ADVERTISEMENT

പുതുതലമുറയാണ് ശരിയെന്ന് നടൻ അലൻസിയർ. കൊല്ലത്ത് സ്കൂൾ കലോത്സവത്തിൽ അരങ്ങേറിയ നാടകങ്ങളിലെ കുട്ടികളുടെ പ്രകടനം കണ്ടിട്ട് സിനിമാ അഭിനയവും നാടകവും നിർത്തിയാലോ എന്നുവരെ ആലോചിച്ചുപോയെന്ന് നടൻ പറഞ്ഞു. ‘മായാവനം’ എന്ന പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം.

‘‘പുതിയ കുട്ടികളോടൊപ്പം അഭിനയിക്കുമ്പോൾ അവരുടെ ഓരോ ഭാവചലനങ്ങളും സൂക്ഷമമായി നിരീക്ഷിക്കാറുണ്ട്. പുതിയ കാലത്തെ ഞാനവരുടെ കണ്ണിലൂടെയാണ് വ്യാഖ്യാനിച്ചെടുക്കുന്നത്. പുതിയ കുട്ടികളുടെ ചലനം, നോട്ടം, അവരുടെ വൈകാരികത ഇതൊക്കെ പഴയ കാലത്തെയല്ല അനുസ്മരിപ്പിക്കുന്നത്. പുതുകാലത്തിന്റെ വൈകാരികത നമുക്കറിയില്ല.

എനിക്ക് രണ്ട് ആൺമക്കളാണുള്ളത്. ആ രണ്ട് മക്കളുടെയും കാലത്തല്ല ഞാൻ ജീവിക്കുന്നതെന്ന് എനിക്ക് നല്ല ഉറപ്പുണ്ട്. ഞാൻ പഴയകാലത്ത് ജീവിക്കുന്നൊരു മനുഷ്യനാണ്. അവർ അനുഭവിക്കുന്ന വ്യഥയല്ല ഞാൻ അനുഭവിച്ചുവന്നത്. അതുതന്നെയാണ് പുതുതലമുറ അവരുടെ ശരീര പ്രകടനത്തിലൂടെയും അഭിനയ ശൈലിയിലൂടെയും പ്രകടിപ്പിക്കുന്നത്. അതു തന്നെയാണ് കൊല്ലം സ്കൂൾ കലോത്സവത്തിൽ ഞാൻ കണ്ട നാടകങ്ങളിലും പ്രതിഫലിച്ചത്.

അവരുടെ അഭിനയം കണ്ടിട്ട് സിനിമാ അഭിനയവും നാടകവും നിർത്തിയാലോ എന്നുപോലും ഞാൻ വിചാരിച്ചുപോയി. എല്ലാ നടന്മാരും അപ്ഡേറ്റ് ചെയ്യാനുണ്ട്. പുതു സൃഷ്ടിയുണ്ടാകണം. അങ്ങനെയായിരിക്കണം കാലം വളരേണ്ടത്. എന്നും പുതുതലമുറയാണ് ശരി, പഴയ തലമുറയല്ല. ഓരോ രാവിലും പുലരിയിലും ഉറക്കത്തിലും യാത്രയിലും ഞാൻ പഠിച്ചുകൊണ്ടിരിക്കുകയാണ്.’’–അലൻസിയർ പറഞ്ഞു.

English Summary:

Alencier about new generation actors

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com