ADVERTISEMENT

‘അഞ്ചു സുന്ദരികളി’ലെ സേതുലക്ഷ്മിയിൽ അഭിനയിക്കാൻ അഞ്ജലി നായർ എത്തിയത് മകൾ ആവണിയെയും കൊണ്ടായിരുന്നു. അന്ന് അവൾക്ക് വെറും എട്ടു മാസമാണ് പ്രായം. ഒരു കുഞ്ഞുരംഗത്തിൽ തൊട്ടിലിൽ കിടന്നു കളിക്കുന്ന വാവയായി ആവണിയും അഭിനയിച്ചു. അതായിരുന്നു ആവണിയുടെ അരങ്ങേറ്റ ചിത്രം. അന്ന് തൊട്ടിലിൽ കിടന്നു കളിച്ച ആ കൈക്കുഞ്ഞാണ് ‘ഫീനിക്സി’ലെ ക്ലൈമാക്സ് രംഗത്തിൽ പ്രേക്ഷകരെ ഭയപ്പാടിന്റെ മുൾമുനയിൽ നിർത്തിയത്. ‘ഫീനിക്സി’ലെ സെറ്റിൽനിന്ന് ഒരിക്കൽ നടൻ അജു വർഗീസ് അഞ്ജലിയെ വിളിച്ചു. ‘നീയെന്തു മരുന്നാണ് ആവണിക്കു കൊടുക്കുന്നത്? അവളുടെ കൂടെ അഭിനയിച്ചു പിടിച്ചു നിൽക്കാൻ പറ്റുന്നില്ലല്ലോ’ എന്ന്! നർമത്തിൽ കലർന്ന അജുവിന്റെ ചോദ്യത്തിന് അഞ്ജലിക്ക് മറുപടി ഇല്ലായിരുന്നു. ‘ഫീനിക്സ്’ കണ്ട പ്രേക്ഷകർക്ക് അജുവിന്റെ ആ വാക്കുകളിൽ അതിശയോക്തി തോന്നില്ല. കാരണം, അത്രയും പക്വതയോടെയാണ് ആവണി എന്ന ആറാം ക്ലാസുകാരി മരിയ എന്ന കഥാപാത്രമായി വേഷപ്പകർച്ച നടത്തിയത്. ഫീനിക്സിന്റെ വിശേഷങ്ങളുമായി ആവണിയും അഞ്ജലി നായരും മനോരമ ഓൺലൈനിൽ.  

സെറ്റിലെ കുട്ടിക്കാലം

‘‘അഞ്ചു സുന്ദരികളിൽ അഭിനയിക്കുമ്പോൾ ആവണിക്ക് എട്ടു മാസമേയുള്ളൂ,’’ അഞ്ജലി നായർ ആവണിക്കുട്ടിയുടെ അഭിനയക്കാലം ഓർത്തെടുത്തു. ‘‘ആ സമയത്ത് ആവണി ചെയ്ത പടങ്ങളെല്ലാം ഞാൻ അഭിനയിക്കാൻ പോകുന്ന സിനിമയിൽ വരുന്ന ചെറിയ വേഷങ്ങളായിരുന്നു,’’ അഞ്ജലി പറയുന്നു. സിനിമാ സെറ്റുകളിലെ കുട്ടിക്കാലത്തെക്കുറിച്ച് കൊച്ചുകൊച്ച് ഓർമകൾ ആവണിക്കും പറയാനുണ്ട്. ‘‘അഞ്ചു സുന്ദരികൾ എന്ന സിനിമയിലെ സേതുലക്ഷ്മി എന്ന കൊച്ചു ചിത്രത്തിലാണ് ഞാനാദ്യമായി അഭിനയിക്കുന്നത്. അതിൽ അനീഖ ചേച്ചിയുടെ അനിയത്തി ആയി കാണിക്കുന്നത് എന്നെയാണ്. എന്റെ അമ്മയായിരുന്നു അതിൽ അനിഖ ചേച്ചിയുടെ അമ്മയായി വേഷമിട്ടത്. നാലഞ്ചു വയസ്സു വരെ എനിക്ക് മേക്കപ്പ് ചെയ്യാൻ വളരെ ഇഷ്ടമായിരുന്നു. അമ്മയുടെ കൂടെ സെറ്റിൽ പോകുമ്പോൾ മേക്കപ്പ് ആർടിസ്റ്റിനോടു ചോദിക്കും, എന്നെ ഒന്നു മേക്കപ്പ് ചെയ്തു തരാമോ എന്ന്! അവർ തമാശയ്ക്ക് എനിക്ക് മേക്കപ്പ് ഇട്ടു തരും. പതിയെ സിനിമയും അഭിനയവും ഒക്കെ എനിക്കും ഇഷ്ടമായി തുടങ്ങി. ഓർമയുള്ള ആദ്യ സിനിമാസെറ്റ് ലൈലാ ഓ ലൈലയുടെ ആണ്. ലാലേട്ടനെ കണ്ടതും അദ്ദേഹത്തിനൊപ്പം ഹൈഡ് ആൻഡ് സീക്ക് കളിച്ചതുമൊക്കെ നല്ല ഓർമയുണ്ട്.’’

