ADVERTISEMENT

മമ്മൂട്ടി നായകനായെത്തിയ ‘കാതല്‍’ സിനിമയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കെസിബിസി. സിനിമ തീര്‍ത്തും ക്രൈസ്തവ വിരുദ്ധമാണെന്നും സ്വവർഗ പ്രണയം പോലുള്ള ആശയ പ്രചാരണത്തിന് ക്രൈസ്തവ വിശ്വാസത്തിന്റെ പശ്ചാത്തലം ദുരുപയോഗിച്ച പ്രവൃത്തി പ്രതിഷേധാര്‍ഹമാണെന്നും കെസിബിസി ജാഗ്രത കമ്മിഷന്‍ സെക്രട്ടറി ഫാ. ഡോ. മൈക്കിള്‍ പുളിക്കല്‍ സിഎംഐ പത്രക്കുറിപ്പിലൂടെ പറയുന്നു.

ഇടതുപക്ഷ രാഷ്ട്രീയ പ്രത്യയശാസ്ത്രവുമായി സ്വവര്‍ഗ ലൈംഗികത എന്ന ‘പുരോഗമനപരമായ’ ആശയത്തെ ബന്ധപ്പെടുത്തിയാണ് സിനിമയുടെ കഥ മുന്നോട്ടുപോകുന്നെന്ന് പത്രക്കുറിപ്പിൽ പറയുന്നു. മറ്റെല്ലാവരും സ്വവര്‍ഗ ലൈംഗികതയെ വെറുപ്പോടെ കാണുമ്പോള്‍ ഇടതുപക്ഷ രാഷ്ട്രീയ നേതൃത്വം നായകനെ ചേര്‍ത്തുപിടിക്കുകയാണ്. ആ നിലപാടിന്റെ വിജയവും ‘മഹത്വ’വുമാണ് അടിസ്ഥാന ആശയം. ഇടതുപക്ഷ വിദ്യാര്‍ഥി പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ കലാലയങ്ങളില്‍ വഴിവിട്ടതും പ്രകൃതിവിരുദ്ധവുമായ ലൈംഗിക ആശയപ്രചാരണങ്ങള്‍ നടന്നുവരുന്ന ഈ കാലഘട്ടത്തില്‍ കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയം സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി വാദിക്കുന്നു എന്ന ആശയം സിനിമ മുന്നോട്ടുവച്ചിരിക്കുന്നത് യാദൃച്ഛികമായിരിക്കാനിടയില്ലെന്നും അദ്ദേഹം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 

പ്രസ്താവനയുടെ പൂര്‍ണരൂപം:

കാതൽ: കലയും കളവും

സ്വവർഗാനുരാഗം ഉൾപ്പെടെയുള്ള ഭിന്ന ലൈംഗിക ആഭിമുഖ്യങ്ങളുമായി (LGBTQIA+) ബന്ധപ്പെട്ട അവകാശവാദങ്ങളെ എതിർക്കുന്ന കത്തോലിക്കാ സമൂഹത്തിലെ അംഗങ്ങളെ്തന്നെ പ്രധാന കഥാപാത്രങ്ങളാക്കി അവതരിപ്പിച്ച മലയാള ചലച്ചിത്രമാണ് "കാതൽ - ദ് കോർ". തികച്ചും ക്രൈസ്തവ പശ്ചാത്തലമാണ് സിനിമയ്ക്ക് ആദ്യന്തമുള്ളത്. രണ്ടാമതൊരു പശ്ചാത്തലം ഇടതുപക്ഷ രാഷ്ട്രീയത്തിന്റേതാണ്. വിപരീത സ്വഭാവമുള്ള രണ്ട് വ്യത്യസ്ത പശ്ചാത്തലങ്ങളെ വിദഗ്ധമായി സമന്വയിപ്പിച്ച സംവിധായകൻ ജിയോ ബേബിയും രചയിതാക്കളായ ആദർശ് സുകുമാരനും, പോൾസൺ സ്കറിയയും അഭിനന്ദനം അർഹിക്കുന്നു. 

