ADVERTISEMENT

സാഹിത്യകാരന്‍, തിരക്കഥാകൃത്ത്, ചലച്ചിത്രസംവിധായകന്‍...പത്മരാജന്‍ സ്വയം അടയാളപ്പെടുത്തിയത് സര്‍ഗാത്മകതയുടെ വൈവിധ്യപൂര്‍ണമായ തലങ്ങളില്‍ നിന്നുകൊണ്ടായിരുന്നു. സാഹിത്യവും സിനിമയും പ്രത്യഭിജിന്നമായ രണ്ട് മേഖലകളാണെന്ന അടിസ്ഥാനപരമായ ധരണയില്‍ ഉറച്ചുനിന്നുകൊണ്ട് തന്നെ രണ്ടും തമ്മില്‍ അപാരമായ പാരസ്പര്യം കണ്ടെത്തിയ പ്രതിഭയായിരുന്നു പത്മരാജന്‍. അദ്ദേഹത്തിന്റെ സാഹിത്യസൃഷ്ടികള്‍ ഒന്നും തന്നെ സിനിമയാക്കാന്‍ പാകത്തിലോ സിനിമയെ മുന്നില്‍ കണ്ടോ രചിച്ചതായിരുന്നില്ല. എന്നാല്‍ അപാരമായ ദൃശ്യബോധം നിറഞ്ഞതായിരുന്നു അതിന്റെ ആഖ്യാനശൈലി. അന്തരീക്ഷസൃഷ്ടിയിലും ഭാഷയിലും ഇമേജറികളിലും ഘടനയിലും ഉള്‍പ്പിരിവുകളിലും കഥാസന്ദര്‍ഭങ്ങളിലുമെല്ലാം ദൃശ്യാത്മകമായ ഒരു തരം ആഴവും സൗന്ദര്യപരതയും നിറഞ്ഞു നിന്നിരുന്നു.

ഉദകപ്പോള എന്ന നോവല്‍ ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. സാഹിത്യസൃഷ്ടി എന്ന നിലയില്‍ തനത് വ്യക്തിത്വം പുലര്‍ത്തുമ്പോഴും ഒരു ചലച്ചിത്രത്തിന് ആവശ്യമായ അസംസ്‌കൃതവസ്തുക്കള്‍ ആ ആഖ്യായികയുടെ ആന്തരികഭൂമികയില്‍ ഒളിഞ്ഞു കിടന്നു. പില്‍ക്കാലത്ത് പത്മരാജന്‍ തന്നെ തൂവാനത്തുമ്പികള്‍ എന്ന അതിമനോഹരമായ, എക്കാലവും പ്രസക്തമായ ഒരു ചലച്ചിത്രരചന ഈ നോവലിനെ ഉപജീവിച്ച് രൂപപ്പെടുത്തുകയുണ്ടായി.

ഒരു സാഹിത്യസൃഷ്ടി ചലച്ചിത്രമാധ്യമത്തിലേക്ക് പരാവര്‍ത്തനം ചെയ്യപ്പെടുമ്പോള്‍ ദീക്ഷിക്കേണ്ട വ്യതിരിക്തതകള്‍ക്ക് ഏറ്റവും മികച്ച മാതൃകകള്‍ സൃഷ്ടിച്ച കലാകാരനാണ് പത്മരാജന്‍. സ്വന്തം നോവലുകള്‍ പോലും അതേപടി സിനിമയാക്കിയിരുന്നില്ല അദ്ദേഹം. ചലച്ചിത്രത്തിന്റെ രൂപഘടനയ്ക്കും സൗന്ദര്യത്തികവിനും അനിവാര്യമായത് മാത്രം സ്വാംശീകരിച്ച് ഒഴിവാക്കേണ്ടവ പാടെ ഒഴിവാക്കിയും ചിലത് പുതുതായി കൂട്ടിച്ചേര്‍ത്തും തീര്‍ത്തും വേറിട്ട സൃഷ്ടി ഒരുക്കുന്നതില്‍ പ്രകടിപ്പിച്ച പാടവവും പത്മരാജന്റെ സര്‍ഗവൈഭവത്തിന്റെ ഉത്തമദൃഷ്ടാന്തമായി വിലയിരുത്തേണ്ടതാണ്.

മാധ്യമപരമായ വ്യതിരിക്തതകള്‍

സ്വന്തം കൃതികള്‍ മാത്രമല്ല കൃതഹസ്തരും പരിണിതപ്രജ്ഞരുമായ ഇതര എഴുത്തുകാരുടെ രചനകള്‍ ചലച്ചിത്രമായി പുനരാവിഷ്‌രിക്കുമ്പോഴും അടിസ്ഥാനകഥാംശം നിലനിര്‍ത്തിക്കൊണ്ടു തന്നെ സൃഷ്ടിപരതയുടെ വേറിട്ട മുഖം കണ്ടെത്തുന്നതില്‍ പത്മരാജന്‍ പ്രകടിപ്പിച്ച സവിശേഷമായ പാടവത്തിന് നിരവധി ഉദാഹരണങ്ങളുണ്ട്. വാസന്തിയുടെ ഇല്ലിക്കാടുകള്‍ പൂത്തപ്പോള്‍ എന്ന നോവല്‍ കൂടെവിടെ? എന്ന പേരില്‍ ചലച്ചിത്രമായപ്പോള്‍ ലഭിച്ച ഉണര്‍വും സവോന്മേഷവും ചലച്ചിത്രവിദ്യാർഥികള്‍ക്ക് ഒരു പാഠപുസ്തകമാണ്. വാസന്തിയുടെ തന്നെ പുനര്‍ജന്മം എന്ന നോവല്‍ പില്‍ക്കാലത്ത് അദ്ദേഹം ഇന്നലെ എന്ന പേരില്‍ ചലച്ചിത്രമാക്കി. ഈ സിനിമയും ഒരു നോവല്‍ ചലച്ചിത്രത്തിന്റെ മാധ്യമപരമായ സവിശേഷതകളിലേക്ക് കൂടുമാറുമ്പോള്‍ അഥവാ പരകായപ്രവേശം നടത്തുമ്പോള്‍ സംഭവിക്കേണ്ട ഗുണപരമായ വ്യതിയാനം സംബന്ധിച്ച ഉത്തമനിദര്‍ശനമാവുന്നു.    

mammootty-padmarajan
മമ്മൂട്ടിയും പത്മരാജനും

സുധ പി. നായരുടെ റേഡിയോ നാടകം ‘കരിയിലക്കാറ്റുപോലെ’ എന്ന പേരില്‍ തിരക്കഥയെഴുതി സംവിധാനം ചെയ്തപ്പോഴും കെ.കെ. സുധാകരന്റെ നമുക്ക് ഗ്രാമങ്ങളില്‍ ചെന്ന് രാപാര്‍ക്കാം എന്ന നോവല്‍ നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ എന്ന പേരില്‍ ചലച്ചിത്രമായി പരിവര്‍ത്തിപ്പിച്ചപ്പോഴും മൂലസൃഷ്ടിയെ മറികടക്കുന്ന കലാലാവണ്യം കൊണ്ട് പത്മരാജന്‍ നമ്മെ അതിശയിപ്പിക്കുകയുണ്ടായി.

മൂലകൃതി ചലച്ചിത്രസൃഷ്ടിക്കുള്ള കേവലം അസംസ്‌കൃതവസ്തു മാത്രമായി പരിമിതപ്പെടുന്നതും ചലച്ചിത്രകലയേക്കാള്‍ എത്രയോ മടങ്ങ് സമുന്നതമെന്ന് ദീക്ഷിക്കപ്പെടുന്ന സാഹിത്യത്തേക്കാള്‍ വലിയ ആഴം നല്‍കാന്‍ തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ നിലകളില്‍ പത്മരാജന്‍ പ്രകടിപ്പിക്കുന്ന മിടുക്കിന് മലയാള സിനിമാ ചരിത്രത്തില്‍ സമാനതകളില്ല.

തകഴിയുടെ ചെമ്മീന്‍ എന്ന കൃതി കൂടുതല്‍ അറിയപ്പെടുന്നതിനും നോവലിന് കൂടുതല്‍ സ്വീകാര്യതയും ജനപ്രീതിയും ലഭിക്കുന്നതിനും അതിന്റെ ചലച്ചിത്രഭാഷ്യം കാരണമായി എന്ന് വ്യാപകമായ ധാരണയുണ്ട്. രാമു കാര്യാട്ട് ഒരുക്കിയ ചെമ്മീന്‍ സാങ്കേതികമായും സൗന്ദര്യശാസ്ത്രപരമായും മികച്ച സൃഷ്ടിയുമായിരുന്നു. എന്നാല്‍ വിവിധ ഘടകങ്ങളും മാനദണ്ഡങ്ങളും ഉപയോഗിച്ച് വിലയിരുത്തുകയും പരസ്പരം താരതമ്യപ്പെടുത്തുകയും ചെയ്യുമ്പോള്‍ ചെമ്മീന്‍ എന്ന ക്ലാസിക് കൃതിയുടെ മുകളില്‍ നില്‍ക്കുന്ന വിധം അനശ്വരതയെ സ്പര്‍ശിക്കുന്ന ഒന്നാണ് അതിന്റെ ചലച്ചിത്രഭാഷ്യമെന്ന് ഉറപ്പിച്ചു പറയാനാവില്ല. നോവല്‍ ഒരു നൂറ്റാണ്ട് കൂടി കഴിഞ്ഞാലും ഒരുപക്ഷെ നിലനില്‍ക്കും. എന്നാല്‍ സിനിമയെ അന്നത്തെ തലമുറ ഇന്ന് കാണുന്നത്ര  ഗൗരവത്തോടെ കാണുമോയെന്ന സന്ദേഹത്തിന് കാലത്തിന് മാത്രമേ മറുപടി പറയാന്‍ സാധിക്കൂ.

jagathy-3

എന്നാല്‍ പത്മരാജന്റെ ചലച്ചിത്രരചനകളും അദ്ദേഹം ഉപജീവിച്ച മൂലകൃതികളും തമ്മിലുള്ള താരതമ്യപഠനത്തില്‍  അടിസ്ഥാനരചനയെ അതിജീവിക്കുന്ന മേന്മ അവലംബിതസൃഷ്ടികള്‍ പ്രകടിപ്പിക്കുന്നതായി കാണാം. സ്വന്തം കൃതികളുടെ കാര്യത്തില്‍ പോലും ഈ അവസ്ഥ ദൃശ്യമാണ്. പത്മരാജന്‍ തന്നെ രചിച്ച ഉദകപ്പോള എന്ന നോവല്‍ മലയാളനോവല്‍സാഹിത്യചരിത്രത്തില്‍ ഒരു കാലത്തും വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെട്ടിരുന്നില്ല. എന്നാല്‍ ആ നോവലിന്റെ പിന്‍തുടര്‍ച്ചക്കാരനായ തൂവാനത്തുമ്പികള്‍ എന്ന സിനിമ മൂന്ന് പതിറ്റാണ്ടിന് ശേഷവും നിത്യനൂതനമായി പുതിയ പുതിയ വായനകള്‍ക്കും സംവാദങ്ങള്‍ക്കും പ്രേരകമായി നിലനില്‍ക്കുന്നു. അനൂപ് മേനോനും ശ്യാം പുഷ്‌രനും അടക്കമുളള നവചലച്ചിത്രരചയിതാക്കള്‍ തങ്ങളുടെ എക്കാലത്തെയും ഇഷ്ടസിനിമകളിലൊന്നായി ഇതിനെ വിലയിരുത്തുന്നു.

