ADVERTISEMENT

‘പഞ്ചായത്ത് ജെട്ടി’ എന്ന സിനിമയുടെ പൂജാവേളയിൽ കാണികളെ പൊട്ടിച്ചിരിപ്പിച്ച് നടൻ സലീംകുമാർ. ടെലിവിഷൻ ഹിറ്റ് പരമ്പരയായ മറിമായത്തിലെ മണികണ്ഠൻ പട്ടാമ്പിയും സലിം ഹസ്സനും ചേർന്ന് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പഞ്ചായത്ത് ജെട്ടി’. മറിമായത്തിലെ മുഴുവൻ അഭിനേതാക്കളോടൊപ്പം സലിം കുമാറും ഒരു ചെറിയ വേഷത്തിൽ ചിത്രത്തിൽ എത്തുന്നുണ്ട്.  സുഖമില്ലാതിരുന്നത് കാരണം സിനിമ അഭിനയം തൽക്കാലം നിർത്തിവച്ചിരുന്നതാണെന്നും മറിമായത്തിന്റെ ഫാൻ ആയതുകാരണമാണ്‌ ഒരു വേഷം ചെയ്യാമെന്ന് സമ്മതിച്ചതെന്നും സലിം കുമാർ പറയുന്നു. ഒരു കലാകാരന് മറ്റൊരു കലാകാരനോട് അസൂയ തോന്നുന്നത് അയാളേക്കാൾ നന്നായി മറ്റെയാൾ അഭിനയിക്കുമ്പോഴാണ്. തനിക്ക് അസൂയ തോന്നിയിട്ടുള്ളത് മറിമായത്തിലെ താരങ്ങളോടാണെന്നും കോമഡി ചെയ്തു കണ്ണു നനയിക്കാൻ ഇവർക്ക് മാത്രമേ കഴിയൂ എന്നും സലിം കുമാർ പറഞ്ഞു  

‘‘ഞാൻ സുഖമില്ലാതെ ഇരിക്കുകയായിരുന്നു. ഒരു കണ്ണട വാങ്ങാൻ ഒരു കടയിൽ കയറിയതാണ്. ഒരു സ്റ്റെപ്പ് കണ്ടില്ല. ഇങ്ങനെ ഇരുന്ന കാല് ഇങ്ങനെ ആയിപ്പോയി. ഒരു മാസം കഴിഞ്ഞിട്ടും കാലു ശരിയായിട്ടില്ല. നടക്കാൻ വല്ലാത്ത പേടിയുണ്ട്. രണ്ടുമൂന്നു പ്രാവശ്യം വീണ്ടും ഇതിനിടയ്ക്ക് വീണു. അപ്പൊ മനസ്സ് പറഞ്ഞു വയസ്സ് 54 ആയി. എന്നാലും ഇന്ന് ഈ പൂജയ്ക്ക് വന്നത് ഇവരോടുള്ള ഒരു ആരാധന കൊണ്ടാണ്. മണികണ്ഠനും റിയാസും സ്നേഹയും മറിമായത്തിലെ ഓരോ ആർട്ടിസ്റ്റുകളോടും വലിയ ഇഷ്ടമാണ്. ഓരോ എപ്പിസോഡ് കഴിയുമ്പോഴും ഇവരെയൊക്കെ വിളിക്കാറുണ്ട്. ഇനി കാണാനായിട്ട് എപ്പിസോഡുകളൊന്നും ബാക്കിയില്ല, തുടക്കം മുതൽ അവസാനം വരെ ഞാൻ കണ്ടിട്ടുണ്ട്. 

