ADVERTISEMENT

'വസുധൈവ കുടുംബകം' എന്ന ആശയത്തിലൂന്നി 54-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഗോവയിൽ തിരി തെളിഞ്ഞു. നവംബർ 20 മുതൽ 28 വരെ നടക്കുന്ന മേളയുടെ ഉദ്ഘാടനം കേന്ദ്ര വാർത്താ വിതരണമന്ത്രി അനുരാ​ഗ് ഠാക്കൂറും കേന്ദ്ര വാർത്താ വിനിമയ സഹമന്ത്രി എൽ. മുരുകനും ചേർന്ന് ദീപം തെളിയിച്ചാണ് നിർവഹിച്ചത്. ചടങ്ങുകൾ തിങ്കളാഴ്ച വൈകിട്ട് ശ്യാമപ്രസാദ് മുഖർജി സ്റ്റേഡിയത്തിലാണ് നടന്നത്.  ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് സ്വാഗത പ്രസംഗം നടത്തി.  

iffi6

മേളയിൽ ബ്രിട്ടനിൽ നിന്നുള്ള 'ക്യാച്ചിങ് ഡസ്റ്റ്' ആയിരുന്നു ഉദ്ഘാടന ചിത്രം. സ്റ്റുവർട്ട് ഗാട്ട് സംവിധാനം ചെയ്ത ചിത്രത്തിൽ അസൂയയും വെറുപ്പും മത്സരബുദ്ധിയും മനുഷ്യബന്ധങ്ങളിലുണ്ടാക്കുന്ന സങ്കീർണതകളെക്കുറിച്ചാണ് സംസാരിക്കുന്നത്. ചൊവ്വാഴ്ച തുടക്കമാകുന്ന ഇന്ത്യൻ പനോരമയിൽ മലയാളത്തിൽ നിന്നുള്ള ആട്ടം ആണ് ഫീച്ചർ വിഭാ​ഗത്തിലെ ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിക്കുന്നത്. നവാഗതനായ ആനന്ദ് ഏകാർഷി സംവിധാനം ചെയ്ത ചിത്രത്തിൽ വിനയ് ഫോർട്ട് ആണ് മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

iffi3

ജിയോ ബേബിയുടെ സംവിധാനത്തിൽ മമ്മൂട്ടി, ജ്യോതിക എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'കാതൽ', രോഹിത് എം.ജി. കൃഷ്ണന്റെ 'ഇരട്ട', വിഷ്ണു ശങ്കർ സംവിധാനം ചെയ്ത 'മാളികപ്പുറം', രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ 'ന്നാ താൻ കേസ് കൊട്', ഗണേഷ് രാജിന്റെ 'പൂക്കാലം' എന്നിവയാണ് ഇന്ത്യൻ പനോരമയിൽ പ്രദർശിപ്പിക്കുന്ന മലയാള ചിത്രങ്ങൾ. കൂടാതെ ഋഷഭ് ഷെട്ടി സംവിധാനം ചെയ്തഭിനയിച്ച കന്നഡ ചിത്രം 'കാന്താര', വിവേക് അഗ്‌നിഹോത്രിയുടെ 'വാക്സിൻ വാർ', വെട്രിമാരന്റെ 'വിടുതലൈ' എന്നിവയും പ്രദർശിപ്പിക്കുന്നുണ്ട്.

iffi7

പതിനഞ്ച് സിനിമകളാണ് ഇന്ത്യൻ പനോരമയുടെ മത്സര  വിഭാഗത്തിൽ പ്രദർശനത്തിനെത്തുന്നത്. ഋഷഭ് ഷെട്ടിയുടെ കാന്താര, സുധാൻഷു സരിയ സംവിധാനം ചെയ്ത സനാ, മൃണാൽ ഗുപ്തയുടെ മിർമീൻ എന്നിവയാണ് ഈ വിഭാഗത്തിൽ പ്രദർശനത്തിനെത്തുന്ന ഇന്ത്യൻ സിനിമകൾ. ജോർജിയോ ദിമിത്രി സംവി​ധാനം ചെയ്ത ലൂബോ, കനേഡിയൻ ചിത്രം അസോങ് തുടങ്ങിയവയും ചിത്രങ്ങൾ രാജ്യാന്തര മത്സരവിഭാ​ഗത്തിൽ പ്രദർശനത്തിനെത്തും.  'ദ ആർച്ചീസ് മേയ്ഡ് ഇൻ ഇന്ത്യ' എന്ന വിഷയത്തിൽ സോയ അക്തർ, റീമ കാർ​ഗിൽ, ജോൺ ​ഗോൾഡ് വാട്ടർ, ശരത് ദേവ് രാജൻ, രുചിക കപൂർ എന്നിവർ സംസാരിക്കും. സംവിധായകൻ ശേഖർ കപൂറാണ് രാജ്യാന്തര മത്സരവിഭാഗത്തിന്റെ ജൂറി ചെയർമാൻ.

