ADVERTISEMENT

സംവിധായകന്‍ ലോകേഷ് കനകരാജിനെയും ‘ലിയോ’ സിനിമയെയും വിമര്‍ശിച്ച് നടന്‍ വിജയ്‌യുടെ പിതാവും സംവിധായകനുമായ  എസ്.എ. ചന്ദ്രശേഖർ. സിനിമയിലെ നരബലി രംഗങ്ങൾ പ്രേക്ഷകർ അംഗീകരിക്കില്ലെന്നും രണ്ടാം പകുതിയിൽ ചില പ്രശ്നങ്ങൾ ഉണ്ടെന്നും ചൂണ്ടിക്കാണിച്ചപ്പോൾ ലോകേഷ് ഫോൺകോൾ‌ കട്ട് ചെയ്തു എന്നാണ് ചന്ദ്രശേഖർ ഒരു സിനിമാ ചടങ്ങിനിടെ വെളിപ്പെടുത്തിയത്. സംവിധായകന്റെയോ സിനിമയുടെയോ പേര് വെളിപ്പെടുത്തിയില്ലെങ്കിലും ചിത്രത്തിലെ ‘നരബലി’ രംഗത്തെക്കുറിച്ച് ചന്ദ്രശേഖർ പരാമർശിക്കുകയുണ്ടായി.

‘‘ഒരു സിനിമ വിജയമാകണമെങ്കിൽ ആദ്യം അതിന്റെ തിരക്കഥ നല്ലതായിരിക്കണം. എങ്കിൽ ആര് അഭിനയിച്ചാലും ആ സിനിമ വിജയമായിരിക്കും. എന്റെ മകൻ  വിജയ്‌യുടെ കരിയറിലും ഇതുപോലെ എത്രയോ സിനിമകൾ ഉണ്ടായിട്ടുണ്ട്. ‘തുള്ളാത മനവും തുള്ളും’ എന്ന സിനിമ വിജയ്‌യുടെ കരിയറിലെ നാഴികക്കല്ലാണ്. ഇതുപോലൊരു പത്ത് സിനിമയേ ഉണ്ടാകുകയുള്ളൂ. അതിൽ ഒന്നാണ് ‘തുള്ളാത മനവും തുള്ളും’. ഏതൊരു നടനും ഉയർന്നു വരാൻ കാരണം തിരക്കഥാകൃത്തുക്കളാണ്. അത് ഞാൻ എവിടെ വേണമെങ്കിലും വിളിച്ചു പറയും.

വിജയ്‌യുടെ അച്ഛനായല്ല ഞാൻ കഥകൾ കേൾക്കാറുള്ളത്. സാധാരണ പ്രേക്ഷകൻ എന്ന നിലയില്‍ കേൾവിക്കാരനായി ഇരിക്കും, ചില ചോദ്യങ്ങളും സംശയങ്ങളും ചോദിക്കും. ഇപ്പോൾ തിരക്കഥകൾക്ക് ആരും മര്യാദ കൊടുക്കുന്നില്ല, ഒരു നായകനെ കിട്ടിയാൽ മതി എന്ന അവസ്ഥയാണ്. പടം എങ്ങനെയെങ്കിലുമൊക്കെ എടുക്കും. ഇപ്പോഴുള്ള പ്രേക്ഷകനും നായകനെ കാണാനാണ് തിയറ്ററുകളില്‍ വരുന്നത്. അവന് കഥയോ തിരക്കഥയോ പ്രശ്നമല്ല. അങ്ങനെ ആ ഹീറോ കാരണം പടം ഓടുന്നു, ചിലരൊക്കെ അതോടെ വലിയ സംവിധായകരായി മാറുകയും ചെയ്യും. അതേ സിനിമകൾ നല്ല തിരക്കഥകളോടെ വരുകയാണെങ്കിൽ ഇരട്ടി വിജയം നേടാനാകും.

