ADVERTISEMENT

സിനിമാ ചർച്ചയുമായി ബന്ധപ്പെട്ട് കോളജിൽ അതിഥിയായി വിളിച്ച ശേഷം ആ പരിപാടി റദ്ദ് ചെയ്തതില്‍ പ്രതിഷേധം അറിയിച്ച് സംവിധായകൻ ജിയോ ബേബി. കോഴിക്കോട് ഫാറൂഖ് കോളജിലെ ഫിലിം ക്ലബ്ബുമായി ബന്ധപ്പെട്ട് നടത്തുന്ന പരിപാടിയിലാണ് ജിയോ ബേബിയെ അതിഥിയായി ക്ഷണിച്ചിരുന്നത്. പരിപാടിക്കു േവണ്ടി കോഴിക്കോട്ട് എത്തിയപ്പോഴാണ് അതു റദ്ദാക്കിയ വിവരം കോളജ് അധികൃതർ അറിയിച്ചതെന്ന് ജിയോ ബേബി പറയുന്നു. തന്റെ ചില പരാമർശങ്ങൾ കോളജിന്റെ ധാർമിക മൂല്യങ്ങൾക്കെതിരാണെന്ന കാരണത്താൽ സ്റ്റുഡന്റ്സ് യൂണിയനാണ് നിസഹകരണം പ്രഖ്യാപിച്ചതെന്നും താൻ അപമാനിതനായെന്നും ജിയോ ബേബി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച വിഡിയോയിൽ പറഞ്ഞു. ഇതിൽ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

‘‘ഡിസംബർ അഞ്ചിന് ഫാറൂഖ് കോളജ് ഫിലിം ക്ലബ്ബ് സംഘടിപ്പിക്കുന്ന ‘സട്ടില്‍ പൊളിറ്റിക്സ് ഓഫ് പ്രസന്റ് ഡേ മലയാള സിനിമ’ എന്ന വിഷയവുമായി ബന്ധപ്പെട്ട് എന്നെ അവർ ക്ഷണിച്ചിരുന്നു. അഞ്ചാം തീയതി രാവിലെ ഞാൻ കോഴിക്കോട്ടെത്തിയ എത്തിയ ശേഷമാണ് അറിയുന്നത്, ഈ പരിപാടി കാൻസൽ ചെയ്തുവെന്നത്. ഇത് കോഓർഡിനേറ്റ് ചെയ്യുന്ന ടീച്ചറാണ് എന്നെ വിളിച്ച് ഇക്കാര്യം പറഞ്ഞത്. അവർക്കും വളരെ വേദനയുണ്ടായി. പക്ഷേ എന്താണ് കാരണം എന്നു ചോദിക്കുമ്പോൾ വ്യക്തമായൊരു കാരണം പറഞ്ഞില്ല.

സോഷ്യല്‍മീഡിയയിൽ പോസ്റ്റർ വരെ റിലീസ് ചെയ്ത ഈ പരിപാടി പെട്ടെന്നു മാറ്റി വയ്ക്കാൻ കാരണമെന്തെന്ന് അറിയാൻ കോളജ് പ്രിൻസിപ്പലിന് ഞാനൊരു മെയിൽ അയച്ചു, വാട്സാപ്പിലും ബന്ധപ്പെട്ടു. എന്താണ് എന്നെ മാറ്റി നിർത്തുവാനും ഈ പരിപാടി കാൻസൽ ചെയ്യുവാനുമുള്ള കാരണമെന്നായിരുന്നു ചോദ്യം. പക്ഷേ ഇതുവരെ മറുപടിയില്ല. അതിനു ശേഷം ഫാറൂഖ് കോളജിലെ സ്റ്റുഡന്റ്സ് യൂണിയന്റെ ഒരു കത്ത് ഈ വിഷയത്തിൽ എനിക്ക് ലഭിക്കുകയുണ്ടായി. അത് ഫോർവേഡ് ചെയ്ത് കിട്ടിയതാണ്.

