വിവാഹത്തലേന്ന് സ്വാസികയ്ക്കു പ്രേം നൽകിയ സർപ്രൈസ്; വിഡിയോ
Mail This Article
വിവാഹത്തലേന്ന് സ്വാസികയ്ക്കു സർപ്രൈസുമായി എത്തുന്ന പ്രേമിന്റെ വിഡിയോയാണ് ശ്രദ്ധേയമാകുന്നത്. സ്വാസികയുടെ വീട്ടിലെ ഗുലാബി ചടങ്ങിലേക്ക് അപ്രതീക്ഷിതമായി കടന്നു ചെല്ലുന്ന പ്രേമിനെയാണ് വിഡിയോയിൽ കാണാനാവുക. ചടങ്ങു നടക്കുന്ന സ്ഥലത്തേക്ക് ഒരു ടാക്സി കാറിൽ വന്നിറങ്ങുന്ന പ്രേം നേരെ ചെല്ലുന്നത് സ്വാസികയുടെ അരികിലേക്കാണ്.
വധൂ ഗൃഹത്തിലെ പരിപാടിയിൽ പങ്കെടുക്കാൻ വരൻ അപ്രതീക്ഷിതമായി കയറിവരുമെന്ന് പ്രതീക്ഷിക്കാതിരുന്ന സ്വാസിക, പ്രേമിനെ കണ്ട് അമ്പരക്കുന്നതും വിഡിയോയിൽ കാണാം.
തിരുവനന്തപുരത്തുവച്ചായിരുന്നു വിവാഹച്ചടങ്ങുകൾ നടന്നത്. ബീച്ച് വെഡ്ഡിങിന് ശേഷം ബന്ധുക്കൾക്കും കൂട്ടുകാർക്കും സുഹൃത്തുക്കൾക്കുമായി വിവാഹസൽക്കാരവും സ്വാസികയും പ്രേമും ഒരുക്കിയിരുന്നു. ദിലീപ്, സുരേഷ് ഗോപി അടക്കമുള്ള നിരവധി സിനിമാ താരങ്ങളും ഒട്ടനവധി സീരിയൽ താരങ്ങളും വിവാഹത്തിൽ പങ്കെടുക്കാനും ഇരുവർക്കും ആശംസകൾ നേരാനും എത്തിയിരുന്നു.
‘മനംപോലെ മംഗല്യം’ എന്ന സീരിയലിൽ സ്വാസികയും പ്രേമും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഇവര്‍ തമ്മിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളും പ്രേക്ഷകർക്കിടയില്‍ വൈറലായിരുന്നു. തിരുവനന്തപുരം സ്വദേശിയാണ് പ്രേം. വിജയകുമാറിന്റെയും ഗിരിജയുടെയും മകളായ സ്വാസിക മൂവാറ്റുപുഴ സ്വദേശിയാണ്. പൂജ വിജയ് എന്നാണ് യഥാർഥ പേര്.
2009ൽ വൈഗൈ എന്ന തമിഴ് ചിത്രത്തിൽ നായികയായി അഭിനയിച്ചുകൊണ്ടാണ് സ്വാസിക സിനിമാലോകത്തേക്കെത്തുന്നത്. 2010ൽ ഫിഡിൽ എന്ന സിനിമയിലൂടെ സ്വാസിക മലയാളത്തിലും തുടക്കമിട്ടു. ആ വർഷം തന്നെ ഗോരിപാളയം എന്ന തമിഴ് ചിത്രത്തിലും നായികയായി. തുടർന്ന് മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. പ്രഭുവിന്റെ മക്കൾ, കട്ടപ്പനയിലെ ഋത്വിക് റോഷൻ, പൊറിഞ്ചു മറിയം ജോസ്, ചതുരം എന്നിവ ശ്രദ്ധേയമായ ചിത്രങ്ങളിൽ ചിലതാണ്.
ടെലിവിഷൻ സീരിയലുകളിലും സജീവമാണ് സ്വാസിക. 2014 മുതലാണ് സീരിയലുകളിൽ അഭിനയിക്കാൻ തുടങ്ങിയത്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത ദത്തുപുത്രി എന്ന സീരിയലിലാണ് സ്വാസിക ആദ്യമായി അഭിനയിക്കുന്നത്. പല ചാനലുകളിലായി വിവിധ ടെലിവിഷൻ റിയാലിറ്റിഷോകളിലും സാന്നിധ്യമറിയിച്ചു. വാസന്തി എന്ന സിനിമയിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള അവാർഡ് ലഭിച്ചിരുന്നു.
ഷൈൻ ടോം ചാക്കോ നായകനായ ‘വിവേകാനന്ദൻ വൈറലാണ്’ എന്ന സിനിമയാണ് സ്വാസികയുടേതായി അവസാനം റിലീസ് ചെയ്ത ചിത്രം.