iffi2

പുതിയ തലമുറയിലെ സിനിമാ പ്രതിഭകളെ പ്രോത്സാഹിപ്പിക്കാനായി നടത്തുന്ന യങ് ക്രിയേറ്റീവ് മൈൻഡ്‌സ് ഓഫ് ടുമാറോ പദ്ധതിയുടെ വിജയികളെ മേളയിൽ പ്രഖ്യാപിക്കും. 75 പേർക്കാണ് പുരസ്‌കാരം ലഭിക്കുക. ഏറ്റവും മികച്ച വെബ് സീരീസിനും ഇത്തവണ പുരസ്കാരമുണ്ട്. ആദ്യമായിട്ടാണ് മേളയിൽ വെബ് സീരീസിന് പുരസ്‌കാരം നൽകുന്നത്. നാൽപ്പതിലേറെ വനിതാ സംവിധായകരുടെ ചിത്രങ്ങളാണ് വിവിധ വിഭാഗങ്ങളിലായി പ്രദർശനത്തിനെത്തുന്നത്.  കാഴ്ച പരിമിതർക്കും കേൾവിയില്ലാത്തവർക്കും പ്രത്യേക പ്രദർശനം ഉണ്ടായിരിക്കും. അമേരിക്കൻ ചിത്രം ‘ദ ഫെതർ വെയ്റ്റാണ്’ മേളയിലെ സമാപനചിത്രം.

iffi1

അഭിനേതാക്കളായ മാധുരി ദീക്ഷിത്, പങ്കജ് ത്രിപാഠി, സണ്ണി ഡിയോൾ, വിജയ് സേതുപതി, ഷാഹിദ് കപൂർ, സാറ അലിഖാൻ, നിർമാതാവും സംവിധായകനുമായ കരൺ ജോഹർ, സം​ഗീത സംവിധായകൻ ശന്തനു മൊയ്ത്ര, ​ഗായകരായ സുഖ് വീന്ദർ സിങ്, ശ്രേയ ഘോഷാൽ തുടങ്ങിയവർ പങ്കെടുത്ത വർണ ശബളമായ ഉൽഘാടന ചടങ്ങാണ് ഇക്കുറി ശ്യാമപ്രസാദ് മുഖർജി സ്റ്റേഡിയത്തിൽ നടന്നത്. സത്യജിത്ത് റേ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം ഹോളിവുഡ് നടനും നിർമാതാവുമായ മൈക്കിൾ ഡഗ്ലസിന് ഉൽഘാടന ചടങ്ങിൽ സമ്മാനിച്ചു. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ ​സംഭാവനകൾ പരി​ഗണിച്ച് നടി മാധുരി ദീക്ഷിത്തിന്‌ പ്രത്യേക പുരസ്കാരം നൽകി ആദരിച്ചു.  ഇന്ത്യൻ പനോരമയിലെ മത്സരവിഭാഗത്തിലെ ഏറ്റവും മികച്ച ചിത്രത്തിന് സുവർണ മയൂരവും 40 ലക്ഷം രൂപയും സമ്മാനമായി ലഭിക്കും. മികച്ച സംവിധായകൻ, മികച്ച നടി, നടൻ, മികച്ച നവാഗത സംവിധായകൻ തുടങ്ങി വിവിധ വിഭാഗങ്ങളിൽ പുരസ്കാരങ്ങൾ നൽകും. മേള ഈ മാസം 28 ന് സമാപിക്കും.

English Summary:

54th International Film Festival of India begins in Goa

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com