സാധ്യമായതെല്ലാം ചെയ്തു കൊടുത്തു, നമ്മൾ വെറും വട്ടപൂജ്യം: ചർച്ചയായി എലിസബത്തിന്റെ കുറിപ്പ്

Mail This Article
ഭാര്യ എലിസബത്ത് ഇപ്പോള്‍ തന്റെ കൂടെയില്ലെന്ന നടന്‍ ബാലയുടെ വെളിപ്പെടുത്തലിനു പിന്നാലെ, എലിസബത്ത് സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പ് വാർത്തയാകുന്നു. എല്ലാം ചെയ്തു കൊടുത്ത് കൂടെ നിന്നിട്ടും നമ്മെ ഒന്നുമല്ലാതാക്കി കളയുന്ന ഒരാൾ എല്ലാവരുടെയും ജീവിതത്തിൽ ഉണ്ടാകും എന്നർഥം വരുന്ന കുറിപ്പാണ് എലിസബത്ത് പങ്കുവച്ചത്. എലിസബത്ത് ഇപ്പോൾ തന്റെ ഒപ്പമില്ലെന്നും എല്ലാം തന്റെ വിധിയാണെന്നും ബാല ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു.
‘‘നമ്മുടെ ജീവിതത്തിൽ നമ്മൾ സാധ്യമായതെല്ലാം ചെയ്തുകൊടുത്തിട്ടുള്ള ഒരാൾ ഉണ്ടാകും. എന്നിട്ടും അവർ നമ്മെ, നമ്മൾ വെറും വട്ട പൂജ്യമാണെന്ന് തോന്നിപ്പിക്കും.’’–എലിസബത്ത് ഫെയ്സ്ബുക്കിൽ കുറിച്ചു.
നിരവധിപ്പേരാണ് എലിസബത്തിന്റെ കുറിപ്പിനു താഴെ പ്രതികരണങ്ങളുമായി എത്തുന്നത്. ബാലയുമായി എന്തിനാണു പിരിഞ്ഞതെന്നും എല്ലാം സഹിക്കാൻ ദൈവം എലിസബത്തിനു ശക്തി നൽകട്ടെയെന്നും ആളുകൾ കമന്റ് ചെയ്യുന്നുണ്ട്.
2021 സെപ്റ്റംബറിലായിരുന്നു ബാലയും എലിസബത്തും വിവാഹിതരായത്. സന്തോഷത്തോടെ ജീവിതം മുന്നോട്ടുകൊണ്ടുപോയിരുന്ന ഇരുവരുടെയും ഇടയിൽ പെട്ടെന്നെന്തു സംഭവിച്ചു എന്നതാണ് ആരാധകർ ചോദിക്കുന്നത്. ബാല ആശുപത്രിയിൽ ചികിത്സയിലായിരുന്നപ്പോഴും പിന്നീട് വീട്ടിലെത്തിയപ്പോഴുമൊക്കെ എലിസബത്ത് ഒപ്പമുണ്ടായിരുന്നു. പക്ഷേ കുറച്ച് മാസങ്ങളായി ബാലയ്ക്കൊപ്പം എലിസബത്തിനെ കാണാതിരുന്നത് ആരാധകരിൽ ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു.
അതേസമയം, ജോലിക്കായി കേരളം വിട്ടു വന്നിരിക്കുകയാണ് താനെന്ന് എലിസബത്ത് പറയുന്നെങ്കിലും എവിടെയാണ് ജോലി ചെയ്യുന്നതെന്ന് ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല. സ്വന്തം യുട്യൂബ് ചാനൽ വഴി വിശേഷങ്ങളെല്ലാം എലിസബത്ത് പങ്കുവയ്ക്കാറുമുണ്ട്.