അടുത്തിടെ ഇറങ്ങിയ ഒരു ചിത്രം റിലീസിന് അഞ്ചു ദിവസം മുന്‍പ് കാണുവാന്‍ എനിക്ക് അവസരം ഉണ്ടായി. അതിന് പിന്നാലെ അതിന്‍റെ സംവിധായകനെ ഞാന്‍ ഫോണിൽ വിളിച്ചു. സിനിമ നല്ലതാണ് എന്നാണ് പറഞ്ഞത്. ചിത്രത്തിന്‍റെ ആദ്യപകുതി ഗംഭീരമാണെന്നും ഒരു സിനിമ എങ്ങനെ എടുക്കണമെന്നത് നിങ്ങളിൽ നിന്നാണു പഠിക്കേണ്ടതെന്നും ഞാന്‍ പറഞ്ഞു. അതെല്ലാം അദ്ദേഹം ക്ഷമയോടെ കേട്ടു. എന്നാല്‍ രണ്ടാം പകുതിയിലെ ചില പ്രശ്നങ്ങള്‍ പറഞ്ഞു. അതോടെ അയാൾ പറഞ്ഞു, ‘സർ ഞാൻ ഭക്ഷണം കഴിക്കുകയാണ് പിന്നെ വിളിക്കാമെന്ന്’. ഞാൻ നല്ലതു പറഞ്ഞുകൊണ്ടിരുന്നപ്പോൾ ഭക്ഷണം കഴിക്കുന്ന കാര്യം പറഞ്ഞില്ല, എന്നാൽ സിനിമയെക്കുറിച്ച് മോശം പറഞ്ഞു തുടങ്ങിയതോടെ ഫോൺ കട്ടാക്കി പോയി.

രണ്ടാം പകുതിയിൽ ചില ചടങ്ങുകള്‍ കാണിക്കുന്നുണ്ട്. അതില്‍ അച്ഛന്‍ സമ്പത്തും ബിസിനസും വർധിക്കാന്‍ സ്വന്തം മക്കളെ ബലി കൊടുക്കാന്‍ ഒരുങ്ങുന്നത് ആരും വിശ്വസിക്കില്ല. ആ ഭാഗം ചിലപ്പോള്‍ നന്നായി വരാന്‍ സാധ്യതയില്ല എന്നാണു ഞാൻ പറഞ്ഞത്. ഇത് കേട്ട ഉടനെയാണ് ‘പിന്നെ വിളിക്കാം’ എന്ന് പറഞ്ഞ് സംവിധായകൻ ഫോണ്‍ വച്ചത്. എന്നാല്‍ പിന്നീട് ഒരിക്കലും വിളിച്ചുമില്ല. ചിത്രം തിയറ്ററില്‍ എത്തിയപ്പോള്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ കുറ്റം പറഞ്ഞതും ഈ ഭാഗത്തെക്കുറിച്ചാണ്.

നമ്മൾ പറയുന്ന കാര്യങ്ങൾ തിരിച്ചറിഞ്ഞ്, വേണമെങ്കിൽ അത് മാറ്റി എടുക്കാം. അഞ്ചു ദിവസം സമയമുണ്ടായിരുന്നു. വിമർശനങ്ങളെ നേരിടാനുള്ള ധൈര്യവും സ്വീകരിക്കാനുള്ള പക്വതയും സംവിധായകര്‍ക്ക് ഉണ്ടാകണം.

ഇതുപോലെ മറ്റൊരു സംവിധായകൻ കഥ പറയാൻ വന്നു. കഥ പറഞ്ഞു തീർന്ന ഉടന്‍ ഞാൻ എഴുന്നേറ്റ് അദ്ദേഹത്തെ കെട്ടിപ്പിടിച്ചു. നമ്മുടെ ‘തുപ്പാക്കി’ സംവിധായകൻ. അതിനു ശേഷം ഒരു അസിസ്റ്റന്റ് സംവിധായകൻ എന്ന നിലയിൽ ഞാനൊരു ചോദ്യം ചോദിച്ചു, ‘‘സർ, കഥ നല്ലതാണ്. ഇത് സ്ലീപ്പർ സെൽസിനെക്കുറിച്ചാണ് പറയുന്നത്. എന്നാൽ സാധാരണ ജനങ്ങൾക്ക് സ്ലീപ്പൽ സെല്‍സ് എന്നാല്‍ ആരാണെന്നറിയാമോ?’’

