ADVERTISEMENT

എന്തുകൊണ്ടാണ്.., എന്തുകൊണ്ടാണ് നിങ്ങൾ ഉറക്കെ നിലവിളിക്കാത്തത്..? 35 വർഷത്തിനുശേഷം ഒരിക്കൽക്കൂടി കാണികളിലേക്ക് വിരൽചൂണ്ടി അവർ ഈ ചോദ്യം ആവർത്തിക്കുകയാണ്. പതിനേഴാം വയസ്സിന്റെ ചോരത്തിളപ്പിൽ അരങ്ങിൽ ആദ്യമായി അവർ ഉന്നയിച്ച അതേ ചോദ്യം ആവേശം ഒട്ടും വാർന്നുപോകാതെ ഒരിക്കൽക്കൂടി മുന്നോട്ടെറിയുന്നു. അതേ നടീനടന്മാർ, അതേ സംവിധായകൻ, അതേ നാടകം, അതേ വേദിയിൽ, അതേ മൂർച്ചയോടെ..അളിഞ്ഞ വാർത്തകൾ, റെക്കോർഡിട്ട നാടകം. തൃശൂർ എൽത്തുരുത്ത് സെന്റ് അലോഷ്യസ് കോളജിലെ കാഴ്ചക്കാർക്കു മുന്നിലേക്ക് ആ നാടകസംഘം ഒരിക്കൽക്കൂടി കടന്നുവരികയാണ്, മൂന്നര പതിറ്റാണ്ടിനുശേഷം. കാലം മാത്രമേ മാറിയിട്ടുള്ളൂ, ഉന്നയിക്കുന്ന സാഹചര്യത്തിന് ഒരു മാറ്റവുമില്ല, ഒരുപക്ഷേ പഴയതിനേക്കാൾ പേടിപ്പെടുത്തുന്നു. 

∙ ഇടിമുഴക്കമായ നാടകം

1989 – 90 വർഷം കാലിക്കറ്റ് സർവകലാശാലാ ഇന്റർ യൂണിവേഴ്സിറ്റി കലോത്സവത്തിൽ ചരിത്രം സൃഷ്ടിച്ച നാടകമായ അളിഞ്ഞ വാർത്ത ഒരിക്കൽക്കൂടി അതേ നടീനടന്മാർ അരങ്ങിലെത്തിക്കുന്നു. ജനുവരി 26ന് കോളജിൽ നടക്കുന്ന അലമ്നൈ മീറ്റാണ് വേദി. സർവകലാശാലാ കലോത്സവത്തിൽ ഒരേ വർഷം 3 ഭാഷകളിലുള്ള നാടകത്തിന് ഒന്നാം സ്ഥാനമെന്ന ചരിത്രനേട്ടം സൃഷ്ടിച്ച നാടകമാണ് അളിഞ്ഞ വാർത്ത. മലയാളം, ഇംഗ്ലിഷ്, ഹിന്ദി ഭാഷകളിൽ ഒരേ നടീനടന്മാർ അണിനിരന്ന് നാടകീയമാക്കിയ ചരിത്രം. 53–ാം വയസ്സിൽ അവർ വീണ്ടുമെത്തുകയാണ്. സംഘത്തിന്റെയോ കോളജിന്റെയോ മാത്രം റെക്കോർഡല്ലിത്. കേരളത്തിലെ ക്യാംപസ് നാടകചരിത്രത്തിൽത്തന്നെ സമാനതകളില്ലാത്ത വിജയം. കലാലയ നാടകവേദി കത്തിനിന്ന സമയത്തെ അപൂർവ നേട്ടം. പുതിയ കാലത്ത് ആ നേട്ടം ഓർത്തെടുക്കാനും ക്യാംപസ് നാടകത്തിന് നവോന്മേഷം നൽകാനുള്ള ശ്രമത്തിന്റെ ഭാഗംകൂടിയാണ് ഇപ്പോഴത്തെ അവതരണം. 

