ADVERTISEMENT

വെള്ളപ്പൊക്കത്തിൽനിന്നു രക്ഷപ്പെടാൻ ക്ഷമയോടെ തന്റെ ഊഴം കാത്തിരുന്ന ബോളിവുഡ് താരം ആമിർ ഖാനെ പ്രശംസിച്ച് തമിഴ്‌നാട് വ്യവസായ മന്ത്രി ഡോ. ടി.ആർ.ബി. രാജ. ‘ഒരു ക്ലാസ് മനുഷ്യൻ’ എന്നാണ് ആമിറിനെ രാജ വിശേഷിപ്പിച്ചത്. അസുഖബാധിതയായ അമ്മയുടെ ചികിത്സയ്ക്കു വേണ്ടി കുറച്ചു മാസങ്ങളായി ചെന്നൈയിൽ താമസിക്കുകയാണ് ആമിർഖാൻ. വെള്ളപ്പൊക്കം ഏറെ നാശം വിതച്ച കാരമ്പാക്കത്താണ് അദ്ദേഹം താമസിക്കുന്നത്.

ചുറ്റും വെള്ളം ഉയർന്നതോടെ  കാരമ്പാക്കത്തുള്ള വസതിയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു ആമിർ ഖാൻ. എന്നാൽ തന്റെ സ്വാധീനം ഉപയോഗിച്ച് രക്ഷപ്പെടാൻ ശ്രമിക്കാതെ, ദുരന്തനിവാരണ സേനയുടെ ബോട്ടിൽ കയറാൻ തന്റെ ഊഴം കാത്തിരിക്കുകയായിരുന്നു ആമിർ ഖാൻ.  ഒടുവിൽ കോർപറേഷൻ അധികൃതർ എത്തിയാണ് നടൻ വിഷ്ണു വിശാലിനെയും ആമിറിനെയും രക്ഷപ്പെടുത്തിയത്. കാരമ്പാക്കത്തു തന്നെ മറ്റൊരു വീട്ടിലായിരുന്നു വിഷ്ണു കുടുങ്ങിയത്. അദ്ദേഹത്തിന്റെ സഹായാഭ്യർഥനയെ തുടർ‌ന്നാണ് രക്ഷാപ്രവർത്തകരെത്തി നടന്മാരെയടക്കം പ്രളയബാധിതമേഖയിൽനിന്നു മാറ്റിയത്. വിഷ്ണു വിശാൽ എക്സിൽ പങ്കുവച്ച നന്ദി കുറിപ്പിനുള്ള മറുപടിയിലാണ് മന്ത്രി ടി.ആർ.ബി.രാജ ആമിറിനെ പുകഴ്ത്തിയത്.

“അഭിനന്ദനത്തിന് നന്ദി വിഷ്ണു വിശാൽ, ഇങ്ങനെ ഒരു ക്ലാസ്സ് മനുഷ്യനായിരിക്കുന്നതിന് നിങ്ങളുടെ അടുത്തു നിൽക്കുന്ന ജെന്റിൽമാനോട് ദയവായി നന്ദി പറയുക. സ്വന്തം കാര്യം നോക്കി രക്ഷപ്പെടാനുള്ള ചരടുവലികളൊന്നും അദ്ദേഹം നടത്തിയില്ലെന്നത് അതിശയകരമാണ്. രക്ഷപ്പെടാൻ ഊഴം കാത്തിരിക്കുന്ന ജനങ്ങളിൽ ഒരാളെപ്പോലെ അദ്ദേഹവും തന്റെ ഊഴത്തിനായി കാത്തിരിക്കുകയായിരുന്നു.  

സ്വന്തം കാര്യം നേടാൻ പിന്നിൽ ചരടുവലികൾ നടത്തുന്ന എല്ലാവർക്കും ആമിർ ഒരു പാഠമാണ്. പ്രശ്‌നത്തിന്റെ വ്യാപ്തിയെക്കുറിച്ച് മനസ്സിലാക്കി തന്റെ ഊഴത്തിനായി ക്ഷമയോടെ കാത്തിരുന്ന മിസ്റ്റർ ഖാനെ പോലെയുള്ള ആളുകൾക്ക് അഭിനന്ദനങ്ങൾ. ഞങ്ങളുടെ രക്ഷാപ്രവർത്തന ഷെഡ്യൂളിൽ ഞങ്ങൾ ഉറച്ചുനിൽക്കും.” ടി.ആർ.ബി രാജ എക്‌സിൽ കുറിച്ചു.

English Summary:

Tamilnadu minister hails Aamir Khan for not pulling strings during Cchennai floods

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com