സമകാലീന മലയാള സിനിമയിലെ നവതരംഗത്തിന് പോലും നിദാനവും പ്രേരകവുമായത് തമിഴ്‌സിനിമയിലെ പുതുതലമുറ മുന്നോട്ട് വച്ച വിപ്ലവകരമായ ചലച്ചിത്രാഖ്യാന സമീപനങ്ങളായിരുന്നു. ബാല, ബാലാജി ശക്തിവേല്‍, അമീര്‍ സുല്‍ത്താന്‍, ശശികുമാര്‍, ഗൗതം വാസുദേവമേനോന്‍...എന്നിങ്ങനെ രണ്ട് ഡസനിലേറെ യുവചലച്ചിത്രകാരന്‍മാരാണ് ഈ നീക്കത്തിന് ചുക്കാന്‍ പിടിച്ചത്. ഇവരൊക്കെ തന്നെ  അഭിമുഖങ്ങളില്‍ തങ്ങളുടെ ഏറ്റവും വലിയ പ്രചോദനകേന്ദ്രമായി പത്മരാജനെ കാണുന്നു.

padmarajan-mohanlal-3

മലയാളത്തിലെ നവചലച്ചിത്രകാരന്‍മാര്‍ക്ക് മാത്രമല്ല നവചലച്ചിത്രാസ്വാദകര്‍ക്കും ഇന്നും അദ്ദേഹത്തിന്റെ സിനിമകളും സാഹിത്യരചനകളും സമകാലീന രചനകളേക്കാള്‍ പ്രിയപ്പെട്ടതാണ്. ദശകങ്ങള്‍ക്ക് ശേഷവും നിത്യനൂതനത്വം നിലനിര്‍ത്താന്‍ കഴിയുന്നുവെന്നതാണ് അതിന്റെ സവിശേഷതയായി അവര്‍ ചൂണ്ടിക്കാട്ടുന്നത്. അതുകൊണ്ട് തന്നെ ക്ലാസ്സിക്ക് എന്ന വിശേഷണത്തിന് സര്‍വഥാ യോഗ്യമാണ് പത്മരാജന്‍ സാഹിത്യവും സിനിമകളും. ഒരു ഹ്രസ്വലേഖനത്തിന്റെ പരിധികളിലും പരിമിതികളിലും ഒതുങ്ങി നില്‍ക്കുന്നതല്ല അദ്ദേഹത്തിന്റെ കലയുടെ മര്‍മ്മം. അത് കടലു പോലെ അഗാധവും വിസ്തൃതവുമാണ്. അതിന്റെ ഒരു പരിചേ്ഛദമെങ്കിലും ആവിഷ്‌കരിക്കാനുള്ള ശ്രമം പോലും ദുഷ്‌കരമാണ്. എന്നിരിക്കിലും പത്മരാജന്റെ ചലച്ചിത്രരചനകളെക്കുറിച്ചുളള അടിസ്ഥാനധാരണ ചലച്ചിത്രപഠിതാക്കള്‍ക്കെന്ന പോലെ പ്രേക്ഷകരുടെയും ആസ്വാദനബോധത്തെ സമുന്നത തലത്തിലേക്ക് ഉയര്‍ത്താന്‍ പര്യാപ്തമെന്ന് നിസംശയം പറയാം.

എന്നും ന്യൂജന്‍ ഫിലിംമേക്കര്‍

എക്കാലവും പ്രസക്തവും സംഗതവും ആസ്വാദനക്ഷമവുമായ സിനിമകളാണ് ക്ലാസ്സിക്കുകള്‍ എന്ന വിശേഷണത്തിന് അര്‍ഹമാവുന്നതെങ്കിലും ഒരിക്കല്‍ ക്ലാസ്സിക്ക് എന്ന് വിശേഷിപ്പിക്കപ്പെട്ട പല മലയാള സിനിമകളും ഇന്ന് കാണുമ്പോള്‍ പ്രകടമായ പഴക്കം കൊണ്ട് കാലത്തിന് ചേരാത്ത ഒന്നായി അനുഭവപ്പെടാറുണ്ട്. എന്നാല്‍ ആ ഗതികേടിനെ അനിതരസാധാരണമായ പ്രതിഭാവിലാസം കൊണ്ട് മറികടന്ന ചലച്ചിത്രകാരനാണ് പത്മരാജന്‍.

ന്യൂജനറേഷന്‍ എന്നും പ്രകൃതിപ്പടങ്ങളെന്നും ഇന്ന് വ്യാപകമായി വിശേഷിപ്പിക്കുന്ന തരം സിനിമകളുണ്ട്. ദിലീഷ് പോത്തന്റെയും മറ്റും പേരില്‍ നാം ഇന്ന് ആഘോഷിക്കുന്ന സാഭാവികത നിറഞ്ഞ ചലച്ചിത്രസമീപനം തുടങ്ങി വച്ചവരില്‍ ഒരാള്‍ കെ.ജി. ജോര്‍ജാണെങ്കില്‍ തത്തുല്യമായ നിറവോടെ ആ സമീപനം യാഥാര്‍ത്ഥ്യമാക്കിയ പ്രതിഭയാണ് പത്മരാജന്‍. കളളന്‍ പവിത്രനും പെരുവഴിയമ്പലവും ഒരിടത്തൊരു ഫയല്‍വാനും അരപ്പെട്ട കെട്ടിയ ഗ്രാമത്തിലും അടക്കം എത്രയോ സിനിമകളില്‍ ജീവിതം ഒരു ക്യാമറ ഒളിപ്പിച്ചുവച്ച് പകര്‍ത്തിയ അനുഭവതലം സൃഷ്ടിച്ചു പത്മരാജന്‍. ലിജോ ജോസ് പല്ലിശ്ശേരി അടക്കമുളള ഇന്ന് ഏറെ ആദരിക്കപ്പെടുന്ന ചലച്ചിത്രകാരന്‍മാര്‍ തങ്ങളുടെ സര്‍ഗയാത്രയില്‍ ഏറ്റവും വലിയ പ്രചോദനങ്ങളിലൊന്നായി പത്മരാജന്റെ പേര് പരാമര്‍ശിക്കുന്നു.

padmarajan

തൂവാനത്തുമ്പികള്‍ 50 ലധികം തവണ ആവര്‍ത്തിച്ച് കണ്ടതായി അനൂപ് മേനോന്‍ ഒരു അഭിമുഖത്തില്‍ പരാമര്‍ശിച്ചപ്പോള്‍ അതില്‍ അതിശയം തോന്നിയില്ല. കാരണം പത്മരാജനെ അത്രയധികം സ്‌നേഹിക്കുകയും പിന്‍തുടരുകയും ചെയ്യുന്ന നിരവധി പേര്‍ കേരളീയ സമൂഹത്തിന്റെ വിവിധ തലങ്ങളിലുണ്ട്. 35 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുറത്തിറങ്ങിയ ആ സിനിമ ഇന്റര്‍നെറ്റില്‍ പുതുതലമുറ പ്രേക്ഷകര്‍ ഏറ്റവും അധികം ആവര്‍ത്തിച്ച് കാണുന്ന ചലച്ചിത്രങ്ങളിലൊന്നാണ്.

ഏറ്റവും പുതിയ ചലച്ചിത്രകാരന്‍മാര്‍ പോലും പത്മരാജന്‍ തങ്ങളില്‍ ചെലുത്തിയ അപാരമായ സ്വാധീനത്തെക്കുറിച്ച് ആവര്‍ത്തിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. തിരക്കഥയിലെ സൂക്ഷ്മതയും നൂതനത്വവും മുതല്‍ ദൃശ്യാവിഷ്‌കാരത്തിലെ വേറിട്ട സമീപനങ്ങള്‍ വരെ അവര്‍ ഉള്‍ക്കൊളളുന്നു. പിന്‍തുടരുന്നു. കാണാമറയത്ത് പോലെ തിരക്കഥയെഴൂതിയ പടങ്ങളില്‍ പോലും ഒരു ന്യുജന്‍ സിനിമയുടെ ഭാവുകത്വസ്പര്‍ശമുണ്ട്.നഗരപശ്ചാത്തലത്തില്‍ കൂടുതല്‍ സിനിമകള്‍ ഒരുക്കിയ പത്മരാജന്റെ ആദ്യകാലസിനിമകളില്‍ ഏറെയും ഗ്രാമ്യാന്തരീക്ഷത്തിലുളളതായിരുന്നു. സിനിമ പച്ചയായ കേരളീയ സാമൂഹ്യജീവിതത്തിന്റെ പരിചേ്ഛദമാവുകയും പച്ചമനുഷ്യരുടെ ഭാവഹാവാദികളും മാനസികാവസ്ഥകളും സൂക്ഷ്മചലനങ്ങളും പാത്രശരീരത്തിലേക്കും ആന്തരിക തലത്തിലേക്കും സന്നിവേശിപ്പിക്കുക വഴി സിനിമ കണ്ടുകൊണ്ടിരിക്കുന്നു എന്ന തോന്നല്‍ മറികടന്ന് യഥാര്‍ത്ഥജീവിതത്തിന് നടുവില്‍ നില്‍ക്കുന്ന പ്രതീതിയുണര്‍ത്താന്‍ ശ്രമിച്ച ചലച്ചിത്രകാരനായിരുന്നു പത്മരാജന്‍.