drama4-

∙ വാശിയിൽനിന്നുയർന്ന വീര്യം 

1988 – 89 വർഷം കാലിക്കറ്റ് ഡി സോണിലാണ് ബാദൽ സർക്കാർ രചിച്ച അളിഞ്ഞ വാർത്ത എന്ന മലയാള നാടകം ആദ്യമായി അലോഷ്യസ് കോളജ് മത്സരത്തിനെത്തിക്കുന്നത്. കാഴ്ചക്കാർ ആവേശപൂർവം ഏറ്റുവാങ്ങിയ അര മണിക്കൂർ നാടകം പരിപൂർണമാകും മുൻപ് കർട്ടനിട്ടത് വിവാദമായി. തൃശൂർ പാലസ് ഗ്രൗണ്ടിലെ വേദിയിൽ അതേത്തുടർന്ന് പല അനിഷ്ടസംഭവങ്ങളുമുണ്ടായി. ഇതിൽനിന്നുയർന്ന വാശിയിലാണ് അടുത്തവർഷം സംഘം മത്സരത്തിനെത്തിയത്. അളിഞ്ഞ വാർത്ത അത്തവണ ഇംഗ്ലിഷിലും (സ്റ്റെയിൽ ന്യൂസ്) ഹിന്ദിയിലും (സഡി ഹുയി ബാത്ത്) അവതരിപ്പിച്ചു. ബാദൽ സർക്കാരിന്റെ തന്നെ അനന്തം എന്ന നാടകം മലയാളത്തിലും തട്ടിലെത്തിച്ചു. ഇന്റർസോണിൽ 3 നാടകത്തിനും ഒന്നാം സ്ഥാനത്തിന്റെ തിളക്കം..! ആ നാടകവുമായി പിന്നീട് അതേ സംഘം പല വേദികളും പിന്നിട്ടു. കലാലയങ്ങളിലും ക്ലബ് വാർഷികങ്ങളിലും ഈ നാടകങ്ങൾ കയ്യടിവാങ്ങി. കോളജിനു പുതിയതും വ്യക്തവുമായ നാടക സംസ്കാരം രൂപപ്പെടുത്തിയെടുക്കാനായി എന്നതിനു പുറമെ കലാലയത്തിലെ സാംസ്കാരിക കൂട്ടായ്മയായി ഈ കലാപ്രവർത്തനത്തെ മാറ്റിയെടുക്കാനുമായി. ലഹരിയെന്ന വാക്കിനു കാലം ഭീതിപ്പെടുത്തുന്ന നാനാർഥങ്ങൾ ഒരുക്കുമ്പോൾ അക്കാലത്ത് കലാ ലഹരിയായിരുന്നു വിദ്യാർഥികളെ കൂട്ടിയിണക്കിയിരുന്ന കണ്ണി. സംസ്ഥാന സർക്കാരിന്റെ ഫോക്​ലോർ അക്കാദമി പുരസ്കാര ജേതാവായ പോൾസൺ താണിക്കലാണ് സംവിധായകൻ. അദ്ദേഹത്തിന്റെ സ്വന്തം നാടക– നാടൻപാട്ട് കലാസംഘമായ മുഖം ഗ്രാമീണ നാടകവേദി അളിഞ്ഞ വാർത്തയുമായി ഒരുപാട് വേദികൾ പിന്നിട്ടു. 

∙ ബദലുമായി ബാദൽ 

1970കളിൽ ഇന്ത്യൻ നാടകവേദിയിൽ വിപ്ലവകരമായ മാറ്റങ്ങൾക്കു തുടക്കമിട്ട നാടകകൃത്താണ് ബംഗാളിയായ ബാദൽ സർക്കാർ എന്ന സുധീന്ദ്ര സർക്കാർ. പരമ്പരാഗതമായ പ്രൊസീനിയം തിയറ്ററിൽ‌നിന്ന് നാടകത്തെ വലിച്ചു പുറത്തിട്ടയാൾ. ശതാബ്ദി എന്ന സ്വന്തം പ്രൊസീനിയം തിയറ്ററിനെത്തന്നെ ഉടച്ചിട്ട് അദ്ദേഹം അതിന് ആരംഭം കുറിച്ചു. നാലാൾ കൂടുന്നിടമെല്ലാം അദ്ദേഹം അരങ്ങാക്കി. അത് തെരുവോ ബസ് സ്റ്റാൻഡോ പാർക്കോ മൈതാനമോ എന്നൊന്നുമില്ല. ആടയാഭരണങ്ങളല്ല, മറിച്ച് അഭിനയം മാത്രമാണ് നടന്റെ മൂലധനമെന്നു വിശ്വസിച്ച ബാദൽ സർക്കാർ, ദരിദ്ര നാടകവേദിയെന്ന സങ്കൽപത്തിന്റെ ഇന്ത്യയിലെ വക്താവായി. ലോകനാടകവേദിയിൽ ജർമൻ നാടകകൃത്തായ ബെർടോൾഡ് ബ്രെത്തും പിന്നീട് ഇംഗ്ലിഷ് നാടകകൃത്തായ ഹാരോൾഡ് പിന്ററും മറ്റും തുടക്കമിട്ട പ്രസ്ഥാനത്തിന്റെ ഇന്ത്യയിലെ പ്രയോക്താവ്. മൂന്നാം നാടകവേദി, തേഡ് തിയറ്റർ അഥവാ ദരിദ്ര നാടകവേദി പേരു സൂചിപ്പിക്കുംപോലെ അരങ്ങിലെ പണക്കൊഴുപ്പിന് എതിരായിരുന്നു. 

