ADVERTISEMENT

ചെന്നൈയിലെ കനത്ത മഴയിൽ ജനജീവിതം ദുസ്സഹമായതോടെ അധികാരികൾക്കെതിരെ വിമർശനവുമായി നടൻ വിശാൽ. താന്‍ കഴിയുന്ന അണ്ണാ നഗറിലെ വീട്ടിലും വെള്ളം കയറിയെന്നും അതിലും താഴ്ന്ന പ്രദേശങ്ങളിലെ അവസ്ഥ സങ്കല്‍പിക്കാവുന്നതേയുള്ളൂവെന്നും താരം ചൂണ്ടിക്കാണിക്കുന്നു. പറയുന്നത് രാഷ്ട്രീയമല്ലെന്നും വെള്ളപ്പൊക്കം എന്ന പ്രശ്‌നത്തെ കുറിച്ചാണ് സംസാരിക്കുന്നതിനും പറഞ്ഞ വിശാൽ, എന്തിനാണു നികുതി അടയ്ക്കുന്നതെന്നു ജനങ്ങളെക്കൊണ്ടു ചോദിപ്പിക്കരുതെന്നും വ്യക്തമാക്കി.

‘‘പ്രിയപ്പെട്ട ചെന്നൈ മേയര്‍ പ്രിയ രാജനും കോർപറേഷനിലെ മറ്റെല്ലാ ഉദ്യോ​ഗസ്ഥരും അറിയാന്‍. നിങ്ങളെല്ലാവരും നിങ്ങളുടെ കുടുംബങ്ങളോടൊപ്പം സുരക്ഷിതരാണെന്നു വിശ്വസിക്കുന്നു. നിങ്ങളുടെ വീടുകളിലേക്ക് അഴുക്കുവെള്ളം കയറിയിട്ടില്ലെന്നും ഭക്ഷണത്തിനും വൈദ്യുതിക്കും തടസ്സങ്ങള്‍ ഇല്ലെന്നും പ്രതീക്ഷിക്കുന്നു. ഒരു വോട്ടര്‍ എന്ന നിലയില്‍ അന്വേഷിച്ചതാണ്.

നിങ്ങള്‍ ജീവിക്കുന്ന അതേ ന​ഗരത്തിലുള്ള മറ്റ് പൗരന്മാരുടെ സ്ഥിതി വ്യത്യസ്‌തമാണ്. വെള്ളപ്പൊക്ക സമയത്ത് സഹായകരമാവേണ്ടിയിരുന്ന വാട്ടർ ഡ്രെയ്ൻ പ്രോജക്റ്റ് ചെന്നൈയ്ക്ക് വേണ്ടിത്തന്നെയാണോ നടപ്പാക്കിയത്, അതോ സിം​ഗപ്പൂരിനു വേണ്ടിയോ? 2015 ല്‍ രക്ഷാപ്രവര്‍ത്തനവുമായി ഞങ്ങളെല്ലാം തെരുവില്‍ ഇറങ്ങിയിരുന്നു. എട്ടു വര്‍ഷത്തിനപ്പുറം അതിലും മോശം അവസ്ഥ കാണുന്നത് വളരെ ദുഃഖകരമാണ്.

ഇത്തവണയും ഭക്ഷണവും വെള്ളവുമായി ഞങ്ങള്‍ ഇറങ്ങും. പക്ഷേ ഇക്കുറി എല്ലാ മണ്ഡലങ്ങളിലെയും എംഎല്‍എമാരെ രക്ഷാപ്രവര്‍ത്തന രംഗത്ത് സജീവമായി കണ്ടാല്‍ കൊള്ളാമെന്നുണ്ട്. ഇത് എഴുതുമ്പോള്‍ ലജ്ജ കൊണ്ട് എന്റെ തല കുനിയുകയാണ്. ഒരു അദ്ഭുതവും പ്രതീക്ഷിക്കുന്നില്ല, എന്നാൽ പൗരന്മാരോടുള്ള കടമ പ്രതീക്ഷിക്കുന്നു.’’– വിശാല്‍ കുറിച്ചു.

English Summary:

Actor Vishal asks Chennai mayor as city gets flooded again

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com