ഇവരെല്ലാവരും അസാധ്യ ആർട്ടിസ്റ്റുകൾ ആണ്. ദൈവം അറിഞ്ഞുകൊടുത്ത കഴിവാണ് കലാകാരന്മാർക്ക് ഉള്ളത്, ഇവർക്ക് അത് കുറച്ചു കൂടി പോയി. ഒരു കലാകാരനും മറ്റൊരു കലാകാരനോട് അസൂയ തോന്നുന്നത് അയാൾക്ക് ചെയ്യാൻ പറ്റാത്തത് മറ്റെയാൾ  ചെയ്യുന്നത് കാണുമ്പോഴാണ്.  ഇവർ കോയ ആയും ഹിന്ദു കഥാപാത്രങ്ങളായും അഭിനയിക്കുന്നത് കാണുമ്പോൾ അതിശയം തോന്നാറുണ്ട്.  ചില കഥാപാത്രങ്ങൾ എന്റെ കണ്ണ് നനയിച്ചിട്ടുണ്ട്. വേറൊരു കോമഡി സിനിമയും കോമഡി പ്രോഗ്രാമുകളും എന്റെ കണ്ണു നനയിച്ചിട്ടില്ല പക്ഷേ മറിമായം കണ്ടു എന്റെ കണ്ണു നിറഞ്ഞിട്ടുണ്ട്.  

ഒരു ബംഗാളിയുടെ എപ്പിസോഡ് കണ്ട് ഞാൻ കരഞ്ഞു പോയി. ഹൃദയസ്പർശി ആയുള്ള ഓരോ കാര്യങ്ങളും കോമഡിയിലൂടെ ഇവർ സമൂഹത്തിന്റെ മുന്നിൽ കാഴ്ചവച്ചിട്ടുണ്ട്. സലിം എന്നെ വിളിച്ചിട്ട് പറഞ്ഞു, ചേട്ടാ ഞങ്ങൾ ഒരു പടം ചെയ്യുന്നുണ്ട്.  അപ്പോൾ ഞാൻ വിചാരിച്ചു പടത്തിന്റെ പ്രമോഷനു വേണ്ടി എന്തെങ്കിലും പറയാനായാണെന്ന്. ഞാൻ പറഞ്ഞു വന്നോളൂ,  പറയാം എന്ന്. പക്ഷേ ഇവരെന്നെ ഈ സിനിമയിൽ അഭിനയിപ്പിക്കാനാണ് നോക്കിയത്.  പക്ഷേ ഞാൻ വയ്യാണ്ട് ഇരിക്കുകയായിരുന്നു. കുറെ കാലമായി അഭിനയിച്ചിട്ട്.  പണ്ട് ഇവരുടെ 500 എപ്പിസോഡിലേക്ക് എന്നെ വിളിച്ചിരുന്നു. ചേട്ടാ വന്നിട്ട് അഭിനയിച്ചിട്ട് പോകണം എന്ന് പറഞ്ഞെങ്കിൽ ഞാൻ അഭിനയിച്ചേനെ. പക്ഷേ ഇവർ എന്നെ വിളിച്ചിട്ട് എത്രയാണ് റേറ്റ് എന്ന് ചോദിച്ചു. ഞാനെന്റെ കാശു പറഞ്ഞു. പിന്നെ ഇവരെ ആ വഴിക്ക് പോലും കണ്ടില്ല. അതെനിക്ക് വലിയ സങ്കടമായി.  

കാരണം ഇവരുടെ കൂടെ അഭിനയിക്കാൻ എനിക്ക് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ എന്റെ കാശ് എത്രയാണെന്ന് ചോദിച്ചപ്പോൾ അത് എനിക്ക് പറയാതിരിക്കാൻ പറ്റില്ലല്ലോ. അതു പറഞ്ഞെന്നേയുള്ളൂ. ഇവർ ഒന്നും തരാനില്ല ചേട്ടാ എന്ന് പറഞ്ഞാലും ഞാൻ അഭിനയിച്ചേനെ. അത്രയ്ക്ക് ആഗ്രഹമായിരുന്നു.  തിരിച്ച് അങ്ങോട്ട് ചെന്ന് ചോദിക്കാനും പറ്റില്ല. ഒന്നും തന്നില്ലെങ്കിലും കുഴപ്പമില്ല ഞാൻ വെറുതെ പറഞ്ഞതാണ് എന്ന് പറയാനും പറ്റില്ല കാരണം നമ്മൾ ഒരു സാധനം ഇവിടെ ഇവിടെ വിൽക്കാൻ വച്ചിരിക്കുകയാണ് അതിന്റെ വില ചോദിച്ചാൽ നമ്മൾ വില പറയും. ഇവർ എന്റെ സൗഹൃദം ഒന്നും മുതലെടുത്തിട്ടില്ല.  ഒരു കച്ചവടക്കാരന്റെ സ്വഭാവം ഞാൻ കാണിക്കുകയും ചെയ്തു. 

