ADVERTISEMENT

‘മുംബൈ പൊലീസി’നെപ്പറ്റി ഇന്നും ചർച്ച ചെയ്യുന്നു എന്നതാണ് ആ സിനിമയുടെ വിജയമെന്ന് നടൻ പൃഥ്വിരാജ് സുകുമാരന്‍.  പൃഥ്വിരാജ് സ്വവര്‍ഗാനുരാഗിയായി അഭിനയിച്ച ‘മുംബൈ പൊലീസ്’ അന്നത്തെ മലയാള സിനിമയുടെ സ്വഭാവത്തെ തന്നെ പൊളിച്ചെഴുതിയ ചിത്രമാണ്. ബോബി–സഞ്ജയ്‌യുടെ തിരക്കഥയിൽ റോഷൻ ആൻഡ്രൂസ് ആയിരുന്നു സംവിധാനം.  ഈ സിനിമയിൽ അഭിനയിച്ചതിന് പൃഥ്വിരാജ് അന്ന് ഏറെ വിമർശനങ്ങൾ നേരിട്ടിരുന്നു.  നിങ്ങൾ എന്തിനാണ് ഇത്തരമൊരു വേഷം ചെയ്തത് എന്നാണ് സിനിമ റിലീസ് ചെയ്ത ആദ്യദിനങ്ങൾ പ്രേക്ഷകർ ചോദിച്ചതെന്നും ദിവസങ്ങൾ കഴിഞ്ഞപ്പോൾ ആ ചോദ്യം മാറി നിങ്ങൾ ഈ കഥാപാത്രം ചെയ്യാൻ കാണിച്ച ധൈര്യത്തെ അഭിനന്ദിക്കുന്നു എന്നതരത്തിൽ അഭിനന്ദനങ്ങൾ വന്നുവെന്നും പൃഥ്വിരാജ് പറയുന്നു. ഗാലട്ട മീഡിയയ്ക്കു നൽകിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് ഇക്കാര്യം വെളിപ്പെടുത്തിയത്.  

‘‘മുംബൈ പൊലീസ് എന്ന സിനിമയുടെ തിരക്കഥ എഴുതിയ ബോബി സഞ്ജയ്‌യും റോഷനും സിനിമയുടെ അവസാന 20 മിനിറ്റിനു മുൻപ് സ്റ്റക്ക് ആയി നിന്നു. തിരക്കഥ ഇനി ഏത് ദിശയിലേക്ക് കൊണ്ടുപോകണം, എന്താണ് ഒടുവിലത്തെ ട്വിസ്റ്റ് എന്ന് തീരുമാനിക്കാൻ കഴിയാതെ അവർ കുഴങ്ങി. അങ്ങനെ തന്നെ കുറെ മാസങ്ങൾ ഞങ്ങൾ ഇരുന്നു. ഒരു ദിവസം രാത്രി ഏറെ വൈകി റോഷൻ എന്നെ വിളിച്ചു.  ‘‘ബ്രോ സിനിമയുടെ മെറിറ്റിന് വേണ്ടി എന്തും ചെയ്യുമെന്ന് എന്നോട്  ഒരിക്കൽ പറഞ്ഞത് ഓർക്കുന്നുണ്ടോ?’’ എന്ന് ചോദിച്ചു.  

ഞാൻ പറഞ്ഞു തീർച്ചയായും ഓർക്കുന്നുണ്ട്. എന്നാൽ എനിക്ക് പൃഥ്വിയെ ഒന്ന് കാണാൻ കഴിയുമോ എന്ന് ചോദിച്ചു. ഞാൻ പറഞ്ഞു വരൂ. അങ്ങനെ സഞ്ജയ്‌യും റോഷനും കൂടി ഒരു ദിവസം എന്നെ വന്നു കണ്ടു.  സിനിമയുടെ ക്ളൈമാക്സിനെക്കുറിച്ച് അവരുടെ ഐഡിയ വളരെ സൂക്ഷ്മതയോടെ എന്നോട് പറഞ്ഞു. ഞാൻ ആദ്യം ചെയ്തത് അത് കേട്ട് കയ്യടിക്കുകയായിരുന്നു.  ഇത് അസാധ്യ ട്വിസ്റ്റ് ആണ് നമുക്കിത് ചെയ്യാം എന്നാണ് ഞാൻ അവരോടു പറഞ്ഞത്. അപ്പോൾ ഞാൻ ഉദ്ദേശിച്ചത് ഒരു താരം ഇത്തരത്തിൽ ഒരു ട്വിസ്റ്റിൽ അഭിനയിക്കുന്നതിന്റെ അസ്വാഭാവികതയെ കുറിച്ചല്ല. പക്ഷേ ഇത് ആരും പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റ് ആയിരിക്കും എന്നെനിക്ക് തോന്നി.  

