ADVERTISEMENT

ദക്ഷിണേന്ത്യയിലെ യഥാർഥ സൂപ്പർ താരം മമ്മൂട്ടിയാണെന്ന് നടി ജ്യോതിക.  ഫിലിം കംപാനിയൻ സംഘടിപ്പിച്ച സിനിമാതാരങ്ങളുടെ റൗണ്ട് ടേബിളിൽ സംസാരിക്കവേയാണ് കാതലിൽ മമ്മൂട്ടിയോടൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചതിനെക്കുറിച്ച് ജ്യോതിക വാചാലയായത്.  ഒപ്പമുണ്ടായിരുന്ന നടൻ സിദ്ധാർഥും മമ്മൂട്ടിയെ അഭിനന്ദിച്ച് സംസാരിച്ചു.  തന്റെ പ്രശസ്തിയും സ്റ്റാർഡവും അവഗണിച്ചാണ് മമ്മൂട്ടി കാതലിലെ കഥാപാത്രം ഏറ്റെടുത്തതെന്ന് ജ്യോതിക പറഞ്ഞു. മമ്മൂട്ടിയുടെ കഴിഞ്ഞ രണ്ടുവർഷത്തെ സിനിമാതിരഞ്ഞെടുപ്പും ഓരോ കഥാപാത്രത്തോടുള്ള അഭിനിവേശവും അപാരമാണെന്ന് സിദ്ധാർഥ് പറഞ്ഞു.    

‘‘ഞാൻ ദക്ഷിണേന്ത്യയിലെ ഒട്ടുമിക്ക സൂപ്പർതാരങ്ങളോടൊപ്പവും അഭിനയിച്ചിട്ടുണ്ട്. എങ്കിലും എനിക്കിത് പറയാതെ വയ്യ മമ്മൂട്ടി ആണ് യഥാർഥ സൂപ്പർസ്റ്റാർ.  കാതലിൽ അഭിനയിക്കാൻ പോയ സമയത്ത് ആദ്യമായി അദ്ദേഹത്തെ കണ്ടപ്പോൾ ഞാൻ ചോദിച്ചു, ‘സർ അങ്ങ് എങ്ങനെയാണ് ഇത്തരമൊരു കഥാപാത്രം തിരഞ്ഞെടുത്തത്?’ അദ്ദേഹം എന്നോട് തിരിച്ചൊരു ചോദ്യം ചോദിച്ചു, "ആരാണ് യഥാർഥ നായകൻ? യഥാർഥ നായകൻ വില്ലനെപോയി ഇടിക്കുകയോ, ആക്‌ഷൻ ചെയ്യുകയോ പ്രണയരംഗങ്ങളിൽ അഭിനയിക്കുകയോ മാത്രം ചെയ്യുന്ന ആളായിരിക്കരുത്, പ്രശ്‌നങ്ങൾ പരിഹരിച്ചുകൊണ്ട് വിടവുകൾ നികത്തുന്ന വ്യക്തി കൂടി ആയിരിക്കണം യഥാർഥ നായകൻ.  

അദ്ദേഹത്തിന് കയ്യടികൊടുത്തേ മതിയാകൂ. കാരണം ഈ കഥാപാത്രം വിജയിച്ചില്ലെങ്കിൽ അദ്ദേഹത്തിന് നഷ്ടപ്പെടാൻ ഒരുപാടുണ്ടായിരുന്നു. കാരണം അത്തരമൊരു ഉന്നതിയിലാണ് അദ്ദേഹം ഇപ്പോഴുള്ളത്.’’  ജ്യോതിക പറയുന്നു.

‘‘മമ്മൂക്കയുടെ കഴിഞ്ഞ രണ്ടു വർഷത്തെ സിനിമാ തിരഞ്ഞെടുപ്പുകൾ ശരിക്കും അവിശ്വസനീയമാണ്. ദുരഭിമാനവും അഹന്തയുമൊന്നുമില്ലാതെ ഏത് കഥാപാത്രത്തെയും ഏറ്റെടുക്കാനുള്ള അദ്ദേഹത്തിന്റെ മനസ്സിനെ അഭിനന്ദിച്ചേ മതിയാകൂ. ഈ പ്രായത്തിലും  'നൻപകൽ നേരത്ത് മയക്കം', 'കാതൽ' തുടങ്ങിയ സിനിമകൾ ചെയ്യാൻ കാണിച്ച ധൈര്യം അപാരമാണ്. പുതിയ കഥാപാത്രങ്ങളെ കണ്ടെത്താനുള്ള അദ്ദേഹത്തിന്റെ ജിജ്ഞാസ താരതമ്യമില്ലാത്തതാണ്.’’– സിദ്ധാർഥ് പറയുന്നു.

English Summary:

Jyothika and Siddharth about Mammootty

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com