ADVERTISEMENT

പൊലീസ് വൈദ്യപരിശോധനയ്ക്കെത്തിച്ച പ്രതിയുടെ കുത്തേറ്റു മരണമടഞ്ഞ ഡോ. വന്ദന ദാസിന്റെ വീട് സന്ദർശിച്ച അനുഭവം പങ്കുവച്ച് നടൻ ടിനി ടോം. ഒരേയൊരു മകൾ നഷ്ടപ്പെട്ട ആ അച്ഛനും അമ്മയും മറ്റൊന്നും ചെയ്യാനില്ലാതെ മകളുടെ ഓർമകൾ നിറഞ്ഞ ആ വീട്ടിൽ മരവിച്ചു കഴിയുകയാണെന്ന് ടിനി ടോം പറയുന്നു. സുരേഷ് ഗോപിയുടെ സാന്ത്വനമാണ് ആ കുടുംബത്തെ ആത്മഹത്യയിൽനിന്നു രക്ഷിച്ചതെന്നും കഴിയുന്നവരൊക്കെ അവരെ സന്ദർശിക്കണമെന്നും ടിനി ടോം മനോരമ ഓൺലൈനിനോടു പറഞ്ഞു.   

വന്ദനയുടെ അച്ഛനെ കണ്ട സന്തോഷം പങ്കുവച്ചുകൊണ്ട് ടിനി ടോം സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പ് ഏറെ ശ്രദ്ധ നേടിയിരുന്നു. സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹത്തിനു തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് വന്ദനയുടെ അച്ഛനെ പരിചയപ്പെട്ടതെന്ന് ടിനി ടോം പറഞ്ഞു. സിനിമാതാരങ്ങളും രാഷ്ട്രീയ പ്രവർത്തകരും സുഹൃത്തുക്കളും ഉൾപ്പെടെ വലിയൊരു കൂട്ടം അതിഥികളെ കല്യാണത്തിന് ക്ഷണിച്ച സുരേഷ് ഗോപി മറക്കാതെ ഡോ. വന്ദനയുടെ അച്ഛനെയും അമ്മയെയും വിവാഹത്തിന് ക്ഷണിച്ചിരുന്നു. സുരേഷ് ഗോപിയുടെ നിർബന്ധത്തിന് വഴങ്ങിയാണ് വന്ദനയുടെ അച്ഛൻ മോഹന്‍ദാസ് ഭാഗ്യയുടെ വിവാഹത്തിനെത്തിയത്. 

‘‘ഡോ. വന്ദനാ ദാസ് മരിച്ചതിനു ശേഷം, ഞാൻ സ്റ്റേജ് പരിപാടികൾക്ക് പോകുമ്പോൾ വന്ദനയ്ക്കു സമർപ്പണമായി ഒരു പാട്ട് പാടാറുണ്ട്.  ഞാൻ അഭിനയിച്ച ‘മത്ത്’ എന്ന സിനിമയിലെ മകൾ നഷ്ടപ്പെട്ട അച്ഛൻ പാടുന്ന പാട്ടാണ് അത്. സിനിമയിലും ഞാൻ തന്നെയാണ് അത് പാടിയിരിക്കുന്നത്. വന്ദന പോയിട്ട് എട്ടുമാസമായി. സുരേഷ് ഗോപിയുടെ മകളുടെ കല്യാണത്തിനു ചെന്നപ്പോഴാണ് ഞാൻ വന്ദനയുടെ അച്ഛനെ കാണുന്നത്. സുരേഷേട്ടന്റെ ഒരു സുഹൃത്ത് ബിജു പുളിക്കണ്ടം വന്ന് ‘ഡോ. വന്ദനയുടെ അച്ഛൻ വന്നിട്ടുണ്ട്’ എന്നു പറയുന്നത് കേട്ടു. അദ്ദേഹത്തെ കാണണമെന്നു ഞാനും പറഞ്ഞു.  

ഇത്രയും ആളുകളെ കല്യാണത്തിന് വിളിച്ച സുരേഷേട്ടൻ മറക്കാതെ ആ അച്ഛനെയും അമ്മയെയും കല്യാണത്തിന് ക്ഷണിച്ചിരുന്നു. അത് ആരോടും പറഞ്ഞിരുന്നില്ല, ഒരു മാധ്യമവും അത് അറിഞ്ഞില്ല. സുരേഷേട്ടൻ ഒരു മകൾ നഷ്ടപ്പെട്ട വേദന അനുഭവിക്കുന്ന വ്യക്തിയാണ്.  വന്ദനയുടെ അച്ഛൻ മോഹൻദാസ് വരുന്നില്ല എന്നു പറഞ്ഞിട്ടും സുരേഷേട്ടൻ നിർബന്ധിച്ച് വിളിച്ചു വരുത്തുകയായിരുന്നു. ഒരു മകളുടെ കല്യാണം അച്ഛൻ നടത്തുന്നത് അവിടെയിരുന്ന് കണ്ട് മനസ്സു നിറഞ്ഞാണ് അദ്ദേഹം പോയത്. അന്ന് അവിടെ വന്നവരിൽ ഏറ്റവും മഹനീയ സാന്നിധ്യം അദ്ദേഹത്തിന്റേതാണ് എന്നാണ് ഞാൻ കരുതുന്നത്.  അവിടെ വച്ച് ഞാൻ അദ്ദേഹത്തെ പരിചയപ്പെട്ട് ഫോൺ നമ്പർ വാങ്ങിയിരുന്നു.  

