ADVERTISEMENT

‘കണ്ണൂർ സ്ക്വാഡ്’ സിനിമയെ കുറ്റം പറഞ്ഞ ഒരു സംവിധായകനെക്കുറിച്ചുള്ള റോബി വർഗീസ് രാജിന്റെ വെളിപ്പെടുത്തൽ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. പത്മ തിയറ്ററിനുള്ളിൽ സിനിമ കാണാൻ എത്തിയപ്പോഴാണ് ഒരു സംവിധായകൻ സിനിമയുടെ ക്ലൈമാക്സിനെ കുറ്റം പറയുന്നത് കേട്ടതെന്നായിരുന്നു റോബി വർഗീസ് ഒരഭിമുഖത്തിൽ വെളിപ്പെടുത്തിയത്. വരാനിരിക്കുന്ന പ്രമുഖ നടന്റെ സിനിമയാണ് ഇയാൾ സംവിധാനം ചെയ്യുന്നതെന്നും റോബി പറഞ്ഞിരുന്നു. വിഡിയോ വൈറലായതോടെ ഈ സംവിധായകന്റെ പേരു തേടി മമ്മൂട്ടി ആരാധകരടക്കമുള്ളവർ രംഗത്തുവന്നു. പല പേരുകളും ചർച്ചയായെങ്കിലും കൂടുതൽ ആക്രമണം നേരിട്ടത് ടൊവിനോ ചിത്രമായ ‘അജയന്റെ രണ്ടാം മോഷണ’ത്തിന്റെ സംവിധായകനായ ജിതിൻ ലാൽ ആണ്. ആ സംവിധായകൻ ജിതിൻ ലാൽ ആണെന്നായിരുന്നു ചിലരുടെ കണ്ടെത്തൽ. ഇതോടെ സംഭവത്തിൽ വിശദീകരണവുമായി റോബി തന്നെ രംഗത്തുവന്നു. ആ പേരിനായുള്ള വേട്ടയാടല്‍ എല്ലാവരും നിർത്തണമെന്നും  ഇതുമായി യാതൊരു ബന്ധവുമില്ലാത്ത ജിതിനു ബുദ്ധിമുട്ടുകൾ നേരിട്ടതിൽ മാപ്പ് ചോദിക്കുന്നുവെന്നും റോബി വർഗീസ് പറഞ്ഞു.

‘‘എന്റെ അഭിമുഖവുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള ചർച്ചകൾ സോഷ്യൽമീഡിയയിൽ നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. ഇത്തരം സംഭവങ്ങൾ എല്ലായിടങ്ങളിലും നടക്കുന്നതാണെന്ന് ഞാൻ മനസ്സിലാക്കണമായിരുന്നു. മാത്രമല്ല ആ അഭിമുഖത്തിൽ എന്റെ വികാരം നിയന്ത്രിക്കാനും സാധിക്കാതെ വന്നു. ഞാൻ പറഞ്ഞ ആളുകളുടെ പേരുകൾ തിരഞ്ഞുപോകുന്നവരോട് ഒരപേക്ഷയുണ്ട്. ദയവു ചെയ്ത് ഇനി ഇതിനു പുറകെ പോകരുത്. നമുക്ക് നമ്മുടെ മറ്റ് പ്രവൃത്തികളിൽ ശ്രദ്ധതിരിക്കാം.

ഈ കുറച്ച് മണിക്കൂറുകളിൽ നിങ്ങൾക്കു സംഭവിച്ച ബുദ്ധിമുട്ടുകളിൽ ജിതിൻ ലാലിനോട് ഞാൻ മാപ്പ് ചോദിക്കുന്നു. കാരണം നിങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യത്തിനാണ് ഇത്രയധികം ബുദ്ധിമുട്ട് നേരിടേണ്ടി വന്നത്. ജിതിൻ എന്റെ അടുത്ത സുഹൃത്താണ്. കണ്ണൂർ സ്ക്വാഡ് റിലീസ് ചെയ്ത ശേഷം എന്നെ ആദ്യം വിളിച്ച് അഭിനന്ദിക്കുന്ന ഒരാള്‍ കൂടിയാണ് ജിതിൻ. ആ പേരിനായുള്ള വേട്ടയാടൽ നിർത്തൂ. ഇതൊരു അപേക്ഷയാണ്.’’–റോബി വർഗീസിന്റെ വാക്കുകൾ.

