ADVERTISEMENT

മികച്ച വിദേശഭാഷാ ചലച്ചിത്രത്തിനുള്ള ഓസ്കർ പുരസ്കാരത്തിനു വേണ്ടി ഇന്ത്യയിൽ നിന്നും പരിഗണിച്ച '2018 എവരിവൺ ഈസ് ഹീറോ' എന്ന ചിത്രത്തിൽ കടൽക്ഷോഭവും തിരമാലകളും വരുത്താൻ ഉപയോഗിച്ച ടെക്നിക്ക് വെളിപ്പെടുത്തി സംവിധായകൻ ജൂഡ് ആന്തണി. ആ സീനിൽ രക്ഷയ്ക്കെത്തിയത് 'മലയാളിയുടെ ബുദ്ധി'യാണെന്ന് ജൂഡ് പറയുന്നു. ഓസ്കറിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലാണ് 2018ന്റെ മേക്കിങ് രഹസ്യങ്ങൾ സംവിധായകൻ പങ്കുവച്ചത്.  

വെള്ളപ്പൊക്കവും, കടൽക്ഷോഭവും, എയർ ലിഫ്റ്റും ഉൾപ്പടെ ചിത്രത്തിലെ സുപ്രധാന രംഗങ്ങളുടെ ഷൂട്ടിങ് അനുഭവം ജൂഡ് വിഡിയോയിൽ പങ്കുവയ്ക്കുന്നുണ്ട്. വൈക്കത്തെ 12 ഏക്കർ വരുന്ന പുരയിടത്തിൽ സെറ്റിട്ടായിരുന്നു സിനിമയുടെ ചിത്രീകരണമെന്ന് മുൻപു തന്നെ അണിയറപ്രവർത്തകർ വെളിപ്പെടുത്തിയിരുന്നു. രണ്ടേക്കർ സ്ഥലത്ത് പണിത വലിയ ടാങ്കിലായിരുന്നു വെള്ളപ്പൊക്കം ചിത്രീകരിച്ചത്. വെള്ളം കയറി വരുന്നത് ചിത്രീകരിക്കാൻ ടാങ്കിലേക്ക് കൂടുതൽ വെള്ളം കയറ്റി വിടാതെ വീടുകളുടെ ഉയരം കുറച്ചുകൊണ്ടാണ് അതേ ഇഫക്ട് സാധ്യമാക്കിയതെന്ന് ജൂഡ് വെളിപ്പെടുത്തി.

കടൽക്ഷോഭവും തിരമാലകളും സൃഷ്ടിക്കാൻ ആശ്രയിച്ചത് വലിയ യന്ത്രങ്ങളെയല്ല, മനുഷ്യരെയാണെന്ന് ജൂഡ് പറയുന്നു. പത്തും പതിനഞ്ചും ആളുകൾ ടാങ്കിലിറങ്ങി ബോട്ടിൽ പ്രത്യേകം ബന്ധിപ്പിച്ചു ചേർത്ത കമ്പികൾ കുലുക്കിയാണ് ആ ഇഫക്ട് വരുത്തിയത്. "ഒരു ബോട്ടിനു ചുറ്റും പത്തു പതിനഞ്ചു പേരെങ്കിലും കുലുക്കാൻ കാണും. ആർട് ഡയറക്ടറും സംവിധാന സഹായികളുമെല്ലാം അതിനായി വെള്ളത്തിലിറങ്ങി," ജൂഡ് വെളിപ്പെടുത്തി. കൂറ്റൻ തിരകളുണ്ടാക്കാൻ ജെ.സി.ബി ഉപയോഗപ്പെടുത്തുകയായിരുന്നു. ആ സീക്വൻസിന്റെ സ്റ്റോറി ബോർഡ് പ്രിന്റൗട്ട് എടുത്ത് സെറ്റിൽ പ്രദർശിപ്പിച്ചു. ഓരോ ഷോട്ടും എടുത്തു തീരുന്നതിന് അനുസരിച്ച് ബോർഡിൽ നിന്ന് ഓരോ ഫോട്ടോയും എടുത്തു നീക്കി. കയ്യടികളോടെയാണ് ഓരോ ഷോട്ടും പൂർത്തിയാക്കിയിരുന്നതെന്ന് ജൂഡ് പറയുന്നു.   

‘‘ഒരു ഫിലിംമേക്കർ എന്ന നിലയിൽ അഭിമാനം തോന്നുന്ന സിനിമയാണ് 2018. അസാധ്യമെന്നു പറയുന്ന പല കാര്യങ്ങളും നേടിയെടുക്കാൻ നമ്മുടെ ഒന്നോ രണ്ടോ സ്റ്റെപ്പു മതിയാകും. അതൊരു പക്ഷേ, ചെറിയൊരു സ്റ്റെപ്പാകും. എന്നാൽ, അതു ചെയ്താൽ, അത് വലിയൊരു സ്റ്റെപ്പായി മാറും. അങ്ങനെ നമ്മൾ പോലും അറിയാതെ വലിയൊരു ലക്ഷ്യം നേടിയെടുക്കാൻ കഴിയും. ഞാനൊരു സാധാരണ ഫിലിംമേക്കറാണ്. സാധാരണഗതിയിൽ സിനിമകൾ കാണുന്ന, സിനിമയിൽ നിന്നു പഠിക്കാൻ ഇഷ്ടമുള്ള ഒരാൾ. ഷോട്ട് ഡിവിഷനൊക്കെ ഞാൻ ഇപ്പോഴും പഠിച്ചു കൊണ്ടിരിക്കുകയാണ്. എന്നെ സംബന്ധിച്ച് 2018 ഒരു കഠിനാധ്വാനത്തിന്റെ ഫലമാണ്. ഞാനിപ്പോഴും സിനിമ പഠിച്ചു കൊണ്ടിരിക്കുകയാണ്. സിനിമ കാണുന്ന, സിനിമ പഠിക്കുന്ന ഏതൊരു സിനിമാപ്രേമിക്കും എത്ര വലിയ സിനിമ വേണമെങ്കിലും ഏതു വലിയ സ്കെയിലിലും ചെയ്യാൻ പറ്റുമെന്നതിന് തെളിവാണ് 2018 എന്ന സിനിമയും ഞാനെന്ന ഫിലിംമേക്കറും.’’– ജൂഡ് പറഞ്ഞു.

ഓസ്കർ പുരസ്കാരത്തിനുള്ള ചുരുക്കപ്പട്ടികയിൽ ചിത്രം ഇടം നേടിയില്ലെങ്കിലും ഇന്ത്യൻ എൻട്രിയായി 2018നെ അക്കാദമി പരിഗണിച്ചിരുന്നു. നിർമാതാവ് വേണു കുന്നമ്പിള്ളി, പ്രൊഡക്‌ഷൻ ഡിസൈനർ മോഹൻദാസ്, ഛായാഗ്രാഹകൻ അഖിൽ ജോർജ്, എഡിറ്റർ ചമൻ ചാക്കോ എന്നിവരും 2018ന്റെ ചിത്രീകരണ അനുഭവങ്ങൾ വിഡിയോയിൽ പങ്കുവയ്ക്കുന്നുണ്ട്. 

English Summary:

2018 Movie Making Video Released By Academy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com