. കഥ കേട്ട് പടം ഇഷ്ടപ്പെട്ടു. പക്ഷേ ആ സമയത്ത് സാറിന് ഡേറ്റ് ഇല്ലായിരുന്നു. എന്തുവന്നാലും ചെയ്യാമെന്ന് ഉറപ്പു പറഞ്ഞു. അങ്ങനെ, സിനിമയ്ക്കു വേണ്ടി ഡ്രസ് തിരഞ്ഞെടുക്കാൻ പോകാം, എവിടെപ്പോകണം എന്നു ചോദിച്ചു. വിദേശത്ത് ഒരുപാട് ചിത്രീകരണം ഉണ്ട്, അമേരിക്കയാകും നല്ലതെന്നു പറഞ്ഞു. അവിടെ വച്ച് നാലു ദിവസം കൊണ്ട് പ്രമൊ ഷൂട്ട് ചെയ്ത് ഈ സിനിമ അനൗൺസ് ചെയ്യാം എന്നു തീരുമാനിച്ചു.

സത്യത്തിൽ സിനിമയ്ക്കു ഡ്രസ് വാങ്ങാൻ വേണ്ടി പോയതാണ്. ജോമോൻ (ജോമോന്‍ ടി. ജോൺ) സാറിനോട് വരാൻ പറഞ്ഞു. അവിടെ വച്ച് ഷൂട്ട് ചെയ്ത സീൻസ് ആണ് ആദ്യം പുറത്തിറങ്ങിയ ട്രെയിലറിൽ ഉൾപ്പെടുത്തിയത്. 

Read more at: ‘ജയിലറി’ൽ പ്രതിഫലമായി ലഭിച്ചത് 35 ലക്ഷമല്ല: വെളിപ്പെടുത്തി വിനായകൻ

 ഞാൻ നിശബ്ദനായി ഇരിക്കുകയായിരുന്നു. മറ്റ് ഏത് സിനിമകളെക്കുറിച്ച് ട്വീറ്റ് ചെയ്യുമ്പോഴും അതിനു താഴെ വന്നിരുന്ന കമന്റുകൾ ഈ സിനിമയെക്കുറിച്ചായിരുന്നു. സിനിമയുടെ ഷൂട്ട് തുടങ്ങുന്നതിനു മുമ്പേ ചിത്രീകരിച്ച പ്രമൊ ടീസറായിരുന്നു അന്ന് റിലീസ് ചെയ്തത്. ഒരു വിഷൻ എനിക്കുണ്ടായിരുന്നു, അതിനോട് യോജിച്ചു നിൽക്കുന്ന ആളുകൾ ഇല്ലാതെപോയി. രണ്ടു മൂന്നു വർഷം പടം നിന്നുപോയി. പിന്നീട് കോവിഡ് വന്നു. അതിനുശേഷം എനിക്കൊപ്പം മറ്റൊരു ടീം വന്നു. വെറുതെ ഒന്നും ചെയ്യാതെ പടം റിലീസിനെത്തിക്കുകയായിരുന്നില്ല ഉദ്ദേശ്യം. ഇപ്പോൾ വിക്രം സർ ഹാപ്പിയാണ്.  

ഈ സിനിമ എഡിറ്റ് ചെയ്ത് അവസാനിക്കുമ്പോൾ ഒരു രണ്ടാം ഭാഗം കൂടി വേണം എന്ന തോന്നൽ ഉണ്ടായിട്ടുണ്ട്. എല്ലാം നല്ലതിനാണെന്നാണ് എനിക്കു തോന്നുന്നത്. ഈ സിനിമ വിജയിക്കുകയാണെങ്കില്‍ രണ്ടാം ഭാഗം എടുക്കാനുള്ള എല്ലാ സാധ്യതയും ഇതിനുണ്ട്. ഒരു യൂണിവേഴ്സ് ചിന്ത എന്റെ മനസ്സിലുണ്ട്.’’–ഗൗതം മേനോൻ പറഞ്ഞു.

ഏഴു വർഷത്തിനു ശേഷം വരുന്ന സിനിമയ്ക്ക് എന്തു പുതുമയെന്നു വിമർശിക്കുന്നവരോട് ഗൗതം േമനോന്റെ മറുപടി: ‘‘അങ്ങനെയാണെങ്കിൽ എല്ലാ വലന്റൈൻസ് ഡേയ്ക്കും ‘വിണ്ണൈ താണ്ടി വരുവായാ’ തിയറ്ററുകളിൽ ഓടുമോ? അത് വലിയ പെരുമയായി പറയുകല്ല. എപ്പോൾ വേണമെങ്കിലും എന്തും ചേർക്കാൻ സാധിക്കുന്ന തരത്തിലുളള ന്യൂ ഏജ് സിനിമകളാണ് ഇതുവരെ ഞാനും എന്റെ ടീമും ചെയ്തിട്ടുള്ളത്. ഹാരിസ് ജയരാജ് ആണ് ആദ്യം ഈ സിനിമയെക്കുറിച്ച് സംസാരിച്ചത്. എഡിറ്റർ ആന്റണി പോലും ഒരു പുതിയ സിനിമ എഡിറ്റ് ചെയ്തതുപോലെയെന്നാണ് പറഞ്ഞത്. ഇത് പഴയതായി, കുഴിതോണ്ടി കളഞ്ഞോ എന്ന് ആരും എന്നോടു പറഞ്ഞിട്ടില്ല.

ഈ സിനിമ തിയറ്ററിൽ വർക്ക് ആകും, വിക്രം സാറിന്റെ ഫാൻസും എന്റെ ഫാൻസും ഈ സിനിമ ആഘോഷിക്കും എന്നു തന്നെയാണ് എന്റെ വിശ്വാസം. നവംബര്‍ 24നാണ് സിനിമ റിലീസ് ചെയ്യുന്നത്.’’

English Summary:

Gautham Vasudev Menon talks about working with Vinayakan;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com