ADVERTISEMENT

സംവിധായകൻ കമലിന്റെ അസിസ്റ്റന്റ് ആകാൻ ജീവിതത്തിൽ താണ്ടിയ വഴികളെക്കുറിച്ച് മനസ്സു തുറന്ന് ഷൈൻ ടോം ചാക്കോ. ‘വിവേകാന്ദൻ വൈറലാണ്’ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിനിടയിലാണ് ഷൈൻ ടോം വികാരാധീനനായത്. നടന്റെ നൂറാമത്തെ സിനിമ കൂടിയാണിത്. ഷൈൻ ആദ്യമായി അസോഷ്യേറ്റ് ആകുന്നതും അഭിനയിക്കുന്നതും കമലിന്റെ സിനിമയിലാണ്. ‘നമ്മൾ’ എന്ന കമൽ ചിത്രത്തിൽ അസോഷ്യേറ്റായും ജൂനിയർ ആർടിസ്റ്റായും ജോലി െചയ്തിട്ടുണ്ട്. വർഷങ്ങൾക്കിപ്പുറം തന്റെ ഗുരുവിന്റെ ചിത്രത്തിൽ നായകനായെത്തുകയാണ് ഷൈൻ ടോം ചാക്കോ.

‘‘പ്ലസ് ടു പഠനം കഴിഞ്ഞപ്പോൾത്തന്നെ എന്റെ അമ്മയ്ക്ക് ഒരുകാര്യം മനസ്സിലായി, ഇനി പഠിച്ചു മുന്നോട്ടു പോകാൻ എനിക്കു താൽപര്യമില്ലെന്ന്. പ്ലസ് ടു കഴിഞ്ഞ് അവധി സമയത്ത് അമ്മ എന്നെ വിളിച്ചു, ‘‘നീ കമൽ സാറിനെ പോയി ഒന്ന് കാണ്. സിനിമയിൽ എന്തെങ്കിലും ഒരു പണി കിട്ടാതിരിക്കില്ല’’. അമ്മയോട് ഞാൻ ഓകെ പറഞ്ഞു. അതിനുശേഷം അമ്മ അറിയാതെ, കറുത്ത പാനലിൽ മോണോ ആക്ട് ഫസ്റ്റ്, കഥാപ്രസംഗത്തിന് ഫസ്റ്റ് അങ്ങനെ അങ്ങനെ കുറെ കാര്യങ്ങൾ എഴുതി വച്ചിട്ടുള്ള ഒരു സാധനം ഉണ്ട്. അതും പിടിച്ച് ഞാൻ കൊടുങ്ങല്ലൂർക്ക് വണ്ടി കയറി. കമൽ സാറിന്റെ വീടെന്നു പറഞ്ഞാൽ ഓട്ടോറിക്ഷക്കാരൊക്കെ അവിടെ കൊണ്ടുചെന്ന് ആക്കും. അവിടെ ചെന്നപ്പോൾ സബൂറ ആന്റിയെയാണ് കണ്ടത്.  

ആന്റിയോട് ഞാൻ പറഞ്ഞു, ‘‘ഞാൻ ചാക്കോ ചേട്ടന്റെയും മരിയ ചേച്ചിയുടെയും മകൻ പൊന്നാനിയിലുള്ള ഷൈൻ’’. അപ്പോൾ ആന്റിക്ക് ഓർമ വന്നു. ആന്റിയോട് പറഞ്ഞു, ‘‘കമൽ സാറിനെ കാണാൻ വന്നതാണ്. മോണോ ആക്ട്, നാടകത്തിലേക്ക് അഭിനയിച്ചിട്ടുണ്ട് ഫസ്റ്റ് കിട്ടിയിട്ടുണ്ട് എനിക്ക് സിനിമയിൽ അഭിനയിക്കാൻ എന്തെങ്കിലും അവസരം വേണമായിരുന്നു’’. അപ്പോൾ ആന്റി പറഞ്ഞു, ‘‘അയ്യോ സർ ഇവിടെ ഇല്ലല്ലോ, എറണാകുളത്ത് ഷൂട്ടിങ്ങിലാണ്. അപ്പോൾ ഞാൻ പറഞ്ഞു ‘‘നമ്പർ തന്നാൽ ഞാൻ വിളിച്ചു നോക്കാമായിരുന്നു’’. സബൂറ ആന്റി നമ്പർ തന്നു. 