jayaram-padmarajan

കെ.ജി.ജോര്‍ജിനെ പോലെ അപൂര്‍വം സമകാലികര്‍ ഒഴിച്ചാല്‍ അക്കാലത്ത് മറ്റാരും പരീക്ഷിക്കാന്‍ മടിച്ച ചലച്ചിത്രസമീപനമായിരുന്നു ഇത്. തിരക്കഥാകൃത്ത് എന്ന നിലയില്‍ പ്രവര്‍ത്തിച്ച പ്രാരംഭകാലത്തും ഗ്രാമ്യപശ്ചാത്തലത്തില്‍ കഥ പറഞ്ഞ സിനിമകളെല്ലാം തന്നെ സ്വാഭാവികമായ ആഖ്യാനസമീപനം നിലനിര്‍ത്തിയിരുന്നു. വിഷയം എന്ത് തന്നെയായിരുന്നാലും മണ്ണിന്റെ മണമുള്ള കരുത്തുറ്റ കഥാപാത്രങ്ങള്‍ അവയുടെ പ്രത്യേകതയായിരുന്നു. തകരയും ചെല്ലപ്പനാശാരിയും പോലെ എത്രയോ മികച്ച ഉദാഹരണങ്ങള്‍.

ആദ്യകാല സിനിമകള്‍  പരിശോധിക്കുമ്പോള്‍ ലൈംഗികതയ്ക്ക് പത്മരാജന്റെ ചലച്ചിത്രപ്രപഞ്ചത്തില്‍ സവിശേഷ സ്ഥാനമുള്ളതായി കാണാം. തകര, ഇതാ ഇവിടെ വരെ, ലോറി, പ്രയാണം, രതിനിര്‍വേദം എന്നീ സിനിമകളൊക്കെ തന്നെ പരസ്പരവിഭിന്നമായ ഇതിവൃത്തങ്ങളിലുടെ മനുഷ്യകാമനകളുടെ വേറിട്ട മുഖങ്ങള്‍ തുറന്നു കാട്ടുന്നു. കൗമാരമനസിന്റെ സൂക്ഷ്മവ്യതിയാനങ്ങള്‍ കൃത്യമായി വരച്ചുകാട്ടിയ രതിനിര്‍വേദം പാപബോധത്തിന്റെ കൂടി ആഖ്യാനമായി പരിണമിക്കുന്നു. അങ്ങനെ സ്ത്രീയും പുരുഷനും തമ്മിലുളള കേവല ലൈംഗിക ആകര്‍ഷണം എന്നതിനപ്പുറം ഭാരതീയ സംസ്‌കാരത്തിന്റെ ഭാഗമായ സദാചാരസങ്കല്‍പ്പത്തിന്റെ ഒരധികമാനം കൂടി നല്‍കാന്‍ എഴുത്തുകാരന്‍ ശ്രദ്ധിച്ചിരിക്കുന്നു.

jayaram-lal

മനുഷ്യകാമനകളുടെയും പ്രതികാരത്തിന്റെയും കഥകള്‍ പറഞ്ഞ പത്മരാജന്‍ സഹനവും നിസഹായതയും മറികടന്ന് കൈക്കരുത്തിന്റെയും അതിജീവനത്തിന്റെയും അങ്ങിനെ ശക്തിമത്തായ ഒരു ജീവിതയാപനത്തിന്റെ സാധ്യതകളിലേക്കാണ് ചെന്നെത്തിയത്.

എന്നാല്‍ സംവിധായകന്‍ എന്ന നിലയിലെത്തിയപ്പോള്‍ ആ രചനകളുടെ സ്വഭാവം പാടെ മാറി. നിഗൂഢതയും ഭ്രമാത്മകതയും മൃത്യുബോധവും നിഗൂഹനം ചെയ്യപ്പെട്ട ഇതിവൃത്ത സവിശേഷതകളിലുടെ അദ്ദേഹം ചലച്ചിത്രവിസ്മയങ്ങള്‍ തീര്‍ത്തു. മാജിക്കല്‍ റിയലിസം എന്ന സങ്കേതം നമ്മുടെ സാഹിത്യ-ചലച്ചിത്രമണ്ഡലങ്ങളെ സ്പര്‍ശിക്കുന്നതിന് എത്രയോ മുന്‍പ് പത്മരാജന്‍ സിനിമകളില്‍ അതിന്റെ നിഴലാട്ടം ദൃശ്യമായിരുന്നു. ഭ്രമാത്മകത അദ്ദേഹത്തിന് എന്നും പ്രിയപ്പെട്ട ഒന്നായിരുന്നു. കളളന്‍ പവിത്രനിലും അപരനിലും കഥയില്‍ ഭ്രമാത്മകതയെ അലിയിച്ചെടുത്ത പത്മരാജന്‍ ഏറ്റവും ഒടുവിലത്തെ സിനിമയായ ഞാന്‍ ഗന്ധര്‍വ്വനില്‍ കുറെക്കൂടി പ്രകടനപരമാക്കി.

എന്നാല്‍ സംവിധായകന്‍ എന്ന നിലയില്‍ ആദ്യകാലസിനിമകളില്‍ റിയലിസ്റ്റിക് സമീപനത്തിന് തന്നെയാണ് അദ്ദേഹം മുന്‍തൂക്കം നല്‍കിയത്. ആദ്യസിനിമയായ പെരുവഴിയമ്പലം ഒരു വാണിയത്തെരുവിന്റെ പശ്ചാത്തലത്തിലാണ് രൂപപ്പെടുത്തിയത്. വാണിയന്‍കുഞ്ചുവും  പ്രഭാകരനും പോലുളള നൂറുശതമാനം മനുഷ്യരിലൂടെ, സ്വാഭാവികത നിറഞ്ഞ ഇതിവൃത്ത-ആഖ്യാന നിര്‍മ്മിതിയിലൂടെ സിനിമയും ജീവിതവും തമ്മിലുളള അന്തരം തീര്‍ത്തും ഇല്ലാതാക്കുകയായിരുന്നു പത്മരാജന്‍. അതിഭാവുകത്വവും കടുത്ത നിറക്കൂട്ടുകളും കൃത്രിമമായ കഥാസന്ദര്‍ഭങ്ങളും പ്രമേയവും കഥാന്ത്യവും പരിചയിച്ച ചലച്ചിത്രകാരന്‍മാര്‍ക്കും പ്രേക്ഷകര്‍ക്കും പത്മരാജന്‍ സിനിമകള്‍ വേറിട്ട അനുഭവമായിരുന്നു. ഒരിടത്തൊരു ഫയല്‍വാന്‍, കളളന്‍ പവിത്രന്‍ തുടങ്ങിയ സൃഷ്ടികളിലെല്ലാം തന്നെ ജീവിതത്തോടും മനുഷ്യാവസ്ഥയോടും ചേര്‍ന്നു നില്‍ക്കുന്ന പ്രമേയങ്ങളും കഥാപാത്രങ്ങളും രൂപപ്പെടുത്തുകയും കേരളീയ സാമൂഹ്യജീവിതത്തിന്റെ സൂക്ഷ്മവും കൃത്യവുമായ അടയാളപ്പെടുത്തലുകള്‍ നിര്‍വഹിക്കുകയും ചെയ്തു.

അദ്ദേഹത്തിന്റെ സമകാലികരില്‍ പലരും ഒരേ പശ്ചാത്തലങ്ങളും സമാനസ്വഭാവമുളള കഥാപാത്രങ്ങളും ആവര്‍ത്തിച്ചു എന്ന പഴിദോഷം കേട്ടപ്പോള്‍ പത്മരാജന്‍ അവിടെയും വേറിട്ടു നിന്നു. ഗ്രാമീണപശ്ചാത്തലത്തില്‍ കഥ പറഞ്ഞ  ആദ്യ മൂന്നു സിനിമകളിലും കഥാഭൂമികയിലും പാത്രസൃഷ്ടിയിലും ഒന്നിനൊന്ന് വ്യത്യസ്തത നിലനിര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഒരിക്കലും സ്വയം ആവര്‍ത്തിക്കുകയോ അനുകരിക്കുകയോ ചെയ്യാത്ത ചലച്ചിത്രകാരനായിരുന്നു അദ്ദേഹം. വൈവിധ്യം എന്ന പദത്തെ കൂട്ടുപിടിച്ച് തന്റെ ചലച്ചിത്രജീവിതത്തിലുടനീളം സഞ്ചരിച്ച കലാകാരന്‍.

മാറുന്ന പശ്ചാത്തലങ്ങള്‍; മാറുന്ന ആഖ്യാന രീതികള്‍

സംവിധായകന്‍ എന്ന നിലയില്‍ നഗരപശ്ചാത്തലത്തിലേക്കുളള അദ്ദേഹത്തിന്റെ ആദ്യവഴിമാറി നടത്തമായിരുന്നു നവംബറിന്റെ നഷ്ടം എന്ന ചിത്രം. മനശാസ്ത്രപരമായ തലത്തില്‍ നിന്നുകൊണ്ട് ആഖ്യാനം ചെയ്യപ്പെട്ട ഈ സിനിമ യുവത്വത്തിന്റെയും സഹോദരബന്ധത്തിന്റെയും കഥ തീര്‍ത്തും വിഭിന്നമായ തലത്തില്‍ നിന്നുകൊണ്ട് പറയാന്‍ ശ്രമിച്ച ഒന്നായിരുന്നു.

