ADVERTISEMENT

തന്റെ ജന്മദിനത്തില്‍ കൂറ്റൻ കട്ടൗട്ട് ഉയർത്തുന്നതിനിടെ ഉണ്ടായ അപകടത്തില്‍ മരിച്ച ആരാധകരുടെ വീട്ടിലെത്തി യഷ്. തന്നോടുള്ള ആരാധന പ്രകടിപ്പിക്കേണ്ടത് ഇങ്ങനയല്ലെന്നും ഇതുപോലുള്ള ദാരുണമായ സംഭവങ്ങള്‍ ഏറെ വേദിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്നുവെന്നും യഷ് പറഞ്ഞു. അപകടത്തില്‍ മരണമടഞ്ഞ യുവാക്കളുടെ വീട്ടിെലത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച താരം പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന ആരാധകരെയും സന്ദർശിച്ചു.

‘‘നിങ്ങള്‍ എവിടെയായിരുന്നാലും, എന്നെ പൂര്‍ണ ഹൃദയത്തോടെ സ്‌നേഹിക്കുന്നത് തന്നെയാണ് ഏറ്റവും വലിയ കാര്യം. ഇതുപോലുള്ള ദാരുണമായ സംഭവങ്ങള്‍ ഈ ജന്മദിനത്തില്‍ എന്നെ ഏറെ വേദിപ്പിക്കുകയും ഭയപ്പെടുത്തുകയുമാണ് ചെയ്യുന്നത്. ആരാധന പ്രകടിപ്പേക്കണ്ടത് ഇങ്ങനെയല്ല. ദയവായി നിങ്ങളുടെ സ്‌നേഹം ഈ തരത്തില്‍ കാണിക്കരുത്. വലിയ ബാനറുകള്‍ തൂക്കരുത്, സിനിമയിലേത് പോലെ ബൈക്ക് ചേസ് ചെയ്യരുത്, അപകടകരമായ സെല്‍ഫികള്‍ എടുക്കരുത് എന്ന് അഭ്യര്‍ത്ഥിക്കുന്നു. എന്റെ എല്ലാ പ്രേക്ഷകര്‍ക്കും ആരാധകര്‍ക്കും വേണ്ടിയാണ് ഞാന്‍ പ്രവര്‍ത്തിക്കുന്നത്.

ജീവിതത്തില്‍ നിങ്ങള്‍ ഉയരങ്ങളിലെത്താന്‍ ശ്രമിക്കുക. നിങ്ങള്‍ എന്റെ ഒരു യഥാര്‍ഥ ആരാധകനാണെങ്കില്‍, നിങ്ങള്‍ നിങ്ങളുടെ കരിയറില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക, നിങ്ങളുടെ ജീവിതം നിങ്ങള്‍ക്കായി സമര്‍പ്പിക്കുക, സന്തോഷവും വിജയവും നേടുക. നിങ്ങളുടെ കുടുംബങ്ങള്‍ക്ക് അഭിമാനികരമാകുന്ന പ്രവൃത്തികള്‍ ചെയ്യുക”. യഷ് പറഞ്ഞു.

യഷിന്റെ ജന്മദിനം പ്രമാണിച്ച് ഗദഗിൽ താരത്തിന്റെ 25 അടി ഉയരമുള്ള കൂറ്റൻ കട്ടൗട്ട് ഉയർത്തുന്നതിനിടെ 3 ആരാധകരാണ് ഷോക്കേറ്റു മരിച്ചത്. മറ്റു 3 പേരെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവരുടെ കുടുംബത്തിന് ലക്ഷം രൂപ വീതവും പരുക്കേറ്റവർക്ക് 50000 രൂപ വീതവും സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ഇതു കൂടാതെ നടനും ഇവരുടെ കുടുംബത്തെ സാമ്പത്തികമായി സഹായിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

ഞായറാഴ്ച രാത്രി വൈകിയാണു സുരനഗരിയിലെ അംബേദ്കർ നഗറിൽ യുവാക്കൾ കട്ടൗട്ട് ഉയർത്തിയത്. ഇതിന്റെ സ്റ്റീൽ ഫ്രെയിം ഹൈടെൻഷൻ വൈദ്യുതി ലൈനിൽ തട്ടിയതിനെ തുടർന്നാണ് അപകടം. രാത്രിയായതിനാൽ റോഡിനു കുറുകെയുള്ള ഹൈടെൻഷൻ ലൈൻ യുവാക്കളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

English Summary:

Yash meets families of fans who died while putting a 25 feet cut-out of him on his birthday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com