ആ കൈക്കുഞ്ഞ് ഇപ്പോൾ ആർടിസ്റ്റായി

കൈക്കുഞ്ഞായിരിക്കുമ്പോൾ സിനിമയിൽ അഭിനയിച്ച പോലെ അത്ര എളുപ്പമായിരുന്നില്ല, ആവണി കുറച്ചു കൂടെ വളർന്നപ്പോഴെന്ന് അഞ്ജലി. ‘‘അവൾ ഒരു സീൻ അഭിനയിച്ചു കഴിയുമ്പോൾ ഓടി വന്നിട്ടു പറയും, ‘അമ്മേ, ഞാൻ അഭിനയിച്ചല്ലോ, ഇനി പോകാം’ എന്ന്! ആ സീനിന്റെ തന്നെ വേറെ ഷോട്ടുകൾ ചിലപ്പോൾ എടുത്തു കാണില്ല. അതേ രംഗം വീണ്ടും ചെയ്യേണ്ടി വരുമ്പോൾ അതെന്തിനാണെന്നൊന്നും അവൾക്ക് അറിയില്ലല്ലോ. ഒരു സീൻ ഒറ്റത്തവണ ചെയ്തു കഴിഞ്ഞാൽ പോകാമെന്നു പറയുന്നതു കൊണ്ട് ഇനി അവളെക്കൊണ്ട് അഭിനയിപ്പിക്കണ്ട എന്നൊക്കെ ആലോചിച്ചിരുന്നു. കാരണം, ബാലതാരങ്ങൾ മൂലം ഷൂട്ട് വൈകുമ്പോഴുള്ള ബുദ്ധിമുട്ട് എനിക്കറിയാവുന്നതാണ്. അതുകൊണ്ട്, ഞാൻ അവളുടെ സിനിമകൾ മനഃപൂർവം കുറച്ചു. അവൾക്ക് സിനിമകൾ വരുമ്പോൾ, അവൾ അതു ചെയ്യുമോ എന്നൊക്കെ എനിക്ക് സംശയമായിരുന്നു.

anjali-nair

പിന്നീട്, അതു മാറി. ധാരാളം സിനിമകൾ അവൾക്കു തന്നെ വന്നു തുടങ്ങി. ഞാൻ കൂടെ പോയില്ലെങ്കിലും സംവിധായകൻ പറഞ്ഞുകൊടുക്കുന്നത് അനുസരിച്ച് അവൾ തന്നെ ചെയ്തോളും എന്നൊരു വിശ്വാസം വന്നു. അപ്പോഴേക്കും കോവിഡ് വന്നു. എല്ലാ പ്രൊജക്ടുകളും നിന്നു പോയി. പിന്നെ ഇപ്പോഴാണ് സിനിമയിൽ വീണ്ടും സജീവമാകുന്നത്. അവളെത്തേടി സിനിമകൾ വരുന്നുണ്ട്. ശരിക്കും ഇപ്പോൾ അവളൊരു ആർടിസ്റ്റായെന്നു പറയാം,’’ അഞ്ജലി പറഞ്ഞു. 

