വിടുതലൈ രണ്ടാം ഭാഗം; റോട്ടര്‍ഡാമിൽ എഴുന്നേറ്റുനിന്നു കയ്യടിച്ച് പ്രേക്ഷകർ
Mail This Article
റോട്ടർഡാം ചലച്ചിത്രമേളയിൽ ഗംഭീര പ്രതികരണം നേടി വെട്രിമാരൻ ചിത്രം ‘വിടുതലൈ’. സിനിമയുടെ രണ്ട് ഭാഗങ്ങളും മേളയിൽ പ്രദർശിപ്പിക്കുകയുണ്ടായി. പ്രദർശനത്തിനു ശേഷം കാണികൾ എഴുന്നേറ്റുനിന്ന് അഞ്ച്മിനിറ്റു നേരം കയ്യടിച്ച് സിനിമയ്ക്ക് ആദരം നേര്‍ന്നു. മേളയില്‍ നിന്നുള്ള ദൃശ്യങ്ങൾ നിർമാതാവ് കലൈപുലി എസ്‍. താനു സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്.
വിജയ് സേതുപതി, സൂരി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വെട്രിമാരൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘വിടുതലൈ പാർട്ട് 1’. ഭരണകൂട ഭീകരതയുടെ നേർസാക്ഷ്യം വെള്ളിത്തിരയിലേക്ക് പകർത്തിയ ചിത്രത്തിന്റെ ആദ്യ ഭാഗത്തിന് നിരവധി പ്രശംസകളാണ് കിട്ടിയത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് വേണ്ടി ആകാംക്ഷയോടെ കാത്തിരിപ്പിലാണ് സിനിമലോകം. രണ്ടാം ഭാഗത്തെ സംബന്ധിച്ച് യാതൊരു വിധ വിവരങ്ങളും അണിയറക്കാർ പുറത്തുവിട്ടിരുന്നില്ല.
വിടുതലൈ 2വിൽ മഞ്ജു വാരിയർ ആണ് നായികയെന്നും കേൾക്കുന്നു. ഇളയരാജ തന്നെയാണ് രണ്ടാം ഭാഗത്തിനുവേണ്ടിയും സംഗീതം നൽകുന്നത്.
വിജയ് സേതുപതിയുടെ കഥാപാത്രം അതിഥി വേഷത്തിലൊതുക്കി വിടുതലൈ ഒറ്റ സിനിമയായാണ് താൻ ആദ്യം വിഭാവനം ചെയ്തതെന്ന് വെട്രിമാരൻ വെളിപ്പെടുത്തിയിരുന്നു. സിനിമ മുഴുവനും സൂരിയുടെ കഥാപാത്രത്തെ ബന്ധപ്പെടുത്തിയാണ് എഴുതിയിരുന്നത്. എന്നിരുന്നാലും ചിത്രീകരണം ആരംഭിച്ചപ്പോൾ, വിടുതലൈയുടെ ലോകം വ്യാപ്തിയിലും സ്കെയിലിലും റൺടൈമിലും വികസിച്ചുകൊണ്ടിരുന്നു, ഇത് സിനിമയെ രണ്ട് ഭാഗങ്ങളായി വിഭജിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിക്കുകയായിരുന്നു.
പ്രശസ്ത തമിഴ്- മലയാളം നോവലിസ്റ്റ് ബി. ജയമോഹന്റെ തുനൈവൻ എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രമൊരുക്കിയത്. സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോൻ, പ്രകാശ് രാജ്, കിഷോർ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.