ADVERTISEMENT

വിനയ് ഫോർട്ടിനെയും ‘ആട്ടം’ സിനിമയെയും പ്രശംസിച്ച് കോൺഗ്രസ് നേതാവ് പി.സി. വിഷ്ണുനാഥ്. വിനയ് ഫോർട്ട് തന്റെ കഥാപാത്രത്തെ വളരെ തന്മയത്വത്തോടെ അവതരിപ്പിച്ചുവെന്നും പ്രസക്തമായ പ്രമേയമാണ് സിനിമ കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

‘‘തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ വച്ച് 'ആട്ടം' കണ്ടു. പ്രധാന വേഷം പകർന്നാടിയ വിനയ് ഫോർട്ടിനെ തിയറ്റർ പരിസരത്ത് വച്ച് തന്നെ കയ്യോടെ പിടികൂടി, അഭിനന്ദിച്ചു. പ്രസക്തമായ പ്രമേയം ശക്തമായ് തന്നെ അവതരിപ്പിച്ചു. പ്രേക്ഷക ശ്രദ്ധ മാറാതെ കഥാഗതിയിൽ ആദ്യാവസാനം പിടിച്ചുനിർത്താൻ ആട്ടത്തിന് സാധിച്ചു. സ്ത്രീപക്ഷ രാഷ്ട്രീയത്തെ ഉൾപ്പെടെ വ്യത്യസ്തമായി പ്രതിഫലിപ്പിച്ചു. നവാഗതനായ ആനന്ദ് ഏകര്‍ഷി ഒത്തിരി പ്രതീക്ഷ നൽകുന്ന സംവിധായകനാണ്. പശ്ചാത്തല സംഗീതം ഉൾപ്പെടെ ഹൃദയാനുഭവവുമായി.

തെലങ്കാനയിലെ തിരഞ്ഞെടുപ്പ് ചുമതലയ്ക്കു ശേഷം മണ്ഡലത്തിൽ തിരക്കായതിനാൽ മുൻകാലങ്ങളിലെ പോലെ കൂടുതൽ സിനിമകൾ ഇത്തവണ കാണാൻ സാധിച്ചില്ല. 2008 ൽ ഭൂട്ടാനിൽ നടന്ന ആദ്യ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ The Monk and the Gun, ജാപ്പനീസ് ചിത്രമായ Monster, ഫ്രഞ്ച് പടമായ Anatomy of a Fall എന്നിവയും നല്ല ദൃശ്യാനുഭവമായി. 

എന്നാൽ ഈ കണ്ട സിനിമകളിൽ വച്ച് എനിക്ക് ഏറ്റവും മികച്ചതായി തോന്നിയത് 'ആട്ടം' തന്നെയാണ്. ആണത്ത അഹന്തകൾ ഉള്ള, ഏറെ പൊസ്സസീവ് ആയ കഥാപാത്രത്തെ വിനയ് ഫോർട്ട് തന്മയത്വത്തോടെ അവതരിപ്പിച്ചു; നായികയായ സറിന്‍ ഉള്‍പ്പെടെ എല്ലാ അഭിനേതാക്കളും കഥയോട് നീതി പുലർത്തി. തീർച്ചയായും വർത്തമാനകാല സാഹചര്യത്തിൽ എല്ലാവരും കണ്ടിരിക്കേണ്ട ഒരു ചിത്രം കൂടിയാണ് ആട്ടം.  ആട്ടം ഉടൻ തിയേറ്ററിൽ എത്തും. അണിയറ പ്രവർത്തകർക്ക് എല്ലാവിധ ആശംസകളും.’’–പി.സി. വിഷ്ണുനാഥിന്റെ വാക്കുകൾ.

വിനയ് ഫോർട്ട്, സറിൻ ഷിഹാബ്, കലാഭവൻ ഷാജോൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആനന്ദ് ഏകർഷി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘ആട്ടം’. ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ അജിത് ജോയ് നിർമിക്കുന്ന നാലാമത്തെ ചിത്രമായ ‘ആട്ട’ത്തിന്റെ ഛായാഗ്രഹണം അനുരുദ്ധ് അനീഷ് നിർവഹിക്കുന്നു

English Summary:

PC Vishnunadh Praises Aattam Movie

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com