അന്ന് അദ്ദേഹം മറുപടിയൊന്നും പറയാതെ തിരിച്ചുപോയി. പക്ഷേ പടത്തിലെ ഒരു സീനിൽ ആരാണ് സ്ലീപ്പൽ െസൽസ് എന്നു കാണിക്കുന്ന ഒരു ഭാഗം തന്നെ മുരുകദോസ് എടുത്തുവച്ചിരുന്നു. ഇത്ര വലിയ സംവിധായകൻ തന്നെ ഞാൻ പറഞ്ഞത് മനസ്സിൽ വച്ച്, എന്നോടു പറയാതെ അത് തിരക്കഥയിൽ ഉൾപ്പെടുത്തി. അതാണ് അദ്ദേഹത്തിന്റെ പക്വത, അതുതന്നെയാണ് വിജയത്തിനു കാരണവും.

പുതിയ സംവിധായകരും ഇതുപോലെയാകണം. നല്ല തിരക്കഥയോടെ വരൂ, ഇപ്പോൾ സംവിധായകർ തന്നെയാണ് കഥയും തിരക്കഥയുമൊക്കെ ചെയ്യുന്നത്. അന്ന് പത്ത് തല വെട്ടുന്നവനെ വില്ലൻ എന്നു വിളിക്കുമായിരുന്നു. ഇന്ന് അതേ കാര്യം നായകനെകൊണ്ട് ചെയ്യിക്കുന്നു. ഇതൊക്കെ ആഘോഷമാക്കണോ, എന്ത് സന്ദേശമാണ് വരും തലമുറയ്ക്ക് നാം കൊടുക്കുന്നത്. കാരണം താരങ്ങളെ പിന്തുടരുന്നവരാണ് ഇന്നത്തെ തലമുറ. അവർ ഇടുന്ന ഷർട്ട് മേടിക്കുന്നു, ഹെയര്‍ സ്റ്റൈൽ വയ്ക്കുന്നു. നിങ്ങളോട് അപേക്ഷിക്കുകയാണ്, നല്ല വിഷയങ്ങൾ മാത്രം സിനിമയാക്കൂ. സമൂഹത്തിനു ഗുണകരമാകുന്ന സിനിമകൾ ചെയ്യൂ. എംജിആർ ഏതെങ്കിലും സിനിമകളിൽ മദ്യപിച്ചുകണ്ടിട്ടുണ്ടോ? അദ്ദേഹത്തെ കോടാനുകോടി ആളുകൾ പിന്തുടരുന്നത് അറിയാവുന്നതുകൊണ്ടാണ് അങ്ങനെ ചെയ്യാതിരുന്നത്.’’- എസ്.എ. ചന്ദ്രശേഖറിന്റെ വാക്കുകൾ

‘ലിയോ’യുടെയോ ലോകേഷിന്‍റെയോ പേര് പറഞ്ഞില്ലെങ്കിലും എചന്ദ്രശേഖര്‍ ഉദ്ദേശിച്ചത് ലിയോയെയും അതിന്‍റെ സംവിധായകനെയുമാണെന്ന് വ്യക്തമായിരുന്നു. വിജയ്‌യുമായി ഇപ്പോഴും അത്ര രസത്തിലല്ല ചന്ദ്രശേഖറെന്നും മകനോടുള്ള ദേഷ്യമാണ് ലോകേഷിനോടു തീർത്തതെന്നുമാണ് തമിഴകത്തെ സംസാരം.

നേരത്തേ വിജയ്‌യും അച്ഛനും തമ്മിൽ ചില അസ്വാരസ്യങ്ങളുണ്ടെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് ഇരുവരും തമ്മിൽ ഭിന്നാഭിപ്രായമുണ്ടായതെന്നും വാർത്ത വന്നിരുന്നു. ഇരുവരും തമ്മിൽ പരസ്പരം മിണ്ടിയിട്ടു വര്‍ഷങ്ങളായെന്നു പോലും അഭ്യൂഹമുണ്ട്.

English Summary:

SA Chandrasekhar indirectly criticises Vijay's 'Leo

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com