അഞ്ചാമത്തെ സിനിമയായ കൂടെവിടെയില്‍ പത്മരാജന്‍ വീണ്ടും നമ്മെ അമ്പരപ്പിച്ചു. തെക്കന്‍ തിരുവിതാംകൂറിലെ ഒരു നസ്രാണി യുവാവിന്റെയും യുവതിയുടെയും കാഴ്ചപ്പാടിലും മാനസികാവസ്ഥയിലും രുപം കൊണ്ട കൂടെവിടെ ഞാന്‍ എന്ന ഭാവവും അസൂയയും അതിവൈകാരികതയും അടക്കമുളള മനസിന്റെ സൂക്ഷ്മചലനങ്ങള്‍ വ്യക്തികളുടെ ജീവിതം എങ്ങനെയൊക്കെ മാറ്റി മറിക്കാം എന്നത് സംബന്ധിച്ച സാര്‍ത്ഥകമായ അനേ്വഷണമായിരുന്നു. ഊട്ടിയിലെ ഒരു പബ്ലിക്ക് സ്‌കൂളിന്റെ പശ്ചാത്തലത്തിലാണ് കഥ പറഞ്ഞതെങ്കിലും അതില്‍ പരസ്പരവിഭിന്നരായ വ്യക്തികളുടെ മനോഘടന വ്യക്തമായി വരച്ചുകാട്ടാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

സുഹാസിനി അവതരിപ്പിച്ച ആലീസ് എന്ന അധ്യാപിക, സ്ത്രീയുടെ തനത് വ്യക്തിത്വം ഉയര്‍ത്തിപ്പിടിച്ച് ജീവിക്കുമ്പോള്‍ മമ്മൂട്ടി അവതരിപ്പിച്ച തോമസുകുട്ടി എന്ന പട്ടാളക്കാന്‍ എടുത്തുചാട്ടവും ക്ഷോഭവും ഒക്കെ നയിക്കുന്ന ഒരു വികാരജീവിയാണ്. ഇതിനിടയില്‍ സ്‌കൂള്‍കുട്ടികളൂടെ സുതാര്യമായ പ്രണയവും അവരുടെ കൗമാരകുതൂഹലങ്ങളും വിദ്യാർഥികളൂടെ മനസിന്റെ സൂക്ഷ്മപരിണാമങ്ങള്‍ അടക്കം ഒട്ടേറെ അടരുകള്‍ ഒളിപ്പിച്ചു വച്ച ചിത്രമാക്കി മാറ്റി അദ്ദേഹം. അവിടെയും ഏറെ ശ്രദ്ധേമായ മറ്റൊരു വസ്തുതയുണ്ട്.

നഗരപശ്ചാത്തലത്തില്‍ കഥ പറഞ്ഞ കൂടെവിടെയിലും ഗ്രാമകഥകള്‍ പറഞ്ഞപ്പോള്‍ പുലര്‍ത്തിയ അതേ സത്യസന്ധതയും ആര്‍ജവവും യഥാതഥസ്വഭാവവും നിലനിര്‍ത്താന്‍ ശ്രദ്ധിച്ചു. കഥാസന്ദര്‍ഭങ്ങളും സംഭാഷണങ്ങളും കഥാപാത്രനിര്‍മ്മിതിയിലുമെല്ലാം ജീവിതത്തോട് അങ്ങേയറ്റം ചേര്‍ത്തു നിര്‍ത്താന്‍ ശ്രമിച്ചു. പത്മരാജന്റെ കഥാപാത്രങ്ങള്‍ ഒരിക്കലും അതിനാടകീയമായി പെരുമാറുകയോ സാഹിത്യം സംസാരിക്കുകയോ ചെയ്തില്ല. അവര്‍ മനുഷ്യരെ പോലെ പെരുമാറുകയും മനുഷ്യരുടെ ഭാഷയില്‍ മാത്രം സംസാരിക്കുകയും ചെയ്തു.

വര്‍ഷങ്ങള്‍ക്കു ശേഷം കാണാമറയത്ത് എന്ന സിനിമയ്ക്ക് തിരക്കഥയൊരുക്കിയപ്പോള്‍ കോട്ടയം ക്രൈസ്തവരുടെ ജീവിതരീതികളും സംഭാഷണശൈലിയും സ്വീകരിച്ച പത്മരാജന്‍ കൂടെവിടെയെ അനുകരിച്ചില്ലെന്ന് മാത്രമല്ല അതില്‍ നിന്നും എല്ലാ അര്‍ത്ഥത്തിലും വേറിട്ട അനുഭവം സമ്മാനിക്കാനും ശ്രമിച്ചു.ഇത്തരം സുക്ഷ്മവ്യതിയാനങ്ങളിലുളള ശ്രദ്ധയും ജാഗ്രതയും പത്മരാജന്റെ സവിശേഷതകളില്‍ മര്‍മ്മപ്രധാനമാണ്.

അനാഥത്വത്തിന്റെ വേദനകളും അതിനെ അതിജീവിക്കാനുളള ആത്മവിശ്വാസം ആര്‍ജിക്കാനുളള ശ്രമവും തിരിച്ചുകിട്ടാത്ത സ്‌നേഹം മനസിന്റെ വിങ്ങലായി കൊണ്ടുനടക്കുന്ന ഒരു കൗമാരക്കാരിയുടെ വിഹ്വലതകളും അതിസൂക്ഷ്മമായി വരച്ചുകാട്ടുന്ന കാണാമറയത്ത് അദ്ദേഹത്തിന് ഏറ്റവും മികച്ച തിരക്കഥാകൃത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടിക്കൊടുത്തു. വാണിജ്യപരമായ ഒത്തുതീര്‍പ്പുകള്‍ മാറ്റി വച്ച് നഗരപശ്ചാത്തലത്തില്‍ കഥ പറയുകയും അതിനെ ഒരേസമം കലാമൂല്യമുളള സിനിമയും വിപണനവിജയവുമാക്കി തീര്‍ത്തു എന്നതാണ് പത്മരാജന്‍ മാജിക്ക്.

ഏകതാനമല്ല പത്മരാജന്‍ സിനിമകള്‍. ഒരേ കഥാതന്തുവില്‍ അഥവാ കഥാഗാത്രത്തില്‍ തന്നെ വിവിധ തലങ്ങള്‍ സമന്വയിപ്പിക്കാനും ലാളിത്യം എന്ന ഗുണം കൊണ്ട് ഇതിനെ ലക്ഷ്യവേദിയാക്കി പ്രേക്ഷകമനസില്‍ ആഴത്തില്‍ പതിപ്പിക്കാനും അദ്ദേഹത്തിന് കഴിയുന്നു.

അരപ്പട്ട കെട്ടിയ മാസ്റ്റര്‍പീസ്

തന്റെ ഏറ്റവും മികച്ച സിനിമയായി പത്മരാജന്‍ തന്നെ കരുതുന്ന അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍ എന്തുകൊണ്ടോ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. പ്രദര്‍ശനവിജയം ലഭിച്ചില്ലെന്ന് മാത്രമല്ല ആ സിനിമയ്ക്ക് അര്‍ഹിക്കുന്ന അംഗീകാരങ്ങളും ലഭിച്ചില്ല. എന്നാല്‍ മതാതീതമായ മാനവികതയുടെ പ്രാധാന്യവും പ്രസക്തിയും അത്രമാത്രം ആഴത്തിലും പ്രഹരശേഷിയോടെയും ആവിഷ്‌കരിക്കപ്പെട്ട ഒരു ചലച്ചിത്രം അതിന് മുന്‍പും പിന്‍പും ഉണ്ടായിട്ടില്ല. മനുഷ്യന്റെ നിലനില്‍പ്പ് പ്രതിസന്ധിയിലാവുന്നിടത്ത് അവന്‍ മതങ്ങളെ മറക്കുന്നു. സങ്കുചിതമായ വിഭാഗീയതകള്‍ക്കപ്പുറം ഐക്യബോധത്തോടെ അതിജീവിനത്തിന്റെ പുതുവഴികള്‍ തേടുന്നു. സമകാലിക ജീവിതപരിതോവസ്ഥയോട് ചേര്‍ത്തുവച്ച് പര്യാലോചിക്കേണ്ട വിഷയമാണിത്.എക്കാലവും പ്രസക്തമായ ഇതിവൃത്തവും ആഖ്യാനത്തിലെ വ്യതിരിക്തമായ സമീപനവും ആ സിനിമയെ ഉദാത്തമായ തലത്തില്‍ പ്രതിഷ്ഠിച്ചു. തന്റെ അഭിനയജീവിതത്തില്‍ ആവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന ഒരേയൊരു കഥാപാത്രം അരപ്പട്ടയിലെ സക്കറിയ ആണെന്ന് പില്‍ക്കാലത്ത് നടന്‍ മമ്മൂട്ടി പറയുകയുണ്ടായി. പത്മരാജനും മമ്മൂട്ടിയും തങ്ങളുടെ ചലച്ചിത്രജീവിതത്തിലെ ഏറ്റവും മികച്ച ചലച്ചിത്രമായി കാണുന്ന അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍ ഇനിയും അവഗാഢമായ പഠനങ്ങള്‍ക്ക് വിധേയമാക്കേണ്ടിയിരിക്കുന്നു.

നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളുടെ പശ്ചാത്തലം മൈസൂറും മുന്തിരിത്തോട്ടങ്ങളുമാണ്. പത്മരാജന്റെ കാല്‍പ്പനികഭാവനകള്‍ക്ക് പീലി വിടര്‍ത്താന്‍ ഏറ്റവും യോജിച്ച മണ്ണ്. ഇവിടെയും ക്രൈസ്ത കുടുംബപശ്ചാത്തലത്തിലാണ് കഥ പറയുന്നത്. സമ്പന്നനായ സോളമന്‍ എന്ന യുവാവും നിര്‍ദ്ധനയും നിസഹായയുമായ സോഫിയ എന്ന പെണ്‍കുട്ടിയും തമ്മിലുളള പ്രണയത്തെ ബിബ്ലിക്കല്‍ ബിംബങ്ങളിലൂടെ പുതിയ ഒരു വിതാനത്തിലേക്ക് പരിവര്‍ത്തിപ്പിക്കുകയാണ് പത്മരാജന്‍.അതിലെ നായകകഥാപാത്രം നായികയോട് പ്രണയനിര്‍ഭരമായ ഒരു അന്തരീക്ഷത്തില്‍ ഇങ്ങനെ പറയുന്നു.