സാങ്കേതികമായി സിനിമയുടെ ഗുണദോഷങ്ങൾക്കപ്പുറം, സിനിമ കൈകാര്യം ചെയ്യുന്ന വിഷയത്തെയും അവതരിപ്പിക്കുന്ന ആശയങ്ങളെയും അതിന്റെ രീതിയെയും വിശകലനം ചെയ്യുമ്പോൾ വ്യക്തമാകുന്ന ചില വസ്തുതകളുണ്ട്. അതിൽ ഒന്നാമത്തേത്, സ്വവർഗാനുരാഗം ഒരു സ്വാഭാവിക പ്രതിഭാസമാണെന്നും ചുറ്റുവട്ടത്തുള്ളവരും സമൂഹവും സ്വവർഗ്ഗാനുരാഗികളുടെ അവകാശങ്ങൾ അംഗീകരിക്കണമെന്നുമുള്ള ആശയമാണ്. രണ്ടാമത്, ക്രൈസ്തവ സമൂഹത്തിനും ക്രൈസ്തവ വിശ്വാസത്തിനും വിരുദ്ധമായ ചില പരോക്ഷ ആശയപ്രചാരണങ്ങളാണ്. ലൈംഗികതയ്ക്ക് നൽകപ്പെടുന്ന അമിത പ്രാധാന്യം കഥാതന്തുവിന്റെ മറ്റൊരു സവിശേഷതയാണ്.

കേരളത്തിന്റെ ഗ്രാമീണ പശ്ചാത്തലത്തിൽ, വിശിഷ്യ ഒരു ക്രൈസ്തവ കുടുംബ പശ്ചാത്തലത്തിൽ ഇത്തരമൊരു കഥ അവതരിപ്പിക്കപ്പെടുന്നു എന്നുള്ളതാണ് പ്രധാനം. ക്രൈസ്തവ കുടുംബ പശ്ചാത്തലം മാത്യു ദേവസ്സി, ഓമന ഫിലിപ്പ് എന്നീ രണ്ടു പേരുകളിൽ മാത്രം ഒതുങ്ങുന്നില്ല എന്ന് ഉറപ്പുവരുത്താൻ അണിയറ പ്രവർത്തകർ പ്രത്യേകമായി ശ്രദ്ധിച്ചിട്ടുണ്ട്. ക്രൈസ്തവ ഭൂരിപക്ഷ മേഖലയായ കോട്ടയം ജില്ലയിലെ തീക്കോയി എന്ന ഗ്രാമം, സിനിമയുടെ ആരംഭം മുതൽ പലപ്പോഴായി അവതരിപ്പിക്കുന്ന ദേവാലയ - പ്രാർഥനാ രംഗങ്ങൾ, നായിക ഓമനയുടെ ആഴമായ ദൈവഭക്തി, കുടുംബ പ്രാർഥന, ഇടവക വൈദികനുമായുള്ള കുടുംബത്തിന്റെ അടുപ്പം എന്നിങ്ങനെ ക്രൈസ്തവ വിശ്വാസത്തിന്റെ വ്യക്തമായ പശ്ചാത്തലം ചലച്ചിത്രത്തിൽ ഉടനീളം നിലനിർത്തുന്നുണ്ട്. ഇടതുപക്ഷ സഹയാത്രികനെങ്കിലും നായകനായ മാത്യുവും ഒരു ദൈവവിശ്വാസിയാണ്. 