പക്ഷേ അതേ ട്വിസ്റ്റ് ഇന്ന് വർക്ക് ചെയ്യില്ലെന്ന് ഉറപ്പിച്ചു പറയുന്നു. ആ ട്വിസ്റ്റിന് പ്രേക്ഷകരെ ഞെട്ടിക്കാൻ കഴിയുന്ന ഒരു മൂല്യം ഇന്നില്ല. സിനിമയിൽ ഒരു നായകൻ സ്വവർഗാനുരാഗിയായിരിക്കുന്നത് കണ്ടാൽ ഇന്ന് ആരും ഞെട്ടില്ല. അത്തരമൊരു ക്ലൈമാക്സ് ഞെട്ടിക്കുന്നതാകും എന്ന് ഇന്നത്തെ അവസ്ഥയിൽ കരുതാനാകില്ല. പക്ഷേ അന്ന് ആ ട്വിസ്റ്റിന് ജനങ്ങളെ ഞെട്ടിക്കാനുള്ള കഴിവുണ്ടായിരുന്നു. സിനിമ റിലീസ് ചെയ്ത ദിവസം ഞാൻ എന്റെ അമ്മയോടൊപ്പം ദോഹയിൽ ആയിരുന്നു. അന്ന് എനിക്ക് ഒരുപാട് കോളുകളും മെസ്സേജുകളും ലഭിച്ചു. എല്ലാവരും ചോദിച്ചത് നീ എന്തിനാണ് ഇത് ചെയ്തത്, നീ ഇത് ചെയ്യാൻ പാടില്ലായിരുന്നു, എന്താണ് ചെയ്തുവച്ചിരിക്കുന്നത് എന്നൊക്കെയാണ്. 

എന്നാൽ രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ സിനിമയെക്കുറിച്ചുള്ള പ്രേക്ഷകരുടെ നിലപാട് മാറിവന്നു. പിന്നെ മെസ്സേജ് മുഴുവൻ ‘ഹാറ്റ്സ് ഓഫ്, കൊള്ളാം, നിനക്ക് ധൈര്യമുണ്ട്’ എന്നൊക്കെയായി മാറാൻ തുടങ്ങി. ഇത് വലിയൊരു ചുവടുവയ്പ്പാണെന്നും അതൊരു മികച്ച സിനിമയാണെന്നും ആളുകൾ മനസ്സിലാക്കിത്തുടങ്ങി.  ആ ക്‌ളൈമാക്‌സിലെ ട്വിസ്റ്റ് അഭിനന്ദനാർഹമാവുകയും ആ തിരക്കഥ ഏറ്റവും മികച്ച തിരക്കഥയായി മാറുകയും ചെയ്തു.  ഇൻഡസ്‌ട്രിയിലെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നാണ് മുംബൈ പൊലീസെന്ന് ഞാൻ പറയാൻ ആഗ്രഹിക്കുന്നു. തീർച്ചയായും എന്റെയും മികച്ച ചിത്രങ്ങളിൽ ഒന്നാണത്. ഇന്നും നമ്മൾ ഇവിടെ ഇരുന്ന് ആ സിനിമയെപ്പറ്റി സംസാരിക്കുന്നു എന്നതാണ് മുംബൈ പൊലീസിന്റെ വിജയം.’’–പൃഥ്വിരാജ് പറഞ്ഞു.

മലയാള സിനിമാചരിത്രത്തിൽ തന്നെ ആദ്യമായി ഒരു സൂപ്പർതാരം മുഖ്യധാരാസിനിമയിൽ സ്വവർഗപ്രണയിയായ നായക കഥാപാത്രത്തെ അവതരിപ്പിച്ച സിനിമയായിരുന്നു മുംബൈ പൊലീസ്. ബോബി-സഞ്ജയ് ടീം തിരക്കഥയെഴുതി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത് 2013ൽ പുറത്തിറങ്ങിയ ചിത്രം ബോക്സ്ഓഫിസിലും ശ്രദ്ധിക്കപ്പെട്ടു.  പൃഥ്വിരാജ്, ജയസൂര്യ എന്നിവർക്ക് പുറമെ റഹ്മാൻ, അപർണ നായർ, ഹിമ ഡേവിസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രം നിർമിച്ചത് നിഷാദ് ഹനീഫയാണ്.  2013-ലെ മികച്ച തിരക്കഥയ്ക്കുള്ള കേരള സംസ്ഥാന അവാർഡും സിനിമ സ്വന്തമാക്കി.

English Summary:

Prithviraj Sukumaran talks about the gay character in Mumbai Police movie

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com