‘‘നമുക്ക് ഗ്രാമങ്ങളില്‍ ചെന്ന് രാപാര്‍ക്കാം. അതികാലത്തുണര്‍ന്ന് മുന്തിരിവളളികള്‍ തളിര്‍ത്തുവോ മാതളനാരകങ്ങള്‍ പുത്തു വിടര്‍ന്നുവോ എന്ന് നോക്കാം. അവിടെ വച്ച് ഞാന്‍ നിനക്ക് എന്റെ പ്രേമം തരും’’

വാസ്തവത്തില്‍ ഇത് അയാള്‍ പറയുകയല്ല. ബൈബിളിലെ ഉത്തമഗീതത്തിലെ ഒരു ഭാഗം വായിക്കാനായി അതിന്റെ സൂചനകള്‍ കാമുകിക്ക് കൊടുത്തയക്കുകയാണ്.  

പത്മരാജന്‍ സിനിമകളുടെ കാവ്യാത്മകതയെയും കാല്‍പ്പനിക ചാരുതയെയും പ്രോജ്ജ്വലിപ്പിക്കാന്‍ യോജിച്ച പ്രമേയവും കഥാന്തരീക്ഷവും സംഭാഷണങ്ങളും കൊണ്ട് സമ്പന്നമായിരുന്നു മുന്തിരിത്തോപ്പുകള്‍.

പ്രണയത്തിന്റെ സ്‌നിഗ്ധവും സുതാര്യവുമായ തലത്തിനൊപ്പം അതിന്റെ ആത്മാര്‍ത്ഥതയും വേദനയും ആഴവും അനിശ്ചിതത്വവും ത്യാഗവുമെല്ലാം ആവിഷ്‌കരിച്ച് കൊണ്ടു വന്ന് പത്മരാജന്‍ ഉന്നതമായ മറ്റൊരു തലത്തിലേക്ക് ആ ബന്ധത്തെ ഉയര്‍ത്തുന്നു. ഒളിച്ചോടാന്‍ പറഞ്ഞേല്‍പ്പിച്ച കാമുകി രണ്ടാനച്ഛനാല്‍ നിര്‍ബന്ധിതമായി കളങ്കിതയായി എന്ന് അറിഞ്ഞിട്ടും അത് വകവയ്ക്കാതെ സാന്ത്വനത്തിന്റെ ഒരു ചെറുപുഞ്ചിരിയോടെ അവളെ കൈകളില്‍ കോരിയെടുത്ത് ടാങ്കര്‍ ലോറിയിലേക്കിട്ട് വെളുപ്പാന്‍ കാലത്തെ നനുത്ത മഞ്ഞിന്‍മറയിലൂടെ മുന്തിരിത്തോട്ടത്തിലേക്ക് വണ്ടിയോടിച്ച് പോവുന്ന സോളമന്‍ മലയാള സിനിമ കണ്ട ഏറ്റവും മികച്ച പ്രണയകഥയിലെ നായകനായി മാറുന്നു. അന്നോളം പതിവ്രതയായ നായികമാരെ മാത്രം കണ്ടുപരിചയിച്ച മലയാള സിനിമയ്ക്ക് ലഭിച്ച ഷോക്ക് ട്രീറ്റ്‌മെന്റായിരുന്നു സോഫിയ. ബലാല്‍ക്കാരം ചെയ്യപ്പെട്ട പെണ്ണിനും കൂടി അവകാശപ്പെട്ടതാണ് ജീവിതം എന്ന് പ്രണയത്തിന്റെ ആത്മസൗരഭത്തിലൂടെ പറയാതെ പറയുകയായിരുന്നു പത്മരാജന്‍. ധ്വനിസാന്ദ്രമായ ആവിഷ്‌കാരസമീപനങ്ങളിലുടെയാണ് അദ്ദേഹം എക്കാലവും മഹത്തായ ആശയങ്ങള്‍ പ്രേക്ഷകരുമായി സംവദിച്ചിട്ടുള്ളത്.

arapatta-kettiiya-gramathil
അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ എന്ന സിനിമയിൽ നിന്നും

മൂന്നാംപക്കം മരണത്തിന്റെ അവിചാരിതത്വം അഥവാ യാദൃശ്ചികത, ജീവിതത്തിന്റെ അനിശ്ചിതത്വം, ഒരാളുടെ മരണം ജീവിച്ചിരിക്കുന്ന പ്രിയപ്പെട്ടവരില്‍ ഏല്‍പ്പിക്കുന്ന മൃതസമാനമായ നിര്‍ജ്ജീവതയും ആഘാതവും എന്നിവ പരോക്ഷമായി ധ്വനിപ്പിച്ച ചിത്രമാണ്. ജീവിതം ആഘോഷമയമായ ഒരു സുന്ദരാനുഭവമാണ് എന്ന ധ്വനിയില്‍ നിന്നാണ് സിനിമ ആരംഭിക്കുന്നത്. പാച്ചുവും അവന്റെ മൂന്ന് സുഹൃത്തുക്കളും കൂടി അവധിക്കാലം ആഘോഷിക്കാന്‍ ഏകാന്തജീവിതം നയിക്കുന്ന മുത്തച്ഛനെ കാണാന്‍ വരുന്നതും അവരുടെ ആനന്ദാതിരേകം നിറഞ്ഞ ദിവസങ്ങളിലൂടെയുമാണ് സിനിമ കടന്നു പോവുന്നത്. അവിടെ വച്ച് കുടുംബസൃഹൃത്തായ പെണ്‍കുട്ടിയുമായി പാച്ചു പ്രണയത്തിലാവുന്നുമുണ്ട്. 

എന്നാല്‍ ആ സന്തോഷത്തിന് അധികം ആയുസുണ്ടായില്ല. കടലില്‍ കുളിക്കാന്‍ പോയ സുഹൃത് സംഘത്തില്‍ പാച്ചു മാത്രം മടങ്ങി വന്നില്ല. അവന്‍ വരും വരുമെന്ന് എല്ലാവരും പ്രതീക്ഷിക്കുന്നെങ്കിലും മൂന്നാംപക്കം തീരത്തടിയുന്നത് അവന്റെ ജഢമാണ്. ഉറ്റവരെല്ലാം അതുകണ്ട് തകര്‍ന്നു പോവുമ്പോള്‍ മുത്തച്ഛന്‍ മാത്രം അക്ഷോഭ്യനായി നിലകൊളളുന്നു. എന്നാല്‍ ദിവസങ്ങള്‍ക്ക് ശേഷം പാച്ചുവിന് ബലിയിടാന്‍ കടലിലേക്ക് ഇറങ്ങിയ മുത്തച്ഛന്‍ മാഞ്ഞുപോയ ആ സ്‌നേഹം തേടി കടലിന്റെ ആഴങ്ങളിലേക്ക് തനിയെ ബലിതര്‍പ്പണവുമായി നടന്നു പോകുന്നു. പ്രിയപ്പെട്ടവരുടെ പിന്‍വിളികള്‍ക്ക് അദ്ദേഹത്തെ പിന്‍തിരിപ്പിക്കാനായില്ല. ഒടുവില്‍ അവര്‍ മറ്റൊരു മൂന്നാംപക്കത്തിനായി കാത്തിരിക്കുകയാണ്.

പത്മരാജന്റെ സിനിമകള്‍ ശുഭപര്യവസായിയല്ല. അത് ജീവിതത്തിന്റെ ദുരന്താത്മകതയും അനിശ്ചിതത്വവും നഷ്ടബോധവും മരണത്തിന്റെ അനിവാര്യതയുമടക്കം അഭിവ്യഞ്ജിപ്പിക്കുന്നവയാണ്. മരണം പോലും നിഗൂഢവും കാവ്യാത്മകവുമായ അനുഭവമായി പരിവര്‍ത്തിപ്പിക്കപ്പെടുന്നു ആ ചിത്രങ്ങളില്‍.

ധ്വന്വാത്മകതയുടെ കലാസാധ്യതകള്‍

ഇന്നലെ സ്മൃതിഭ്രംശം എന്ന അവസ്ഥാവിശേഷത്തിന് കാവ്യസുന്ദരമായ പരിഭാഷ നിര്‍വഹിച്ച ചിത്രമാണ്. മായ എന്നാണ് നായികാ കഥാപാത്ത്രിന്റെ പേര്. ജീവിതം തന്നെ ശാശ്വതസ്വഭാവമില്ലാത്ത ഒരു മായികാനുഭവമാണെന്ന് ധ്വനിപ്പിക്കുന്നതായി തോന്നും ആ കഥാപാത്രവും സിനിമയുടെ ഇതിവൃത്തവും.

കുടുംബസുഹൃത്തുക്കള്‍ക്കൊപ്പം തീര്‍ത്ഥയാത്ര പോയ മായ ടൂറിസ്റ്റ്ബസ് മറിഞ്ഞ് കൊക്കയിലേക്ക് വീഴുന്നു. ഒരുപാട് മരണം സംഭവിച്ച കൂട്ടത്തില്‍ രക്ഷപ്പെട്ടു വന്ന ചുരുക്കം ചിലരില്‍ ഒരാളാണ് മായ. എന്നാല്‍ അവള്‍ക്ക് തന്റെ ഭൂതകാലം നഷ്ടപ്പെടുന്നു. അവള്‍ ആരാണ് എന്താണ് എവിടെ നിന്നാണ് എന്തിനധികം സ്വന്തം പേര് പോലും അവള്‍ക്ക് ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല.

അവളെ ചികിത്സിക്കുന്ന ലേഡീഡോക്ടറുടെ മകന് മായയോട് തീവ്രവും അഗാധവുമായ സ്‌നേഹം. കാലങ്ങള്‍ കടന്നു പോയിട്ടും മായ ഓര്‍മ്മകളിലേക്ക് മടങ്ങി വരുന്നില്ല. എന്നാല്‍ നരേന്ദ്രന്‍ എന്ന ബോംബെ നിവാസി മായ തന്റെ ഭാര്യയാണെന്ന സംശയം ഉന്നയിച്ച് അവളെ കാണാന്‍ എത്തുന്നു. യുവാവിനെ ഇത് വല്ലാതെ ഉലയ്ക്കുന്നു. മായയെ കാണാനായി നരന്‍ അവരുടെ വസതിയിലെത്തുന്നു. എന്നാല്‍ അവളെ വിളിക്കാന്‍ അകത്തേക്ക് പോയ യുവാവും അവളും തമ്മിലുള്ള പ്രണയചേഷ്ടകള്‍ തിരിച്ചറിഞ്ഞ നരന്‍ തെളിവായി കൊണ്ടുവന്ന ഫോട്ടോസ് അവര്‍ മടങ്ങിയെത്തും മുന്‍പ് തന്റെ പേഴ്‌സിലേക്ക് മാറ്റുന്നു.

