ADVERTISEMENT

മനോരമ ഓൺലൈൻ സമർപ്പിച്ച ‘എംടി കാലം– നവതിവന്ദനം’ പരിപാടിയുടെ പൂർണ വിഡിയോ പ്രേക്ഷകരിലേക്കെത്തുന്നു. അക്ഷരങ്ങളുടെ മഹാമനുഷ്യന് നൽകപ്പെട്ട ആദരം, എഴുത്തും സിനിമയും ചരിത്രവും കൈകോർത്ത സാംസ്കാരിക സംഗമവേദിയായി മാറുന്ന ദൃശ്യങ്ങൾ ജനുവരി 1, 2, 3 തീയതികളിലാണ് മനോരമ ഓൺലൈനിലൂടെ വെബ്കാസ്റ്റ് ചെയ്യുന്നത്. ഡിംസംബർ 22ന് കൊച്ചി ലെ മെറിഡിയനിൽ‌ നടന്ന പരിപാടി വിഖ്യാത സംവിധായകൻ അടൂർ ഗോപാലകൃഷ്ണനാണ് ഉദ്ഘാടനം ചെയ്തത്. മമ്മൂട്ടിയെയും മോഹൻലാലിനെയും എംടിയുടെ ഇടംവലമിരുത്തി നടൻ സിദ്ദിഖ് നടത്തിയ സംഭാഷണമാണ് പരിപാടിയുടെ പ്രധാന ആകർഷണം. 

എംടിയുടെ കഥകൾ ചെയ്യാനുള്ള ആവേശം ഒരിക്കലും അവസാനിക്കുന്നില്ലെന്നു മമ്മൂട്ടി പറഞ്ഞപ്പോൾ എംടിയുടെ തിരക്കഥയിൽ മാത്രമല്ല, അദ്ദേഹത്തിന്റെ സംവിധാനത്തിൽ അഭിനയിക്കാനുള്ള ഭാഗ്യവും തനിക്കുണ്ടായതായി മോഹൻലാൽ പറഞ്ഞു. മമ്മൂട്ടിയും മോഹൻലാലിനെയും ഇടംവലമിരുത്തി നടൻ സിദ്ദിഖ് എംടിയുടെ കഥാപ്രപഞ്ചത്തിലേക്കു പിൻനടന്നപ്പോൾ ഓർമയുടെ സെല്ലുലോയ്ഡുകൾ നിറപ്പകർച്ചയിൽ തിളങ്ങി.

‘‘സിനിമയുടെ ചർച്ച തുടങ്ങുമ്പോൾ ഞാൻ ഇല്ല. പിന്നീടാണ് എന്നെ തീരുമാനിക്കുന്നത്. കണ്ടിട്ടുള്ള വടക്കൻ വേഷത്തോട് പേടിയുണ്ടായിരുന്നു. അഭിനയിച്ചു ഫലിപ്പിക്കാൻ കഴിയുമോ എന്നു തോന്നി. അങ്ങനെ അല്ല എന്ന് ‘വടക്കൻ വീരഗാഥ’യുടെ തിരക്കഥ വായിച്ചപ്പോഴാണു മനസ്സിലായത്. വള്ളുവനാടൻ ഭാഷയാണ് എംടി കൂടുതൽ എഴുതുന്നത്. വള്ളുവനാടൻ ഭാഷയുടെ ഈണത്തിനപ്പുറം വ്യക്തത അദ്ദേഹത്തിന്റെ ഭാഷയിലുണ്ട്. എന്തു പറയണം എന്തു പറയണ്ട എന്നുണ്ടാകും.’’–വടക്കൻ വീരഗാഥയുടെ ഓർമകൾ മമ്മൂട്ടി ഓർത്തെടുത്തു.

‘‘എംടിയുടെ സ്ക്രിപ്റ്റിലെ സംഭാഷണം മാറ്റാൻ പറ്റില്ല. രണ്ടു മൂന്നു സീൻ കഴിഞ്ഞിട്ടായിരിക്കും അതിന്റെ അർഥം മനസ്സിലാവുക‌. അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ ശൈലി മാത്രമാണ് എന്റേത്. അദ്ദേഹം ഒരിക്കൽ പറഞ്ഞതു കഥാപാത്രം രൂപപ്പെടുമ്പോൾതന്നെ എങ്ങനെ സിനിമയിൽ അവതരിപ്പിക്കും എന്ന ധാരണയുണ്ടാകും എന്നാണ്. അതിനു മുകളിൽ വളരുമ്പോഴാണു മികച്ച നടനാകുന്നത്. എന്റെ സ്വകാര്യ അഹങ്കാരമാണ് മോഹൻലാൽ എന്നാണ് അദ്ദേഹം പറഞ്ഞത്. നമ്മുടെ എല്ലാവരുടെയും സ്വകാര്യ അഹങ്കാരമാണ് എംടി.’’–എംടി സിനിമകളിലെ തയാെറടുപ്പുകളെക്കുറിച്ച് മോഹൻലാലിന്റെ വാക്കുകൾ.