drama3

അഭിനേതാക്കൾ വില കൂടിയ വേഷങ്ങൾ അണിഞ്ഞിരുന്നില്ല. അരങ്ങിൽ പ്രോപ്പർട്ടീസ് ഉണ്ടാകുമായിരുന്നില്ല. ഉണ്ടെങ്കിൽത്തന്നെ ചുരുങ്ങിയ ചിലവിൽ ഒരുക്കാവുന്ന കുറഞ്ഞ വസ്തുക്കൾ മാത്രം. മിക്കപ്പോഴും നടന്മാർത്തന്നെ ഉപകരണങ്ങളായി മാറുകയായിരുന്നു. പുഴയും തെന്നലും കൊടുങ്കാറ്റും നടന്മാർ ശരീരംകൊണ്ട് സൃഷ്ടിക്കുന്ന രീതി. തനിക്കു പറയാനുള്ളത് പണച്ചെലവിന്റെ കെട്ടുകാഴ്ചകളില്ലാതെ, കാഴ്ചക്കാരന്റെ മനസ്സിലേക്ക് ഇടിച്ചിടുന്ന രീതി. രസിക്കാൻ മാത്രമല്ല, ചിന്തിക്കാൻകൂടിയാണ് നാടകമെന്നു കാഴ്ചക്കാരന്റെ നെഞ്ചിൽ കുത്തി ഓർമിപ്പിച്ച അവതരണരീതിയുടെ ആശാൻ. 

ഇന്ത്യയിൽ വിപ്ലവ പ്രസ്ഥാനങ്ങൾ കത്തിനിന്ന സമയത്താണ് ബാദൽ സർക്കാർ നവീന ആശയങ്ങളുമായി നാടകത്തെ തെരുവോരങ്ങൾക്ക് പരിചയപ്പെടുത്തിയത്. സ്വാഭാവികമായും നിലവിലുള്ള സാമൂഹിക, രാഷ്ട്രീയ പരിതസ്ഥിതിയോട് ഏറ്റുമുട്ടുന്നതായിരുന്നു അദ്ദേഹത്തിന്റെ സമീപനം. അമ്പതോളം നാടകങ്ങൾ രചിച്ചിട്ടുള്ള അദ്ദേഹത്തെ 1972ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചു. മറ്റു ഭാഷകളിലേക്ക് ഏറ്റവും കൂടുതൽ വിവർത്തനം ചെയ്യപ്പെട്ട ഇന്ത്യൻ നാടകകൃത്തുക്കളുടെ കൂട്ടത്തിൽ ബാദൽ സർക്കാർ തലയുയർത്തി നിൽക്കുന്നു. 1925 ൽ ജനിച്ച അദ്ദേഹം 2011ൽ മരിച്ചു. 

∙ വാർത്ത എന്നും അളിഞ്ഞത് 

1975ൽ എഴുതിയ നാടകത്തെ തൊണ്ണൂറുകളിലെ ഇന്ത്യയിലെയും കേരളത്തിലെയും രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക പശ്ചാത്തലത്തിൽ നോക്കിക്കാണുകയാണ് അളിഞ്ഞ വാർത്ത. ജനനം മുതൽ മനുഷ്യൻ അനുഭവിക്കുന്ന വിവിധ തരം ജീവിത സമ്മർദങ്ങൾ വേദിയിൽ നിവർന്നുവരുന്നു. ഈ സമ്മർദങ്ങളും മോഹങ്ങളും പിടച്ചിലും വേദനയും ഒരു സമൂഹത്തിന്റെയും ഒരു കാലഘട്ടത്തിന്റെയും തന്നെയാണെന്നു തിരിച്ചറിയുന്നു. തൊണ്ണൂറുകളിൽ അവതരിപ്പിച്ച നാടകം അതുപോലെത്തന്നെ പുനരവതരിപ്പിക്കുകയാണിവിടെ. മൂന്നര പതിറ്റാണ്ടിനു ശേഷവും അതേ ജീവിതസാഹചര്യം നിലനിൽക്കുന്നുവെന്നത് അമ്പരപ്പിക്കുന്നു, ഒരു പക്ഷേ സാഹചര്യം അനുദിനം അതിഭീകരമായി മാറിക്കൊണ്ടേയിരിക്കുന്നു. ഇത് തിരിച്ചറിയുമ്പോഴാണ് അന്ന് ബാദൽ സർക്കാർ മുന്നോട്ടുവച്ച ജീവിത രാഷ്ട്രീയം എക്കാലത്തേക്കും എല്ലാ സമൂഹത്തിനും വേണ്ടിയുള്ളതാണെന്ന് തിരിച്ചറിയുന്നത്. തൊണ്ണൂറുകളിൽ ജനപ്രീതി നേടിയ ഒരുപാട് പരസ്യവാചകങ്ങളുടെ കൂടി അകമ്പടിയോടെ എന്നും നവീനത്വം തോന്നിപ്പിക്കുന്ന രീതിയിലാണ് അവതരണം. 

സമരം.. സ്വാതന്ത്ര്യ സമരം.. രണ്ടാം സ്വാതന്ത്ര്യ സമരം എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചാണ് നാടകം തീരുന്നത്. ആരോടാണീ സമരം..? എന്തിനെതിരെയാണീ സമരം..? അവനവനോടോ..? അതോ സമൂഹത്തോടോ..? നിലപാടുകളോടോ..? കാഴ്ചക്കാരന് സ്വയം തീരുമാനിക്കാം. 

English Summary:

Alinja Vartha Drama Special

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com