ADVERTISEMENT

അറുപതിലധികം സിനിമകളിൽ അഭിനയിച്ച ബീന കുമ്പളങ്ങി ആശ്രയിക്കാന്‍ ആരുമില്ലാതെ ഒറ്റയ്ക്കായിരുന്നു ജീവിതം മുന്നോട്ട് കൊണ്ടുപോയിരുന്നത്. ഒരുപാട് ദുരിതത്തിലൂടെ കടന്നുപോയ നടിക്ക് താരസംഘടനയായ ‘അമ്മ’ വീട് വച്ച് നല്‍കുകയും പെന്‍ഷന്‍ കൊടുക്കുകയുമൊക്കെ ചെയ്തിരുന്നു. ഇപ്പോള്‍ ആ വീട് പോലും നഷ്ടപ്പെട്ട അവസ്ഥയില്‍ വീട്ടില്‍ നിന്നും ഇറങ്ങേണ്ടി വന്നതായി വെളിപ്പെടുത്തിയിരിക്കുകയാണ് നടി. തന്റെ അനിയത്തിയും കുടുംബവും വീട്ടില്‍ താമസിക്കുകയും ആ വീട് വേണമെന്ന് പറഞ്ഞ് മാനസികമായി ഉപദ്രവിച്ചുവെന്നുമാണ് ബീന കുമ്പളങ്ങി മാധ്യമങ്ങളെ അറിയിച്ചിരിക്കുന്നത്. പിന്നാലെ ബീന കുമ്പളങ്ങിയെ ജനസേവ കേന്ദ്രത്തിലേക്ക് മാറ്റിയതായി നടിയും സാമൂഹ്യ പ്രവര്‍ത്തകയുമായ സീമ ജി. നായര്‍ അറിയിച്ചു.

‘‘പണ്ടത്തെ ജന്മി കുടുംബമായിരുന്നു ഞങ്ങളുടേത്. കൊപ്രയുടെ ബിസിനസ് ആയിരുന്നു. ഞങ്ങൾ ഏഴ് മക്കളായിരുന്നു. പിന്നീട് എല്ലാം നഷ്ടപ്പെട്ടപ്പോൾ ഞാനാണ് സിനിമയിൽ ഇറങ്ങി അവരെ സഹായിക്കാൻ തീരുമാനിച്ചത്. 36ാം വയസ്സിൽ ഈ ഭാരം ഏറ്റെടുത്ത് മതിയായി സാബു എന്ന ആളുടെ കൂടെ ജീവിക്കാൻ തീരുമാനിച്ചു. എന്റെ പേരിലുണ്ടായിരുന്ന 30 സെന്റ് സ്ഥലം പണയപ്പെടുത്തി അത് പോയി. 2018ൽ സാബു മരിച്ചു. ഒറ്റയ്ക്ക് താസമിക്കാനുള്ള ആരോഗ്യം എനിക്കില്ലായിരുന്നു. സാബു മരിച്ച സമയത്ത് ഇടവേള ബാബു അവിടെ എത്തിയിരുന്നു. അന്നാണ് അവർ അറിയുന്നത് ഞാനിത്ര കഷ്ടപ്പെട്ടാണ് ജീവിക്കുന്നതെന്ന്. സ്ഥലം തന്നാൽ വീടുവച്ച് തരാമെന്ന് ബാബു പറഞ്ഞു.

ആ സമയത്ത് എന്റെ ആങ്ങള എന്നെ വീട്ടിലേക്ക്് കൊണ്ടുവന്നു. അമ്മച്ചി അവിടെ ഉണ്ട്. മൂന്ന് സെന്റ് സ്ഥലം എനിക്ക് എഴുതി തന്നു. അങ്ങനെ ഇളയസഹോദരന്‍ മൂന്ന് സെന്റ് സ്ഥലം തന്നു. അതില്‍ സംഘടന എനിക്ക് വീട് വെച്ച് തരികയും ചെയ്തു. എന്റെ അനിയത്തി വാടകവീട്ടിലും മറ്റുമായി താമസിക്കുകയായിരുന്നു. അവള്‍ക്കൊരു സഹായമാവുമല്ലോ എന്ന് കരുതി എന്റെ വീട്ടില്‍ താമസിക്കാന്‍ സമ്മതിച്ചു. പക്ഷേ രണ്ടാഴ്ച മുതല്‍ ആ വീട് അവരുടെ പേരില്‍ എഴുതി കൊടുക്കാന്‍ പറഞ്ഞ് പ്രശ്‌നമായി. എന്റെ കാലം കഴിഞ്ഞ് എടുത്തോളാൻ ഞാൻ പറഞ്ഞതാണ്. പക്ഷേ ഇതിനിടയിൽ മറ്റ് സഹോദരങ്ങള്‍ ഈ വീട് കൈക്കലാക്കും എന്നാണ് അവർ പറഞ്ഞുകൊണ്ടിരുന്നത്. കുത്തുവാക്കുകൾ പറയുമ്പോൾ മാറിപ്പോകും. സഹോദരിയും അവളുടെ ഭര്‍ത്താവും ചേര്‍ന്ന് എന്നെ മാനസികമായി അത്രത്തോളം പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ആഴ്ച ഞാന്‍ ആത്മഹത്യ ചെയ്ത് പോയേനെ. അത്രത്തോളം സംഭവങ്ങളാണ് എന്റെ വീട്ടില്‍ നടന്നത്. അതുകൊണ്ട് ഞാനവിടെ നിന്നും ഇറങ്ങി വരികയും നടി സീമ ജി. നായരെ വിളിക്കുകയുമായിരുന്നു.