ഓഡിഷൻ വഴി ഫീനിക്സിലേക്ക്

ഓഡിഷൻ വഴിയാണ് ‘ഫീനിക്സി’ൽ ആവണിക്ക് അവസരം ലഭിക്കുന്നത്. ‘‘ഞാൻ ഇടയ്ക്ക് റീൽസും വിഡിയോകളും ചെയ്യാറുണ്ട്. അതു കണ്ടാണ് സംവിധായകൻ വിഷ്ണു ഭരതൻ എന്നെ ഓഡിഷനു വിളിക്കുന്നത്. അജു അങ്കിളിനോടു ദേഷ്യപ്പെടുന്ന സീൻ ചെയ്തു കാണിക്കാൻ ആവശ്യപ്പെട്ടു. സത്യത്തിൽ, ഫീനിക്സ് എന്റെ പതിനാറാമത്തെ സിനിമയാണ്. ആദിയും അമ്മുവും എന്ന സിനിമയിലാണ് ഇതിനു മുമ്പ് ഞാനൊരു മുഴുനീള വേഷം ചെയ്തത്. ഫീനിക്സ് പുതിയൊരു അനുഭവമായിരുന്നു. ശരിക്കും വലിയൊരു ടാസ്ക്! പക്ഷേ, ചെയ്തപ്പോൾ അത് അത്രയ്ക്ക് ബുദ്ധിമുട്ടായി തോന്നിയില്ല. കണ്ണൂർ–തലശേരി ഭാഗത്തായിരുന്നു ഷൂട്ടിങ്,’’ ആവണി പറയുന്നു. ക്ലൈമാക്സിന്റെ ഷൂട്ടായിരുന്നു ഏറ്റവും രസകരമെന്ന് ആവണിയുടെ കമന്റ്. ‘‘ആർട്ടിലെ ഒരു ചേട്ടൻ കയറിട്ട് എന്നെ വലിക്കുന്നു. ഞാൻ മുകളിലേക്ക് പോകുന്നു. അങ്ങനെ കുറെ ടെക്നിക് ഉപയോഗിക്കുന്നതുകൊണ്ട് നല്ല രസകരമായ അനുഭവമായിരുന്നു ക്ലൈമാക്സ്. രാത്രി രണ്ടു മൂന്നു മണി വരെയൊക്കെ ഷൂട്ട് പോകും. കാണുന്നവർക്ക് പേടി തോന്നണമെന്നാണ് ഡയറക്ടർ അങ്കിൾ പറഞ്ഞത്. ഒരു ചെറിയ ചിരി കണ്ണിൽ വേണമെന്നും. ക്ലൈമാക്സിലെ ആ സീൻ എടുത്തു കഴിഞ്ഞപ്പോൾ എല്ലാവരും കയ്യടിച്ചു.’’

അജു 41 ടേക്ക് പോയ സീൻ

ഫീനിക്സിന്റെ ഷൂട്ടിൽ ആവണിക്കൊപ്പം കൂട്ടു പോയത് അമ്മൂമ്മയായിരുന്നു. അഞ്ജലി തിയറ്ററിലാണ് മകളുടെ പ്രകടനം ആദ്യമായി കാണുന്നത്. അതു ശരിക്കും ഞെട്ടിച്ചു കളഞ്ഞെന്ന് അഞ്ജലി പറയുന്നു. "ക്ലൈമാക്സിൽ പലതരം റിയാക്‌ഷൻസ് അവൾക്ക് ഒറ്റ സീനിൽത്തന്നെ കൊടുക്കാനുണ്ട്. ദേഷ്യം, സംശയം, പ്രണയം, നിർവികാരത അങ്ങനെ പല തരം ഭാവങ്ങൾ! അതെല്ലാം ഒറ്റ ടേക്കിലാണ് അവൾ ചെയ്തത്. അതാണ് എല്ലാവരെയും അതിശയിപ്പിച്ചത്. ഫീനിക്സിൽ കൈവിരൽ ഒടിക്കുന്ന ഒരു സീൻ ഉണ്ട്. അത് ആവണി ചെയ്തതു കണ്ടിട്ട് അജു ആ രംഗം വീണ്ടും ഷൂട്ട് ചെയ്യണമെന്നു പറഞ്ഞു. അതിനോട് അജുവിന്റെ കഥാപാത്രം ചെയ്യുന്ന റിയാക്‌ഷൻ വീണ്ടും എടുക്കണമെന്ന് അജുവിന് തോന്നി. നിൽജയൊക്കെ ശരിക്കും കരഞ്ഞു പോയ സീനാണ് അത്. 