ഭിന്ന ലൈംഗിക അഭിമുഖ്യങ്ങളും ആക്ടിവിസ്റ്റുകളും 

പുരോഗമനപരമായ ആശയങ്ങൾ എന്ന ലേബലിൽ ഇന്ന് വിവിധ രീതികളിൽ പ്രചരിക്കപ്പെടുന്ന ചില ആശയങ്ങളുടെ സ്വാധീനം ചലച്ചിത്രത്തിൽ പ്രകടമാണ്. LGBTQIA+ ആശയപ്രചാരണങ്ങൾക്കായി കഠിനാധ്വാനം നടത്തുകയും ഭിന്ന ലൈംഗിക അഭിമുഖ്യമുള്ളവരുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുകയും ചെയ്യുന്ന സംഘടനകളും ആക്ടിവിസ്റ്റുകളും ലോകമെമ്പാടുമുണ്ട്. കേരളത്തിലെ പൊതുസമൂഹത്തിൽ അത്രമാത്രം സജീവമല്ലെങ്കിലും കലാലയങ്ങൾ കേന്ദ്രീകരിച്ചുള്ള ക്യാംപെയ്നുകൾ പതിവായി ഉണ്ടാകുന്നുണ്ട്. പുരോഗമന ചിന്താഗതിക്കാർ എന്ന് അവകാശപ്പെടുന്നവർ തങ്ങളെ സ്വയം അടയാളപ്പെടുത്താൻ ഉപയോഗിക്കുന്ന വാദഗതികളായി സ്വവര്‍ഗ ലൈംഗികത സംബന്ധിച്ച ആശയങ്ങൾ പ്രകടമാകാറുമുണ്ട്. 

ചില വിദേശരാജ്യങ്ങളുടെ മാതൃകയിൽ സ്വവർഗ വിവാഹത്തിന് നിയമസാധുത തേടി ഇന്ത്യയുടെ പരമോന്നത നീതിപീഠത്തിന് മുന്നിലെത്തിയതും ആ ആവശ്യം കോടതി നിരാകരിച്ചതും ഏതാനും ആഴ്ചകൾക്ക് മുമ്പാണ്. സ്വവർഗ വിവാഹം ഇന്ത്യൻ സംസ്കാരത്തിനും വിവാഹമെന്ന സങ്കൽപത്തിനും യോജിക്കുന്നതല്ലെന്ന നിലപാടാണ് ഈ വിഷയത്തിൽ കേന്ദ്ര സർക്കാർ സ്വീകരിച്ചത്. പ്രകൃതി വിരുദ്ധ ലൈംഗികതയെ കുറ്റകരമായി കണ്ടിരുന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ 377 ാം വകുപ്പ് 2018 ൽ സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ച് ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിച്ചിരുന്നു. അതിന് ശേഷമാണ്, സ്വവർഗ ലൈംഗികത സംബന്ധിച്ച അവകാശവാദങ്ങൾ മുഖ്യധാരാ സമൂഹത്തിൽ ഉയർന്നുതുടങ്ങിയത്. സുപ്രീംകോടതി റദ്ദാക്കിയ ഐപിസി 377 സംബന്ധിച്ച പരാമർശങ്ങൾ "കാതൽ - ദ് കോർ" എന്ന ചലച്ചിത്രത്തിലുണ്ട്. അഭിമാനകാരവും പുരോഗമനപരവുമായ നീക്കമായാണ് അതിനെ വിശേഷിപ്പിച്ചിരിക്കുന്നത്.

ഇടതുപക്ഷ പുരോഗമന രാഷ്ട്രീയം 

ഇടതുപക്ഷ രാഷ്ട്രീയ പ്രത്യയശാസ്ത്രവുമായി സ്വവർഗ ലൈംഗികത എന്ന "പുരോഗമനപരമായ" ആശയത്തെ ബന്ധപ്പെടുത്തിയാണ് കഥ മുന്നോട്ടുപോകുന്നത്. മറ്റെല്ലാവരും സ്വവർഗ ലൈംഗികതയെ വെറുപ്പോടെ കാണുമ്പോൾ ഇടതുപക്ഷ രാഷ്ട്രീയ നേതൃത്വം നായകനെ ചേർത്തുപിടിക്കുകയാണ്. ആ നിലപാടിന്റെ വിജയവും "മഹത്വ"വുമാണ് അടിസ്ഥാന ആശയം. ഇടതുപക്ഷ വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ കലാലയങ്ങളിൽ വഴിവിട്ടതും പ്രകൃതിവിരുദ്ധവുമായ ലൈംഗിക ആശയപ്രചാരണങ്ങൾ നടന്നുവരുന്ന ഈ കാലഘട്ടത്തിൽ കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയം സ്വവർഗാനുരാഗികളുടെ അവകാശങ്ങൾക്കു വേണ്ടി വാദിക്കുന്നു എന്ന ആശയം സിനിമ മുന്നോട്ടുവച്ചിരിക്കുന്നത് യാദൃച്ഛികമായിരിക്കാനിടയില്ല. 