റോബി വർഗീസിനു മറുപടിയുമായി ജിതിനും എത്തി. തന്നെയും തന്റെ ടീമിനെയും ചേർത്ത് സോഷ്യൽമീഡിയയിൽ നിറയുന്ന ഊഹാപോഹങ്ങൾ ഇതോടെ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും റോബിക്ക് നന്ദി പറയുന്നുവെന്നും ജിതിൻ കുറിച്ചു.

tovino-jithin

ഒരാളുടെ സിനിമകൾ നന്നായിട്ടില്ലെങ്കിൽ അതിൽ സന്തോഷം കണ്ടെത്തുന്ന ജനത നമുക്കുണ്ടോ എന്ന അവതാരകയുടെ ചോദ്യത്തിനാണ് തനിക്കു നേരിട്ട ഒരനുഭവത്തെക്കുറിച്ച് റോബി തുറന്നു പറഞ്ഞത്.

‘‘ജനതയല്ല, നമ്മുടെ ഇൻഡസ്ട്രിയിലെ ഒരു കാര്യം പറയാം. നേരിൽ കണ്ട കാര്യമാണ്. ‘കണ്ണൂർ സ്ക്വാഡ്’ റിലീസ് ചെയ്ത് രണ്ടാം ദിവസം പത്മ തിയറ്ററില്‍ പോയിരുന്നു. ഹൗസ്ഫുൾ ഷോ നടക്കുകയാണ്. പത്മ തിയറ്ററിന്റെ അകത്തു കയറി ഷോ നിന്നു കാണാൻ സാധിക്കില്ല, ഭിത്തിയോട് അടുപ്പിച്ചാണ് സീറ്റ് അറേഞ്ച് െചയ്തിരിക്കുന്നത്. എനിക്ക് വയറു കൂടി ഉള്ളതുകൊണ്ട് സൈഡില്‍ നിന്ന് എങ്ങനെയൊക്കെയോ ആണ് സിനിമ കണ്ടത്. 

തിയറ്ററിന്റെ മുകളിലും ഒരു ക്ലാസ് ഉണ്ട്. അവിെട, ഇപ്പോൾ ചെയ്യാൻ പോകുന്ന പ്രധാന നടന്റെ സിനിമയുടെ സംവിധായകനും അസിസ്റ്റന്റ്സും കൂടി ഓപ്പൺ ആയി കണ്ണൂർ സ്ക്വാഡിന്റെ ക്ലൈമാക്സിനെക്കുറിച്ച് കമന്റ് അടിച്ചുകൊണ്ടിരിക്കുകയാണ്. അപ്പോള്‍ എനിക്കറിയില്ല അദ്ദേഹം സംവിധായകനാണെന്ന്. എന്റെ കൂടെയുള്ള സെക്കൻഡ് യൂണിറ്റ് ഡിഒപി പയ്യനാണ് അത് സംവിധായകനാണെന്ന് പറയുന്നത്. വലിയൊരു പടം വരാനിരിക്കുന്ന ആളാണ്. എനിക്കത് കേട്ടപ്പോൾ സങ്കടം തോന്നി. കാരണം, പുള്ളിയുടെ ഒരു പടം വരാനിരിക്കുന്നതാണ്. പുള്ളി പറയുന്നതിൽ പ്രശ്നമില്ല, പക്ഷേ ബാക്കിയുള്ളവരെ കൂടി ബുദ്ധിമുട്ടിച്ച് ഇത്രയും ഓപ്പൺ ആയി പറയേണ്ട കാര്യമില്ലെന്നാണ് തോന്നിയത്.’’–റോബി വർഗീസിന്റെ വാക്കുകൾ.

English Summary:

Roby Varghese apologizes to Jitin Lal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com