പിന്നീട് ഞാൻ തിരിച്ചു വീട്ടിലേക്കു പോയി. ഇടയ്ക്കിടയ്ക്ക് ഈ നമ്പറിൽ വിളിച്ചു നോക്കും. വിളിക്കുമ്പോൾ ആന്റി ആണ് എടുക്കുന്നത്, അല്ലെങ്കിൽ വീട്ടിലെ വേറെ ആരെങ്കിലും. സർ ഇവിടെ ഇല്ല, സർ പുറത്തുപോയി എന്ന് തന്നെയാണ് പറയുന്നത്. സ്കൂളിൽ പരീക്ഷയാണെങ്കിൽ തുടങ്ങാറുമായി, ഒന്നും പഠിച്ചിട്ടുമില്ല. എല്ലാ കൊല്ലവും പരീക്ഷ അടുക്കുമ്പോൾ ഞാൻ ഓർക്കുന്നത് കമൽ സാറിനെയാണ്. സിനിമയിൽ കമൽ സാർ ഉണ്ട്, അദ്ദേഹത്തിന്റെ  അടുത്ത് എത്തിയാൽ സിനിമയിലേക്ക് കടക്കാം. പൊന്നാനിയിൽ ജനിച്ചു വളർന്ന ഒരു പയ്യനെ സംബന്ധിച്ച് കൊച്ചി, ചെന്നൈ ഇവിടെയൊക്കെ നടക്കുന്ന സിനിമ അടുത്തിരുന്ന് കാണാൻ പറ്റുന്നത് തിയറ്ററിൽ ആണ്. അല്ലാതെ സിനിമ ലോകത്തേക്ക് കടക്കുന്നത് എങ്ങനെയാണെന്നു പോലും അറിയില്ല. 

ഗൃഹലക്ഷ്മിയിലും വനിതയിലും ഒക്കെ വരുന്ന ലാലു ചേട്ടന്റെയും പപ്പുച്ചേട്ടന്റെയും ദിലീപേട്ടന്റെയും ഒക്കെ ഇന്റർവ്യൂ വായിക്കും. ഇവരൊക്കെ കമലിന്റെ അസിസ്റ്റന്റ് ഡയറക്ടറായി സിനിമയിൽ കയറി എന്ന് അപ്പോഴാണ് വായിക്കുന്നത്. അപ്പോൾ ഞാൻ ഓർക്കും, ഈ സർ ആണല്ലോ എന്റെ ചെറുപ്പത്തിൽ ആനപ്പടിയുടെ അടുത്ത് വീട്ടിൽ താമസിച്ചിരുന്നത്. അന്ന് സർ വീട്ടിൽ ഗുഡ് ഡേ ബിസ്കറ്റുമായിട്ട് വരും. ഞാൻ വാപ്പിച്ചി, ഉമ്മച്ചി എന്നാണ് വിളിച്ചിരുന്നത്. അനിയത്തി ആണെങ്കിൽ ഡാഡി, മമ്മി എന്നാണ് വിളിക്കുന്നത്. ഞാൻ നോക്കുമ്പോൾ സർ ഇടയ്ക്കിടയ്ക്ക് വരുന്നുണ്ട് കയ്യിൽ ഗുഡ് ഡേ ബിസ്കറ്റും ഉണ്ട്. പിന്നെ ഷൂട്ടിങ് ലൊക്കേഷനുകളിൽ ചെന്നപ്പോഴാണ് മനസ്സിലായത് ഗുഡ് ഡേ ബിസ്കറ്റ് ആണ് അവിടെ കൊടുക്കുന്നതെന്ന്. 