‘ഫാറൂഖ് കോളജിൽ പ്രവർത്തിച്ചു വരുന്ന ഫിലിം ക്ലബ്ബുമായി ബന്ധപ്പെട്ട് നാളെ 5.12.2023 ന് എത്തിച്ചേരുന്ന ഉദ്ഘാടകന്റെ പരാമർശങ്ങൾ കോളജിന്റെ ധാർമിക മൂല്യങ്ങൾക്കെതിരാണ്. അതിനാൽ പ്രസ്തുത പരിപാടിയുമായി ഫാറൂഖ് കോളജ് വിദ്യാർഥി യൂണിയൻ സഹകരിക്കുന്നതല്ല’ എന്നതാണ് കത്തിൽ. എന്റെ ധാര്‍മിക മൂല്യങ്ങളാണ് പ്രശ്നമെന്നാണ് സ്റ്റുഡന്റ്സ് യൂണിയൻ പറയുന്നത്. മാനേജ്മെന്റ് എന്തിനാണ് ആ പരിപാടി കാൻസൽ ചെയ്തതെന്ന് കൂടി എനിക്കിനി അറിയേണ്ടതുണ്ട്. കോഴിക്കോട്ടു വന്ന് തിരിച്ചുവരണമെങ്കിൽ ഒരു ദിവസം വേണം. ഇത്രയും ഞാൻ യാത്ര ചെയ്തിട്ടുണ്ട്, അതിനേക്കാളൊക്കെ ഉപരിയായി ഞാൻ അപമാനിതനായിട്ടുണ്ട്. 

അതിനൊക്കെയുള്ള ഉത്തരം എനിക്ക് കിട്ടണം. അതേപോലെ ഈ വിഷയവുമായി ബന്ധപ്പെട്ട് നിയമപരമായ നടപടിയും ഞാൻ സ്വീകരിക്കുന്നതായിരിക്കും. ഇത്തരത്തിൽ പ്രതിഷേധിച്ചില്ലെങ്കിൽ ശരിയല്ല എന്നു തോന്നിയതുകൊണ്ടാണ്. നാളെ ഇത്തരം അനുഭവം മറ്റാർക്കും ഉണ്ടാകാതിരിക്കാനാണ് ഇത്. ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അല്ലെങ്കിൽ വിദ്യാർഥി യൂണിയനുകൾ എന്തുതരം ആശയമാണ് മുന്നോട്ടുവയ്ക്കുന്നതെന്നും എനിക്ക് അറിയേണ്ടതുണ്ട്.’’–ജിയോ ബേബി പറഞ്ഞു

ജിയോ ബേബിയുടെ പ്രതിഷേധത്തോടൊപ്പം നിൽക്കുന്നുവെന്ന് നടി മാലാ പാർവതിയും അറിയിച്ചു. പുരോഗമന ആശയങ്ങൾക്കൊപ്പം നിൽക്കുന്ന, സമൂഹത്തെ മുന്നോട്ട് നയിക്കുന്ന, നല്ല രാഷ്ട്രീയം മുന്നോട്ട് വയ്ക്കുന്ന, ഇന്ത്യയിലെ തന്നെ മികച്ച സിനിമാ സംവിധായകനാണ് ജിയോ ബേബി. അദ്ദേഹത്തിന്റെ ധാർമിക നിലപാടുകളുടെ പ്രശ്നം എന്താണ് എന്ന് ഫാറൂഖ് കോളജിലെ വിദ്യാർഥി യൂണിയൻ വ്യക്തമാക്കണമെന്നും മാലാ പാർവതി പറഞ്ഞു.

‘‘അരികുവൽകരിക്കപ്പെടുന്നവരുടെയും സാധാരണക്കാരന്റെയും ഒപ്പമാണ് ജിയോ ബേബി എന്ന ചലച്ചിത്ര സംവിധായകൻ. മനുഷ്യത്വഹീനമായ പ്രവൃത്തികൾ, അത് ആർക്കു നേരെയാണെങ്കിലും ജിയോ പ്രതികരിച്ചിട്ടുണ്ട്. നീതിയും സമത്വവും മനുഷ്യത്വവുമാണ് ജിയോ മുന്നോട്ടു വച്ചിട്ടുള്ള ധാർമിക മൂല്യങ്ങൾ. മലയാള സിനിമയെത്തന്നെ പ്രശസ്തിയിലേക്കെടുത്തുയർത്തുന്ന ജിയോയുടെ സിനിമകളിലും അദ്ദേഹത്തിന്റെ രാഷ്ട്രീയവും രാഷ്ട്രബോധവും വ്യക്തമാണ്. ഇതിൽ ഏത് ധാർമിക മൂല്യത്തെയാണ് ഫാറൂക്ക് കോളജിലെ വിദ്യാർഥികൾ എതിർക്കുന്നത്. സ്വാതന്ത്ര്യത്തെ? നീതിയെ? തുല്യതയെ? ഫാറൂഖ് കോളജിലെ വിദ്യാർഥികളോടാണ് ചോദ്യം. ഉത്തരം പ്രതീക്ഷിച്ചുള്ള ചോദ്യമാണിത്.’’ മാലാ പാർവതി പറഞ്ഞു.

English Summary:

Jeo Baby Against Calicut Farook College

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com