ADVERTISEMENT

അസീസ് നെടുമങ്ങാട് തന്നെ അനുകരിക്കുന്നത് ഉൾക്കൊള്ളാൻ കഴിയുന്നില്ലെന്നും എന്നാൽ പ്രോഗ്രാം മുഴുവനായി നിർത്താൻ താൻ ആവശ്യപ്പെട്ടിട്ടില്ലെന്നും നടൻ അശോകൻ. തന്നെ അനുകരിച്ചത് നന്നായിട്ടില്ലെന്ന് സത്യസന്ധമായിട്ട് പറഞ്ഞതാണെന്നും അശോകൻ യൂടോക്ക് ചാനലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. മുൻപ് ചിലപ്പോൾ അനുകരണം കൊള്ളാമെന്ന് പറഞ്ഞിട്ടുണ്ടാകുമെന്നും എല്ലാവരുടെയും മുന്നിൽ വച്ച് അനുകരിക്കുമ്പോൾ നന്നായിട്ടില്ല എന്ന് പറയുന്നത് മോശമല്ലേയെന്നും അശോകൻ കൂട്ടിച്ചേർത്തു

‘‘എന്നെ ഇമിറ്റേറ്റ് ചെയ്തതിന് കൃത്യമായ മറുപടി ഞാൻ കൊടുത്തതാണ്. ഇനി അതിനെക്കുറിച്ച് ഒരു വിവാദം ഉണ്ടാകണമെന്നില്ല. വിവാദം ഉണ്ടായാലും എനിക്ക് ആ കാര്യത്തിൽ വിഷമം ഒന്നുമില്ല. ഞാൻ കറക്റ്റ് ആയിട്ട് സത്യസന്ധമായ കാര്യമാണ് പറഞ്ഞത്. അസീസ് നല്ല മിമിക്രി ആർട്ടിസ്റ്റ് ആണ്, നല്ല കലാകാരനാണ്. അത് തന്നെയാണ് ഞാൻ പറഞ്ഞത്. ചില സമയങ്ങളിൽ എന്നെ ചെയ്യുന്നത് എനിക്ക് ഉൾക്കൊള്ളാൻ പറ്റുന്നില്ല. കളിയാക്കി അധിക്ഷേപിച്ച് കാണിക്കുന്ന പോലെ തോന്നിയിട്ടുണ്ട്. അസീസ് എന്നെ കാണിക്കുന്നത് ഇഷ്ടമല്ല എന്ന് പറയാൻ കാരണം അതാണ്. മുൻപ് ചിലപ്പോൾ കൊള്ളാമെന്ന് പറഞ്ഞിട്ടുണ്ടാകും. പെട്ടെന്ന് ഒരാൾ എല്ലാവരുടെയും മുമ്പിൽവച്ച് ചെയ്യുന്നത് ശരിയല്ല എന്ന് പറയുന്നത് മോശമല്ലേ.

പിന്നെ എനിക്ക് പറയാൻ തോന്നിയപ്പോൾ പറഞ്ഞെന്നേയുള്ളൂ. എന്റെ അഭിപ്രായം ഞാൻ ചാനലിൽ പറഞ്ഞത് തന്നെയാണ്, അത് തന്നെയാണ് എനിക്ക് ഇപ്പോഴും പറയാനുള്ളത്. എന്നെ കറക്ട് ആയിട്ട് അനുകരിക്കുന്ന ഒരുപാട് പേരുണ്ട് അവരുടെ പേര് ഞാൻ പറയുന്നില്ല. മിമിക്രി എന്ന് പറയുന്നത് വലിയ കലയാണ്. അത് എല്ലാവർക്കും കഴിയുന്ന ഒരു കാര്യമല്ല.

അസീസിനോട് പ്രോഗ്രാം നിർത്താനൊന്നും ഞാൻ പറഞ്ഞിട്ടില്ല. പുള്ളിയുടെ പ്രഫഷൻ നിർത്തുന്നത് എന്തിനാണ്? ഞാൻ എന്റെ വ്യക്തിപരമായ കാര്യമേ പറഞ്ഞിട്ടുള്ളു. അസീസ് പ്രോഗ്രാം ചെയ്യുന്നത് ഞാൻ അങ്ങനെ പറഞ്ഞതുകൊണ്ട് നിർത്താൻ പറ്റുമോ. അങ്ങനെ ചെയ്യേണ്ട കാര്യമുണ്ടോ. ഞാൻ പറയുകയുമില്ല. അത് പുള്ളിയുടെ ഇഷ്ടമാണ്. ഞാൻ എപ്പോഴും പറയുന്നത് അസീസ് നല്ല മിമിക്രി ആർട്ടിസ്റ്റാണ് നല്ല കലാകാരനാണെന്നാണ്. എന്നാൽ എന്നെ ചെയ്തത് പലതും എനിക്ക് ഇഷ്ടമല്ല. പണ്ടെന്നോ പറഞ്ഞത് നോക്കേണ്ട കാര്യമില്ല. പിന്നീട് തോന്നിയ കാര്യങ്ങളാണ് ഞാൻ പറഞ്ഞത്. എന്നെ വളരെ അധിക്ഷേപിച്ച് ചെയ്യുന്ന ക്ലിപ്പുകൾ ഞാൻ കണ്ടു. എന്നെ കളിയാകുന്നതായോ ആക്ഷേപിക്കുന്നതായോ അരോചകമായിട്ടോ എനിക്ക് തോന്നി.’’– അശോകൻ പറഞ്ഞു.

ഒരു സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് നടന്ന പ്രസ്മീറ്റിലാണ് ഇനി  അശോകനെ വേദികളിൽ അവതരിപ്പിക്കില്ലെന്ന് അസീസ് നെടുമങ്ങാട്  പറഞ്ഞത്. നമ്മൾ ഒരാളെ അനുകരിക്കുന്നത് അരോചകമായി തോന്നിയാൽ അത് തുറന്നു പറയുന്നത് അഭിപ്രായസ്വാതന്ത്ര്യമാണ്. അദ്ദേഹത്തിന് അങ്ങനെ തോന്നിയതുകൊണ്ടാകാം പറഞ്ഞത്. അത് പുള്ളിയുടെ ഇഷ്ടമാണ്.കുറച്ച് ഓവറായി ചെയ്താൽ മാത്രമേ സ്റ്റേജിൽ ഇത്തരം പെർഫോമൻസുകൾ ശ്രദ്ധിക്കപ്പെടൂ.അത്രയും ജനങ്ങളിലേക്കെത്തണമെങ്കിൽ കുറച്ച് ഓവറായി ചെയ്യണം. എന്റെ സ്റ്റേജ് പെർഫോമൻസുകൾ ഇഷ്ടമാണെന്ന് അശോകൻ ചേട്ടൻ നേരിട്ട് പറഞ്ഞിട്ടുണ്ട്. ഇതെന്തുപറ്റിയെന്ന് അറിയില്ല- അസീസ് പ്രസ്മീറ്റിൽ പറഞ്ഞു.

English Summary:

Ashokan reacts to Azees Nedumangad Statement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com