‘‘നിങ്ങള്‍ അന്വേഷിച്ചു വന്ന പെണ്‍കുട്ടി ഇതല്ലല്ലോ അല്ലേ?’’

എന്ന യുവാവിന്റെ ചോദ്യത്തിന് മുന്നില്‍ എല്ലാ വേദനയും ഉളളില്‍ ഒളിപ്പിച്ച് നരന്‍ നിശ്ശബ്ദം തലയാട്ടുന്നു. ജീവന്‍ പറിഞ്ഞുപോകുന്ന നൊമ്പരം അടക്കിപ്പിടിച്ച് മൗനം കൊണ്ട് യാത്ര പറഞ്ഞ് അയാള്‍ പുറത്തിറങ്ങി കാര്‍ ഓടിച്ചു പോകുന്നു. മഞ്ഞുപാളികള്‍ക്കിടയിലുടെ വിദൂരതയിലേക്ക് ആ വാഹനം അകന്നു മറയുന്നിടത്ത് സിനിമ അവസാനിക്കുന്നു.

ബന്ധങ്ങളുടെ നൈമിഷികത, ജീവിതത്തിന്റെ നശ്വരത, യാദൃശ്ചികതകള്‍ സൃഷ്ടിക്കുന്ന അവസ്ഥാപരിണതികള്‍ എന്നിവയെല്ലാം ഒരു കവിത പോലെ മനോഹരമായി വരഞ്ഞിടുകയാണ് ചലച്ചിത്രകാരന്‍. സൗന്ദര്യാത്മകതയാണ് പത്മരാജന്‍ സിനിമകളുടെ മുഖമുദ്ര. എത്ര ദുരന്താത്മകമായ പ്രമേയം അവതരിപ്പിക്കുമ്പോഴും കഥാഭൂമികയും കഥാപാത്രവും മുഹൂര്‍ത്ത സന്നിവേശത്തിലുമെല്ലാം അപാരമായ സൗന്ദര്യാനുഭവം പകരാന്‍ പത്മരാജന് കഴിയുന്നു.

ധ്വനി സാന്ദ്രതയുടെ അപാരതയെ പുല്‍കുന്ന അപരന്‍ എന്ന സിനിമ തന്നെയെടുക്കാം. തന്നെ പോലെ തന്നെയുള്ള മറ്റൊരാള്‍ സൃുഷ്ടിക്കുന്ന എല്ലാ പ്രശ്‌നങ്ങളുടെയും പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടി വരുന്ന ഒരു ചെറുപ്പക്കാരന്റെ ധര്‍മ്മസങ്കടങ്ങളാണ് ആ സിനിമയുടെ അടിസ്ഥാന ഇതിവൃത്തം.

ഒരു യുവാവിന്റെ വ്യക്തിജീവിതത്തിന്റെ നിസഹായത എന്ന കേവലാര്‍ത്ഥത്തില്‍ മാത്രം വായിക്കപ്പെടേണ്ട ഒന്നല്ല ആ രചന. അതിനുമപ്പുറം കടന്നു നില്‍ക്കുന്ന ആഴവും അര്‍ത്ഥങ്ങളും ധ്വനിപ്പിക്കുന്ന അപരന്‍ വിഷയസ്വീകരണത്തിലും ആഖ്യാനസാമര്‍ത്ഥ്യത്തിലും മലയാള സിനിമയ്ക്ക് തീര്‍ത്തും നവ്യാനുഭവമായിരുന്നു. 

ത്രിമാനങ്ങളുളള സിനിമയായിരുന്നു അപരന്‍. തനിക്ക് നിരന്തരം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന അപരന്‍ അയാളുടെ തന്നെ ഉള്ളിലുള്ള മറ്റൊരാളാവാം. അഥവാ അയാള്‍ക്ക് സമാനമായ രൂപവും വിഭിന്ന വ്യക്തിത്വവും പുലര്‍ത്തുന്ന സാമൂഹ്യജീവികളുടെ പ്രാതിനിധ്യസ്വഭാവം വഹിക്കുന്ന മറ്റൊരാളാവാം. കഥയുടെ കേവലാര്‍ത്ഥം കടന്നു നില്‍ക്കുന്ന ധ്വനികളിലൂടെ മറ്റൊരു വിതാനത്തിലേക്ക് ഉയരുന്ന സിനിമയുടെ പരിസമാപ്തിയും വിചിത്രമാണ്. മരിച്ചത് താനാണെന്ന് കരുതി വീട്ടുകാരാല്‍ അടക്കം ചെയ്യപ്പെടുന്നത് അപരനാണ്. യഥാര്‍ത്ഥത്തിലുളള യുവാവ് മടങ്ങിയെത്തുമ്പോള്‍ കാണുന്നത് അപരന്റെ ചിതയാണ്. അയാളിലെ തിന്മ അവിടെ കത്തിയമര്‍ന്നിരിക്കാം. അഥവാ അയാളെ വേട്ടയാടിയിരുന്ന പ്രതിലോമശക്തികള്‍ അവിടെ അവസാനിച്ചിരിക്കാം. പക്ഷെ സമൂഹത്തിന്റെ കണ്ണില്‍ എരിഞ്ഞടങ്ങിയിരിക്കുന്നത് അയാള്‍ തന്നെയാണ്. അപ്പോഴും അയാളിലും സഹകഥാപാത്രങ്ങളിലും പ്രേക്ഷകരിലുമെല്ലാം വല്ലാത്ത ഒരു തരം നിഗൂഢത ബാക്കിനില്‍ക്കുന്നു. ഒരു ഇതിവൃത്തത്തിന്റെ ബാഹ്യവും ആന്തരികവുമായ തലങ്ങളെ കഥയുടെ വര്‍ണ്ണനൂലില്‍ അതിവിദഗ്ധമായി ഘടിപ്പിച്ചുകൊണ്ടുളള ചലച്ചിത്രനിര്‍മ്മിതിക്ക് മികച്ച ഉദാഹരണമാണ് അപരന്‍.

വാര്‍ദ്ധക്യത്തിന്റെ വെല്ലുവിളികളും മാതൃത്വം അടക്കം പവിത്രവും പരിപാവനവുമെന്ന് നമ്മള്‍ കരുതുന്ന മൂല്യങ്ങള്‍ അടക്കം ഒരു പ്രത്യേകഘട്ടത്തില്‍ അനുഭവിക്കുന്ന നിസഹായതയുടെ ഹൃദയാവര്‍ജകമായ ആഖ്യാനമാണ് തിങ്കളാഴ്ച നല്ല ദിവസം. വാര്‍ദ്ധക്യം പ്രമേയമാവുന്ന ഒട്ടേറെ പ്രമേയങ്ങള്‍ മലയാള സിനിമ അതിന് മുന്‍പും പിന്‍പും കണ്ടിട്ടുണ്ടെങ്കിലും സവിശേഷമായ പത്മരാജന്‍ ടച്ച് കൊണ്ട് തിങ്കളാഴ്ച നല്ല ദിവസം ഒറ്റപ്പെട്ട അനുഭവമായി.

പ്രകടനപരമല്ലാത്ത ലെസ്ബിയന്‍ ജീവിതം

ഗേ പാര്‍ട്ട്‌ണേഴ്‌സിന്റെ ജീവിതം പ്രകടനപരമാവാതെ പരോക്ഷമായും ആനുഷംഗികമായും ധ്വനിപ്പിച്ച് തികഞ്ഞ കയ്യടക്കത്തോടും കലാത്മകതയോടും ഒരുക്കി എന്ന നിലയിലാണ് കാതല്‍ എന്ന സിനിമ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടത്. എന്നാല്‍ സമാനവിഷയം മറ്റൊരു തലത്തില്‍ പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ആലേഖനം ചെയ്തിരുന്നു പത്മരാജന്‍. സ്വവര്‍ഗലൈംഗികത ഒരു ശാരീരിക കാമന എന്നതിനപ്പുറം മാനസികമായ ഒരാവശ്യമാണെന്നും  പരസ്പരപൂര്‍ത്തീകരണത്തിന് അത് അനിവാര്യമാണെന്നും രണ്ട് ലെസ്ബിയന്‍ പങ്കാളികളുടെ ജീവിതം ധ്വനിസാന്ദ്രമായ ബിംബങ്ങളിലൂടെ അവതരിപ്പിച്ചുകൊണ്ട് പത്മരാജന്‍ പറയാതെ പറഞ്ഞു.

desadanakili-karayarilla

സ്ത്രീകള്‍ക്കിടയിലെ സ്വവര്‍ഗ്ഗ ലൈംഗികതയുടെ കഥ പറഞ്ഞ ദേശാടനക്കിളി കരയാറില്ല എന്ന സിനിമയില്‍ വ്യക്തികളുടെ മാനസികമായ സന്തുലിതാവസ്ഥ/ ആത്മീയമായ ഒരാവശ്യം എന്ന തലത്തിലേക്ക് ഉയര്‍ത്തി വ്യാഖ്യാനിക്കാന്‍ പത്മരാജന് കഴിഞ്ഞു. സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനുമുള്ള മനുഷ്യമനസിന്റെ അപാരമായ അഭിവാഞ്ജ പ്രകൃത്യായുള്ളതും അതുകൊണ്ട് തന്നെ മനുഷ്യന്റെ അടിസ്ഥാന വാസനകളിലൊന്നുമാണ്. വിശപ്പ്, ദാഹം, കാമം എന്നിങ്ങനെയുളള ശാരീരിക ആവശ്യങ്ങളോളമോ അതിനുമപ്പുറമോ കടന്നു നില്‍ക്കുന്ന ആത്മീയമായ ഒരു അനിവാര്യതയാണ് അത്. താന്‍ നന്നായി പരിഗണിക്കപ്പെടുന്നു അഥവാ തന്നെ കരുതലോടെ കാണുന്ന ഒരാള്‍ ഈ ഭൂമിയിലുണ്ടെന്ന വിശ്വാസം നല്‍കുന്ന സുരക്ഷിതബോധവും ആനന്ദവും അവര്‍ണനീയമാണ്.

