ADVERTISEMENT

ആടുജീവിതം അടുത്ത വർഷം ഏപ്രിൽ പത്തിന് തിയറ്ററുകളിലെത്തും. മലയാളത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട, ബെന്യാമിൻ രചിച്ച ആടുജീവിതം എന്ന നോവലാണ് അതേ പേരിൽ സംവിധായകൻ ബ്ലെസി സിനിമയാക്കുന്നത്.  ആടുജീവിതം പ്രഖ്യാപിച്ചതു മുതൽ സിനിമയുമായി ബന്ധപ്പെട്ട എല്ലാ ചലനങ്ങളും ചർച്ചയായി. പൃഥ്വിരാജിന്റ ശരീരഭാരം കുറച്ച ലുക്കും, ഷൂട്ടിങ് സെറ്റിലെ ലീക്കായ ചില സ്റ്റില്ലുകളും വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു.

2010ലാണു നോവൽ സിനിമയാക്കാൻ സംവിധായകൻ ബ്ലെസി തീരുമാനിക്കുന്നത്. 2015ൽ ബ്ലെസി തന്നെ തിരക്കഥ പൂർത്തിയാക്കി. 2018 മാർച്ച് ഒന്നിനാണ് ഷൂട്ടിങ് തുടങ്ങിയത്. പത്തനംതിട്ട ചെറുകോൽപ്പുഴയിലുള്ള അയിരൂരിലാണ് പ്രധാന കഥാപാത്രമായ നജീബിന്റെ വീടും പരിസരവും ഷൂട്ട് ചെയ്തത്. 

‘2018ൽ അയിരൂരിൽ 14 ദിവസത്തെ ഷൂട്ടായിരുന്നു. പലപ്പോഴും പുഴയിൽ ഒരു തുള്ളി വെള്ളമുണ്ടായിരുന്നില്ല. ഡാം തുറക്കുന്ന ദിവസങ്ങളിലാണ് പുഴയിലെ സീനുകൾ എടുത്തത്.’ ബ്ലെസി ഓർക്കുന്നു. രാജസ്ഥാനിലെയും പശ്ചിമേഷ്യയിലെ മറ്റു രാജ്യങ്ങളിലെയും പല മരുഭൂമികളും പരിഗണിച്ചെങ്കിലും അനുമതികളും മറ്റു സാങ്കേതിക പ്രശ്നങ്ങളും മൂലം ഷൂട്ട് നടന്നില്ല. ഒടുവിലാണ് 2019ൽ ജോർദാൻ മരുഭൂമിയിൽ ഷൂട്ട് തുടങ്ങുന്നത്. മൂന്നു വർഷത്തിനിടെയുള്ള കഥയായതിനാൽ പല ഷെഡ്യൂളുകളായാണു ഷൂട്ട്. 

2020ൽ ജോർദാനിലെ ഷൂട്ടിനിടെയാണു കോവിഡ് വരുന്നതും ഷൂട്ടിങ് സംഘം 75 ദിവസത്തോളം മരുഭൂമിയിൽ കുടുങ്ങിപ്പോകുന്നതും. ‘അന്നു കഥാപാത്രത്തിനായി 35 കിലോയോളം ഭാരം കുറച്ച പൃഥ്വിരാജ് ഉൾപ്പെടെയുള്ള സംഘം അവിടെ കുടുങ്ങിക്കിടക്കുകയാണ്. ഫോൺ പോലും കൃത്യമായി കിട്ടില്ല. മരുഭൂമിയിലേക്കു വാഹനങ്ങളോ മനുഷ്യരോ വരുന്നില്ല, ആടുജീവിതം തന്നെയെന്നു തോന്നിപ്പോയ കാലം’– കഠിനകാലത്തെക്കുറിച്ചു ബ്ലെസി പറയുന്നു. 

2022ലാണ് പിന്നീട് അവിടെ ഷൂട്ടിന് അനുമതി ലഭിക്കുന്നത്.  കഴിഞ്ഞ ഒരു വർഷത്തിലേറെയായി പോസ്റ്റ് പ്രൊഡക്‌ഷൻ ജോലികളിലാണ്. എ.ആർ.റഹ്മാനാണു സംഗീതം. ശബ്ദ സംവിധാനം– റസൂൽ പൂക്കുട്ടി. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം ഒരുങ്ങുന്നുണ്ട്. ഹോളിവുഡ് നടൻ ജിമ്മി ജീൻ ലൂയിസ്, അമല പോൾ,  കെ.ആർ.ഗോകുൽ, അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കാബി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ക്യാമറ– കെ.എസ്. സുനിൽ, എഡിറ്റിങ്– ശ്രീകർ പ്രസാദ്.

ആടുജീവിതം പ്രമൊയിൽ നിന്നും
ആടുജീവിതം പ്രമൊയിൽ നിന്നും

ടൈറ്റിലിലുണ്ട് സിനിമ

ആടുജീവിതം സിനിമയുടെ ടൈറ്റിലിൽ ഒളിഞ്ഞിരിക്കുന്ന ടൈപ്പോഗ്രഫി പരീക്ഷണം ചർച്ചയാകുന്നു. ഇന്റർനാഷനൽ ട്രെയിലറിലാണ് ആദ്യമായി ടൈറ്റിൽ പ്രത്യക്ഷപ്പെട്ടത്. Goat Life എന്ന ടൈറ്റിലിലെ Goat എന്ന വാക്കിനെക്കാൾ ചെറുതാണ് Life എന്ന വാക്ക്. അതിൽത്തന്നെ ‘i’ എന്ന ഇംഗ്ലിഷ് അക്ഷരത്തിനു പകരം പ്രധാന കഥാപാത്രമാണ്. പിന്നീട് വരുന്ന അക്ഷരങ്ങൾ മെലിഞ്ഞു വരുന്നതായി കാണാം. ഷൂട്ടിങ് സെറ്റിൽ നിന്നുള്ള ചിത്രങ്ങളൊന്നും അണിയറക്കാർ പുറത്തുവിട്ടിരുന്നില്ല. 

English Summary:

Blessy About Aadujeevitham Movie

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com