ഒരുപാട് സിനിമകൾ വന്നിട്ടും അഭിനയിക്കാതെ വിട്ട സമയങ്ങളാണ് ഇത്. ഇവർ വന്ന് വിളിച്ചപ്പോൾ മൂന്നുനാലു ദിവസമേ ഉള്ള ഷൂട്ട് എന്ന് പറഞ്ഞപ്പോൾ എന്നാൽ ഞാൻ വന്നു ചെയ്യാം എന്ന് പറഞ്ഞു. അന്ന് 500ാം എപ്പിസോഡിൽ ചെയ്യാൻ പറ്റാത്തത് ഇപ്പോൾ ചെയ്യുവാൻ പോവുകയാണ്. എന്റെ റേറ്റ് ഒന്നും ഞാൻ പറയുന്നില്ല കേട്ടോ. എന്റെ റേറ്റ് ഒക്കെ ഇവർക്ക് അറിയാം. കാരണം ഞാൻ ഷാഫിയുടെ പുലിവാൽ കല്യാണം, പിഷാരടിയുടെ പഞ്ചവർണ്ണ തത്ത എന്നീ സിനിമകൾ ചെയ്തിട്ടുണ്ട്. അതുകൊണ്ട് കച്ചവടക്കാരന്റെ വില എന്താണെന്ന് അവർക്ക് അറിയാം. ലാലുവിന്റെ അച്ഛൻ ഉറങ്ങാത്ത വീട് എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ ഞങ്ങൾ ഇരുന്ന് ഇങ്ങനെ സംസാരിക്കുമായിരുന്നു ആ മണികണ്ഠൻ ഒക്കെ അസാധ്യ ആർട്ടിസ്റ്റ് ആണെന്ന‌ൊക്കെ. അപ്പോൾ ബാബു ജനാർദ്ദനൻ പറയും ഇവിടുത്തെ മനോജ് ബാജ്പെയാണ് അയാൾ എന്ന്. അടുത്ത ഒരു സ്റ്റാറാണ് മണികണ്ഠൻ എന്ന് ഞങ്ങളൊക്കെ എപ്പോഴും പറയും. മണികണ്ഠന് ഇതൊരു തുടക്കമാകട്ടെ എന്ന് പ്രാർഥിച്ചുകൊണ്ട് നിർത്തുന്നു.’’– സലിം കുമാർ പറഞ്ഞു.

മഴവിൽ മനോരമയിലെ ശ്രദ്ധേയ പരിപാടിയായ മറിമായത്തിലെ സലിം ഹസ്സൻ, നിയാസ് ബക്കർ, ഉണ്ണിരാജ്, വിനോദ് കോവൂർ, മണി ഷൊർണ്ണൂർ, മണികണ്ഠൻ പട്ടാമ്പി, രാഘവൻ, റിയാസ്, സജിൻ, ശെന്തിൽ, അരുൺ പുനലൂർ, ആദിനാട് ശശി, ഉണ്ണി നായർ, രചനാ നാരായണൻകുട്ടി, സ്നേഹാ ശ്രീകുമാർ, വീണാ നായർ, രശ്മി അനിൽ, കുളപ്പുളി ലീല, സേതുലഷ്മി, ഷൈനി സാറാ, പൗളി വത്സൻ എന്നിവരാണ് പഞ്ചായത്ത് ജെട്ടിയിൽ അഭിനയിക്കുന്നത്.  പഞ്ചവർണ്ണ തത്ത, ആനക്കള്ളൻ, ആനന്ദം പരമാനന്ദം പുലിവാൽ കല്യാണം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ സപ്തത രംഗ് ക്രിയേഷൻസും ഗോവിന്ദ് ഫിലിംസും ചേർന്നാണ് ഈ ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് രഞ്ജിൻ രാജാണ്. ഛായാഗ്രഹണം ക്രിഷ് കൈമൾ, എഡിറ്റിങ് ശ്യാം ശശിധരൻ.

English Summary:

Actor Salim Kumar's unny Speech At Panchayath Jetty Movie Pooja Function

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com