ഡയറക്ടർ ആകാൻ വേണ്ടി അസിസ്റ്റന്റ് ആകാം. പക്ഷേ എനിക്ക് ഉള്ളിൽ അഭിനയിക്കാനുള്ള താൽപര്യമായിരുന്നു. അപ്പോൾ എന്തു ചെയ്യും, ഞാൻ നോക്കിയിട്ട് സിനിമയിൽ ആക്ടർ ആകാൻ ചാൻസ് ചോദിക്കുക എന്നല്ലാതെ വേറൊരു വഴിയും കാണുന്നില്ല. ആ ഇടയ്ക്കാണ് ദിലീപേട്ടന്റെ ഇന്റർവ്യൂസ് ഒക്കെ കണ്ടുതുടങ്ങുന്നത്. കമൽ സാറിന്റെ അസിസ്റ്റന്റ് ഡയറക്ടർ ആയതിനുശേഷമാണ് ദിലീപേട്ടൻ നടനായതും നായകനായതും. അവിടെനിന്നാണ് എനിക്ക് ഈ ഐഡിയ കിട്ടിയത്, അപ്പോൾ കമൽ സാറിന്റെ അസിസ്റ്റന്റ് ആയാൽ നടനാകാം. അതൊക്കെയാണ് എല്ലാവർഷവും കൊല്ല പരീക്ഷയുടെ സമയത്ത് നമുക്ക് ഊർജം തരുന്നത്. അങ്ങനെ കഷ്ടിച്ച് ജയിച്ചു ജയിച്ച് ഒമ്പതാം ക്ലാസിൽ മാത്രം രണ്ടുവർഷം പഠിച്ചു. 

ആ സമയത്ത് ഇംഗ്ലിഷ് മീഡിയത്തിൽനിന്ന് എന്നെ മാറ്റി മലയാളം മീഡിയത്തിലേക്ക് കൊണ്ടുവന്നു. അപ്പോൾ മലയാളവും അറിയില്ല, ഇംഗ്ലിഷും അറിയില്ല എന്നുള്ള അവസ്ഥയാണ്. ഇതിനിടയിൽ ഏഴാം ക്ലാസിൽ ഒരു സംഭവം ഉണ്ടായി. കമൽ സർ നവരത്ന ജ്വല്ലറിയുടെ ഉദ്ഘാടനത്തിന് പൊന്നാനിയിൽ വന്നപ്പോൾ ഞാൻ സ്റ്റേജിന്റെ പിന്നിൽ കൂടി സാറിനെ കാണാൻ പോയി. ഞാൻ ചെന്നു പറഞ്ഞു, ‘‘സർ ഞാൻ ഷൈൻ, ചാക്കോ ചേട്ടന്റെയും മരിയ ചേച്ചിയുടെയും മകൻ പൊന്നാനിയിലുള്ള ഷൈൻ’’. അപ്പോൾ സാർ ചോദിച്ചു. ‘‘ഓഹോ  എന്താണ് കാര്യം?’’ 

അപ്പോൾ ഞാൻ പറഞ്ഞു,‘‘ഡാഡി കാലിൽ ആണി കുത്തി ടെറ്റനസ് ആയി കിടക്കുകയാണ്. സാറിനെ ഒന്ന് കാണണം എന്നു പറഞ്ഞു’’. അങ്ങനെയൊക്കെ പറഞ്ഞപ്പോൾ സാറിന് വിഷമമായി. സാറും റിസബാവയും കൂടി വീട്ടിലേക്കു വന്നു. എന്റെ ലക്ഷ്യം മമ്മിയെക്കൊണ്ട് എന്നെ സിനിമയിൽ അഭിനയിപ്പിക്കാൻ അവസരം ചോദിപ്പിക്കുക എന്നതാണ്.

