തിയറ്ററിലിരുന്ന് ഒരു കുഞ്ഞിനെപ്പോലെ കരഞ്ഞു: ‘കാതൽ’ കണ്ട് ഐശ്വര്യ ലക്ഷ്മി
Mail This Article
കാതൽ കണ്ട് തിയറ്ററിലിരുന്ന് ഒരു കുഞ്ഞിനെപ്പോലെ കരഞ്ഞുവെന്ന് നടി ഐശ്വര്യലക്ഷ്മി. മലയാള സിനിമയ്ക്ക് ജീവൻ പകരുന്ന സംവിധായകനാണ് ജിയോ ബേബി എന്ന് ഐശ്വര്യ ലക്ഷ്മി പറയുന്നു. മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ വേദനയും ഏകാന്തതയും ഹൃദയഭേദകമായിരുനെന്നും ജ്യോതികയുടെ ഓമന മനസ്സിൽ എന്നെന്നും നിലനിൽക്കുമെന്നും ഐശ്വര്യ ലക്ഷ്മി ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചു.
‘‘ജിയോ ബേബി, നിങ്ങൾ ഓരോ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയ്ക്ക് ജീവശ്വാസം പകരുന്ന സംവിധായകനാണ്. മമ്മൂക്ക അങ്ങ് ഞങ്ങളെ വിസ്മയിപ്പിച്ചുകൊണ്ടേയിരിക്കുന്നു. അങ്ങയുടെ കഥാപാത്രത്തിന്റെ വേദനയും ഏകാന്തതയും ഭയവും എടുക്കേണ്ടി വന്ന തീരുമാനങ്ങളുടെ ഭാരവും ഓരോ നോട്ടം പോലും എന്റെ ഹൃദയത്തിൽ ആഞ്ഞു തറച്ചു.
എന്നെ സംബന്ധിച്ചിടത്തോളം സിനിമയുടെ ഏറ്റവും നല്ല ഭാഗം രണ്ടാം പകുതിയിലെ ‘എന്റെ ദൈവമേ’ എന്ന വിലാപം ആയിരുന്നു. ഞാൻ തിയറ്ററിൽ ഇരുന്ന് ഒരു കുഞ്ഞിനെപ്പോലെ കരഞ്ഞു. സിനിമയിലെ സംഗീതവും വരികളും ഹൃദയഭേദകമായിരുന്നു. ജ്യോതിക മാം, നിങ്ങളുടെ ഓമന ഞങ്ങളുടെ ഹൃദയത്തിൽ ഒരുപാട് കാലം നിലനിൽക്കാൻ പോകുന്നു. കാതൽ ദ് കോർ എന്ന സിനിമ സമ്മാനിച്ച ടീമിന് നന്ദി.’’–ഐശ്വര്യ ലക്ഷ്മി ഇൻസ്റ്റാഗ്രാം കുറിച്ചു.