ADVERTISEMENT

രാഷ്ട്രീയ പ്രസ്ഥാവനകൾ കൂടിയാണു ജിയോ ബേബിയുടെ സിനിമകൾ. പുതിയ സിനിമയായ ‘കാതലിലും’ അങ്ങനെ തന്നെ. മലയാളത്തിന്റെ പ്രിയനടൻ മമ്മൂട്ടി ഈ ചിത്രത്തിൽ നായകനാകുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. കൂടെ തമിഴകത്തിന്റെ സ്വന്തം ജ്യോതികയും. പ്രമേയ മാതൃകകൾ ഉടച്ചു വാർക്കുന്ന സിനിമാ സങ്കൽപ്പങ്ങളെക്കുറിച്ചു ജിയോ ബേബി സംസാരിക്കുന്നു.

കാലത്തിന്റെ മാറ്റമോ?

കോളജിൽ പഠിക്കുമ്പോൾ സീക്രട്ട് മൈൻഡ്സ് എന്ന പേരിലൊരു ഹ്രസ്വ ചിത്രം ചെയ്തിരുന്നു. സ്വവർഗ അനുരാഗമായിരുന്നു വിഷയം. ആ സിനിമ ചെയ്തതിന്റെ പേരിൽ കോളജിൽ നിന്നു പുറത്താക്കി. പക്ഷേ, ഞാൻ ഇപ്പോൾ ചെയ്യുന്ന സിനിമകളുമായി അതിനു യാതൊരു ബന്ധവുമില്ല. ഇഷ്ടപ്പെടുന്ന സിനിമകൾ ചെയ്യുന്നു എന്നേയുള്ളു. ‌

മാത്യു ദേവസിക്കു മമ്മൂട്ടിയുടെ ഛായയാണ്

ഈ സിനിമയുടെ പ്രമേയം കേട്ടപ്പോൾത്തന്നെ മമ്മൂക്കയുടെ മുഖമാണ് മനസ്സിലേക്കു വന്നത്. ഇത്തരം സാമൂഹിക വിഷയം മനസ്സിലാക്കാൻ സാധിക്കുന്ന ഒരാൾ തന്നെയാണു മാത്യു ദേവസ്യയെ അവതരിപ്പിക്കേണ്ടത്. അങ്ങനെയുള്ള ആളാണു മമ്മൂക്ക. മമ്മൂക്കയിലെ നടനെയും മനുഷ്യനെയും എനിക്കു വേണമായിരുന്നു. 

കാതലിന്റെ കാതൽ

എല്ലാ തരം മനുഷ്യർക്കും സന്തോഷമായും സമാധാനമായും ജീവിക്കാവുന്ന സാമൂഹികസ്ഥിതി ഉണ്ടാകണമല്ലോ. ഈ സിനിമയിൽ കഥാപാത്രങ്ങൾ മനസ്സിൽ പേറുന്ന പ്രശനങ്ങളിലൂടെയാണ് കഥ മുന്നോട്ടു പോകുന്നത്. അവരുടെ വ്യഥയോടും വേദനയോടും ഒപ്പം സഞ്ചരിക്കാനാണു സിനിമ ശ്രമിച്ചത്. 

പുതുക്കിപ്പഠിക്കണം

നിരന്തരം പുതുക്കുകയും പഠിക്കുകയും ചെയ്യണമല്ലോ. കുട്ടികളിൽനിന്നു വരെ ഒരുപാടു കാര്യങ്ങൾ പഠിക്കേണ്ടതുണ്ട്. പഠനം ഒരിക്കലും നിലച്ചുപോകുന്ന ഒന്നല്ല. നിരന്തരം നവീകരിച്ചത് മാത്രമേ കൂടുതൽ നല്ല മനുഷ്യരായി ജീവിക്കാനാകൂ. മാറാനും മാറ്റത്തിന് വിധേയരാകാനും തയാറാവണം. അതിനു ബോധപൂർവം ശ്രമിക്കാറുണ്ട്. 