ആ സമയത്ത് അഴകിയ രാവണൻ റിലീസ് ചെയ്ത സമയമാണ്. സാറിന്റെ ആദ്യം മുതലേ ഉള്ള സിനിമകൾ, ഉണ്ണികളെ ഒരു കഥ പറയാം മുതൽ കുട്ടികളെ കാണാൻ കഴിയുന്നുണ്ട്. കുട്ടികൾക്കും അവസരം കൊടുക്കുന്ന ഒരാളാണ് അദ്ദേഹം എന്ന് മനസ്സിലായി.  അഴകിയ രാവണനിൽ കാവ്യയുടെയും മമ്മൂക്കയുടെയും ശ്രീനിയേട്ടന്റെയും ഒക്കെ കുട്ടിക്കാലം ഉണ്ട്. അങ്ങനത്തെ സീനുകൾ ഒക്കെ കുട്ടികൾക്ക് കിട്ടും എന്നൊക്കെ മനസ്സിൽ ഉണ്ടായിരുന്നു. സർ വീട്ടിൽ വന്ന് ചായ കുടിച്ചു കഴിഞ്ഞപ്പോൾ മമ്മി പറഞ്ഞു ‘നീ പറയടാ’, അദ്ദേഹം ചോദിച്ചു എന്താണ് പറയാനുള്ളതെന്ന്. ഞാൻ പറഞ്ഞു, ‘ഓട്ടോഗ്രാഫ് വേണം’. 

സാറിന്റെ പ്രോഗ്രാമിന്റെ നോട്ടിസ് തന്നെ ഞാൻ സാറിനു നേരെ നീട്ടി. സാർ അതിൽ "സ്നേഹപൂർവം കമൽ" എന്ന് എഴുതി. ഇന്നും ഞാൻ ഓട്ടോഗ്രാഫ് എഴുതുന്നത് അങ്ങനെയാണ് "സ്നേഹപൂർവം ഷൈൻ". സർ വണ്ടിയെടുത്ത് പോകാൻ നേരം ഞാൻ മമ്മിയോട് പറഞ്ഞു, ‘‘മമ്മി പറ, എനിക്കും അഭിനയിക്കണമെന്ന് പറ’’. അപ്പോൾ മമ്മി പറഞ്ഞു ‘‘നിനക്ക് അഭിനയിക്കണമെങ്കിൽ നീ ചെന്ന് പറ’’. സർ വണ്ടിയിൽ കയറിയപ്പോൾ ഞാൻ ഓടിയെത്തി ‘‘സാറേ എനിക്കും സിനിമയിൽ അഭിനയിക്കണം’’.  സാറ് ആ ശരി എന്നു പറഞ്ഞു തല കുലുക്കി റിവേഴ്സ് ഗിയർ ഇട്ടു വണ്ടിയെടുത്ത് പോയി. ഞാൻ വിചാരിച്ചു, ഇത് എന്താണ് പരിപാടി? സാധാരണ ഇങ്ങനെ ഒരാൾ പറഞ്ഞാൽ ആ വിളിക്കാട്ടോ എന്ന് പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. ഇതിപ്പോ ഒന്നും പറഞ്ഞില്ല.  