എംടി കാലം – നവതിവന്ദനം ചടങ്ങിൽ നിന്ന്
എംടി കാലം – നവതിവന്ദനം ചടങ്ങിൽ നിന്ന്

എംടി ചലച്ചിത്രങ്ങളിലെ ഗാനങ്ങൾ കോർത്തിണക്കി സംഗീതഗവേഷകൻ രവി മേനോന്‍ നയിച്ച്, പ്രശസ്ത ഗായകരായ വിധു പ്രതാപും രാജലക്ഷ്മിയും അവതരിപ്പിച്ച ഗാനാഞ്ജലിയും പരിപാടിയുടെ ഭാഗമായിരുന്നു. ആദരിക്കൽ ചടങ്ങിന്റെ ഭാഗമായ ചലച്ചിത്രതാരവും നർത്തകിയുമായ ശോഭന അവതരിപ്പിച്ച നൃത്തപരിപാടിയുടെയും എംടി കഥാപാത്രങ്ങളെ കോർത്തിണക്കി പ്രശസ്ത നാടകസംവിധായകൻ പ്രശാന്ത് നാരായണൻ അവതരിപ്പിച്ച നാടകം ‘മഹാസാഗര'ത്തിന്റെയും പ്രസക്ത ഭാഗങ്ങളും വിഡിയോയിൽ ഉൾപ്പെടുന്നു. കഴിഞ്ഞ ദിവസം അന്തരിച്ച പ്രശാന്ത് നാരായണന്റെ അവസാന വേദി കൂടിയായിരുന്നു ഇത്.

മലയാളത്തിലെ പ്രമുഖ എഴുത്തുകാർ എംടി എന്ന ഗുരുനാഥനെക്കുറിച്ച് പരിപാടിയിൽ മനസു തുറക്കുന്നുണ്ട്. ടി.ഡി. രാമകൃഷ്ണൻ, കെ.രേഖ, ഫ്രാൻസിസ് നൊറോണ, ഇ. സന്തോഷ് കുമാർ എന്നിവരാണ് ആ ചർച്ചയിൽ പങ്കെടുത്തത്. എഴുത്തുകാരനും സാഹിത്യ നിരൂപകനുമായ കെ.സി. നാരായണനായിരുന്നു മോഡറേറ്റർ. പരിപാടിയിൽ അടൂരും മലയാളത്തിന്റെ അഭിമാന നക്ഷത്രങ്ങളായ മമ്മൂട്ടിയും മോഹൻലാലും ചേർന്ന് എംടിക്ക് മലയാള മനോരമയുടെ സുവർണമുദ്ര സമ്മാനിച്ചിരുന്നു. 

താരനിബിഢമായിരുന്നു ചടങ്ങ്. മലയാള സിനിമയിൽ നിന്നും അനിൽ രാധാകൃഷ്ണ മേനോൻ, മഹേഷ് നാരായണൻ, ആദർശ് സുകുമാരൻ, തരുൺ മൂർത്തി, നാദിർഷ, കോട്ടയം നസീർ, വിനയ് ഫോർട്ട്, ഗോവിന്ദ് പത്മസൂര്യ, ഇർഷാദ്, കെ.യു. മനോജ്, സഞ്ജു ശിവറാം, ആദിൽ ഇബ്രാഹിം, ഷാജു, മാളവിക മേനോൻ, അനുമോൾ, കൃഷ്ണ പ്രഭ, അതിഥി രവി തുടങ്ങി നിരവധിപ്പേർ എത്തിയിരുന്നു. മനോരമ ബുക്സ് പുറത്തിറക്കുന്ന എംടി കൃതികളുടെ ഓഡിയോ ബുക്കിന്റെ ലോഞ്ചും എംടിക്ക് നവതിയാദരമായി സമർപ്പിക്കുന്ന ‘എംടി: കാലം കാലാതീതം’ എന്ന പുസ്തകത്തിന്റെ പ്രകാശനവും എംടി സമ്പൂർണ കൃതികളുടെ പ്രഖ്യാപനവും നടന്നു. ജോയ് ആലുക്കാസിന്റെ സഹകരണത്തോടെ നടന്ന നവതിവന്ദനത്തിന് മുത്തൂറ്റ് ഫി‌നാൻസാണ് പിന്തുണ നൽകിയത്.

English Summary:

Mammootty and Mohanlal about MT Vasudevan Nair in MT Kalam Navathi Vandanam event

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com