ക്രൈസ്തവ വിരുദ്ധത 

കത്തോലിക്കാ സഭ എക്കാലവും ശക്തമായി മുന്നോട്ടുവയ്ക്കുന്ന ധാർമിക മൂല്യങ്ങളെ വെല്ലുവിളിക്കുക എന്ന ലക്ഷ്യം ചലച്ചിത്രത്തിന്റെ പിന്നണി പ്രവർത്തകർക്കുണ്ട് എന്ന് വ്യക്തമായും സംശയിക്കാവുന്നതാണ്. ഒന്നാമത്തെ കാരണം, കത്തോലിക്കാ കുടുംബ, ദേവാലയ പരിസരങ്ങളാണ് സിനിമയുടെ പശ്ചാത്തലമായി തിരഞ്ഞെടുത്തത് എന്നുള്ളതുതന്നെയാണ്. സിനിമ അവതരിപ്പിക്കുന്ന ആശയത്തിന് മത പശ്ചാത്തലങ്ങൾ ഒരു അനിവാര്യതയേ ആയിരുന്നില്ല എങ്കിലും, അത്തരമൊരു കുടുംബത്തെത്തന്നെ തിരഞ്ഞെടുത്തത് നിഷ്കളങ്കമായാണ് എന്ന് കരുതാനാവില്ല. "പ്രോഗ്രസീവായി" ചിന്തിക്കുന്ന ഒരു കത്തോലിക്കാ പുരോഹിതനും സിനിമയിൽ ഒരു കഥാപാത്രം തന്നെയാണ്. സ്വവർഗ ലൈംഗികതയെ തള്ളിപ്പറയുന്ന കത്തോലിക്കാ സമൂഹത്തിലെ ഒരു കുടുംബത്തെ തന്നെ കഥാപാത്രങ്ങളായി നിശ്ചയിച്ചു എന്നുള്ളത്, ഇക്കാര്യത്തിൽ സഭയുടെ നിലപാട് ശരിയല്ല എന്ന് പരോക്ഷമായി സ്ഥാപിക്കാനുള്ള ലക്ഷ്യത്തോടെയാണ് എന്ന് കരുതാവുന്നതാണ്.

ദൈവവിശ്വാസികളല്ലാത്ത ന്യൂ ജനറേഷൻ ഈ ചലച്ചിത്രത്തിന്റെ മറ്റൊരു ഭാഗമാണ്. ദൈവവിശ്വാസികളായ മാത്യുവിന്റെയും ഓമനയുടെയും മകൾ പള്ളിയിൽ കയറാൻ താൽപര്യം കാണിക്കാത്തവളും, "പ്രോഗ്രസീവ്" ആയി ചിന്തിച്ച് അപ്പന്റെ സ്വവർഗാനുരാഗത്തെ പിന്തുണയ്ക്കുന്നവളുമായ കോളജ് വിദ്യാർഥിനിയാണ്. "പള്ളിയിൽ വന്നാൽ, തിരിച്ചെത്തുമ്പോൾ കപ്പയും പോർക്കും തരാം" എന്ന് വാഗ്ദാനം ചെയ്ത് മകനുമായി പള്ളിയിലെത്തുന്ന ഒരു അമ്മയും, മകനായ ചെറിയ കുട്ടിയും കഥാപാത്രങ്ങളായി പ്രത്യക്ഷപ്പെടുന്നുണ്ട്. പരിമിതമായ എണ്ണം ആളുകൾ മാത്രം ഉൾപ്പെടുന്ന ദേവാലയാന്തരീക്ഷങ്ങളും, അമ്പതു പേരിൽ കൂടുതലില്ലാത്ത തിരുന്നാൾ പ്രദക്ഷിണവും മറ്റും ചെലവ് ചുരുക്കലിന്റെ ഭാഗമാണോ, അതോ വിശ്വാസി സമൂഹത്തിന്റെ ദുർബലത അവതരിപ്പിക്കാനുള്ള "ഡയറക്ടേഴ്സ് ബ്രില്യൻസ്" ആണോ എന്ന് സംശയിക്കണം. ഭർത്താവിന്റെ സ്വവർഗാനുരാഗം മനസിലാക്കി "സ്നേഹത്തോടെ" അതിന് വിട്ടുകൊടുക്കുന്ന തികഞ്ഞ ദൈവവിശ്വാസിയായ ഓമനയുടെ വിശാലമനസ്കതയും ചലച്ചിത്രത്തിന്റെ ഭാഗമാണ്.