അതിനുശേഷം പ്ലസ് ടു കഴിഞ്ഞ് ഞാൻ കമൽ സാറിന്റെ വീട്ടിൽ ചെന്ന് ആന്റിയുടെ കയ്യിൽ നിന്നും വീണ്ടും ഫോൺ നമ്പർ വാങ്ങി. ഇടയ്ക്കിടയ്ക്ക് വിളിക്കും. പക്ഷേ ഒരു കാര്യവുമില്ല. പ്ലസ് ടു കഴിഞ്ഞപ്പോൾ ഒരു ദിവസം ഞാൻ മമ്മിയോട് പറഞ്ഞു, സർ എറണാകുളത്ത് വരാൻ പറഞ്ഞിട്ടുണ്ട് എന്ന്. അങ്ങനെ എറണാകുളത്തേക്ക് വണ്ടി കയറി. ലൊക്കേഷനിൽ എത്തിയപ്പോൾ അന്ന് ഗ്രാമഫോണിന്റെ ഷൂട്ടിങ് നടക്കുകയാണ്. ദിലീപേട്ടനും മീരാജാസ്മിനും ഉണ്ട്. അവിടെ ചെന്നപ്പോൾ എന്റെ കയ്യും കാലും വിറയ്ക്കാൻ തുടങ്ങി. ഞാൻ ആദ്യമായാണ് ലൊക്കേഷനിൽ പോകുന്നത്. ഇത് പന്തി അല്ലല്ലോ എന്ന് എനിക്ക് മനസ്സിലായി. ഡാൻസ് കളിക്കുന്നതും മോണോ ആക്ട് ചെയ്യുന്നതും പോലെയല്ല. ഇത്രയും ആൾക്കാരും ലൈറ്റും ബഹളവും ഇവരുടെ മുന്നിൽ നിന്ന് എന്ത് അഭിനയിക്കാനാണ്.  

സർ എവിടെ എന്ന് നോക്കിയപ്പോൾ ഒരു കൂട്ടം ആൾക്കാരുമായി ലിഫ്റ്റിനുള്ളിൽ കയറി പോകുന്നത് കണ്ടു. ഉയരം കുറഞ്ഞത് കാരണം അവരുടെ ഇടയിൽ കൂടി ഞാനും ഉള്ളിൽ കയറി പറ്റി. സാറിനെ തോണ്ടി വിളിച്ചിട്ട് ‘‘സാറേ സാറേ ഞാൻ ആനപ്പടിയിലുള്ള ചാക്കോ ചേട്ടന്റെയും മരിയ ചേട്ടത്തിയുടെയും മകൻ’’, സാർ എന്നെ നോക്കിയിട്ട് ചോദിച്ചു ‘‘നീ എന്താ ഇവിടെ?’’ സാറിന്റെ അസിസ്റ്റന്റ് ഡയറക്ടറായി സിനിമയിൽ വർക്ക് ചെയ്യണമെന്ന് ഞാൻ മറുപടിയായി പറഞ്ഞു. ‘‘നിനക്ക് പരീക്ഷയല്ലേ. പോയി പരീക്ഷ എഴുതിയിട്ട് വാ.  ‘‘പോയി പരീക്ഷ എഴുതിയിട്ട് വാ’’ എന്ന വാക്കിലാണ് ഞാൻ പിടിച്ചത്.  വീട്ടിലെത്തി മമ്മിയോട് പറഞ്ഞു, ‘‘മമ്മി, അസിസ്റ്റന്റ് ഡയറക്ടർ ആയിട്ട് അദ്ദേഹം എന്നെ എടുക്കാം എന്ന് പറഞ്ഞിട്ടുണ്ട്. പരീക്ഷ കഴിഞ്ഞിട്ട് വരാൻ പറഞ്ഞു’’ എന്ന് പറഞ്ഞു.  