വിലാസം ചോദിച്ച് മനസ്സിലാക്കി ഞാൻ അവരെ സന്ദർശിക്കാൻ പോയി. ഞാൻ വന്ദനയ്ക്കു വേണ്ടി പാട്ടുപാടുന്നത് അവർ കണ്ടിട്ടുണ്ടെന്നു പറഞ്ഞു. കുറെ സമയം ആ അച്ഛനമ്മമാരോട് സംസാരിച്ച് അവിടെ ഇരുന്നു. വന്ദനയുടെ മുറിയിൽ അവർ എന്നെ കൊണ്ടുപോയി. ആ കുട്ടിയുടെ ലാപ്ടോപ്പ്, കോട്ട് , അവളുടെ വാച്ച്, ചിത്രങ്ങൾ തുടങ്ങി അവളുടെ ഓർമകൾ നിറഞ്ഞ എല്ലാം ആ അച്ഛനും അമ്മയും കാണിച്ചു തന്നു. അവൾ ഞങ്ങളോടൊപ്പം ഉണ്ടെന്ന് പറഞ്ഞു ജീവിക്കുകയല്ലാതെ ഞങ്ങൾക്ക് ഒന്നും ചെയ്യാനില്ല എന്നു പറഞ്ഞു.

മകൾ മരിച്ച സമയത്തൊക്കെ ആളുകൾ അവരെ അന്വേഷിച്ച് ചെല്ലുമായിരുന്നു, ഇപ്പോൾ ആരും ചെല്ലാറില്ല. ‘ഇടയ്ക്കു വരണം. വേറൊന്നിനുമല്ല, നിങ്ങളൊക്കെ വരുമ്പോൾ ഒരു സപ്പോർട്ട് ഉണ്ടെന്ന് തോന്നും’ എന്ന് അവർ പറഞ്ഞു. അവരെ കണ്ടത് എന്റെ മനസ്സിൽ വലിയ വേദനയായി. ഒരുപാട് കുഞ്ഞുങ്ങൾ ഇങ്ങനെ കടന്നുപോകുന്നുണ്ട്, പിന്നെ അവരുടെ വീടിന്റെ അവസ്ഥ എന്താണെന്ന് ആരും അറിയാറില്ല. മകളുടെ ഓർമയിൽ കണ്ണുകൾ നിറഞ്ഞ് മരവിച്ചു ജീവിക്കുകയാണ് അവർ. അവളെ പൊതിഞ്ഞുപിടിച്ചാണ് വളർത്തിയത്. വീട്ടിലെത്തിയാൽ കുഞ്ഞുകുട്ടികളെപ്പോലെ ആയിരുന്നു എന്നൊക്കെയാണ് അമ്മ പറഞ്ഞത്. ഈ അച്ഛനും അമ്മയ്ക്കും ഇനി വേറെ കുട്ടികളും ഇല്ല. അവർ ആത്മഹത്യയ്ക്കു പോലും തയാറായവരാണ്. സുരേഷേട്ടനാണ് അവരെ സാന്ത്വനിപ്പിച്ച് പിടിച്ചു നിർത്തിയത് എന്നാണ് ഞാൻ കേട്ടിട്ടുള്ളത്.’’– ടിനി ടോം പറയുന്നു.  

കോട്ടയം മുട്ടുചിറ നമ്പിച്ചിറക്കാലായില്‍ കെ.ജി.മോഹന്‍ദാസിന്റെയും വസന്തകുമാരിയുടെയും ഏക മകളാണ് വന്ദന. കൊല്ലം അസീസിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് റിസര്‍ച് സെന്ററിലെ എംബിബിഎസ് പഠനത്തിനു ശേഷം ഹൗസ് സര്‍ജനായി സേവനമനുഷ്ഠിക്കുകയായിരുന്നു വന്ദന. 2023 മേയ് 10നു പുലര്‍ച്ചെ നാലരയോടെയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വച്ച് ലഹരിക്കടിമയായ ഒരു രോഗിയുടെ ആക്രമണത്താൽ വന്ദന ദാസ് കൊല്ലപ്പെട്ടത്.

English Summary:

Tiny Tom about Dr Vandana Das family and Suresh Gopi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com