aavni-baby-2

അജു തന്നെ പിന്നീട് ഒരു അഭിമുഖത്തിൽ പറഞ്ഞു, ആ സീൻ റീഷൂട്ട് ചെയ്തപ്പോൾ 41 ടേക്ക് പോയെന്ന്! ആവണിയുടെ കൂടെ പിടിച്ചു നിൽക്കാൻ പറ്റുന്നില്ലെന്നു പറഞ്ഞ് അജു എന്നെ വിളിച്ചു. 'നീയെന്തു മരുന്നാണ് ആവണിക്ക് കൊടുക്കുന്നതെന്നു' ചോദിച്ചാണ് അജു വിളിക്കുന്നത്. ‘അമ്മയ്ക്ക് സ്റ്റേറ്റ് അവാർഡ് ആണെങ്കിൽ മകൾക്ക് നാഷനൽ അവാർഡ് ആണ്’ എന്നാണ് അജു പറയുക. അത്രയും ആവേശത്തോടെയാണ് അദ്ദേഹം ആവണിയെക്കുറിച്ച് സംസാരിക്കുന്നത്. അമ്മ എന്ന നിലയിൽ ഈ വാക്കുകൾ നൽകുന്ന സന്തോഷം ‌വലുതാണ്."

കൈ വിരൽ ഒടിക്കുന്ന രംഗം വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്ന് ആവണിയും സമ്മതിക്കുന്നു. "ഒരു ടാസ്ക് തന്നെയായിരുന്നു എന്റെ കൈ വിരൽ ഒടിയുന്ന രംഗം. ആദ്യം ക്യാരറ്റ് വിരലിന്റെ ആകൃതിയിൽ വെട്ടിയെടുത്താണ് ചെയ്തു നോക്കിയത്. അതു മുഴുവൻ ഒടിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. അതുകൊണ്ട്, പിന്നീട് കളിമണ്ണ് ഉപയോഗിച്ചു ചെയ്തു. അത് ഓകെ ആയി," ആവണി പറഞ്ഞു. 

anjali-nair2

ഇനിയില്ല ആ ടെൻഷൻ

സന്തോഷം, പെൻഡുലം, രണ്ടാം പകുതി, മണൽ പക്ഷികൾ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ആവണിക്ക് ഫീനിക്സ് അൽപം സ്പെഷലാണെന്ന് അഞ്ജലി പറയുന്നു. ‘‘ഫീനിക്സ് കണ്ടു കഴിഞ്ഞപ്പോൾ ഒരു ആർടിസ്റ്റ് എന്ന നിലയിൽ ഏതു കഥാപാത്രവും അവൾക്കു ചെയ്യാൻ കഴിയുമെന്ന ആത്മവിശ്വാസം എനിക്കു വന്നു. അജു വർഗീസ് ചുരുങ്ങിയത് 20–30 തവണയെങ്കിലും ആവണിയെക്കുറിച്ച് എനിക്ക് മെസേജ് ചെയ്തിട്ടുണ്ട്. ഫീനിക്സിന്റെ ഓരോ ഘട്ടത്തിലും റിലീസിനു ശേഷവും അജുവിന് പറയാനുള്ളത് ആവണിയെക്കുറിച്ചാണ്. 'ഞാൻ ആവണിയുടെ ആരാധകൻ' എന്നാണ് അജുവിന്റെ കമന്റ്. ജയ് ഗണേശിൽ രഞ്ജിത് ശങ്കർ അജുവിനെ വിളിച്ചു ചോദിച്ചിട്ടാണ് ആവണിക്കു വേഷം നൽകിയത്. 

ഫീനിക്സിലെ അഭിനയത്തിന് രണ്ടു പുരസ്കാരങ്ങൾ ഇതിനോടകം ലഭിച്ചു. തിലകൻ സ്മാരക പുരസ്കാരവും പ്രൈഡ് ഓഫ് കേരള അവാർഡും ആണ് കിട്ടിയത്. ജയ് ഗണേശ്, മച്ചാന്റെ മാലാഖ, അജയന്റെ രണ്ടാം മോഷണം എന്നീ സിനിമകളാണ് ഇനി ആവണിയുടേതായി ഇറങ്ങാനുള്ളത്. ആദ്യമൊക്കെ തമിഴിൽ നിന്ന് ആവണിക്ക് ഓഫർ വരുമ്പോൾ ഞാൻ അവളെ നിരുൽസാഹപ്പെടുത്തും. അതു വേണോ? വിചാരിച്ച പോലെ ചെയ്യാൻ പറ്റിയില്ലെങ്കിൽ വലിയ സമ്മർദ്ദമാകുമെന്നൊക്കെ ഞാൻ പറയാറുണ്ട്. പക്ഷേ, ഇപ്പോൾ എനിക്ക് അറിയാം, അവൾക്ക് ഏതു കഥാപാത്രവും ചെയ്യാൻ പറ്റുമെന്ന്! അതുകൊണ്ട് ടെൻഷനില്ല.’’

English Summary:

Chat with Anjali Nair and her daughter Aavni

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com