മമ്മിക്കു പെട്ടെന്ന് വിളിച്ചു ചോദിച്ച് ഉറപ്പുവരുത്താൻ അന്ന് മൊബൈൽ ഫോൺ ഒന്നുമില്ലല്ലോ. പിന്നീട് ഞാൻ കാത്തിരിപ്പോടു കാത്തിരിപ്പാണ്. കാരണം അടുത്ത പടം ആകണ്ടേ. അടുത്ത പടം തുടങ്ങിയാലല്ലേ പോകാൻ പറ്റൂ. അങ്ങനെ പരീക്ഷയൊക്കെ എഴുതി. റിസൾട്ട് വന്നു കഴിഞ്ഞാൽ പണി പാളുമെന്ന് ഉറപ്പാണ്. അതിനു മുൻപ് എന്തെങ്കിലും സെറ്റ് ആക്കണം. അപ്പോഴാണ് ഞാൻ പത്രത്തിൽ കണ്ടത് കമൽ സാറിന്റെ അടുത്ത പടം തുടങ്ങുന്നു, തൃശൂർ എൻജിനീയറിങ് കോളജ് ആണ് ലൊക്കേഷൻ. അപ്പോൾ ഞാൻ മമ്മിയോട് പറഞ്ഞു, ‘‘മമ്മി ഞാൻ പോവുകയാണ്’’. അന്ന് ഞാൻ മമ്മിയുടെ തൃശൂരുള്ള വീട്ടിലാണ് നിൽക്കുന്നത്.  ഒരു കവറിൽ രണ്ട് ഡ്രസ്സും എടുത്തുവച്ച് ഞാൻ എൻജിനീയറിങ് കോളജിൽ എത്തി. 

അന്ന് അതിൽ സിദ്ധുവും ജിഷ്ണുവും ആണ് അഭിനയിക്കുന്നത്. ‘നമ്മൾ’ ആണ് പടം. കന്റീനിൽ നിന്ന് ഇറങ്ങി വരുന്ന ഒരു ഷോട്ടാണ് സർ എടുത്തു കൊണ്ടിരിക്കുന്നത്. ക്യാമറ ചെയ്യുന്നത് അന്ന് സുകുവേട്ടൻ ആണ്. ആ ഷോട്ട് കഴിഞ്ഞ് ട്രാക്കിൽ മറ്റൊരു ഷോട്ട് ആണ് ഇട്ടിരുന്നത്.  ക്രെയിൻ ഓപ്പറേറ്റ് ചെയ്യുന്നത് മനോഹരൻ ചേട്ടൻ. ഷോട്ട് എടുക്കുമ്പോൾ അതിൽ വെയിലിന്റെ പാച്ച് വീഴാതിരിക്കണം. മനോഹരേട്ടനാണ് കുടയും പിടിക്കുന്നത്. പാച്ച് കട്ട് ചെയ്തിട്ട് പോകണം. രണ്ടുമൂന്ന് ടേക്ക് കഴിഞ്ഞപ്പോൾ മനോഹരേട്ടൻ കുട അവിടെ വച്ചിട്ട് പുറകിലേക്കു പോയി. അതിനിടയിൽ ടേക്ക്  ത്രീഫോർ ഒക്കെ വിളിച്ചപ്പോൾ ഞാൻ പെട്ടെന്ന് കുടയെടുത്ത് വെയില്‍ കട്ട് ചെയ്തു തുടങ്ങി. സർ അവിടെ നിന്ന് വിളിച്ചു ചോദിച്ചു റെഡി ആണോ?  അപ്പോൾ ഞാൻ പറഞ്ഞു ആ റെഡിയാണ്. ടേക്ക്  ഒക്കെയായി, സർ ഒക്കെ പറഞ്ഞു, ഞാനും മനസ്സിൽ പറഞ്ഞു, ആദ്യ പടത്തിന്റെ വർക്ക് തുടങ്ങി. അപ്പോൾ തന്നെ സർ പാക്കപ്പും പറഞ്ഞു.

പെട്ടന്നു ഞാൻ നോക്കിയപ്പോൾ സർ മുകളിലേക്ക് പോകുന്നു.  ഞാൻ ഓടിച്ചെന്ന് പറഞ്ഞു ‘‘സാറേ ഞാൻ ചാക്കോചേട്ടന്റെയും മരിയ ചേട്ടത്തിയുടെയും മോൻ പൊന്നാനിയിലുള്ള ഷൈൻ’’.  സാർ ചോദിച്ചു, ‘‘നീ എന്താ ഇവിടെ.’’ 