kaathal-34

ചില പ്രണയങ്ങൾ

ഒരുപാടുനാൾ മനസ്സിലിട്ട് ആലോചിച്ചുണ്ടാക്കുന്ന കഥാപത്രങ്ങളോട് എനിക്കു വ്യക്തിപരമായ അടുപ്പം തോന്നാറുണ്ട്.  ഏതെങ്കിലുമൊക്കെ ഘട്ടത്തിൽ എനിക്ക് അവരോടു പ്രണയവും തോന്നാറുണ്ട്; ആൺ–പെൺ കഥാപാത്രങ്ങളെന്ന തരം തിരിവില്ലാതെ തന്നെ. കുറച്ചൊക്കെ അതു അവതരിപ്പിക്കുന്ന വ്യക്തിയിലേക്കും പോകാറുണ്ട്. അതുമൂലം ആർക്കും വേദനയുണ്ടാകാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കും. ചിത്രീകരണം കഴിയുന്നതോടുകൂടി ആ പ്രണയം ഇല്ലാതായിപ്പോകും. 

ഒറ്റയ്ക്കിരിക്കുമ്പോഴും രാഷ്ട്രീയം ഉണ്ടായിരിക്കണം 

സിനിമയിലൂടെ മനഃപൂർവം രാഷ്ട്രീയം പറയണം എന്നു കരുതുന്ന ആളല്ല ഞാൻ. സിനിമ വിനോദത്തിനു കൂടിയാണ്. പല തരത്തിൽ വിനോദം സാധ്യവുമാണല്ലോ. സമൂഹം എന്നെ ബാധിക്കുന്നതുകൊണ്ട് ആയിരിക്കാം സമൂഹത്തോടു പ്രതിബദ്ധതയുള്ള സിനിമകൾ എന്നിലേക്ക് എത്തിച്ചേരുന്നതും. നമ്മുടെ സിനിമകളിലേക്ക് ഇത്തരം വിഷയങ്ങൾ കടന്നുവരേണ്ടതുണ്ട്. കുടുംബവും എന്നെ ബാധിക്കുന്നതാണ്. അതിന്റെ പ്രശ്നങ്ങളും എന്നെ അലട്ടുന്ന വിഷയങ്ങളാണ്. ഇങ്ങനെയൊന്നുമല്ലാത്ത തരം സിനിമകൾ ചെയ്യാനും ആഗ്രഹമുണ്ട്. പതിയെ പറ്റുമായിരിക്കും 

കാതൽ സിനിമയിൽ നിന്നും
കാതൽ സിനിമയിൽ നിന്നും

കുട്ടികളും സമൂഹവും 

ഞാൻ അധിക സമയവും എന്റെ കുട്ടികളോടൊപ്പം തന്നെയാണ്. എന്നിട്ടും പലപ്പോഴും തിരക്കിനിടയിൽ അവരെ മറന്നുപോകുന്നതായി തോന്നാറുണ്ട്. എന്റെ മകൻ മ്യൂസിക് ഇപ്പോൾ മൂന്നാം ക്ലാസിലാണ്. അവന് ക്യൂർ മനുഷ്യരെക്കുറിച്ച് അവബോധമുണ്ട്. സിനിമയുടെ ചർച്ചകൾ വീട്ടിൽ നടക്കുമ്പോൾ അവനും കേൾക്കുന്നുണ്ടല്ലോ. പ്രത്യേകം പറഞ്ഞു പഠിപ്പിക്കുന്നതല്ല. സ്കൂളുകളിൽക്കൂടി ഇത്തരം വിഷയങ്ങൾ കുട്ടികൾ പഠിച്ചു പരിചയിക്കണം. അതിനു ഘടനാപരമായ സാമൂഹിക മാറ്റംതന്നെ വേണം.

English Summary:

Exclusive chat with Jeo Baby

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com