സ്വവര്‍ഗപ്രണയത്തിന് അതിന്റെ ബാഹ്യമായ മാനങ്ങള്‍ക്കപ്പുറത്തുള്ള ഒരു തലം എന്ന ആശയം സംവദിച്ച ഈ സിനിമയും പതിവ് പത്മരാജന്‍ ചിത്രങ്ങള്‍ പോലെ കാവ്യാത്മകമായ അനുഭവമായി. അതില്‍ ലൈംഗികതയുടെ സ്പര്‍ശം തെല്ലും പ്രകടമായിരുന്നില്ല. ലൈംഗികത സ്‌നേഹത്തിന്റെ പാരമത്യയില്‍ നിന്ന് ഉത്ഭവിക്കുന്ന ഒരു സ്വാഭാവികപ്രതികരണം മാത്രമാണ് സ്ത്രീയെ സംബന്ധിച്ച്. എതിര്‍ലിംഗത്തോടാണെങ്കിലും സ്വവര്‍ഗത്തോടാണെങ്കിലും സ്ത്രീക്ക് തോന്നുന്ന ആകര്‍ഷണം സ്‌നേഹത്തിനും കരുതലിനും പരിഗണനയ്ക്കും വേണ്ടിയുള്ള അപാരമായ അഭിവാഞ്ജയില്‍ നിന്ന് ഉത്ഭൂതമാണ്. ഈ തരത്തില്‍ ഏതൊരു പ്രമേയത്തിന്റെയും ആഴങ്ങളിലേക്ക് കടന്നു ചെന്ന് വ്യാഖ്യാനിക്കാനും ആഖ്യാനം ചെയ്യാനുമുളള സവിശേഷമായ പ്രതിഭയുടെ ബഹിര്‍സ്ഫുരണമാണ് ഓരോ പത്മരാജന്‍ സിനിമകളും.

മരണം എന്ന സൗന്ദര്യാനുഭവം

മൃത്യൂബോധം എന്ന വാക്കിന് പുതുമയില്ല. ക്ലീഷേ സമീപനങ്ങളിലൂടെ അതിനെ വികൃതവും പ്രാകൃതവുമാക്കിയവരാണ് പത്മരാജന്റെ മുന്‍ഗാമികളില്‍ ഏറെയും. എന്നാല്‍ അദ്ദേഹമാകട്ടെ അതിനെ സവിശേഷമായ ഒരു ലാവണ്യാനുഭവമാക്കി പരിവര്‍ത്തിപ്പിച്ചു. സ്മൃതിനാശം എന്ന അവസ്ഥ പോലും മൃത്യുവിന്റെ ഉപോത്പന്നമായി വ്യാഖ്യാനിക്കാം. ഇന്നലെയിലെ മായയുടെ ജീവിതം വസ്തവത്തില്‍ രണ്ടാണ്. ഭൂതകാലം അവളില്‍ നിന്ന് തീര്‍ത്തും മാഞ്ഞുപോയിരിക്കുന്നു. എന്നാല്‍ വര്‍ത്തമാനകാലാവസ്ഥയില്‍ അവള്‍ അങ്ങേയറ്റം മുഗ്ദ്ധയും സന്തോഷവതിയുമാണ്.

padmarajan-mohanlal

ഒരേ സമയം രണ്ടുതരം ജന്മങ്ങളിലൂടെയാണ് അവള്‍ കടന്നു പോവുന്നത്. ഭൂതകാലം അവളെ സംബന്ധിച്ച് മരിച്ചുകഴിഞ്ഞെങ്കില്‍ വര്‍ത്തമാനകാലത്ത് അവള്‍ അങ്ങേയറ്റം സജീവവും സക്രിയവുമാണ്. പില്‍ക്കാലത്ത് പത്മരാജന്റെ ഓര്‍മ്മ എന്ന കഥയെ അവലംബമാക്കി അദ്ദേഹത്തിന്റെ ശിഷ്യന്‍ കൂടിയായ ബ്ലസി സംവിധാനം ചെയ്ത തന്മാത്രയും ഓര്‍മ്മനഷ്ടത്തിന്റെ കഥ പറഞ്ഞ സിനിമയാണ്. മരണം സാങ്കേതികമായി സ്മൃതിനാശത്തിനൊപ്പം ഭൗതികശരീരത്തിന്റെ കൂടി നഷ്ടമാണ്. ഇവിടെ ശരീരം നിലനില്‍ക്കുന്നുവെങ്കിലും ഓര്‍മ്മകള്‍ പൂര്‍ണ്ണമായി തന്നെ തുടച്ചു നീക്കപ്പെടുകയാണ്. ഒരർഥത്തില്‍ ആത്മീയമായ മരണം തന്നെ. ഈ അവസ്ഥാന്തരത്തെ ഇന്നലെ, തന്മാത്ര എന്നീ സിനിമകളില്‍ വളരെ കലാത്മകവും സൗന്ദര്യാത്മകവുമായി അനാവരണം ചെയ്യപ്പെടുന്നുണ്ട്.

മരണത്തെ പല തലങ്ങളില്‍ നിന്ന് നോക്കി കാണാനുളള ശ്രമങ്ങളുടെ ആകത്തുകയാണ് പത്മരാജന്റെ ചലച്ചിത്ര പ്രപഞ്ചം. പാപബോധത്തില്‍ നിന്നുരുവായ മരണമാണ് രതിനിര്‍വേദത്തില്‍ സംഭവിക്കുന്നതെങ്കില്‍ കരിയിലക്കാറ്റു പോലെ, നവംബറിന്റെ നഷ്ടം, നൊമ്പരത്തിപ്പൂവ്, മൂന്നാംപക്കം എന്നീ സിനിമകള്‍ മരണത്തിന്റെ ഭീതിദവും ദൈന്യവും നിസഹായവുമായ മുഖം അവതരിപ്പിക്കുന്നു. മരണത്തിന്റെ നിഗൂഢതയാണ് ഈ സിനിമകളുടെ അനന്യ സൗഭഗമായി നിലകൊളളുന്നത്. കാഴ്ചയുടെ ഓരോ നിമിഷത്തിലും മരണത്തെക്കുറിച്ചുളള നടുക്കുന്ന ബോധമുണര്‍ത്തുന്ന സിനിമയാണ് മൂന്നാംപക്കം. നൊമ്പരത്തിപ്പൂവിലെ പെണ്‍കുട്ടി കാടിന്റെ വന്യതയിലും നിഗൂഢതയിലൂം പോയ് മറഞ്ഞു എന്ന മട്ടിലാണ് കഥാന്ത്യം. അത് മരണത്തിന്റെ വേറിട്ട ഒരാവിഷ്‌കാരമാണ്. എന്നാല്‍ ഗന്ധര്‍വ്വനിലെത്തുമ്പോള്‍ മരണം സൗന്ദര്യപരതയുടെ പുതിയ തലം തേടുന്നു. ആകാശത്തിന്റെ അനന്തതയിലേക്ക് നായിക നോക്കി നില്‍ക്കെ പോയ് മറയുകയാണ് ഗന്ധര്‍വന്‍.

അതിലെ ചില സംഭാഷണങ്ങള്‍ പോലും മരണത്തിന്റെ  നിഗൂഢതയും മായികതയും കാവ്യാത്മകതയും ഒപ്പം നിസഹായതയും അടക്കം വ്യവചേ്ഛദിതമല്ലാത്ത ഒട്ടേറെ ഭാവങ്ങള്‍ പ്രകാശിപ്പിക്കുന്നവയാണ്.

വാക്കുകളുടെ ദൃശ്യചാരുത

ചലച്ചിത്രം എന്ന മാധ്യമം അദ്ദേഹത്തെ എത്ര ആഴത്തില്‍ സ്വാധീനിച്ചിരുന്നു എന്നതിന്റെ ഉത്തമനിദര്‍ശനങ്ങളാണ് പില്‍ക്കാലത്ത് ആ തൂലികയില്‍ നിന്ന് ഉരുവം കൊണ്ട സാഹിത്യസൃഷ്ടികള്‍ പോലും. പ്രതിമയും രാജകുമാരിയും, വിക്രമകാളീശ്വരം എന്നീ ലഘുനോവലുകളും ഓര്‍മ്മ എന്ന ചെറുകഥയുമെല്ലാം അതിന്റെ കേവല ദൃശ്യാത്മകതയ്ക്കപ്പുറം ചലച്ചിത്രം എന്ന കലാരൂപത്തിന്റെ സാധ്യതകളോട് എത്ര തന്മയീഭാവം പുലര്‍ത്തുന്നുവെന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്. ഛായാഗ്രഹണകലയോട് സാത്മ്യം പുലര്‍ത്തും വിധമാണ് വാങ്മയ ചിത്രങ്ങളിലുടെ ആ നോവലുകള്‍ വരഞ്ഞിടുന്നത്. അതിനുമപ്പുറം വര്‍ണ്ണങ്ങളും ചിത്രരചനയോട് ചേര്‍ന്നു നില്‍ക്കുന്ന ദൃശ്യങ്ങളുടെയും ധാരാളിത്തവും കൊണ്ട് ചലച്ചിത്രപരമായ ഒരു തരം ആഴം നല്‍കാന്‍ നോവലിസ്റ്റിന് കഴിയുന്നു.

