ADVERTISEMENT

തെന്നിത്യൻ നടി തൃഷ കൃഷ്ണനെതിരെ സെക്സിസ്റ്റ് പരാമർശം നടത്തിയ നടൻ  മൻസൂർ അലി ഖാനെതിരെ രൂക്ഷമായി പ്രതികരിച്ച് ‘ലിയോ’യുടെ സംവിധായകൻ ലോകേഷ് കനകരാജ്. നടന്റെ പരാമർശം സ്ത്രീവിരുദ്ധമാണെന്നും അത് കേട്ട് നിരാശയും രോഷവും ഉണ്ടായെന്നും ലോകേഷ് പ്രതികരിച്ചു. തൃഷയുടെ ട്വീറ്റ് റിട്വീറ്റ് ചെയ്തായിരുന്നു ലോകേഷിന്റെ പ്രതികരണം. മാധ്യമപ്രവർത്തകരുമായി സംവദിക്കുന്നതിനിടെയാണ് തൃഷക്കെതിരെ വെറുപ്പുളവാക്കുന്ന പരാമർശവുമായി നടൻ മൻസൂർ അലിഖാൻ എത്തിയത്.  

‘‘ഞങ്ങളെല്ലാം ഒരു ടീമിൽ പ്രവർത്തിച്ചവരാണ്. മൻസൂർ അലി ഖാന്റെ സ്ത്രീവിരുദ്ധ പരാമർശങ്ങൾ കേട്ട് നിരാശയും രോഷവും തോന്നുകയാണ്. സ്ത്രീകളോടും സഹ കലാകാരന്മാരോടും പ്രഫഷനലുകളോടും ഉള്ള ബഹുമാനം ഏതു തൊഴിൽ രംഗത്തും അത്യാവശ്യമാണ്. മൻസൂറിന്റെ ഈ പെരുമാറ്റത്തെ ഞാൻ തികച്ചും അപലപിക്കുന്നു.’’–ലോകേഷ് കനകരാജ് പറയുന്നു.

ലിയോ സിനിമയുമായി ബന്ധപ്പെട്ടു നൽകിയ ഒരു അഭിമുഖത്തിലാണ് മൻസൂർ വിവാദ പരാമർശം നടത്തിയത്. ചിത്രത്തിൽ തൃഷയുമായി ‘കിടപ്പുമുറി സീൻ’ പങ്കിടാന്‍ അവസരം ലഭിച്ചില്ലെന്നായിരുന്നു പരാമർശം. മൻസൂർ അലിഖാനൊപ്പം സ്ക്രീൻസ്പേസ് പങ്കിടാത്തതിൽ അഭിമാനിക്കുന്നുവെന്നും ഇനി ഒരിക്കലും അത് സംഭവിക്കില്ലെന്നും തൃഷ ട്വീറ്റ് ചെയ്തു. മൻസൂർ അലി ഖാൻ നടത്തിയ പരാമർശത്തിന്റെ വിഡിയോയും അവർ എക്സിൽ പങ്കുവച്ചു.

‘‘മൻസൂർ അലി ഖാൻ എന്ന നടൻ എന്നെക്കുറിച്ച് നീചവും വെറുപ്പുളവാക്കുന്നതുമായ രീതിയിൽ സംസാരിച്ച ഒരു വിഡിയോ കാണുകയുണ്ടായി. ഞാൻ ഇതിനെ ശക്തമായി അപലപിക്കുന്നു.  ലൈംഗികച്ചുവയുള്ളതും സ്ത്രീവിരുദ്ധവും വെറുപ്പുളവാക്കുന്നതും സ്ത്രീകളോട് അനാദരവ് പ്രകടമാക്കുന്നതുമാണ് അയാളുടെ കമന്റ്. അയാളെപ്പോലെ മോശം സ്വഭാവമുള്ള ഒരാളുമായി സ്‌ക്രീൻ സ്‌പേസ് പങ്കിടാത്തതിൽ ഞാൻ അഭിമാനിക്കുന്നു.  എന്റെ സിനിമാ ജീവിതത്തിൽ ഇത് ഒരിക്കലും സംഭവിക്കില്ലെന്ന് ഞാൻ ഉറപ്പു നൽകുന്നു.  ഇയാളെപ്പോലുള്ള ആളുകൾ മനുഷ്യരാശിക്ക് തന്നെ ചീത്തപ്പേരാണ്.’’– തൃഷ കുറിച്ചു.  

തൃഷയ്‌ക്കൊപ്പം അഭിനയിക്കുന്നു എന്ന് കേട്ടപ്പോൾ സിനിമയിൽ കിടപ്പുമുറി സീൻ ഉണ്ടാകുമെന്ന് കരുതിയെന്നും ഇവർ തൃഷയെ എന്നെ ഒന്ന് കാണിക്കുകപോലും ചെയ്തില്ല എന്നതരത്തിലാണ് മൻസൂർ പറഞ്ഞത്. ‘‘‘‘തൃഷയ്‌ക്കൊപ്പം അഭിനയിക്കുന്നുവെന്ന് കേട്ടപ്പോൾ, സിനിമയിൽ ഒരു കിടപ്പുമുറി സീൻ ഉണ്ടാകുമെന്ന് ഞാൻ കരുതി. എന്റെ മുൻകാല സിനിമകളില്‍ മറ്റു നടിമാരെ കിടപ്പുമുറിയിലേക്ക് കൊണ്ടുപോയതുപോലെ അവരെയും കൊണ്ടുപോകുമെന്ന് കരുതി. ഞാൻ ഒരുപാട് ബലാത്സംഗ രംഗങ്ങൾ ചെയ്തിട്ടുണ്ട്. അത് എനിക്ക് പുതിയ കാര്യമല്ല. എന്നാൽ കശ്മീരിലെ ഷൂട്ടിങ്ങിനിടെ സെറ്റിൽവച്ച് അവർ തൃഷയെ കാണിച്ചില്ല’’– മൻസൂറിന്റെ വാക്കുകൾ.

ഗായിക ചിന്മയി, നിർമാതാവ് അർച്ചന തുടങ്ങി സിനിമാ രംഗത്തുള്ളവർ നടനെതിരെ രംഗത്തുവരുന്നുണ്ട്. സംഭവത്തിൽ മൻസൂർ അലിഖാനെ ജയിലിൽ അടക്കണമെന്ന ആവശ്യവും ശക്തമാണ്.

English Summary:

Lokesh REACTS to Leo Star Mansoor Ali Khan's Rape Comment, Supports Trisha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com