ADVERTISEMENT

മമ്മൂട്ടിയുടെ ‘കാതല്‍’ ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചുവടുവച്ച പുതുമുഖ താരമാണ് അനഘ രവി. മമ്മൂട്ടിയുടെ മകളായി എത്തിയ അനഘ ‘ന്യൂ നോര്‍മല്‍’ എന്ന ഷോര്‍ട്ട് ഫിലിമിലൂടെ മുൻപേ ശ്രദ്ധ നേടിയിരുന്നു. താന്‍ ബൈസെക്‌ഷ്വൽ ആണെന്ന് സിനിമയിലെത്തുന്നതിനു മുൻപുതന്നെ അനഘ തുറന്നു പറഞ്ഞിട്ടുണ്ട്. ‘കാതലി’ന്റെ കൂടുതൽ വിേശഷങ്ങളുമായി അനഘ മനോരമ ന്യൂസിൽ എത്തുന്നു...

കാതല്‍ ഇത്രയധികം ചര്‍ച്ചയാകുമെന്നു തോന്നിയിരുന്നോ ?

ഇത്ര പ്രതീക്ഷിച്ചില്ല. സിനിമ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുമെന്നു ഉറപ്പായിരുന്നു. കഥയും അത് അവതരിപ്പിച്ച രീതിയും ആളുകള്‍ സ്വീകരിക്കുമെന്നു തോന്നി. എന്റെ കഥാപാത്രവും ഇത്ര നന്നാകുമെന്നു പ്രതീക്ഷിച്ചില്ല. ചിത്രത്തിന്റെ വിഷയം നേരത്തേ സംവിധായകന്‍ ജിയോ ബേബി സൂചിപ്പിച്ചിരുന്നു. ന്യൂ നോര്‍മല്‍ എന്ന ഷോര്‍ട് ഫിലിം കണ്ടിട്ടാണ് ജിയോ വിളിക്കുന്നത്. പിന്നെ ഓഡിഷനും സ്ക്രീന്‍ ടെസ്റ്റും നടത്തി. കഥയും വിശദീകരിച്ചു. 

അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ചകള്‍ ?

എല്ലാവര്‍ക്കും സ്വന്തം അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്ട്. എല്ലാ സിനിമയും എല്ലാവര്‍ക്കും ഇഷ്ടമാകണമെന്നില്ല. എന്റെ കുടുംബത്തില്‍ത്തന്നെ എതിര്‍പ്പുള്ളവരുണ്ട്. അതൊക്കെ സ്വാഭാവികമാണ്. ന്യൂ നോർമൽ ചെയ്തപ്പോളും ആ വിഷയം മെൻഷന്‍ ചെയ്യാതെയാണ് ചിത്രം റിലീസ് ചെയ്തത്. ഞാന്‍ ബൈസെക്‌ഷ്വൽ ആണെന്ന് മുൻപു തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. എന്റെ പ്രതികരണത്തെ പിന്തുണയ്ക്കാത്തവരുണ്ട്. എന്നാൽ പിന്തുണച്ചിട്ടും അതിനെ അതിശയോക്തിയായി കാണുന്നവരുണ്ട്. അപ്പോഴും അതിനെ നോർമലൈസ് ചെയ്തിട്ടില്ലെന്നാണ് മനസ്സിലാകുന്നത്. 

anagha-maya-ravi

ആദ്യമൊക്കെ എനിക്കു മോശം കമന്റുകള്‍ കേള്‍ക്കേണ്ടി വന്നിരുന്നു. അംഗീകരിക്കാന്‍ മടിയുള്ളവരാണ് ചിലര്‍. അഭിപ്രായങ്ങളിൽ വിഷമമൊന്നുമില്ല. ഞാൻ ഇങ്ങനെയാണെന്നു തിരിച്ചറിയുന്നതുവരെ അത്തരം റിലേഷൻഷിപ്പിനെ വേറൊരു തലത്തിലാണ് കണ്ടിരുന്നത്.

‘കാതലി’ലെ മകള്‍

കുറഞ്ഞ സ്ക്രീന്‍ സ്പേസ് ആണെങ്കിലും അതിന്റെ ആഴം സംവിധായകന്‍ പറഞ്ഞു തന്നിരുന്നു. അത്ര മികച്ച രീതിയിലാണ് കഥാപാത്രങ്ങളെ എഴുതിയിരിക്കുന്നത്. ബാസ്കറ്റ് ബോള്‍ കോര്‍ട്ടിലെ സീനായിരുന്നു ആദ്യം എടുത്തത്. പ്രധാനപ്പെട്ട രംഗമാണെന്നറിയാം. മമ്മൂക്കയുടെ കൂടെയുള്ള ആ സമയം മറക്കാനാകില്ല. ഒരു നിമിഷം കൊണ്ട് അദ്ദേഹം കഥാപാത്രത്തിലേക്കു മാറുന്നത് നേരില്‍ കണ്ടു. അതിനു തൊട്ടുമുൻപുവരെ ഞാൻ കണ്ടിരുന്ന ആളല്ല അപ്പോൾ അവിടെ ഇരിക്കുന്നത്. ശരിക്കും എന്റെ അപ്പയായി. കണ്ണിലെ തിളക്കം വരെ കാണാം, മാജിക്കല്‍ മൊമന്റ്.

ജ്യോതിക മാം നല്ല സ്വീറ്റ് ആണ്. ശരിക്കും അമ്മയെപ്പോലെ. ഞങ്ങളൊരുമിച്ച് അധികം സീൻ ഇല്ലായിരുന്നു. ഷൂട്ട് ഇല്ലാത്ത സമയത്തും അമ്മയെപ്പോലെ തന്നെയായിരുന്നു അവർ.

ഹോം സ്കൂൾ

ഞാൻ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിലാണ് പഠിച്ചത്. അവിടെ മാതാപിതാക്കൾക്ക് കുട്ടികളുമായി കൂടുതൽ സമയം ചെലവഴിക്കാൻ പറ്റും. ഞാനൊരു അത്‌ലീറ്റ് ആയിരുന്നു. അതുകൊണ്ട് സ്കൂൾ ഇടയ്ക്ക് മാറേണ്ടി വന്നു. പുതിയൊരു സ്കൂളിൽ പോയപ്പോൾ അവിടെ സ്പോർട്സ് ഇല്ല. അങ്ങനെ അതും ഉപേക്ഷിച്ചു.

English Summary:

Anagha Maya Ravi About Kaathal Movie

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com