‘‘അടുത്ത പടത്തിൽ വരാൻ പറഞ്ഞില്ലേ സർ,  ഞാൻ വന്നു ജോയിൻ ചെയ്തു.  ഞാനാണ് അവിടെ കുട പിടിച്ചുകൊണ്ട് നിന്നത്’’. 

സാറ് തലയിൽ കൈവച്ചു എന്നിട്ട് പറഞ്ഞു, ‘‘നീ ഹോട്ടലിലേക്ക് വാ’’.  ഞാനും ഹോട്ടലിലേക്ക് പോയി, കുറച്ചുനേരം ഞാനവിടെ വെയിറ്റ് ചെയ്തു.  ഇടയ്ക്ക് റിസപ്ഷനിൽ നിന്നും സാറിനെ വിളിപ്പിക്കും എന്നിട്ട് പറയും ‘‘സാർ ഞാൻ ഇവിടെ നിൽപ്പുണ്ട് ചാക്കോ ചേട്ടന്റെയും മരിയ  ചേച്ചിയുടെയും മകൻ"  അങ്ങനെ സാർ എന്നെ റൂമിലേക്ക് വിളിച്ചു. എനിക്ക് മനസ്സിലായി എന്തെങ്കിലും ഒഴിവു പറഞ്ഞ് എന്നെ പറഞ്ഞുവിടാനാണെന്ന്.

ഞാൻ പറഞ്ഞു ‘‘സർ ഒന്നുകൊണ്ടും ടെൻഷൻ അടിക്കേണ്ട. എന്റെ താമസം ഓർത്ത് വിഷമിക്കുകയും വേണ്ട. അമ്മയുടെ വീട് ഇവിടെ അടുത്താണ്. ഞാൻ അവിടെ നിന്ന് വന്നോളാം. ഭക്ഷണമൊക്കെ ഞാൻ പുറത്തുനിന്ന് കഴിച്ചോളാം. എന്നെക്കൊണ്ട് ഒരു അധിക ചെലവും ഉണ്ടാകില്ല. എന്നെ ഇവിടെ ഒന്ന് നിർത്തി തന്നാൽ മതി.’’ കാരണം പ്ലസ് ടു കഴിഞ്ഞാൽ നമ്മളെ എങ്ങോട്ടാണ് പറഞ്ഞയക്കുന്നത് എന്നറിയില്ലല്ലോ. ദുബായിലോ മറ്റെവിടേക്കെങ്കിലും വിട്ടാലോ. അതുകൊണ്ട് ഇവിടെ ഒന്ന് പിടിച്ചു നിന്നേ മതിയാകൂ. അപ്പോൾ സർ പറഞ്ഞു ഷൈനെ, ഇപ്പോൾത്തന്നെ ആള് കൂടുതലാണ്. ഒരാളും കൂടി പുതിയത് വന്നിട്ടുണ്ട് ഷംജു. നിന്നെ അടുത്ത പടത്തിൽ നോക്കാം. 

അപ്പോൾ ഞാൻ പറഞ്ഞത്, സാറേ അടുത്ത പടം ഒന്നും വേണ്ട. ഞാൻ ഇങ്ങനെയൊക്കെ നിന്നോളാം. സർ ആകെ വിഷമിച്ചു. ഇത്തിരി ബോധമുള്ള ആളാണെങ്കിൽ പറഞ്ഞു മനസ്സിലാക്കി വിടാമല്ലോ, ഇതൊരു കൊച്ചു പയ്യനും ആയിപോയി. സർ ഒടുവിൽ എന്നോട് പറഞ്ഞു സെലീനെ പോയി കാണാൻ. ഞാൻ  ഓർത്തു ഇത് ഏത് സെലിൻ. 

