ADVERTISEMENT

നടൻ വിജയകാന്തിന്റെ  വിയോഗത്തോടെ ഒരു യഥാർഥ മനുഷ്യ സ്നേഹിയെയാണ് നഷ്ടപ്പെട്ടതെന്ന് സംവിധായകൻ ഷാജി കൈലാസ്. ‘വാഞ്ചിനാഥൻ’ എന്ന തന്റെ സിനിമയിൽ അഭിനയിക്കുമ്പോൾ അദ്ദേഹം തന്റെ ഏറ്റവും മിടുക്കനായ വിദ്യാർഥിയായിരുന്നുവെന്ന് ഷാജി കൈലാസ് പറയുന്നു.  തമിഴ് സിനിമയിൽ പുതുമുഖ സംവിധായകനായ തന്നെ അദ്ദേഹം ഇരുകയ്യും നീട്ടി സ്വീകരിച്ചെന്നും അദ്ദേഹത്തോടൊപ്പം ചെലവഴിച്ച നിമിഷങ്ങൾ ഏറ്റവും സന്തോഷകരമായിരുന്നെന്നും ഷാജി കൈലാസ് കുറിച്ചു.  തമിഴ് നടൻ വിജയകാന്തിന്റെ അകാല വിയോഗത്തിൽ അനുശോചിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിൽ കുറിപ്പ് പങ്കുവയ്ക്കുകയായിരുന്നു ഷാജി കൈലാസ്.      

‘‘ഒരു യഥാർഥ മനുഷ്യന്റെ വിയോഗം. വിജയകാന്ത് സർ വലിയ മനസ്സിന്റെ ഉടമയാണ്.  സൂപ്പർ സ്റ്റാർ എന്നതിലുപരി അദ്ദേഹം ആഘോഷത്തിന്റെ ആളാണ്.  ഒരു നടൻ എന്നതിലുപരി അദ്ദേഹം സിനിമയിലെ ഒരു മിടുക്കനായ വിദ്യാർഥിയായിരുന്നു. വിജയകാന്ത് സാറിനൊപ്പം വാഞ്ചിനാഥന്റെ സെറ്റിൽ ഓരോ ദിവസവും ചിലവഴിക്കുന്നത് ശരിക്കും സന്തോഷകരമായിരുന്നു.  അദ്ദേഹത്തിന്റെ ആതിഥ്യ മര്യാദയായിരുന്നു ഹൈലൈറ്റുകളിൽ ഒന്ന്. തമിഴ് സിനിമാ ഇൻഡസ്‌ട്രിയിലെ നവാഗത സംവിധായകനായ എനിക്ക് അദ്ദേഹം ഡേറ്റ് നൽകുകയും സ്വന്തം കുടുംബാംഗമായി സ്വീകരിച്ച് ബഹുമാനിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തിന് എന്റെ ഹൃദയംഗമമായ അനുശോചനം. സർവശക്തൻ അദ്ദേഹത്തിന്റെ കുടുംബത്തിന് ഈ ദുഃഖം താങ്ങാനുള്ള ശക്തിയും അനുഗ്രഹങ്ങളും നൽകട്ടെ. " ഷാജി കൈലാസ് കുറിച്ചു.

ഷാജി കൈലാസ് സംവിധാനം ചെയ്ത തമിഴ് ആക്‌ഷൻ ചിത്രമാണ് വഞ്ചിനാഥൻ.  ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനി വാഞ്ചിനാഥന്റെ പേരിലുള്ള തന്റെ തമിഴ് അരങ്ങേറ്റ ചിത്രത്തിൽ നടൻ വിജയകാന്തിനെയാണ് ഷാജി കൈലാസ് നായകനാക്കിയത്.  ലിയാക്കത്ത് അലി ഖാൻ തിരക്കഥ രചിച്ച ചിത്രത്തിൽ രമ്യാ കൃഷ്ണൻ, പ്രകാശ് രാജ്, സാക്ഷി ശിവാനന്ദ് എന്നിവരായിരുന്നു മറ്റു താരങ്ങൾ.  2001 ജനുവരി 14-നാണ് ചിത്രം റിലീസ് ചെയ്തത്.

ഷാജി കൈലാസ് പങ്കുവച്ച ചിത്രങ്ങളിൽ വിജയകാന്തിനൊപ്പം നടൻ ദിലീപിനെയും കാണാം. ആ സമയത്തായിരുന്നു വിജയകാന്തിന്റെ മറ്റൊരു ചിത്രമായ ‘രാജ്യ’ത്തിന്റെയും ചിത്രീകരണം. മനോജ് കുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ ദിലീപും പ്രധാന വേഷത്തിൽ എത്തിയിരുന്നു.

English Summary:

Shaji Kailas Remembering Vijayakanth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com