padmarajan-mammootty

എന്നാല്‍ കേരളീയസാംസ്‌കാരിക രംഗം പത്മരാജനിലെ ചലച്ചിത്രകാരനാണ് മുന്‍തൂക്കം നല്‍കിയിട്ടുളളത്. ജീവിച്ചിരുന്ന കാലത്ത് അദ്ദേഹത്തിലെ എഴുത്തുകാരനെ അവര്‍ പരിഗണിച്ചതേയില്ല. ചലച്ചിത്രകാരന്‍ എന്ന നിലയില്‍ കൈവരിച്ച അഭൂതപൂര്‍വമായ പ്രസിദ്ധിയില്‍ അസ്വസ്ഥരായ ചില എഴുത്തുകാര്‍ അദ്ദേഹത്തെ അനഭിമതനാക്കി എന്ന വസ്തുത സ്വകാര്യ സദസുകളില്‍ അദ്ദേഹം പങ്ക് വച്ചിട്ടുണ്ട്. ആ വിഷമം മനസില്‍ വച്ച് ഒരു അഭിമുഖത്തില്‍ അദ്ദേഹം ഇങ്ങനെ തുറന്നടിച്ചു. കഥകള്‍ മാത്രം എഴുതിക്കൊണ്ടിരുന്ന  ആ കാലഘട്ടത്തില്‍ ഞാന്‍ മരിച്ചു പോയിരുന്നെങ്കില്‍, എങ്കില്‍ തീര്‍ച്ചയായും അവരെന്നെ പരിഗണിക്കുമായിരുന്നു. ഇതിപ്പോള്‍ സിനിമാക്കാരനായ പത്മരാജന്റെ കഥകള്‍ക്കെന്ത് എന്നാണ് പലരുടെയും ഭാവം. കെ.പി.അപ്പനെ പോലെ അപൂര്‍വം ചിലര്‍ മാത്രമാണ് ഇതിന് വിരുദ്ധമായി എന്നെക്കുറിച്ച് പരാമര്‍ശിച്ചിട്ടുളളത്

എന്നാല്‍ കാലം ഇത്തരം സങ്കുചിതത്വങ്ങളെ മുളയിലേ നുളളിക്കളഞ്ഞു. തന്റെ സര്‍ഗ സിദ്ധി അതിന്റെ പാരമ്യതയില്‍ എത്തും മുന്‍പേ കേവലം 46-ാം വയസ്സിലാണ് പത്മരാജന്‍ ഈ ഭൂമിയുടെ വെളിച്ചത്തില്‍ നിന്ന് നിഷ്‌കാസിതനായത്. എന്നിട്ടും അദ്ദേഹത്തിന്റെ സിനിമകള്‍ എന്നതിനൊപ്പം കഥകളും നോവലുകളും ഇന്നും വ്യാപകമായി വായിക്കപ്പെടുന്നു. ചര്‍ച്ച ചെയ്യപ്പെടുന്നു. ഏറെ ആഘോഷിക്കപ്പെട്ട പല എഴുത്തുകാരുടെയും രചനകള്‍ ദശകങ്ങള്‍ക്കിപ്പുറം വായിക്കുമ്പോള്‍ നിര്‍ജ്ജീവമായി അനുഭവപ്പെടുന്നിടത്ത് പത്മരാജന്റെ സാഹിത്യം നവ്യാനുഭവം പകര്‍ന്നുകൊണ്ട് കാലത്തെ മറികടന്ന് തലയെടുപ്പോടെ നില്‍ക്കുന്നു.

ലോല , കൈവരിയുടെ തെക്കേയറ്റം എന്നീ കഥകള്‍ മലയാളത്തിലെ എക്കാലത്തെയും മികച്ച രചനകളുടെ ഗണത്തില്‍ പരിഗണിക്കപ്പെടുന്നു. പത്മരാജന്റെ ചെറുകഥകളാണ് അദ്ദേഹത്തിന്റെ നോവലുകളെ മറികടക്കുന്ന കലാപൂര്‍ണ്ണത പ്രകടിപ്പിക്കുന്നത്. പാത്രസൃഷ്ടിയിലെ വ്യത്യസ്തത, അന്തരീക്ഷസൃഷ്ടിയിലെ മിതത്വം, ഭാവാത്മകത, അനന്യമായ ഇമേജറികള്‍, ക്രാഫ്റ്റിലെ വേറിട്ട സമീപനം, ആശയപരമായ ആഴം- ജീവിതത്തിന്റെ ആരും കാണാത്ത ചില മുഖങ്ങള്‍ ആവിഷ്‌കരിക്കാനുളള സവിശേഷപാടവത്തിനൊപ്പം മാന്ത്രികവും കരുത്തുറ്റതുമായ ഭാഷ എന്നിങ്ങനെ പത്മരാജന്റെ കഥകള്‍ അനനുകരണീയമായ ഒന്നായി പ്രത്യേകം മാറി നില്‍ക്കുന്നു.

aparan
അപരൻ എന്ന സിനിമയിൽ നിന്നും

സാഹിത്യരചനയെ അവലംബിച്ച് അദ്ദേഹം ഒരുക്കിയ തൂവാനത്തുമ്പികള്‍ ഒരേസമയം സാഹിത്യമൂല്യവും ചലച്ചിത്രമൂല്യവും ഉള്‍ക്കൊളളുന്ന അപൂര്‍വസുന്ദരമായ സിനിമകളുടെ ഗണത്തില്‍ നിലനില്‍ക്കുന്നു.മനസും ശരീരവും തമ്മിലുള്ള സംഘര്‍ഷത്തില്‍ പെടുന്ന പുരുഷന്റെ സവിശേഷമായ അവസ്ഥ പറയുന്ന ആ സിനിമ  മനസ് ജയിക്കുന്നിടത്ത് അവസാനിക്കുന്നു.

മറ്റൊരു വീക്ഷണകോണില്‍ പ്രണയത്തിന്റെ പ്രത്യഭിജിന്നമായ രണ്ട് അവസ്ഥാപരിണതികളൂുടെ ആലേഖനം കൂടിയാണിത്. മാംസനിബദ്ധമായ അനുരാഗവും മാനസികബന്ധത്തിലുടെ മാത്രം പൂര്‍ണ്ണമായ വിശുദ്ധാനുരാഗവും. രണ്ടിനും അതിന്റേതായ തീക്ഷ്ണതയും സൗന്ദര്യവും സൗരഭ്യവുമുണ്ട്. രണ്ടും ജയിക്കേണ്ടതാണ്. പക്ഷെ രണ്ട് വൈരുദ്ധ്യങ്ങളില്‍ ആത്യന്തികമായി ഒന്ന് ജയിച്ചേ തീരു. ഒന്ന് തോല്‍ക്കുകയും വേണം. ആ പ്രതിസന്ധിഘട്ടത്തില്‍ നിയതി മുന്‍തൂക്കം നല്‍കിയത് രണ്ടാമത്തെ ഭാവത്തിനാണ്. അതുകൊണ്ട് ആദ്യഭാവത്തിന് നായക കഥാപാത്രമായ ജയകൃഷ്ണന്റെ മനസില്‍ സ്ഥാനം നഷ്ടപ്പെടുന്നില്ല. രണ്ടും അനശ്വരമാണ്. രണ്ടും വിഭിന്നഭാവങ്ങളെങ്കിലും ഒരേ സൗന്ദര്യപരതയും അനുഭൂതിയും ആഴവും പകരുന്നു. നിലനിര്‍ത്തുന്നു. ഒന്നിന് മാത്രം ലക്ഷ്യവേദിയാകാന്‍ കഴിയുന്ന നമ്മുടെ സാമൂഹ്യ-സാംസ്‌കാരിക പശ്ചാത്തലത്തില്‍ ഒന്ന് ഭൗതികമായി അഥവാ ബാഹ്യമായി ചരമമടയുന്നു. പക്ഷെ ആന്തരികമായി നിലനില്‍ക്കുകയും ചെയ്യുന്നു.

വര്‍ഷകാലത്ത് രാത്രിയുടെ ഏകാന്തതയില്‍ ജയകൃഷ്ണന്‍ തനിച്ചിരുന്ന് കത്തുകളെഴുതുമ്പോള്‍ പാതി തുറന്നിട്ട ജനാലയിലുടെ അകത്തേക്ക് ചിതറി വീഴുന്ന മഴത്തുളളികള്‍ ദേഹത്ത് സ്പര്‍ശിക്കുമ്പോള്‍ (അതോ മനസിലോ?) അയാള്‍ എക്കാലവും ക്ലാരയെ ഓര്‍മ്മിക്കും. ഇനി മറിച്ചായിരുന്നു ജീവിതത്തില്‍ സംഭവിച്ചിരുന്നതെങ്കിലും അയാള്‍ക്ക് രാധയെ മറക്കാനാവുമായിരുന്നില്ല. ഭിന്നഭാവങ്ങളുടെ സമന്വയമാണ് പ്രണയം എന്ന വികാരം. അത് ഏകതാനമല്ല. ഏതെങ്കിലും ഒരു തലത്തില്‍ മാത്രം ഒതുങ്ങിക്കൂടുന്നതുമല്ല. ഇത്തരം സവിശേഷമായ ഒരു ജീവിതാനുഭവത്തെ ചലച്ചിത്രം എന്ന കലയുടെ സാധ്യതകളും പരിമിതികളും വ്യക്തമായി മനസിലാക്കിക്കൊണ്ട് അറിഞ്ഞ് ആവിഷ്‌കരിക്കുകയായിരുന്നു പത്മരാജന്‍. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച സൃഷ്ടികളില്‍ പ്രഥമഗണനീയമായി പരിഗണിക്കേണ്ട ഒന്നാണ് ആ ചിത്രം.

വൈവിധ്യമാര്‍ന്ന ഇതിവൃത്തങ്ങളും വിഭിന്നമായ ആഖ്യാനസമീപനങ്ങളുമായിരുന്നു പത്മരാജശന്റെ സാഹിത്യ-ചലച്ചിത്രസംഭാവനകളുടെ കാതല്‍. അതുകൊണ്ട് തന്നെ പത്മരാജനെ സര്‍ഗാത്മകതയുടെ രാജശില്‍പ്പിയെന്ന് മുന്‍തലമുറകള്‍ക്കൊപ്പം നവതരംഗത്തിന്റെ വക്താക്കളും വിശേഷിപ്പിച്ചാല്‍ അതില്‍ അതിശയോക്തിയില്ലെന്ന് പറയേണ്ടി വരും.

English Summary:

Remembering the genius of P Padmarajan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com