കേരളത്തിന്റെ മുഖ്യധാരയിൽ ഏറെയൊന്നും ചർച്ച ചെയ്യപ്പെട്ടിട്ടില്ലാത്ത ഇത്തരമൊരു വിഷയം ചർച്ചയ്ക്ക് വയ്ക്കാനുള്ള ബോധപൂർവമായ ശ്രമവും, പൊതുസമൂഹ പിന്തുണ "പുരോഗമനവാദികൾക്ക്" ലഭിക്കാനുള്ള ശ്രമവും സിനിമയ്ക്ക് പിന്നിൽ ഉണ്ട് എന്നുള്ളത് വ്യക്തം. സംവിധായകന്റെ മുൻ ചലച്ചിത്രമായ "ഗ്രേറ്റ് ഇന്ത്യൻ കിച്ചനി"ൽ നായികാ നായകന്മാരായിരുന്ന സുരാജ്, നിമിഷ സജയൻ താരജോഡികൾക്ക് അപ്പുറം ഇന്ത്യയിലെ ഏറ്റവും മികച്ച രണ്ടുപേരെ നായികാ നായകന്മാരായി നിശ്ചയിക്കാൻ മാത്രം വലുപ്പമുള്ള ഒരു ക്യാൻവാസ് ഈ ചലച്ചിത്രത്തിന് ഇല്ലാതിരുന്നിട്ടുകൂടി അപ്രകാരം ചെയ്തതിന് പിന്നിൽ മറ്റൊരു ബ്രില്യൻസ് ഉണ്ടെന്ന് വ്യക്തം. മമ്മൂട്ടി - ജ്യോതിക താര ജോഡികളുടെ സാന്നിധ്യം സ്ക്രീനുകൾ പതിന്മടങ്ങാക്കുകയും തിയറ്റർ നിറയ്ക്കുകയും ചെയ്തു. 

ഭിന്ന ലൈംഗിക അഭിമുഖ്യമുള്ളവർക്ക് തങ്ങളുടെ ശാരീരിക - മാനസിക അവസ്ഥകളിൽ മാറ്റം വരുത്താൻ കഴിയാത്തപക്ഷം, അവർ ആയിരിക്കുന്ന അവസ്ഥയെ കരുണയോടെ കാണുന്നു എന്നുള്ളതാണ് ഈ വിഷയത്തിലുള്ള സഭയുടെ നിലപാട്. അത്തരക്കാരുടെ അതിരുകടന്ന അവകാശവാദങ്ങളോടും, ലൈംഗിക അരാജകവാദികളുടെ കൈകടത്തലുകളോടും ക്രൈസ്തവ സമൂഹത്തിന് മാത്രമല്ല, ധാർമിക ബോധമുള്ള ആർക്കും അനുഭാവം പുലർത്താനാവില്ല. ലൈംഗിക ആഭിമുഖ്യങ്ങളെയും, ലൈംഗിക ചോദനകളെയും രണ്ടായി കണ്ടുകൊണ്ടുള്ള പക്വമായ സമീപനത്തിന് പകരം, ലൈംഗിക അതിപ്രസരത്തിന് പലപ്പോഴും ഇടം കൊടുക്കുന്ന ഈ ചലച്ചിത്രം സംവേദനം ചെയ്യുന്ന അടിസ്ഥാന ആശയങ്ങളോട് യോജിക്കാനാവില്ല. അത്തരമൊരു ആശയ പ്രചാരണത്തിന് ക്രൈസ്തവ വിശ്വാസത്തിന്റെ പശ്ചാത്തലം ദുരുപയോഗിച്ച പ്രവൃത്തി പ്രതിഷേധാർഹമാണ്.

English Summary:

KCBC Jagratha Commission Against Kaathal The Core Movie

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com