ADVERTISEMENT

സമൂഹമാധ്യമങ്ങളിൽ തന്റെ പേരിൽ പ്രചരിക്കുന്ന വ്യാജ പോസ്റ്റിൽ പ്രതികരണവുമായി നടി ധന്യ ബാലകൃഷ്ണ. 12 വർഷം മുമ്പ് വ്യക്തത വരുത്തിയ കാര്യമാണ് ഇപ്പോൾ തന്റെ പേരിൽ വീണ്ടും പ്രചരിക്കുന്നതെന്നും ഈ സംഭവത്തിൽ താൻ നിസ്സഹായയാണെന്നും നടി പറയുന്നു.

ഐശ്വര്യ രജനികാന്ത് ചിത്രം ലാൽസലാം റിലീസിനൊരുങ്ങുമ്പോൾ, ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടി ധന്യ ബാലകൃഷ്ണയുടേത് എന്ന പേരിൽ ഒരു പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുകയാണ്. 2012ൽ നടി തമിഴ് ജനതയെ പരിഹസിച്ച് പോസ്റ്റ് പങ്കുവച്ചുവെന്നാണ് സമൂഹ മാധ്യമങ്ങളിലൂടെ ഉയരുന്ന വിമർശനം.

‘‘എന്റെ പ്രഫഷനെ വച്ച് ഞാൻ പറയുന്നു, അത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ല. 12 വർഷം മുമ്പു തന്നെ അതിൽ വ്യക്തത വരുത്തിയിരുന്നു. ട്രോളുകൾക്കായി ചിലർ ഉണ്ടാക്കിയ സ്ക്രീൻഷോട്ട് ആണത്. എനിക്കും കുടുംബത്തിനും പല തരത്തിലുള്ള ഭീഷണികൾ വന്നത് മൂലമാണ് 12 വർഷത്തോളമായി ഒന്നും പുറത്ത് പറയാതിരുന്നത്. 

ഞാൻ തമിഴ് സിനിമയിലൂടെയാണ് കരിയർ ആരംഭിച്ചത്. ഇവിടെ ജോലി ചെയ്യുന്നതിൽ ഞാനെന്നും തമിഴകത്തോട് കടപ്പെട്ടവളായിരിക്കും. എനിക്ക് നിരവധി തമിഴ് സുഹൃത്തുക്കളുമുണ്ട്. തമാശയായി പോലും ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ല.

തമിഴ് പ്രേക്ഷകരാണ് എന്റെ ആദ്യ ഓഡിയൻസ്. ഈ വർഷമത്രയും എനിക്കൊപ്പം നിന്ന് ധൈര്യം തന്നതും അവരാണ്. രാജാ റാണി, നീ താനെ എൻ പൊൻ വസന്തം. കാർബൺ എന്നിങ്ങനെ മൂന്ന് തമിഴ് സിനിമകളും വെബ് സീരിസും ചെയ്തത് ഈ സംഭവം നടന്നതിനുശേഷമാണ്. എനിക്കൊരു തരത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല.

ആ പ്രസ്താവനയിലുള്ളത് എന്റെ വാക്കുകളുമല്ല. നിർഭാഗ്യവശാൽ എന്റെ പേരും അതിനോടൊപ്പം ചേർക്കപ്പെട്ടു. ഏതെങ്കിലും തരത്തിൽ തമിഴ് മക്കളെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഞാൻ മാപ്പ് ചോദിക്കുന്നു. ഈ വിഷയം കാരണം ബുദ്ധിമുട്ടു നേരിടേണ്ടി വന്ന രജനികാന്ത് സാറിനോടും ഐശ്വര്യ രജനികാന്തിനോടും രജനി സാറിന്റെ ആരാധകരോടും ക്ഷമ ചോദിക്കുന്നു. 

ഞാൻ ബലഹീനയും നിസ്സഹായയുമാണ്. നിങ്ങൾ തന്നെ ഈ വിഷയത്തില്‍ സത്യം കണ്ടെത്തുമെന്നാണ് എന്റെ വിശ്വാസം.’’–ധന്യ ബാലകൃഷ്ണ പറഞ്ഞു.

dhanya-balakrishna-2

2012 ഐപിഎൽ മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ചെന്നൈ സൂപ്പർ കിങ്സിനോടു പരാജയപ്പെട്ടത്തിന് പിന്നാലെ ധന്യയുടേതെന്നു പറയപ്പെടുന്ന പോസ്റ്റാണ് സമൂഹ മാധ്യമങ്ങളിൽ വീണ്ടും വൈറലായത്. ‘‘പ്രിയപ്പെട്ട ചെന്നൈ, നിങ്ങൾ വെള്ളം ചോദിച്ചു, ഞങ്ങൾ അത് നൽകി. നിങ്ങൾ വൈദ്യുതി ചോദിച്ചു, ഞങ്ങൾ അത് നൽകി. ഇപ്പോൾ ഞങ്ങളുടെ കാരുണ്യത്തിൽ നിങ്ങൾ പ്ലേ ഓഫിലേക്ക് പോകുന്നു.’’ എന്നായിരുന്നു പോസ്റ്റ്.

കർണാടക സ്വദേശിയായ ധന്യ ബാലകൃഷ്ണ ഏഴാം അറിവ് എന്ന തമിഴ് ചിത്രത്തിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. തെലുങ്ക്, കന്നഡ സിനിമകളില്‍ സജീവമായ നടി അവസാനം പ്രത്യക്ഷപ്പെട്ടത് ഉണ്ടേണമ എന്ന കന്നഡ സിനിമയിലാണ്.

English Summary:

Dhanya Balakrishna clarifies comments against Tamil people in old Facebook pos

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com