‘അനിമൽ’ ഹിറ്റ്, പ്രതിഫലം 4 കോടി; മറുപടിയുമായി രശ്മിക മന്ദാന
Mail This Article
‘അനിമലി’ന്റെ വിജയത്തിനുശേഷം പ്രതിഫലം നാല് കോടിയായി ഉയർത്തിയെന്ന വാർത്തകളിൽ പ്രതികരണവുമായി നടി രശ്മിക മന്ദാന. ‘‘ഇതെല്ലാം കണ്ടതിനു ശേഷം എനിക്കിത് യഥാർഥത്തിൽ പരിഗണിക്കണമെന്നു തോന്നുന്നു.. എന്തിനാണെന്ന് എന്റെ നിർമാതാക്കൾ ചോദിച്ചാൽ ഞാൻ പറയും ‘‘പുറത്തുള്ള മാധ്യമങ്ങൾ ഇത് പറയുന്നു സാർ.. അതുകൊണ്ട് അവരുടെ വാക്കുകൾക്ക് അനുസരിച്ച് ജീവിക്കണമെന്ന് ഞാൻ കരുതുന്നു. ഞാൻ എന്തു ചെയ്യാനാ?’’–രശ്മികയുടെ വാക്കുകൾ. തന്റെ പ്രതിഫലവുമായി ബന്ധപ്പെട്ട് എക്സ് പ്ലാറ്റ്ഫോമിൽ വന്നൊരു പോസ്റ്റിലായിരുന്നു രസകരമായ മറുപടിയുമായി രശ്മിക എത്തിയത്.
രൺബീറിന്റെ ഭാര്യയായ ഗീതാഞ്ജലി എന്ന കഥാപാത്രത്തെയാണ് അനിമലിൽ രശ്മിക അവതരിപ്പിച്ചത്. സിനിമയുടേതായി പുറത്തിറങ്ങിയ ആദ്യ ട്രെയിലറിൽ രശ്മികയുടെ ഡയലോഗ് ഏറെ ട്രോൾ ഏറ്റുവാങ്ങുകയും ചെയ്തു. എന്നാൽ വിമർശകരുടെയും ട്രോളന്മാരുടെയും നാവടപ്പിക്കുന്ന പ്രകടനമായിരുന്നു ചിത്രത്തിൽ രശ്മിക കാഴ്ച വച്ചത്.
അനിമലിന്റെ വിജയത്തോടെ ബോളിവുഡിലെ മുന്‍നിര നായികയായി രശ്മിക മാറിക്കഴിഞ്ഞു. 2022ൽ ഗുഡ് ബൈ എന്ന അമിതാഭ് ബച്ചൻ ചിത്രത്തിലൂടെയാണ് രശ്മിക ബോളിവുഡിലെത്തുന്നത്. മിഷൻ മജ്നു ആണ് രശ്മിക നായികയായെത്തിയ മറ്റൊരു ഹിന്ദി ചിത്രം.
അല്ലു അർജുൻ നായകനാകുന്ന പുഷ്പ 2 ആണ് രശ്മികയുടെ പുതിയ ഏറ്റവും പുതിയ റിലീസ്. റെയിൻബോ, ദ് ഗേൾഫ്രണ്ട് എന്നിവയാണ് നടിയുടെ വരുന്ന പ്രോജക്ടുകൾ.