എനിക്ക് വേറെ വീടോ മറ്റ് നിവൃത്തിയോ ഇല്ലാത്തതിനാല്‍ ഒരു അനാഥാലയത്തിലേക്ക് എന്നെ കൊണ്ട് പോവുകയാണ്. പതിനെട്ട് വയസ്സില്‍ സിനിമയില്‍ അഭിനയിക്കാന്‍ എത്തിയതാണ്. എന്റെ കുടുംബത്തിലുള്ളവരെ ഒക്കെ പഠിപ്പിച്ച് ഒരു നിലയില്‍ എത്തിച്ചു. അവസാനമായപ്പോഴും എനിക്ക് ഒന്നുമില്ല. ഞാനുടുത്ത വസ്ത്രം പോലും മുറിച്ചെടുക്കുന്ന ആള്‍ക്കാരാണ് അവിടെയുള്ളത്. ഞാന്‍ ശരിക്കും രക്ഷപ്പെട്ട് പോന്നതാണ്. സീമ ഫോണ്‍ എടുത്തില്ലായിരുന്നെങ്കില്‍ ഞാന്‍ ആത്മഹത്യ ചെയ്‌തേനെ.

പേടിച്ചാണ് അവിടെ കഴിഞ്ഞത്. ആരാണ് എപ്പോഴാണ് എന്താണ് പറയുക എന്നറിയില്ല. ഫോൺ വിളിക്കാനൊന്നും പറ്റില്ല. അതൊക്കെ പിന്നീട് വേറെ കഥകളായി മാറും. ഒത്തിരി പ്രശ്‌നങ്ങളായിരുന്നു. ആദ്യമൊക്കെ ഞാൻ ഷുഗറിന്റെ ഗുളിക അഞ്ചാറെണ്ണം എടുത്ത് കഴിക്കും. ഭക്ഷണവും കഴിക്കില്ല വെള്ളവും കുടിക്കില്ല. അതോടെ തളർന്ന് കിടക്കുമല്ലോ. അങ്ങനെയൊരു അഞ്ചെട്ട് ദിവസം കിടന്നു. അങ്ങനെയാണ് അവിടെ ജീവിച്ചത്. മനസ് വിഷമിച്ചിട്ട് ചെയ്തതാണ്. പിന്നീട് ഒരു ദിവസം എന്റെ നേരാങ്ങളുടെ അടുത്ത് ചെന്നപ്പോൾ ഞാൻ ആ കോലായിൽ മറിഞ്ഞു വീണു. അവൻ ഓടിപ്പോയി എല്ലാവരേയും വിളിച്ചു കൊണ്ടു വന്നു. ചാവില്ലെന്ന് എനിക്ക് അറിയാമായിരുന്നു. തളർന്ന് കിടക്കുകയായിരുന്നു. 

അവർ കേസ് കൊടുക്കുകയുണ്ടായി. സീമയുണ്ടായിരുന്നു എനിക്കൊപ്പം പൊലീസിനെ കാണാൻ. ഇനി പോലീസ് സ്റ്റേഷനിൽ പോകേണ്ടതില്ല. തെളിവൊന്നുമില്ല. ആദ്യമൊക്കെ അനിയൻ കുറേ യുദ്ധം വെട്ടി. പക്ഷേ പിന്നീട് ആരും ഉണ്ടായില്ല.

അവർക്ക് രണ്ട് മാസം അവധി കൊടുക്കാമെന്ന് പറഞ്ഞു, മാറാൻ. അവർക്ക് കൊടുത്തില്ലെങ്കിലും വീട് ഞാൻ ആ മക്കൾക്ക് കൊടുക്കും. ഞാനത് എല്ലാവരോടും പറഞ്ഞിട്ടുണ്ട്. എന്റെ കാലശേഷം ഈ വീട് അവർക്ക് കൊടുക്കാമെന്നായിരുന്നു ഞാൻ പറഞ്ഞത്. പക്ഷേ ഇവർ എന്നോട് ചെയ്തത് എനിക്ക് അറിയാമല്ലോ. അതിനാൽ ഞാൻ മരിച്ച ശേഷം ആ മക്കൾക്ക് കൊടുക്കാം എന്നാണ് ഞാൻ പറഞ്ഞിരിക്കുന്നത്.’’ ബീന പറഞ്ഞു.

