ADVERTISEMENT

നവസംവിധായകനായ മിഥുൻ മുരളിയുടെ "കിസ് വാഗൺ" എന്ന പരീക്ഷണചിത്രം ഇത്തവണത്തെ റോട്ടർഡാം രാജ്യാന്തര ഫിലിംഫെസ്റ്റിവലിലെ സുപ്രധാനമായ ടൈഗർ മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ഇത്തവണ ഈ വിഭാഗത്തിലെ ഏക ഇന്ത്യൻ സിനിമ കൂടിയാണിത് എന്നത് മലയാളത്തിനഭിമാനകരമാണ്.  
 

മിലിറ്ററി ഭരിക്കുന്ന സാങ്കൽപ്പിക നഗരത്തിൽ പാർസൽ സർവീസ് നടത്തുന്ന ഐല എന്ന പെൺകുട്ടിയുടെ യാത്രയാണ് ചിത്രത്തിന്റെ പ്ലോട്ട്. പാർസൽ ഡെലിവെറിയുടെ ഭാഗമായി നടത്തുന്ന അവളുടെ സാഹസികമായ യാത്ര, ചലനാത്മകമായ ശബ്ദ-ദൃശ്യ അകമ്പടികളോടെ വലിയൊരു കഥാലോകത്തെ തുറന്നു കാട്ടുന്നു. നിഴൽനാടകങ്ങളുടെ (shadow play) രൂപഘടന ഇമേജറികളിൽ ഉൾക്കൊണ്ട് കൊണ്ട് രണ്ടായിരത്തോളം കരകൗശലനിർമിതമായ ഷോട്ടുകളുടെയും ഓഡിയോ-വീഡിയോ അകമ്പടികളുടെയും മൂന്നുമണിക്കൂർ നീളുന്ന ഒരു ബൃഹത്തായ മിശ്രിതമാണീ രസകരമായ എപിക് ആഖ്യാനചിത്രം, ആ നിലയ്ക്കും ഒരുപക്ഷെ ആദ്യമായിട്ടാണ് ഇതുപോലൊരു ഫീച്ചർ ഫിലിം ശ്രമം. 
 

ഒരു ഒറ്റയാൾ സൈന്യം പോലെ, ഒരു ബദൽ പ്രസ്താവന പോലെ തന്റെ സിനിമയുടെ വിവിധ ഡിപ്പാർട്മെന്റുകൾ കൈകാര്യം ചെയ്തതത്രയും സൃഷ്ടാവായ മിഥുനാണ്. "പാരമ്പര്യേതര രീതിയിൽ ഒരു സിനിമ സൃഷ്ടിക്കുന്നതിനെ ചുറ്റിപ്പറ്റിയായിരുന്നു പ്രധാന ആലോചന. സിനിമ സംവിധായകന്റെ കലയാണെങ്കിലും, അതിനെ പലപ്പോഴും അവഗണിച്ചുകൊണ്ട് മിക്ക സിനിമാപ്രേമികളും സ്ക്രീനിലെ അഭിനേതാക്കളുടെ പ്രകടനം മാത്രമാണ് ശ്രദ്ധിക്കുന്നത്. ഈ ശീലത്തെ മറികടക്കാനുള്ള കൗതുകകരമായ തിരിച്ചറിവാണ് "കിസ് വാഗൺ" എന്ന ചിത്രത്തിലേക്ക് നയിച്ചത്... പരമ്പരാഗത സങ്കൽപ്പങ്ങളെ ആശ്രയിക്കാതെ, ആളുകളുടെ മുഖങ്ങളെ ഉൾപ്പെടുത്താതെ, ഓരോ ഫ്രയിമും ഡിജിറ്റലി നിർമിച്ചെടുത്തു കൊണ്ട് രചന, എഡിറ്റിംഗ്, ശബ്ദം, സംഗീതം, ആഖ്യാന ശൈലി, രൂപം, ഘടന തുടങ്ങിയ സിനിമാറ്റിക് ഘടകങ്ങളെ മാത്രം ആശ്രയിക്കുന്ന ഒരു മിക്സഡ്-മീഡിയ ഫീച്ചർ ഫിലിം ആയിരുന്നു ലക്ഷ്യം" മിഥുൻ പറയുന്നു.
 