പിറ്റേന്ന്  രാവിലെ വീണ്ടും ഞാൻ വന്നു. ലൊക്കേഷനിൽ സെലീനെ അന്വേഷിച്ചു നടക്കുകയാണ്. അതിനിടയിൽ എന്നെ സുഗീത് ചേട്ടൻ പിടിച്ച്  ഇവിടെ നിർത്തും, ഇങ്ങോട്ട് നടക്കാൻ പറയും. എന്നിട്ട് അവിടെനിന്ന് ഇങ്ങോട്ട് നടക്കാൻ പറയും. സുഗീത് ചേട്ടൻ  വിചാരിച്ചു ഞാൻ ഏതോ ജൂനിയർ ആർട്ടിസ്റ്റ് പയ്യൻ ആണെന്ന്. അപ്പോൾ ഞാൻ വിചാരിച്ചു ഇതായിരിക്കും അസിസ്റ്റന്റ് ഡയറക്ടർ പണിയെന്നും. പിന്നീട് ഞാൻ ചെന്ന് സുഗീത് ചേട്ടനോട് പറഞ്ഞു. ‘‘ചേട്ടാ ഞാൻ അസിസ്റ്റന്റ് ഡയറക്ടറായി പുതിയതായി വന്ന ആളാണ്. അപ്പോൾ ചേട്ടൻ ചോദിച്ചു, ‘‘അയ്യോ നീയാണോ പുതിയതായി വന്നത്. നിന്നെ ഇവിടെ അന്വേഷിച്ചു മൂന്നാല് ദിവസമായി നടക്കുന്നു. ഇങ്ങനെ ഒരാൾ വരുന്നുണ്ടെന്ന് എന്നോട് പറഞ്ഞിട്ടുണ്ടായിരുന്നു.’’ 

അങ്ങനെയാണ് ഞാൻ അന്ന് ആ സെറ്റിൽ കയറി പറ്റിയത്. അന്ന് സ്ക്രിപ്റ്റ് ബോക്സ് കൊണ്ടുപോകുന്നത് ഞങ്ങളാണ്. അന്ന് പെട്ടി ചുമന്ന് തുടങ്ങിയതാണ് എന്നാണ് ഞങ്ങൾ പറയാറുള്ളത്. തമാശയ്ക്ക് പറയും ഇവരൊക്കെയാണ് അഭിനയിക്കുന്നതെങ്കിലും കഥ കൊണ്ടുപോകുന്നത് ഞങ്ങളാണെന്ന്. കാരണം രാവിലെ ചുമന്നു കൊണ്ടുപോയി സ്ക്രിപ്റ്റ് പെട്ടി ലൊക്കേഷനിൽ വയ്ക്കും, വൈകിട്ട് തിരിച്ചെടുത്തോണ്ട് പോകും. എല്ലാദിവസവും കൊണ്ടുപോകണം, കാരണം എന്താണ് പെട്ടെന്ന് ചോദിക്കുന്നതെന്ന് അറിയില്ല. അങ്ങനെ അവിടെ നിന്നാണ് ഞാൻ ഇന്ന് ഇവിടെ വരെ എത്തിയത്. ഇത് എങ്ങനെ പറഞ്ഞു ഒപ്പിച്ചു എന്ന് എനിക്ക് അറിയില്ല. ഇതുവരെയായിരുന്നു എന്റെ ജീവിതത്തിലെ ഏറ്റവും വലിയ കാത്തിരിപ്പ്. ഇപ്പോൾ എന്റെ നൂറാമത്തെ ചിത്രം എത്തിയിരിക്കുകയാണ്. വന്നുവന്ന് എനിക്ക് 100 വയസ്സായ പ്രതീതിയാണ്. എല്ലാവരും എന്നെ 100 വയസ്സായത് പോലെയാണ് നോക്കുന്നത്. എന്തായാലും എല്ലാവർക്കും നന്ദി.’’–ഷൈൻ ടോം ചാക്കോ പറഞ്ഞു.

English Summary:

Shine Tom Chacko's Emotional Speech At Vivekanandan Viralaanu Audio Launch

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com