പതിവുപോലെ, ‘ധ്രുവനച്ചത്തിരം’ റിലീസ് മാറ്റി; ബാധ്യത 2.6 കോടി
Mail This Article
പടിക്കൽ കൊണ്ടുപോയി കലം ഉടയ്ക്കുന്ന അവസ്ഥയാണ് ‘ധ്രുവനച്ചത്തിരം’ സിനിമയ്ക്കു വന്നിരിക്കുന്നത്. ഓൺലൈൻ ബുക്കിങ് വരെ ആരംഭിച്ചിട്ടും ചിത്രം ഇന്ന് തിയറ്ററുകളിലെത്തില്ലെന്ന് അറിയിച്ചിരിക്കുകയാണ് സംവിധായകൻ ഗൗതം മേനോൻ. പുലർച്ചെ മൂന്ന് മണിക്കാണ് അദ്ദേഹം ഇക്കാര്യം ട്വീറ്റ് ചെയ്തത്.
സാമ്പത്തിക കാര്യങ്ങളാണ് ചിത്രം വീണ്ടും പ്രതിസന്ധിയിലായതിന് കാരണം എന്നാണ് വിവരം. ചിത്രം പുറത്തിറങ്ങാൻ ഒന്നു രണ്ട് ദിവസം കൂടി വേണം എന്നാണ് ഗൗതം മേനോൻ പറയുന്നത്. ‘‘ക്ഷമിക്കണം. ധ്രുവനച്ചത്തിരം ഇന്ന് സ്‌ക്രീനുകളിൽ എത്തില്ല. ഞങ്ങൾ പരമാവധി ശ്രമിച്ചു, പക്ഷേ റിലീസ് സാധ്യമാക്കാന്‍ ഞങ്ങൾക്ക് ഒന്നോ രണ്ടോ ദിവസം കൂടി ആവശ്യമാണ്. മികച്ച സ്ക്രീനുകളും, കൃത്യമായ മുന്‍കൂര്‍ ബുക്കിങും അടക്കം മികച്ച രീതിയില്‍ നല്ല അനുഭവമായി ചിത്രം എന്നും. ചിത്രത്തിനുള്ള നിങ്ങളുടെ ഹൃദയസ്പർശിയായ പിന്തുണ ഞങ്ങളെ മുന്നോട്ട് നയിക്കുകയാണ്. കുറച്ച് ദിവസങ്ങൾ കൂടി, ഞങ്ങൾ എത്തും.’’ –ഗൗതം മേനോൻ പറഞ്ഞു..
ഗൗതം മേനോൻ പ്രമുഖ ബാനറിൽ നിന്നും സിനിമ ചെയ്യുന്നതിനായി മേടിച്ച 2.6 കോടി രൂപ സെറ്റിൽ ചെയ്താൽ മാത്രമേ ധ്രുവനച്ചത്തിരം റിലീസ് സാധ്യമാകൂ. മാത്രമല്ല ഈ സിനിമയുടെ ഒടിടി, സാറ്റലൈറ്റ് റൈറ്റ്സ് വിറ്റുപോകാത്തതും ഗൗതം മേനോന് തിരിച്ചടിയായി.
വിക്രം സ്പൈ ഏജന്റ് ആയി എത്തുന്ന ചിത്രത്തിൽ വിനായകൻ ആണ് വില്ലൻ. ജയിലറി’ലെ വർമനു ശേഷം തമിഴകത്ത് മറ്റൊരു കരുത്തുറ്റ വില്ലനെ കൂടിയാകും ധ്രുവനച്ചത്തിരത്തിലൂടെ വിനായകന്‍ പ്രേക്ഷകർക്കു നൽകുക. രണ്ട് ഭാഗങ്ങളായാണ് ചിത്രം റിലീസിനെത്തുക. ‘ധ്രുവനച്ചത്തിരം: ചാപ്റ്റർ വൺ: യുദ്ധ കാണ്ഠം എന്നാണ് ആദ്യ ഭാഗത്തിന്റെ പേര്.
സ്പൈ ത്രില്ലറായ ധ്രുവനച്ചത്തിരം 2016ലാണ് ആരംഭിക്കുന്നത്. ഗൗതം മേനോന്റെ സാമ്പത്തിക പ്രശ്നം മൂലം 2018 മുതല്‍ ചിത്രത്തിന്റെ ജോലികള്‍ നിര്‍ത്തി വെയ്ക്കുകയും പിന്നീട് തുടങ്ങുകയും ചെയ്യുകയായിരുന്നു. ഏഴ് വർഷങ്ങൾക്കു ശേഷമാണ് ചിത്രം ഇപ്പോൾ റിലീസിനെത്തുന്നത്.
ചിത്രത്തില്‍ രഹസ്യ അന്വേഷണ ഏജന്റായ ജോണ്‍ എന്ന കഥാപാത്രത്തെയാണ് വിക്രം അവതരിപ്പിക്കുന്നത്. സംഗീതം ഹാരിസ് ജയരാജ്. എഡിറ്റിങ് ആന്റണി. വിക്രമിന് പുറമെ ഐശ്വര്യ രാജേഷ്, ഋതു വര്‍മ, സിമ്രാന്‍, ആര്‍ പാര്‍ത്ഥിപന്‍, വിനായകന്‍, രാധിക ശരത്ത് കുമാര്‍, ദിവ്യദര്‍ശിനി, മുന്ന, സതീഷ് കൃഷ്ണന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.