ചിത്രത്തിന്റെ തിരക്കഥാകൃത്തായ ഗ്രീഷ്മ രാമചന്ദ്രനോടൊപ്പം രണ്ടുവർഷത്തോളം നീണ്ടുനിന്ന ശ്രമങ്ങൾക്കൊടുവിലാണ് ഇത്തരമൊരു രസകരമായ പരീക്ഷണ ഫാന്റസിക്ക് തന്റെ കംപ്യൂട്ടറിനുള്ളിൽ മിഥുൻ ജീവൻ നൽകിയത്. അനിമേഷനും, എഡിറ്റിങ്ങും, സൗണ്ട് ഡിസൈനും, മ്യൂസിക്കും എല്ലാം കൈകാര്യം ചെയ്തിരിക്കുന്നത് മിഥുൻ തന്നെ. ഡി. മുരളിയാണ് പ്രൊഡ്യൂസർ. 
 

മർച്ചന്റ് നേവിയിൽ ജോലിചെയ്തിരുന്ന മിഥുന് ചെറുപ്പകാലം മുതൽക്കേ സിനിമാ മോഹമുണ്ട്. ജോലി ഉപേക്ഷിച്ച ശേഷം, 2015-ൽ "ഗ്രഹണം" എന്ന ചിത്രവും, 2017-ൽ "ഹ്യൂമാനിയ" എന്ന ചിത്രവും വളരെ പരിമിതമായ സാഹചര്യത്തിൽ ഷൂട്ട് ചെയ്തു പൂർത്തിയാക്കി തന്റേതായ ശൈലിയിൽ പോസ്റ്റ് പ്രൊഡക്ഷനിലൂടെ വികസിപ്പിച്ചെടുത്ത ചരിത്രവും മിഥുനുണ്ട്. അവയെല്ലാം തന്നെ പ്രധാന ഫെസ്റ്റിവലുകളിൽ റിലീസ് ചെയ്യാതെ വിരലിലെണ്ണാവുന്ന പ്രാദേശിക ഷോകളിൽ മാത്രം ഒതുങ്ങി. 'ഡിജിറ്റലി ചിന്തിക്കുന്ന സിനിമകൾ' എന്ന തലക്കെട്ടോടെ പ്രസിദ്ധ നിരൂപകൻ ശ്രീ. സി എസ് വെങ്കിടേശ്വരൻ ഈ ചിത്രങ്ങളെ ഒരിക്കൽ പരിചയപ്പെടുത്തിയിരുന്നു.
 

നവാഗത സംവിധായകനും, സംസ്ഥാന അവാർഡ് ജേതാവുമായ കൃഷ്ണേന്ദു കലേഷാണ് മിഥുന്റെ ഈ സുപ്രധാന ചിത്രത്തെ റോട്ടർഡാമിൽ അവതരിപ്പിക്കുന്നത്. 2022-ൽ ഇറങ്ങിയ കൃഷ്ണേന്ദുവിന്റെ "പ്രാപ്പെട" എന്ന ചിത്രത്തിന്റെ വേൾഡ് പ്രീമിയറും റോട്ടർഡാമിൽ ആയിരുന്നു. "പ്രാപ്പെട"യുടെ പോസ്റ്റ് പ്രൊഡക്ഷനിൽ മിഥുൻ മുരളി പങ്കാളിയായിരുന്നു. 
 

അടുത്ത വർഷം ജനുവരി 25 മുതൽ ഫെബ്രുവരി 4 വരെയാണ് നെതർലൻഡ്സിലെ റോട്ടർഡാം നഗരത്തിൽ 53-മത് IFFR ഫെസ്റ്റിവൽ നടക്കുന്നത്.

English Summary:

Malayalam movie selected for IFFR Festival

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com