ഈ വിഷയത്തെ കുറിച്ച് നടി സീമ ജി. നായരും മനസുതുറന്നു. ‘‘കുറച്ച് ദിവസങ്ങളായി ചേച്ചി ഇതിനെ കുറിച്ച് എന്നോട് പറഞ്ഞിരുന്നു. പക്ഷേ ഇത്തരം വിഷയങ്ങളില്‍ നമുക്ക് പെട്ടെന്ന് കയറി ഇടപെടുന്നതിന് ഒരു പരിധിയുണ്ട്. എന്നാല്‍ ചേച്ചി വിളിച്ച് ആത്മഹത്യ ചെയ്യുമെന്ന അവസ്ഥയിലാണെന്ന് പറഞ്ഞപ്പോഴാണ് ഇതില്‍ ഇടപെടുന്നത്. താന്‍ രക്ഷാധികാരി കൂടിയായ ജനസേവ കേന്ദ്രത്തിലേക്ക് അവരെ മാറ്റുകയാണ്. അവിടെയുള്ളവര്‍ നടിയെ ഏറ്റെടുക്കാമെന്ന് അറിയിച്ച് വന്നിട്ടുണ്ട്. ഇനിയുള്ള ബാക്കി ജീവിതം വളരെ സമാധാനത്തോടെ ചേച്ചിക്ക് അവിടെ കഴിയാം.

ഇതുവരെ ചേച്ചിയ്ക്ക് ഭക്ഷണവും മരുന്നും ഒന്നുമില്ലായിരുന്നു. ഒരുപാട് അസുഖങ്ങളൊക്കെ ഉള്ള ആളാണ്. ചേച്ചി ആകെ കരച്ചിലായിരുന്നു. അത്രയും വേദനയില്‍ നില്‍ക്കുകയാണ്. അമ്മ സംഘടന നിർമിച്ച് നില്‍കിയ വീടാണ്. പക്ഷേ അവിടെ പുള്ളിക്കാരിക്ക് മനസമ്മാധാനത്തോടെ ജീവിക്കാന്‍ പറ്റുന്നില്ല. പൊലീസ് സ്‌റ്റേഷനില്‍ പരാതി കൊടുത്തിട്ടുണ്ട്. ആ വീട് അവര്‍ക്ക് എഴുതി കൊടുക്കണമെന്നാണ് പറയുന്നത്. ചേച്ചിക്കു മൂന്നാലഞ്ച് സഹോദരന്മാരുണ്ട്. അവരില്‍ ആര്‍ക്കാണ് വീടെന്ന് പിന്നീട് ചേച്ചിക്ക് എഴുതി കൊടുക്കാവുന്നതാണ്. പക്ഷേ ഇപ്പോള്‍ തന്നെ വേണമെന്ന് പറയുകയും അതിനൊപ്പം മാനസിക പീഡനം കൂടി വന്നതോടെയാണ് ചേച്ചി ആകെ തളര്‍ന്ന് പോയത്.

വീട് വയ്ക്കുന്ന അന്ന് മുതല്‍ തുടങ്ങിയ പ്രശ്‌നമാണ് അവിടെ. പിന്നീട് വല്ലാത്തൊരു അവസ്ഥയിലേക്ക് കാര്യങ്ങളെത്തി. ഇപ്പോള്‍ ബീന ചേച്ചിയുടെ ആരോഗ്യവസ്ഥയൊക്കെ വളരെ മോശമാണ്.’’– സീമ ജി. നായര്‍ പറയുന്നു.

42 വർഷമായി ബീന ജോസഫ് എന്ന ബീന കുമ്പളങ്ങി മലയാള സിനിമയുടെ ഭാഗമായിട്ട്. മലയാള സിനിമയിലെ എക്കാലത്തെയും ക്ലാസിക് സിനിമകളിൽ ഒന്നായ, പി.പത്മരാജന്റെ ‘കള്ളൻ പവിത്രനി’ലെ ദമയന്തി എന്ന നായികയായി നെടുമുടി വേണുവിനും ഭരത് ഗോപിക്കും സുഭാഷിണിക്കുമൊപ്പം തിളങ്ങിയ 18 വയസ്സുകാരി സുന്ദരിയെ മലയാളി മറക്കില്ല. ദമയന്തിയിലൂടെ ബീന എന്ന യുവനടി മലയാള സിനിമയുടെ ഭാവി പ്രതീക്ഷയായി വാഴ്ത്തപ്പെട്ടെങ്കിലും വിധി മറ്റൊന്നായിരുന്നു. പുതിയ തലമുറ ബീനയെ തിരിച്ചറിയുക ‘കല്യാണരാമനി’ൽ പ്യാരിയുടെ പഞ്ചാരയടിയില്‍ മയങ്ങാത്ത ഭവാനിയെന്ന വേലക്കാരിയിലൂടെയാണ്. പക്ഷേ, രണ്ടാം വരവും അവരുടെ ജീവിതത്തിൽ നേട്ടമായില്ല.

English Summary:

Beena Kumbalangi Actress Life

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com