അന്ധവിശ്വാസങ്ങൾക്കെതിരെ തുറന്നു പിടിച്ച കണ്ണാടിയായി ബലിക്കാക്കകൾ
Mail This Article
ആചാരങ്ങളെ അന്ധമായി പിന്തുടരേണ്ട ആവശ്യമില്ലെന്ന സന്ദേശവുമായി ബലിക്കാക്കകൾ എന്ന ഷോർട്ട് ഫിലിം ശ്രദ്ധേയമായി. അന്ധവിശ്വാസങ്ങൾക്കെതിരെ തുറന്നു പിടിച്ച കണ്ണാടിയായ ചിത്രം റിലീസായി കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ മികച്ച അഭിപ്രായം നേടി. അർത്ഥമില്ലാത്ത വിശ്വാസ പാരമ്പര്യങ്ങളെ ചോദ്യം ചെയ്യുന്ന ബലിക്കാക്കകൾ പുഷ്പാകരൻ മാധവൻ കഥയെഴുതി സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ്. പുഷ്പാകരൻ തന്നെയാണു ഛായാഗ്രഹണവും എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നത്.
ഗിരീഷ് കൊടുവായൂർ, മിഥുൻ ബാബു, ടോണി റാഫേൽ, ലത മോഹൻ എന്നിവരാണു പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. അച്ഛന്റെ മരണാനന്തര ക്രിയകൾക്കു ശേഷം ഒരു ദിവസം മുറ്റത്തു വന്ന കാക്കയെ ഓടിച്ചുവിടുന്ന ഗൃഹനാഥനും ഭാര്യയും തമ്മിൽ തർക്കമുണ്ടാകുന്നു. അച്ഛന്റെ ബലിച്ചോർ ഉണ്ട കാക്കയാണ് അതെന്നു പറയുന്ന ഭാര്യ, എത്രയും വേഗം പരിഹാര ക്രിയകൾ നടത്തണമെന്ന് ആവശ്യപ്പെടുന്നു. പരിഹാരക്രിയകളെപ്പറ്റി അറിയുന്നതിനായി ഒരു ജ്യോത്സനെ സമീപിക്കുന്നു. എന്നാൽ ജ്യോത്സ്യൻ ഗൃഹനാഥനെ പിന്തിരിപ്പിക്കുകയാണു ചെയ്യുന്നത്. അച്ഛനു വേണ്ടി ഇതുവരെ ചെയ്ത കർമങ്ങൾ തന്നെ മതിയെന്നും വീണ്ടും അത്തരം കർമങ്ങൾ ചെയ്ത് പണം നഷ്ടപ്പെടുത്തേണ്ട കാര്യമില്ലെന്നും ഗൃഹനാഥനെ പറഞ്ഞു മനസ്സിലാക്കുന്ന ജ്യോത്സ്യൻ കാണികളുടെ മനസ്സിൽ തങ്ങി നിൽക്കും.
വിശ്വാസങ്ങളെ ചൂഷണം ചെയ്ത് പണം പിടുങ്ങുന്നവർ ഉള്ള ഇക്കാലത്ത് ആചാരങ്ങളും വിശ്വാസങ്ങളും മനുഷ്യർക്കു വേണ്ടിയാണെന്നും മനുഷ്യർ ആചാരങ്ങൾക്കു വേണ്ടിയല്ല എന്നും ഉറക്കെ പ്രഖ്യാപിക്കുന്ന ഹ്രസ്വചിത്രമാണ് ബലിക്കാക്കകൾ. സ്വന്തം മതാചാരങ്ങളിലെ പുഴുക്കുത്തുകൾ തുറന്നുകാണിക്കാൻ ഒരു കൂട്ടം യുവാക്കൾ നടത്തിയ ശ്രമമാണ് ഈ ചിത്രത്തിനു പിന്നിൽ.